ADVERTISEMENT

മലപ്പുറം ∙ പൊന്നാനിയിലും മലപ്പുറത്തും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെയെല്ലാം പത്രിക സ്വീകരിച്ചു. ഇവരടക്കം മലപ്പുറത്ത് 10 സ്ഥാനാർഥികളുടെയും പൊന്നാനിയിൽ 8 സ്ഥാനാർഥികളുടെയും പത്രികയാണ് സ്വീകരിച്ചത്. എല്ലാ അപരൻമാരുടെയും പത്രികകൾ സ്വീകരിച്ചു. മുന്നണി സ്ഥാനാർഥികളുടെ ഡമ്മികളടക്കം മലപ്പുറത്ത് 4 പേരുടെയും പൊന്നാനിയിൽ 3 പേരുടെയും പത്രിക തള്ളി. 

തുകയും സത്യവാങ്മൂലവും ഇല്ലാതെ ഒരു പത്രിക
കോട്ടൂർ സ്വദേശി ശ്രീധരൻ കള്ളാടിക്കുന്നത്ത് എന്നയാളുടെ പത്രികയാണ് ഇന്നലെ ഡമ്മികൾക്കു പുറമേ തള്ളിയത്. കെട്ടിവയ്ക്കേണ്ട 25,000 രൂപ സമർപ്പിക്കാതെയും സ്വത്ത് വിവരങ്ങൾ അടക്കമുള്ള സത്യവാങ്മൂലം ചേർക്കാതെയുമാണ് ഇദ്ദേഹം പത്രിക സമർപ്പിച്ചത്. ‌മലപ്പുറം മണ്ഡലത്തിലേക്ക് സമർപ്പിച്ച ഇദ്ദേഹത്തിന്റെ പത്രിക ഇതോടെ വരണാധികാരി കലക്ടർ വി.ആർ.വിനോദ് തള്ളി. 

8 വരെ പിൻവലിക്കാം
മലപ്പുറത്തേത് കലക്ടറും പൊന്നാനിയുടേത് വരണാധികാരിയായ  അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് കെ.മണികണ്ഠനുമാണ് സൂക്ഷ്മ പരിശോധന നടത്തിയത്. സ്ഥാനാർഥികൾ, ഏജന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പത്രികകൾ 8ന് വൈകിട്ട് 3 വരെ പിൻവലിക്കാം. അനംഗീകൃത പാർട്ടികളുടെ സ്ഥാനാർഥികൾക്കും സ്വതന്ത്ര സ്ഥാനാർഥികൾക്കും  അന്ന് വൈകിട്ട് 3നാണ് ചിഹ്നം അനുവദിക്കുക. അതോടെ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.

സ്വീകരിച്ച പത്രികകൾ
∙ മലപ്പുറം മണ്ഡലം: വസീഫ്(വി.വസീഫ് –സിപിഎം), ഇ.ടി മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്), എം.അബ്ദുൽസലാം (ബിജെപി), പി.നാരായണൻ (ബഹുജൻ ദ്രാവിഡ പാർട്ടി), തൃശൂർ നസീർ (ഗിന്നസ് നസീർ–സ്വത.), കൃഷ്ണൻ (ബിഎസ്പി), എൻ.ബിന്ദു (സ്വത.), അബ്ദുൽ സലാം (സ്വത.), നസീഫ് അലി മുല്ലപ്പള്ളി (സ്വത.), പി.പി.നസ്വീഫ്(സ്വത.). 

ഡമ്മി സ്ഥാനാർഥികളായ അബ്ദുല്ല നവാസ് (സിപിഎം.), രശ്മിൽനാഥ് (ബിജെപി), അൻവർ സാദത്ത് (അൻവർ മുള്ളമ്പാറ – ലീഗ്) എന്നിവരുടെ പത്രികളാണ് തള്ളിയത്. 

∙ പൊന്നാനി മണ്ഡലം: എം.പി.അബ്ദുസ്സമദ് സമദാനി (മുസ്‌ലിം ലീഗ്),  ഹംസ (കെ.എസ്.ഹംസ –സിപിഎം), കെ.വി.വിനോദ് (ബിഎസ്പി), ബിന്ദു (സ്വത.), ഹംസ കടവണ്ടി (സ്വത.), നിവേദിത (നിവേദിത സുബ്രഹ്മണ്യൻ– ബിജെപി), ഹംസ (സ്വത.), അബ്ദുസ്സമദ് (സ്വത.). 

ഡമ്മി സ്ഥാനാർഥികളായ അഷ്റഫ് കോക്കൂർ (മുസ്‌ലിം ലീഗ്), ശങ്കു ടി.ദാസ് (ബിജെപി), വി.പി.സാനു (സിപിഎം) എന്നിവരുടേതാണ് തള്ളിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com