നിസരി ജംക്‌ഷനിലെ ഗതാഗത പ്രതിസന്ധി: ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി
Mail This Article
രാമനാട്ടുകര ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിസരി ജംക്‌ഷനിൽ ഉടലെടുത്ത ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിന് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഇടപെടൽ. ജംക്‌ഷനിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ ദേശീയപാത അതോറിറ്റുമായി ചർച്ച നടത്തുമെന്നു മന്ത്രി അറിയിച്ചു. നിസരി ജംക്‌ഷനിൽ യൂണിവേഴ്സിറ്റി റോഡിലേക്കുള്ള പ്രവേശനം വിലക്കിയതിനാൽ യാത്രക്കാർ നേരിടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനു വേണ്ട നിർദേശം സമർപ്പിക്കാൻ ദേശീയപാത അതോറിറ്റിക്ക് മന്ത്രി നിർദേശം നൽകി.
മന്ത്രിയുടെ നിർദേശ പ്രകാരം എൻഎച്ച്എഐ കൊച്ചി റീജനൽ ഡപ്യൂട്ടി പ്രോജക്ട് മാനേജർ എൻ.സേഷു ഇന്നലെ സ്ഥലം സന്ദർശിച്ചു. നിസരി ജംക്‌ഷനിൽ യൂണിവേഴ്സിറ്റി റോഡിലേക്കുള്ള പ്രവേശനം തടഞ്ഞതിനാൽ പ്രദേശത്ത് നേരിടുന്ന യാത്രാ പ്രതിസന്ധി നാട്ടുകാർ അധികൃതരെ ബോധ്യപ്പെടുത്തി. ജംക്‌ഷനിൽ അടിപ്പാത നിർമിക്കുന്നതിനു നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു മറുപടി. ജനപ്രതിനിധികൾ, കക്ഷിനേതാക്കൾ, വ്യാപാരി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.