ADVERTISEMENT

ദൈവങ്ങൾ ചങ്ങലയിൽ എന്നർഥം വരുന്ന ഗോഡ്സ് ഇൻ ഷാക്കിൾസ് എന്ന പേരിൽ ഡോക്യുമെന്ററി സംവിധാനം ചെയ്യുകയും പുസ്തകമെഴുതുകയും ചെയ്ത സംഗീത അയ്യർ സ്ഥാപിച്ച സംഘടനയാണ് വോയ്സസ് ഫോർ ഏഷ്യൻ എലഫന്റ്സ്. ഗണപതിയെ ദൈവമായി കാണുന്ന നാട്ടിൽ ആനകളെ ചങ്ങലയ്ക്കിട്ട് പീഡിപ്പിക്കുന്നതിനെതിരെയുള്ള രോഷമായിരുന്നു ഡോക്യുമെന്ററിയിലൂടെ സംഗീത പ്രകടമാക്കിയത്. ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഈ സംഘടന കേരളത്തിൽ ഒരു ‘റോബട്ടിക് എലഫന്റ്’ പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിലാണ്. ക്ഷേത്രങ്ങൾക്ക് റോബട്ടിക് ആനകളെ നൽകുകയാണ് ലക്ഷ്യം. ഉത്സവങ്ങളും ആചാരങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ ആനകൾക്കു യാതനകളിൽനിന്നു മോചനവും ജനങ്ങൾക്കു സുരക്ഷയും ഉറപ്പാക്കാൻ കഴിയുമെന്ന് സംഘടന വിശ്വസിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഗൂഡല്ലൂരിലെ ശ്രീ ശങ്കരൻ കോവിലിൽ ഒരു റോബട്ടിക് ആനയെ എഴുന്നെള്ളിച്ചിരുന്നു. ശ്രീ ശിവശങ്കര ഹരിഹരൻ എന്നാണ് ഈ ആനയ്ക്കിട്ടിരിക്കുന്ന പേര്. മലയാളികളാണ് ഈ കോവിലിന്റെ നേതൃത്വത്തിലുള്ളത്.

ആനയെ നിർമിച്ച യുവസംരഭകർ

ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്ന ലക്ഷണമൊത്ത കൊമ്പനാനയുടെ രൂപവും വലുപ്പവും ആകാരഭംഗിയുമുള്ള റോബട്ടിക് ആനയെ നിർമിച്ചത് ചാലക്കുടി പോട്ടയിലുള്ള ഫോർ ഹീ ആർട് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. 14 അടി നീളവും 10 അടി ഉയരവുമുള്ള റോബട്ടിക് ആനയുടെ വയറിന്റെ വീതി ഏകദേശം 6 അടിയാണ്. ഏകദേശം 800 കിലോഗ്രാം ഭാരമുള്ള ആനയെ ഫൈബറും റബ്ബറുമുപയോഗിച്ചാണ് നിർമിച്ചത്. അഞ്ച് മോട്ടറുകൾ ഉപയോഗിച്ചാണ് ആനയുടെ ചലനങ്ങൾ സാധ്യമാക്കുന്നത്. റോബട്ടിക് ആന തന്റെ ചെവികൾ, കണ്ണുകൾ, വാൽ എന്നിവ ചലിപ്പിക്കുകയും തുമ്പിക്കൈ കൊണ്ട് വെള്ളം ചീറ്റിക്കുകയും ചെയ്യും. ട്രോളിയിലാണ് ഇവയുടെ സഞ്ചാരം.

കാട്ടിൽ ജീവിക്കേണ്ട ആനയുടെ ദുരിതങ്ങൾ

നാട്ടാനകളുടെ ദുരിതങ്ങൾ അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന വോയിസസ് ഫോർ എലഫന്റ്സ് ഇതുമായി ബന്ധപ്പെട്ട കണക്കുകളും മുന്നോട്ടു വയ്ക്കുന്നുണ്ട്. വർഷത്തിൽ ശരാശരി 25 നാട്ടാനകൾ ചരിയുകയും നിരവധി പാപ്പാൻമാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. 2023 ൽ മാത്രം ആനകൾ ഇടഞ്ഞ് ആൾക്കൂട്ടത്തിലേക്ക് ഓടിയ 293 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 4 പാപ്പാൻമാർക്ക് ജീവൻ നഷ്ടപ്പെടുകയും 26 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2024 ൽ ഇതുവരെ 15 ഇടങ്ങളിൽ ആനകൾ ഇടഞ്ഞോടിയെന്നാണ് കണക്ക്. വ്യത്യസ്ത സംഭവങ്ങളിലായി 8 പാപ്പാൻമാർക്ക് പരിക്കു പറ്റുകയും ചെയ്തിട്ടുണ്ട്. 

elephant

നാട്ടാനകളുടെ എണ്ണത്തിൽ അതിവേഗമാണ് കുറവുണ്ടാകുന്നത്. 2019 ൽ സംസ്ഥാനത്ത് 500 നാട്ടാനകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 397 എണ്ണമേയുള്ളൂ. വർഷത്തിൽ ശരാശരി 25 എണ്ണം എന്ന നിരക്കിലാണ് കുറവു വരുന്നത്. 2024 ജനുവരിയിൽ മാത്രം മൂന്നു നാട്ടാനകൾ ചരിഞ്ഞുവെന്നാണ് കണക്ക്. ഇത്തരമൊരു സാഹചര്യത്തിലാണ് റോബട്ടിക് ആനയെന്ന ആശയം പ്രസക്തമാകുന്നതെന്ന് വോയിസസ് ഫോർ എലഫന്റ്സ് പറയുന്നു. നാട്ടാനകൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്താൻ  റോബട്ടിക് ആനകൾ പോലുള്ള പരീക്ഷണങ്ങൾക്ക് സാധിക്കുമെന്ന് ഇവർ കരുതുന്നു. 

ബുദ്ധിയുള്ള, സാമൂഹിക ജീവിതം നയിക്കുന്ന, പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ ജീവികൾക്ക് കാടാണ് സ്വർഗമെന്ന് സംഗീത അയ്യർ നിരന്തരം ഓർമിപ്പിക്കുന്നു. മനുഷ്യരെപ്പോലെ സാമൂഹിക ജീവികളായി, കാട്ടിൽ കെട്ടുറപ്പുള്ള കുടുബങ്ങളിൽ ജീവിക്കുകയും പരസ്പരം ബന്ധപ്പെടുകയും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന, ബുദ്ധിയും വൈകാരികതയുമുള്ള ആനകളെ കൂട്ടത്തിൽനിന്നും കാട്ടിൽനിന്നും വേർപെടുത്തി നാട്ടാനായാക്കുന്നത് ക്രൂരതയല്ലാതെ മറ്റെന്താണെന്ന് അവർ ചോദിക്കുന്നു. ആനകളെ ബന്ധനത്തിൽ വളർത്തുന്ന ഒരു രീതിയോടും സംഗീതയ്ക്ക് യോജിപ്പില്ല. ഒരിക്കലും വന്യ സ്വഭാവം നഷ്ടപ്പെടാത്ത ആനകൾ അത്തരം സ്വഭാവം സ്വാഭാവികമായി കാണിച്ചാൽ ശിക്ഷയും പീഡനവും നേരിടുകയും ചെയ്യുന്നതും സംഗീത ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com