ADVERTISEMENT

ബെംഗളൂരു ∙ 4 വർഷ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം നിർത്തലാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയ (എൻഇപി) പ്രകാരം സംസ്ഥാനത്തു മുൻ ബിജെപി സർക്കാർ നടപ്പിലാക്കിയ പ്രോഗ്രാമാണ് സിദ്ധരാമയ്യ സർക്കാർ നിർത്തലാക്കിയത്. പുതിയ അധ്യയന വർഷം മുതൽ 3 വർഷ ഡിഗ്രി പ്രോഗ്രാമിൽ മാത്രം പ്രവേശനം നടത്തിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നു. ഇതിനകം ഓണേഴ്സ് ഡിഗ്രി പ്രോഗ്രാമിനു ചേർന്ന വിദ്യാർഥികളുടെ പഠനത്തിനു തടസ്സമില്ല.

മോഡൽ റസിഡൻഷ്യൽ പ്രവേശനവും ഏകജാലകം വഴി
തിരുവനന്തപുരം ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിലെ 14 മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനവും ഏകജാലക സംവിധാനത്തിലൂടെയാക്കി. ഈ സ്‌കൂളുകളിലേക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് കേന്ദ്രീകൃത അലോട്മെന്റ് നടത്തും.

സേ പരീക്ഷ, ഇംപ്രൂവ്മെന്റ്: അപേക്ഷ 15 വരെ
പരീക്ഷ ജൂൺ 12 മുതൽ 24 വരെ
തിരുവനന്തപുരം  ∙ എച്ച്എസ്എസ്, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഉപരിപഠന യോഗ്യത നേടാനാകാത്തവർക്കുള്ള സേവ് എ ഇയർ (സേ) പരീക്ഷയ്ക്കും മാർക്ക് മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും 15 വരെ അപേക്ഷിക്കാം. ജൂൺ 12 മുതൽ 24 വരെയാണു പരീക്ഷ. സേ പരീക്ഷ മുഴുവൻ വിഷയങ്ങളിലും (6 പേപ്പർ) എഴുതാം. എന്നാൽ ഇംപ്രൂവ്മെന്റ് പരീക്ഷ ഒരു വിഷയത്തിലേ പറ്റൂ. ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പെടുക്കൽ എന്നിവയ്ക്ക് 14 വരെ അപേക്ഷ നൽകാം. സ്കൂൾ വഴിയാണ് ഫീസ് അടച്ച് അപേക്ഷ നൽകേണ്ടത്.

എൽഎസ്എസ്, യുഎസ്എസ് തുക ഉടൻ: മന്ത്രി
തിരുവനന്തപുരം  ∙ എൽഎസ്എസ്–യുഎസ്എസ് സ്കോളർഷിപ് കുടിശിക വീട്ടാൻ 30 കോടി രൂപ അനുവദിച്ചതായും ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇവയടക്കം വിവിധ സ്കൂൾ പൊതു പരീക്ഷകളുടെ സർട്ടിഫിക്കറ്റ് പ്രഥമാധ്യാപകരുടെ ലോഗിൻ ഉപയോഗിച്ച് ഓൺലൈനായി ലഭ്യമാക്കാനും സൗകര്യമൊരുക്കും.

ഓൺലൈൻ ബിഎസ്: 2500 പേർക്ക് നിയമനം
ഐഐടി മദ്രാസിന്റെ 4 വർഷ ഓൺലൈൻ പ്രോഗ്രാമായ ബിഎസ് ഡേറ്റാ സയൻസ് പൂർത്തിയാക്കിയ 2500 വിദ്യാർഥികൾക്ക് ജോലി ലഭിച്ചതായും 850 പേർക്കു‍ പ്രമുഖ സർവകലാശാലകളിൽ മാസ്റ്റേഴ്സ്, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിച്ചതായും അധികൃതർ അറിയിച്ചു. ആദ്യ ബാച്ച് വിദ്യാർഥികളാണിവർ. ജെഇഇ എഴുതാതെ തന്നെ ചേരാം. വാർഷിക കുടുംബ വരുമാനം 15 ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് ഫീസ് ഇളവുണ്ട്. അപേക്ഷിക്കാൻ https://study.iitm.ac.in/ds/. അവസാനതീയതി 26.

വിഎച്ച്എസ്ഇ അപേക്ഷ 16 മുതൽ
തിരുവനന്തപുരം  ∙  വിഎച്ച്എസ്ഇ ഒന്നാംവർഷ പ്രവേശത്തിനുള്ള അപേക്ഷകൾ 16 മുതൽ 25 വരെ സമർപ്പിക്കാം. 29നു ട്രയൽ അലോട്മെന്റും ജൂൺ 5ന് ആദ്യ അലോട്മെന്റും നടക്കും. 24നു ക്ലാസ് തുടങ്ങും.

എംജിയിൽ എംബിഎ; 20 വരെ അപേക്ഷിക്കാം
കോട്ടയം  ∙ എംജി സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എംബിഎയ്ക്ക് ഓൺലൈനിൽ അപേക്ഷിക്കാനുള്ള തീയതി ഈ മാസം 20 വരെ നീട്ടി.
വിവരങ്ങൾക്ക്: admission.mgu.ac.in, 0481–2733367.

513 കോടി സംഭാവന; ഐഐടി മദ്രാസിന് റെക്കോർഡ് നേട്ടം
ചെന്നൈ  ∙ പൂർവ വിദ്യാർഥികൾ, കോർപറേറ്റുകൾ, വ്യക്തികൾ എന്നിവരിൽനിന്ന് 513 കോടി രൂപ സമാഹരിച്ച ഐഐടി മദ്രാസിന് റെക്കോർഡ് നേട്ടം. ഒരു സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ തുക സമാഹരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമെന്ന നേട്ടം തുടർച്ചയായ രണ്ടാം വർഷമാണു നേടുന്നത്. കഴിഞ്ഞ വർഷം സമാഹരിച്ച 218 കോടി രൂപയിൽനിന്ന് ഇത്തവണ 135 % വർധന. 16 പൂർവവിദ്യാർഥികൾ ഉൾ‌പ്പെടെ 48 പേർ ഒരു കോടിയിലേറെ വീതം സംഭാവന ചെയ്തു. സാങ്കേതിക വിദ്യാ വികസനം, ഗവേഷണം, സ്കോളർഷിപ് എന്നിവയ്ക്കുവേണ്ടി തുക വിനിയോഗിക്കും.

English Summary:

Four Year Under Graduate Programme - Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com