ശുദ്ധജലം മുടങ്ങുന്നതു പതിവായി; പ്രക്ഷോഭത്തിന് പഞ്ചായത്ത്
Mail This Article
കൊടുങ്ങല്ലൂർ ∙ ദേശീയപാത നിർമാണത്തിനിടെ തകരാറിലാകുന്ന പൈപ്പ് ലൈനുകൾ സമയ ബന്ധിതമായി അറ്റകുറ്റപ്പണി നടത്താൻ കരാറുകാരനും ജല അതോറിറ്റിയും തയാറാകുന്നില്ലെന്ന് ശ്രീനാരായണപുരം പഞ്ചായത്ത് കുറ്റപ്പെടുത്തി. വിവിധ പ്രദേശങ്ങളിൽ ശുദ്ധജലം ലഭിക്കാത്തതിനാൽ മാസങ്ങളായി ജനങ്ങൾ ദുരിതത്തിലാണ്. പൊതു ടാപ്പുകളിൽ പോലും വെള്ളം എത്താത്ത സ്ഥിതിയാണ്. മാസംതോറും 3, 60,000 രൂപയാണ് പൊതുടാപ്പുകളുടെ വെള്ളക്കരമായി ശ്രീനാരായണപുരം പഞ്ചായത്ത് ജല അതോറിറ്റിക്ക് നൽകുന്നത്.
അഞ്ചാംപരത്തിയിൽ പൊട്ടിയ പൈപ്പിലൂടെ ആഴ്ചകളായി ലക്ഷക്കണക്കിനു ലീറ്റർ ജലം ഒഴുകിപ്പോയിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. ടാങ്കർ ലോറി വഴി ജനങ്ങൾക്ക് വെള്ളം എത്തിക്കേണ്ട ഉത്തരവാദിത്വം കരാറുകാരൻ നടപ്പാക്കുന്നില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ കുറ്റപ്പെടുത്തി. വരൾച്ചയുടെ ഭാഗമായി സർക്കാർ നിർദേശ പ്രകാരം ടാങ്കർ ലോറി വഴി പഞ്ചായത്ത് വിവിധ പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ പഞ്ചായത്ത് ഓൺ ഫണ്ടിൽ നിന്നു 12 ലക്ഷം രൂപയാണ് ഇതിനു ചെലവഴിക്കുന്നത്.
മേയ് 31 വരെ കുടിവെള്ള വിതരണം നടത്തുന്നതിന് 10 ലക്ഷം രൂപ കൂടി കൂടുതലായി അനുവദിക്കണമെന്ന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുന്നതിനായി പഞ്ചായത്ത് പ്രത്യേക യോഗം വിളിച്ചുചേർത്തു. കലക്ടർ വിളിച്ചു ചേർത്ത സെക്രട്ടറിമാരുടെ അടിയന്തര യോഗത്തിലും ശുദ്ധജല വിതരണത്തിനായി അധിക തുക ചെലവഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.