കൊയിലാണ്ടിയിൽ സമ്പൂർണ കുടിവെള്ള പദ്ധതി ഒരുങ്ങുന്നു
Mail This Article
കൊയിലാണ്ടി∙ നഗരസഭയുടെ സമ്പൂർണ കുടിവെള്ള വിതരണ പദ്ധതി യാഥാർഥ്യത്തിലേക്കടുക്കുന്നു. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ അനുവദിച്ച 120 കോടി രൂപയും കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ 22 കോടി രൂപയും ഉൾപ്പെടുത്തി 2024-25 സാമ്പത്തിക വർഷത്തിൽ പദ്ധതി പൂർത്തീകരിക്കും.
കിഫ്ബി പദ്ധതിയിൽ നിന്ന് ആദ്യ ഘട്ടത്തിൽ 79 രൂപ കോടി ചെലവിൽ ജലസംഭരണികൾ നടേരി വലിയമലയിൽ 17 ലക്ഷം ലീറ്റർ, പന്തലായനി കോട്ടക്കുന്ന് 17 ലക്ഷം ലീറ്റർ, സിവിൽ സ്റ്റേഷൻ 23 ലക്ഷം ലീറ്റർ എന്നിങ്ങനെ സംഭരണശേഷിയോടെ ഒരുങ്ങി കഴിഞ്ഞു.
വിവിധ സംഭരണികളിൽ നിന്നും നഗരസഭയിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള വിതരണ ശൃംഖലയുടെ പ്രവൃത്തി ആരംഭിച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തിയുടെ ടെൻഡർ എടുത്തിട്ടുള്ളത്. നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും പൈപ്‌ലൈൻ സ്ഥാപിക്കും.
നഗരസഭയിൽ ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. പദ്ധതി പൂർത്തീകരണത്തിന് നഗരസഭയിലെ മുഴുവൻ ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അഭ്യർഥിച്ചു. 2025 മാർച്ച് മാസത്തോടെ പദ്ധതി പൂർത്തിയാകുമെന്ന് നഗരസഭാ ഉപാധ്യക്ഷൻ കെ.സത്യനും സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ.അജിത്തും അറിയിച്ചു.