പ്രതാപകാലത്തിൽ കൊട്ടിക്കയറി പല്ലശന
Mail This Article
കൊല്ലം∙ ‘25 വർഷത്തെ എന്റെ കാത്തിരിപ്പാണ്...’ മിന്നൽ മുരളിയിലെ ഡയലോഗ് അല്ല, ഒരു ഗ്രാമത്തിന്റെയാകെ സന്തോഷമാണ്. പല്ലശന എന്ന പാലക്കാടൻ ഗ്രാമം 25 വർഷത്തിനുശേഷം ചെണ്ടമേളത്തിൽ തങ്ങളുടെ പ്രതാപം തിരിച്ചുപിടിച്ചിരിക്കുന്നു. എച്ച്എസ്എസ് വിഭാഗം ചെണ്ടമേളത്തിലും ചെണ്ട തായമ്പകയിലും വൈദ്യനാഥ മെമ്മോറിയിൽ സ്കൂളിലെ ഒൻപതുപേർ എ ഗ്രേഡ് നേടി ജയിച്ചുവരുന്നത് കാണാൻ പഞ്ചായത്തുപ്രസിഡന്റും മെമ്പർമാരും അധ്യാപകരും പൂർവ്വാധ്യാപകരും അടക്കം ഗ്രാമം തന്നെ കൊല്ലത്തെ കലോത്സവ വേദിയിലെത്തിയിരിന്നു. വ്യാഴാഴ്ച നടന്ന ചെണ്ടമേളത്തിലും ഇന്നലെ നടന്ന ചെണ്ടതായമ്പകയിലും എ ഗ്രേഡ് നേടിയതോടെ നാട്ടിൽ ഉത്സവപ്രതീതി. 1998ൽ ആയിരുന്നു പല്ലശനയിൽനിന്ന് ഒരു ടീം അവസാനം ചെണ്ടമേളത്തിനായി
എ ഗ്രേഡ് നേടിയ വിജയിച്ച അന്നത്തെ ടീമിന്റെ ആശാനായിരുന്ന പല്ലശന മണികണ്ഠന്റെ മക്കളായ സുധീഷും സതീഷുമായാണ് 25 വർഷത്തിനുശേഷം എത്തിയ ടീമിന്റെ ആശാൻമാർ. അവസാന ജയത്തോടെ ചെണ്ട താഴെവച്ച പല്ലശന പിന്നീട് പലതവണ മത്സരത്തിനെത്താൽ ശ്രമിച്ചെങ്കിലും പ്രഗത്ഭരായ ആശാൻമാരെ ലഭിച്ചില്ല. പാലക്കാട് ചെണ്ട കുത്തകയാക്കിവച്ച മറ്റ് ടീമുകളോട് മത്സരിച്ച് തോറ്റാൽ തങ്ങളുടെ പേര് മോശമാകും എന്നായിരുന്നു എല്ലാവരുടെയും ന്യായം. അങ്ങനെ 25 വർഷത്തിനുശേഷം അച്ഛൻ നിർത്തിയിടത്തുനിന്ന് മക്കൾ തുടങ്ങിയതോടെ പല്ലശനയുടെ മേളപ്പെരുമ തിരികെയെത്തി. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് പല്ലശന സുധീഷും സതീഷും ടീമിനെ പരിശീലിപ്പിച്ചത്. ചെണ്ടമേളത്തിൽ പങ്കെടുത്ത അതേ ടീമംഗങ്ങൾ തന്നെയാണ് തായമ്പകയിലും കൊട്ടിക്കയറി വിജയം കൊയ്തത്.