66 ലക്ഷം രൂപയുടെ ശുദ്ധജല പദ്ധതിക്ക് ആയുസ്സ് 10 ദിവസം മാത്രം
Mail This Article
നാദാപുരം∙ മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷം. പുഴകൾ വറ്റി വരണ്ടതോടെ ജനം ദുരിതത്തിൽ. വിലങ്ങാട് മേഖലയിലെ നിരവധി കോളനി പ്രദേശത്തുകാർ അടക്കം പുഴകളെയാണ് വെള്ളത്തിന് ആശ്രയിച്ചിരുന്നത്. ഹോസ് ഉപയോഗിച്ചു നീരുറവകളിൽ നിന്ന് വെള്ളം താഴ് ഭാഗത്തേക്കെത്തിച്ചുള്ള ജലശേഖരണം വേനൽ രൂക്ഷമായതോടെ അസാധ്യമായി. മലയങ്ങാട് പ്രദേശത്തുകാർക്ക് കുടിവെള്ളം നൽകാനായി 5 വർഷം മുൻപ് തുടങ്ങിയ കുടിവെള്ള പദ്ധതി പ്രാവർത്തികമാകാത്തതിനെതിരെ വാണിമേൽ പഞ്ചായത്ത് ഓഫിസിനു മുൻപിൽ നാട്ടുകാർ സമരം തീരുമാനിച്ചിരുന്നെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ നൽകിയ ഉറപ്പ് പാലിക്കപ്പെടുമെന്ന വിശ്വാസത്തിൽ സമരം മാറ്റി.
നരിപ്പറ്റ ഇന്ദിരാ നഗർ കൂളിക്കാവ് കുടിവെള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപ വകയിരുത്തിയതാണ്. 4 വർഷം മുൻപ് ചികരിത്തോടിനു സമീപം 40,000 ലീറ്റർ വെള്ളം സംഭരിക്കാൻ ജല സംഭരണി സ്ഥാപിച്ചു. വാളൂക്ക് കറ്റിക്കുണ്ട് ഭാഗത്തു നിന്നും വെള്ളം ഈ ടാങ്കിൽ എത്തിച്ചു ഇന്ദിരാ നഗർ, കൂളിക്കാവ് ഭാഗത്തു വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടത്. പദ്ധതി കമ്മിഷൻ ചെയ്തെങ്കിലും 10 ദിവസം മാത്രമാണ് വെള്ളം ലഭിച്ചത്. റോഡ് വികസനത്തിന്റെ പേരിൽ ഈ പദ്ധതിയുടെ പൈപ്പുകൾ ഇളകി മറിച്ചിടുക കൂടി ചെയ്തതോടെ എല്ലാം താറുമാറായി. തകർന്ന പൈപ്പുകൾ നന്നാക്കാനോ ശുദ്ധജല വിതരണം പുനഃസ്ഥാപിക്കാനോ അധികൃതർ നടപടി എടുക്കുന്നില്ലെന്നു നാട്ടുകാർ രൂപീകരിച്ച കർമസമിതി കുറ്റപ്പെടുത്തി.