ADVERTISEMENT

പാലക്കാട് ∙ ബെംഗളൂരു– കോയമ്പത്തൂർ ഉദയ എക്സ്പ്രസ് കേരളത്തിലേക്കു നീട്ടാത്തതിനു പിന്നിൽ റെയിൽവേ എൻജിനീയറിങ് വിഭാഗത്തിന്റെ തടസ്സവാദം. ബാലസോർ അപകടത്തിനു ശേഷം അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഓരോ റൂട്ടിലും ഒരു നിശ്ചിത സമയത്ത് (ലൈൻ ബ്ലോക്ക്) ട്രെയിനുകൾ ഓടിക്കുന്നില്ല. പാലക്കാട്–കോയമ്പത്തൂർ റൂട്ടിൽ പുലർച്ചെ 3 മുതൽ 6 വരെയും കോയമ്പത്തൂർ പാലക്കാട് റൂട്ടിൽ വൈകിട്ട് 7 മുതൽ 10 വരെയും ഇതുപ്രകാരം ട്രെയിൻ ഓടിക്കുന്നില്ല. ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്കു നീട്ടിയാൽ ഈ ട്രെയിൻ ലൈൻ ബ്ലോക്കിന്റെ സമയത്താകും എത്തുക. ഇതു ചൂണ്ടിക്കാട്ടിയാണ് എൻജിനീയറിങ് വിഭാഗം ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു തടസ്സവാദം ഉന്നയിക്കുന്നത്. 

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ്‌ലൈൻ പണി പൂർത്തിയായാൽ ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതു പരിഗണിക്കുമെന്നാണു ദക്ഷിണ റെയിൽവേ മാനേജറുടെ വിശദീകരണം. എന്നാൽ, പിറ്റ്​ലൈൻ നിർമാണം പൂർത്തിയായില്ലെങ്കിലും ട്രെയിൻ പാലക്കാട്ടേക്കോ എറണാകുളത്തേക്കോ കോഴിക്കോടേക്കോ നീട്ടാൻ കഴിയും. സേലം ഡിവിഷൻ ഇതിനു തയാറാണെങ്കിലും ഏറ്റെടുക്കാൻ കേരളത്തിലെ ഡിവിഷനുകൾക്കു മനസ്സു വന്നിട്ടില്ല. അതേസമയം, ലൈൻ ബ്ലോക്ക് ഉണ്ടെങ്കിലും പാലക്കാട് കോയമ്പത്തൂർ റൂട്ടിൽ ഈ ട്രെയിൻ ഓടിക്കാൻ കഴിയുമെന്നു സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരേ സമയം ഒരേ ദിശയിലേക്ക് ഇരു പാളങ്ങളിലൂടെയും ട്രെയിൻ ഓടിക്കാൻ കഴിയുന്ന ഇരട്ട ഒറ്റവഴിപ്പാതയാണ് (ട്വിൻ സിംഗിൾ ലൈൻ) പാലക്കാട് – കോയമ്പത്തൂർ റൂട്ടിലേത്. കേരളത്തിൽ മറ്റൊരു റൂട്ടിലും റെയിൽവേ ഈ രീതി ഉപയോഗിച്ചിട്ടില്ല. ഈ പ്രത്യേകത ഉപയോഗപ്പെടുത്തിയാൽ ഉദയ് എക്സ്പ്രസ് കേരളത്തിലേക്കു നീട്ടാൻ കഴിയും.

യാത്ര നഷ്ടം സഹിച്ച്
ബെംഗളൂരു കോയമ്പത്തൂർ ഉദയ എക്സ്പ്രസ് നിലവിൽ നഷ്ടത്തിലാണു സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പകുതിയിലധികം സീറ്റുകളിലും ബുക്കിങ് നടന്നിട്ടില്ല. ട്രെയിൻ പാലക്കാട്ടേക്കു നീട്ടിയാൽ ലാഭത്തിലാകും. എഴുനൂറിലധികം സീറ്റുകളിൽ ആളില്ലാതെയാണു മിക്ക ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തുന്നത്. സെക്കൻഡ് ക്ലാസിലും സീറ്റുകൾ പലപ്പോഴും കാലിയാണ്.

ഉദയ് എക്സ്പ്രസ് എങ്ങനെ ഓടിക്കാം?
അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ആണെങ്കിൽ പോലും ഒരു ലൈനിൽ ബ്ലോക്ക് വരുമ്പോൾ മറ്റേ ട്രാക്കിലൂടെ ട്രെയിൻ ഓടിക്കാൻ കഴിയും. രാത്രി 10നു ശേഷമേ ഉദയ് എക്സ്പ്രസ് പാലക്കാട്ടെത്തൂ. രാവിലെ ലൈൻ ബ്ലോക്ക് സമയത്തു തന്നെയാണു സർവീസ്. നിലവിൽ ഇതേ സമയത്തു മംഗാലാപുരം– സന്ത്രഗാച്ചി സെൻട്രൽ വിവേക് എക്സ്പ്രസ് ഓടുന്നുണ്ട്. പാലക്കാട്ടേക്കു വരുന്ന ട്രെയിനുകൾക്കു തടസ്സം ഉണ്ടാക്കാതെ സ്റ്റേഷനുകളിൽ പിടിച്ചിട്ട് രാവിലെ ഉദയ് എക്സ്പ്രസ് ഓടിക്കാനും കഴിയും.

കോയമ്പത്തൂരിൽ നിന്നു ബെംഗളൂരുവിലേക്കു പോകുന്ന ഉദയ് എക്സ്പ്രസ് റെയിൽവേയുടെ റേക്ക് ഷെയറിങ് (ഒരു റേക്ക് ഉപയോഗിച്ചു പല സർവീസ് നടത്തുന്ന രീതി) പ്രകാരം അവിടെനിന്ന് ചെന്നൈയിലേക്കാണു സർവീസ് നടത്തുന്നത്. ചെന്നൈയിലാണു നിലവിൽ ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. രാവിലെ ചെന്നൈയിൽ നിന്ന് എടുക്കുന്ന ട്രെയിൻ ബെംഗളൂരുവിൽ എത്തിയിട്ടാണ് കോയമ്പത്തൂരിൽ എത്തുന്നത്. 2 ദിവസത്തിൽ ഒരിക്കൽ മാത്രം ട്രെയിനിനു അറ്റകുറ്റപ്പണി നടത്തിയാൽ മതി. ട്രെയിൻ പാലക്കാട്ടേക്കു നീട്ടിയാലും, അറ്റകുറ്റപ്പണി ചെന്നൈയിൽ നടത്താനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com