കാട്ടുമൃഗങ്ങളുടെ ശല്യം: സ്വന്തം നിലയ്ക്കു സൗരോർജ വേലി സ്ഥാപിച്ച് കർഷകർ
Mail This Article
പുനലൂർ ∙ കിഴക്കൻ മേഖലയിൽ റിസർവ് വനത്തിൽ നിന്നു കിലോമീറ്ററുകൾ അകലെയുള്ളവർ വരെ കാട്ടുമൃഗങ്ങളുടെ ശല്യം മൂലം പൊറുതിമുട്ടിയതോടെ സ്വകാര്യ ഭൂമിയിലും സ്വന്തമായി സൗരോർജവേലി സ്ഥാപിച്ചു കൃഷി സംരക്ഷിച്ചു കർഷകർ. പുനലൂർ നഗരസഭയിലെ അഷ്ടമംഗലം പൊരിയക്കൽ മേഖലയ്ക്കു തൊട്ടടുത്ത് എങ്ങും റിസർവ് വനം ഇല്ല.
കല്ലടയാറിന്റെ തീരത്തെ വള്ളിമാന്നൂർ പോലെയുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളും റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസിന്റെ തോട്ടങ്ങളുമാണ് ഉള്ളത്. എന്നാൽ, മണിയാർ – എരിച്ചക്കൽ മേഖലകളിലെ ഏലാകളിൽ കാട്ടുപന്നിയുടെയും ഇതര മൃഗങ്ങളുടെയും ശല്യം രൂക്ഷമായതോടെയാണ് കർഷകർ സ്വന്തം നിലയിൽ സൗരോർജ വേലികൾ സ്ഥാപിച്ചു തുടങ്ങിയത്. മരച്ചീനി അടക്കമുള്ള കിഴങ്ങ് വർഗങ്ങൾ മുൻവർഷങ്ങളിൽ കൃഷി ചെയ്തതൊക്കെയും കാട്ടുപന്നിയുടെ ആക്രമണത്തിനിരയായി.
പുനലൂർ നഗരസഭയുടെയും കരവാളൂർ പഞ്ചായത്തിന്റെയും കിഴക്കൻ മേഖലകളിലെ വാർഡുകളിൽ ഉള്ള ഗ്രാമങ്ങളിലാണ് മൃഗങ്ങളെ ഭയന്നു സൗരോർജവേലി സ്ഥാപിക്കേണ്ടി വന്നിട്ടുള്ളത്. ആർപിഎൽ എസ്റ്റേറ്റിന്റെ പ്രാന്തപ്രദേശങ്ങളിൽ വലിയ പന്നിക്കൂട്ടങ്ങളാണ് ഉള്ളത്. ഇവയെല്ലാം രാത്രികാലങ്ങളിൽ നാട്ടിലേക്ക് ഇറങ്ങുക പതിവാണ്.
ജനവാസ മേഖലയിൽ എത്തുന്ന പന്നികൾ രാത്രികാലങ്ങളിൽ വലിയ സ്വകാര്യ തോട്ടങ്ങളുടെ ഒഴിഞ്ഞ കോണുകളിൽ തമ്പടിക്കും. പോയ വർഷങ്ങളിൽ വിളക്കുവെട്ടം പത്തുപറ പ്രദേശത്തെ ഏലായിൽ രൂക്ഷമായ കൃഷിനാശമാണു കാട്ടുമൃഗങ്ങൾ വരുത്തിവച്ചത്. ഇവിടെ കർഷകർ നടത്തിയ പ്രതിരോധ മാർഗങ്ങൾ ഒന്നും വിജയിച്ചിട്ടില്ല. ഇവിടെ സമീപത്തു റിസർവ് വനം സ്ഥിതി ചെയ്യുന്നുണ്ട്.
വർധിച്ചുവരുന്ന കൃഷിച്ചെലവിനൊപ്പം സൗരോർജ വേലി സ്ഥാപിക്കുന്നതിനു കൂടി കർഷകർ വലിയ തുക കണ്ടെത്തേണ്ടിവന്നിരിക്കുകയാണ്. ഈ പ്രതിസന്ധിക്കു പരിഹാരം കാണാൻ കർഷകർക്കു സൗരോർജ വേലി സ്ഥാപിക്കുന്നതിന് സബ്സിഡിയോ പ്രത്യേക പദ്ധതിയോ നടപ്പാക്കണമെന്നും ആവശ്യം ഉയർന്നിരിക്കുകയാണ്.