ഷൊർണൂർ, വാണിയംകുളം മേഖലകളിൽ വെള്ളമില്ല! ജലവിതരണം പ്രതിസന്ധിയിൽ
Mail This Article
പാലക്കാട് ∙ ജില്ലയിൽ ഷൊർണൂർ, വാണിയംകുളം മേഖലയിലുൾപ്പെടെ ആയിരക്കണക്കിനു പേർ ശുദ്ധജലം ലഭിക്കാതെ നെട്ടോട്ടമോടുമ്പോഴും പ്രദേശത്തു ദാഹജലം ലഭ്യമാക്കാൻ കാര്യക്ഷമമായ നടപടികളോ ഇടപെടലോ ഇല്ല. ഭാരതപ്പുഴയിൽ ജലം ലഭ്യമാക്കാതെ ജല അതോറിറ്റിക്കും ഒന്നും ചെയ്യാനാകില്ല. ഷൊർണൂർ മേഖലയിൽ പഴയ കുഴൽക്കിണർ പദ്ധതികൾ പുനരുപയോഗിക്കാനാകുമോ എന്ന പരിശോധനയിലാണു ജല അതോറിറ്റി. ഇവിടെ അതോറിറ്റിക്കു കീഴിൽ 3 കുഴൽക്കിണർ പദ്ധതികളാണുള്ളത്. ഇതിൽ രണ്ടെണ്ണം ഉപയോഗിക്കാനാകുന്ന സ്ഥിതിയിലല്ല. മൂന്നാമത്തെ കുഴൽക്കിണർ ഉപയോഗിക്കാനാകുമോ എന്നാണു പരിശോധിക്കുന്നത്.
ഷൊർണൂർ–വാണിയംകുളം പദ്ധതിക്കു കീഴിൽ ഷൊർണൂരിൽ 5000 കണക്‌ഷനും വാണിയംകുളത്ത് 3000 ശുദ്ധജല കണക്‌ഷനും ഉണ്ട്. ഇതുവഴി അരലക്ഷം പേർക്കാണു പ്രതിദിനം വെള്ളം എത്തിക്കേണ്ടത്. 20 ദശലക്ഷം ലീറ്റർ ശുദ്ധജലം എത്തിക്കേണ്ടിടത്ത് 4 ദശലക്ഷം ലീറ്റർ പമ്പു ചെയ്യാനുള്ള ജലം പോലും ലഭിക്കുന്നില്ല. ഇതുതന്നെ ഘട്ടം ഘട്ടമായാണു പമ്പിങ്. ഇതേത്തുടർന്നു വാലറ്റ പ്രദേശത്തേക്കും ഉയർന്ന മേഖലകളിലേക്കും ജലം എത്തുന്നില്ല. ഷൊർണൂർ തടയണയിലേക്കു ജലം എത്തിച്ചാൽ മാത്രമേ ശുദ്ധജല പ്രതിസന്ധി പരിഹരിക്കാനാകൂ. ഇതിനാവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നു ജനം രോഷത്തോടെ പറയുന്നു.
ശുദ്ധജല പ്രതിസന്ധി ഇത്രയേറെ രൂക്ഷമായിട്ടും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തലത്തിലും വെള്ളം എത്തിക്കാൻ നടപടി വൈകുകയാണ്. ആളിയാറിൽ നിന്നു സെക്കൻഡിൽ 90 ഘനയടി തോതിലാണു ചിറ്റൂർപ്പുഴയിലേക്കു ജലം ലഭിക്കുന്നത്. ഇതു ഭാരതപ്പുഴയിൽ ഞാവളംകടവ് തടയണവരെ മാത്രമേ എത്തുന്നുള്ളൂ. ശേഷമുള്ള മീറ്റ്ന തടയണിലേക്കു ഗായത്രിപ്പുഴയിൽ നിന്നാണു നേരിയ തോതിലെങ്കിലും ജലം എത്തിച്ചിട്ടുള്ളത്. നേരത്തെ തന്നെ ഭാരതപ്പുഴയിലെ തടയണകളിൽ ശുദ്ധജല പമ്പിങ്ങിനാവശ്യമായ ജലം ഉറപ്പാക്കുന്നതിലും ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്ന് ആരോപണമുണ്ട്.