ചുവടും അടവും പയറ്റി തീപാറുന്ന പരിചമുട്ട് വേദിയിലെ കുഞ്ഞപ്പൻ ആശാൻ ടച്ച്
Mail This Article
കൊല്ലം ∙ മലയാളത്തിലെ സീനിയേഴ്സ് എന്ന ഹിറ്റ് സിനിമയിൽ ജയറാം, ബിജുമേനോൻ, കുഞ്ചാക്കോ ബോബൻ, മനോജ് കെ. ജയൻ എന്നിവർ തകർത്ത് കളിച്ചു കൈയ്യടി നേടിയ മാർഗംകളിയുടെ ചുവടുകൾ ആരും മറക്കാനിടയില്ല. താരങ്ങളെ മാർഗംകളി പഠിപ്പിച്ച മണർകാട് കുഞ്ഞപ്പൻ ആശാൻ ഹൈസ്കൂൾ ആൺകുട്ടികളുടെ പരിചമുട്ട് വേദിയിൽ കുട്ടികൾ കളം നിറഞ്ഞാടുമ്പോൾ ആവേശം പകർന്നു വേദിയുടെ ഒരു വശത്ത് താളം പിടിച്ച് നിൽക്കുകയാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി എട്ട് ടീമുകളാണ് കുഞ്ഞപ്പൻ ആശാന്റെ നേതൃത്വത്തിൽ പരിചമുട്ട് വേദിയിൽ ഇറങ്ങിയത്. അപ്പൻ ഇട്ടിയവര ഇട്ടിയവരയും അപ്പൂപ്പൻ വർക്കി ഇട്ടിയവരയും കുഞ്ഞപ്പൻ ആശാനു മുൻപേ കളത്തിൽ ഇറങ്ങിയവരാണ്.
ചുവടും അടവും വിധിയെഴുതുന്ന പരിചമുട്ട് മത്സരത്തിൽ 40 വർഷത്തോളമായി കുഞ്ഞപ്പൻ ആശാന്റെ സാന്നിധ്യം ഉണ്ട്. തീപാറുന്ന ചുവടുകളുമായാണ് ആശാന്റെ ശിഷ്യന്മാർ തട്ടിൽ ബൈബിളിലെ പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും കഥാഗതികൾ കോർത്തിണക്കിയ വരികളുമായി വേദിയിൽ നിറഞ്ഞാടുന്നത്.
പുത്തൻ അടവുകളും ചുവടുകളും ടീമുകളെ മാറിമാറി പരിശീലിപ്പിക്കാറുണ്ട്. ആയോധന മുറകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് പരിചമുട്ട് ചിട്ടപ്പെടുത്തുന്നതെന്ന് കുഞ്ഞപ്പൻ ആശാൻ മനോരമ ഓൺലൈനോട് പറഞ്ഞു. ഒരു ക്രിസ്തീയ ആയോധന കലയായ പരിചമുട്ടിൽ ഇരുമ്പ് പട്ടയും നാഗത്തകിട് പരിചയുമാണ് കളിക്കാൻ ഉപയോഗിക്കുന്നത്. ആയുധം കൊണ്ടുള്ള കളിയായതിനാൽ പരുക്കിനുള്ള സാധ്യതയുമുണ്ട്. ഇതിനോടെല്ലാം പൊരുത്തപ്പെട്ട് കഠിനമായ പരിശീലനം നേടിയാണ് മത്സരാർഥികളെല്ലാം വേദിയിൽ എത്തുന്നതെന്നും ആശാൻ പറഞ്ഞു.