ശബരിമലയിൽ നിർവൃതി പകർന്ന് വിഷുക്കണി ദർശനം
Mail This Article
ശബരിമല∙ മലകയറി, പടികയറി എത്തിയ സ്വാമി ഭക്തർക്കു നന്മയുടെയും സൗഭാഗ്യത്തിന്റെയും വിഷുക്കണി ദർശനം. കണിവെള്ളരിയും കൊന്നപ്പൂക്കളും പഴങ്ങളും ധാന്യങ്ങളും പുണ്യം ചാർത്തിയ വിഷുക്കണി വെട്ടത്തിലേക്ക് പുലർച്ചെ 4ന് അയ്യപ്പസ്വാമിയുടെ തിരുനട തുറന്നു. 4 മുതൽ 7 വരെയാണു വിഷുക്കണി ദർശനം. ഐശ്വര്യ സമൃദ്ധിയുടെ പുതുവർഷം ഉണ്ടാകണമെന്ന പ്രാർഥനയുമായി പതിനായിരങ്ങൾ സന്നിധാനത്തെത്തി. ഇന്നലെ രാത്രി അത്താഴ പൂജയ്ക്കു ശേഷം മേൽശാന്തി,കീഴ്ശാന്തി,പരികർമികൾ എന്നിവർ ചേർന്നു ശ്രീകോവിലിൽ വിഷുക്കണി ഒരുക്കി.
ഓട്ടുരുളിയിൽ പകുതിയോളം ഉണക്കലരി നെല്ലും ചേർത്തു നിറച്ചു. അതിൽ ഒരു മുറി നാളികേരം, താലങ്ങളിൽ കണിവെള്ളരി,ചക്ക,മാങ്ങ,നാളികേരം,അഷ്ടമംഗലം,അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, സ്വർണം, വെള്ളി നാണയങ്ങൾ തുടങ്ങിയവയും വെള്ളിപ്പാത്രത്തിൽ നിറയെ നാണയങ്ങളും വച്ചു കണി ഒരുക്കിയാണു നടയടച്ചത്. പുലർച്ചെ നട തുറന്നു ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് ആദ്യം ശബരീശനെയാണു കണി കാണിക്കുന്നത്.
അതിനുശേഷം ഭക്തർക്കു കണികണ്ടു തൊഴാം. ശ്രീകോവിലിൽനിന്നു വിഷുക്കൈനീട്ടവും വാങ്ങാം. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ.മഹേഷ് എന്നിവർ ഭക്തർക്കു വിഷുക്കൈനീട്ടം നൽകും. കണി ഒരുക്കാൻ പഴങ്ങളും ധാന്യങ്ങളും കൊന്നപ്പൂക്കളുമായാണ് ഇന്നലെ ഭക്തർ മലകയറിയത്. സന്നിധാനത്തിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കണി ദർശനം ഉള്ളതിനാൽ ഇന്നു രാവിലെ 8 മുതൽ 11 വരെയാണു നെയ്യഭിഷേകം.
അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന
സഹസ്രനാമങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന നടന്നു. ഉഷഃപൂജയ്ക്കു ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജിച്ചു. തുടർന്ന് 25 ശാന്തിക്കാർ കലശത്തിനു ചുറ്റുമിരുന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി. ചൈതന്യം നിറഞ്ഞ ബ്രഹ്മകലശം വാദ്യമേളങ്ങളോടെ ശ്രീകോവിലിൽ എത്തിച്ചു. സ്വാമി ഭക്തർ ശരണം വിളികളോടെ കാത്തുനിൽക്കെ ബ്രഹ്മകലശത്തിലെ ഭസ്മം തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. പിന്നീട് കലശാഭിഷേകവും കളഭാഭിഷേകവും നടന്നു. വൈകിട്ട് പടിപൂജയും ഉണ്ടായിരുന്നു.