ADVERTISEMENT

ലോകം കൂട്ടവംശനാശത്തിന്റെ തൊട്ടരികിലോ? ആണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങൾ ഗവേഷകർക്കിടയിൽ നിലനിൽക്കുന്നു. ആഗോളതാപനത്തെ തുടർന്നുണ്ടായ കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഭൂമിയിലുള്ള അനിയന്ത്രിതമായ ഇടപെടലുകളും കൂട്ടവംശനാശം ഭൂമിയിൽ തുടങ്ങിയതിന്റെയോ സമീപഭാവിയിൽ തുടങ്ങുവാൻ സാധ്യതയുള്ളതിന്റെയോ സൂചനകളാണ്. ആഗോളതാപനം അനിയന്ത്രിതമായി തുടർന്നാൽ ഭൂമിയിലെ ആവാസവ്യവസ്ഥ പൂർണമായും തകരുമെന്നും  ജീവജാലങ്ങളുടെ നിലനിൽപ്പു പ്രതിസന്ധിയിലാകുമെന്നും  ശാസ്ത്രസംഘങ്ങൾ  വിലയിരുത്തുന്നു. 

460 കോടി വർഷം പഴക്കം ഗണിക്കപ്പെട്ട ഭൂമിയിലെ ജീവജാലങ്ങളിൽ പലതിന്റെയും കൂട്ടവംശനാശങ്ങൾക്ക് ഓരോ കാലഘട്ടത്തിലും കാരണങ്ങൾ പലതായിരുന്നു. 440 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് ഭൂമിയിൽ ആദ്യ കൂട്ടവംശനാശം സംഭവിച്ചതെന്ന് വിവിധ ശാസ്ത്രസംഘങ്ങൾ വിലയിരുത്തുന്നു. ഇത് ഓർഡോവിഷൻ - സൈലൂറിയൻ (Ordovician-Silurian Mass Extinction) കാലഘട്ടത്തിലാണ് നടന്നത്. രണ്ടാം കൂട്ടവംശനാശം സംഭവിക്കുന്നത് ലേറ്റ് ഡിവോണിയൻ  (Late Devonian Mass Extinction) കാലഘട്ടത്തിലായിരുന്നു. 370 ദശലക്ഷം വർഷങ്ങൾക്ക് മുൻപായിരുന്നു ഇത് സംഭവിച്ചത്. 250 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള പെർമിയൻ - ട്രയാസിക് (Permian- Triassic Extinction) കാലഘട്ടത്തിലായിരുന്നു മൂന്നാം കൂട്ടവംശനാശം. 200 ദശലക്ഷം വർഷങ്ങൾക്കുമുൻപുള്ള ട്രിയാസിക് - ജുറാസിക് (Triassic–Jurassic extinction) കാലഘട്ടമായിരുന്നു നാലാമത്തേത്. ക്രിറ്റേഷ്യസ്-പാലിയോജിൻ (Cretaceous–Paleogene extinction) കാലഘട്ടത്തിലാണ് അഞ്ചാമത്തെ കൂട്ടവംശനാശം സംഭവിക്കുന്നത്. 

This photograph shows a dead Rhizostoma jellyfish washed up on the shore of Pinedo beach in Valencia, on July 30, 2023, as the Mediterranean Sea is reaching records temperatures. - The Mediterranean Sea reached its highest temperature on record on July 25, Spanish researchers said -- amid an exceptional heat wave in Europe. The record of 28.71 degrees Celsius was announced by Spain's Institute of Marine Sciences, which analyzed data from satellites used by the European Earth observation program Copernicus. The Mediterranean region, hit by record temperatures in July, has long been classified as a hotspot of climate change. (Photo by JOSE JORDAN / AFP)
This photograph shows a dead Rhizostoma jellyfish washed up on the shore of Pinedo beach in Valencia(Photo by JOSE JORDAN / AFP)

കൂട്ടവംശനാശം സംഭവിക്കുന്നത് ദശലക്ഷക്കണക്കിന് വർഷങ്ങൾക്കിടയിലുള്ള കാലയളവിനുള്ളിലാണ്. ആ കാലയളവിനുള്ളിൽ ആയിരക്കണക്കിന് ജീവജാലങ്ങൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും. അവശേഷിക്കുന്ന വംശങ്ങളുടെ വളർച്ചയ്ക്കും പരിണാമത്തിനും പിന്നെയും സുദീർഘമായ കാലയളവുതന്നെയെടുക്കും.

ഇന്ന് ലോകം ആറാം കൂട്ടവംശനാശത്തിന്റെ പടിവാതിൽക്കലാണ്. ഏതൊക്കെ ജീവിവർഗങ്ങൾ അതിൽ ഇല്ലാതാകും എന്നത് ആശങ്കാജനകമായ കാര്യമാണ്. അതിനെ അതിജീവിക്കുന്ന ജീവജാലങ്ങൾ എങ്ങനെയാകും നിലനിൽക്കുക? ഒന്ന് മറ്റൊന്നിന്റെ ഇരയാകുന്ന പ്രതിഭാസത്തിൽ ഒന്നില്ലാതെ മറ്റൊന്നിന് എത്രനാൾ നിലനിൽക്കുവാനാകും? വേട്ടക്കാരായ വിഭാഗത്തിൽപ്പെട്ട ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുമ്പോൾ അതിൽനിന്നു രക്ഷപ്പെടുന്ന ജീവജാലങ്ങളുടെ വർദ്ധനവ് ഭൂമിയിലെ ആവാസവ്യവസ്ഥയെ എങ്ങനെയാകും ബാധിക്കുക? സവിശേഷമായ ബുദ്ധിയുള്ള മൃഗമായ മനുഷ്യന് അതിജീവനം സാധ്യമാണോ? 

ഭൂമിയിലെ എല്ലാ ജീവജാലവിഭാഗങ്ങളിലുംപ്പെട്ട  60 ശതമാനത്തിലധികം, വംശനാശത്തിന് വിധേയമാകുകയാണെങ്കിൽ അതിനെ കൂട്ടവംശനാശം എന്ന് വിശേഷിപ്പിക്കുന്നു. വലിയ അഗ്നിപർവ്വത സ്ഫോടനം പോലുള്ള ഭൗമ ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ഉൽക്കാപതനം, ഭൂഖണ്ഡങ്ങൾക്കുണ്ടായ രൂപമാറ്റങ്ങൾ, സൂക്ഷ്മാണുക്കൾ സൃഷ്ടിക്കുന്ന മഹാമാരികൾ തുടങ്ങി നിരവധി ഘടകങ്ങൾ കൂട്ടവംശനാശങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഓർഡോവിഷൻ-സെലൂറിയൻ കാലഘട്ടത്തിലെ ആദ്യ കൂട്ടവംശനാശത്തിൽ അന്നുണ്ടായിരുന്നു 85 ശതമാനം ജീവജാലങ്ങളുംനശിച്ചു. ഭൂഖണ്ഡങ്ങളുടെ രൂപമാറ്റങ്ങളും അതിനെ തുടർന്നുണ്ടായ കാലാവസ്ഥാവ്യതിയാനവുമായിരുന്നു അതിന്റെ പ്രധാന കാരണം. 

പിൽക്കാലത്ത് അന്റാർട്ടിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ രൂപീകരണത്തിന് നിദാനമായ വലിയ ഭൂഖണ്ഡമായിരുന്ന ഗോണ്ട്വാനയുടെ (Gondwana) രൂപീകരണം നടന്നത് ഇക്കാലയളവിലാണ്. ഈ ഭൗമപ്രതിഭാസം കാലാവസ്ഥാ വ്യതിയാനത്തിനും ഭൂമിയെ പൂർണ്ണമായും ബാധിച്ച ഹിമയുഗത്തിനും കാരണമായി. കടുത്ത തണുപ്പിനെ അതിജീവിക്കുവാൻ കഴിയാതെ കടലിലെയും കരയിലെയും ജീവജാലങ്ങളിൽ വലിയൊരു പങ്കും അപ്രത്യക്ഷമായി. ഹിമയുഗം ക്രമേണ മാറിയതോടെ സമുദ്രനിരപ്പുയരുകയും ഹിമയുഗത്തെ അതിജീവിച്ച ജീവജാലങ്ങൾക്ക് പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാൻ കഴിയാതെയുമായി. ഇതും വംശനാശത്തിന്റെ തോത് വർദ്ധിപ്പിച്ചു. അവശേഷിച്ച ജീവജാലങ്ങൾ കാലാവസ്ഥാസാഹചര്യങ്ങൾക്ക് അനുസൃതമായി പരിണമിച്ച് പുതിയ ജീവിവർഗ്ഗങ്ങൾ  ഉടലെടുത്തു.

ലേറ്റ് ഡിവോണിയൻ കാലഘട്ടത്തിൽ നടന്ന രണ്ടാം കൂട്ടവംശനാശത്തിൽ ഭൂമിയിലെ 80 ശതമാനം ജീവജാലങ്ങളും നശിക്കപ്പെട്ടു, ഇതിന് രണ്ട് കാരണങ്ങളാണെന്നാണ് ശാസ്ത്ര അനുമാനം. ആദ്യ കൂട്ടവംശനാശത്തേക്കാൾ വേഗത്തിലാണ് ഈ കൂട്ടവംശനാശം സംഭവിച്ചത്. കാലാവസ്ഥ അനുകൂലമായതോടെ ഭൂമിയിലെ ജീവജാലങ്ങൾ ദ്രുതഗതിയിൽ നടത്തിയ കോളനിവൽക്കരണമായിരുന്നു ഒരു കാരണം. കരയിലുണ്ടായിരുന്ന വലുപ്പം കുറഞ്ഞ സസ്യങ്ങൾ നിരന്തരമായ പരിണാമപ്രക്രിയയിലൂടെ വന്മരങ്ങളായി മാറിയതോടെ വനങ്ങൾ രൂപം കൊണ്ടു. ആ കാലഘട്ടത്തിൽ ഭൂമിയിൽ ഗണ്യമായ തോതിലുണ്ടായിരുന്ന കാർബൺ ഡയോക്സൈഡിനെയാണ് പരിണാമ പ്രക്രിയയിലെ ദ്രുതവളർച്ചയ്ക്കായി വൃക്ഷങ്ങൾ ആഗിരണം ചെയ്തത്. സസ്യലോകം വളർന്ന് അവ മൃതപ്പെട്ട് ജീർണ്ണിതമാകുന്നതോടെ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് മടങ്ങുകയും ചെയ്യും. 

എന്നാൽ രണ്ടാം കൂട്ടവംശനാശത്തിന് കാരണമായി അനുമാനിക്കുന്നത് അക്കാലത്ത് പല സസ്യ വൃക്ഷങ്ങളും നശിച്ച ശേഷം ചതുപ്പ് തടാകങ്ങൾ, നദികൾ തുടങ്ങിയവയിലാണ് നിക്ഷേപിക്കപ്പെട്ടത്. ഇത് കാർബൺ ഡയോക്സൈഡിന്റെ തിരിച്ചുവരവിന് വിഘാതമായി. കൽക്കരി ഉൾപ്പെടെയുള്ള ഫോസിൽ സംയുക്തങ്ങളുടെ രൂപീകരണത്തിനും ഈ പ്രക്രിയ കാരണമായി. സസ്യങ്ങളുടെ അതിവേഗത്തിലുള്ള പരിണാമവും വളർച്ചയും കാർബൺ ഡയോക്സൈഡിന്റെ സമതുലിതാവസ്ഥ തകർത്തത് അന്തരീക്ഷത്തിലെ താപനില കുത്തനെ കുറയ്ക്കുകയും ചെയ്തു. കാലാവസ്ഥയിൽ ഉണ്ടായ ഈ ദ്രുതമാറ്റത്തോട് പൊരുത്തപ്പെടുവാൻ വളർന്നു പന്തലിച്ച കരയിലെ സസ്യ ജീവജാലങ്ങൾക്ക് കഴിയാതെവന്നതോടെ രണ്ടാമത്തെ കൂട്ട വംശനാശത്തിന് കളമൊരുങ്ങുകയായിരുന്നു. അജൈവ വസ്തുക്കളിൽ നിന്നും ഭക്ഷ്യപദാർത്ഥങ്ങൾ നിർമ്മിച്ചെടുക്കുവാൻ കഴിവുള്ള ഓട്ടോട്രോപ്പുകൾ ഉയർന്ന അളവിൽ ഓക്സിജൻ സൃഷ്ടിച്ചത് സമുദ്രത്തിലെ ഓക്സിജന്റെ സ്വാഭാവിക സമതുലിതാവസ്ഥ തകർത്തതും വംശനാശത്തിന്റെ മറ്റൊരു കാരണമായി കണക്കാക്കുന്നു.

പെർമിയൻ-ട്രയാസിക് കാലഘട്ടത്തിൽ നടന്ന മൂന്നാമത്തെ കൂട്ടവംശനാശം മറ്റു കൂട്ടവംശനാശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലുതായിരുന്നു. കടൽ ജീവികളിൽ വെറും 4 ശതമാനത്തിന് മാത്രമാണ് ഈ ദുരന്തത്തെ അതിജീവിക്കുവാൻ കഴിഞ്ഞത്. ഭൂമിയിലെ വലിയ ജീവികളിൽ മൂന്നിലൊന്നിന് മാത്രമേ ഈ വംശനാശത്തിനെ അതിജീവിക്കുവാൻ കഴിഞ്ഞുള്ളൂ. ഭൂമിയിലെ മൊത്തം ജീവജാലങ്ങളിലെയും 96 ശതമാനവും കൂട്ടവംശനാശത്തിനിരയായതിനാൽ ‘മഹാമരണം’ എന്നാണ് ഇതിനെ  വിശേഷിപ്പിക്കുന്നത്. ജിയോളജിക്കൽ ടൈം സ്കെയിലിന്റെ സമയ പരിധി അനുസരിച്ച് വളരെ വേഗത്തിലായിരുന്നു ഈ കൂട്ടവംശനാശം സംഭവിച്ചത്. ഇതിന്റെ കാരണങ്ങളെപ്പറ്റി പല നിഗമനങ്ങളുണ്ട്.

നാലാമത്തെ കൂട്ടവംശനാശത്തിന്റെ തുടക്കം ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വിജനമെന്ന് പറയാവുന്ന കാലഘട്ടത്തിലായിരുന്നു. പരിമിതമായ സസ്യജന്തുജാലത്തിന്റെ ഉറവിടത്തിൽനിന്നും പുനരുജ്ജീവനത്തിന്റെ വസന്ത കാലത്തിലേക്ക് ആ വിജനകാലം ക്രമേണ വഴിമാറിയപ്പോൾ പുതിയ ജീവിവർഗ്ഗങ്ങൾ ഉദയംചെയ്യുകയായിരുന്നു. ‘ഗ്രേറ്റ് ഡൈയിങ്’ (Great Dying)  എന്ന് വിശേഷിക്കപ്പെട്ടിരുന്ന കാലത്തെ അതിജീവിച്ച ജീവിവർഗങ്ങൾ  പുതുതായി രൂപം കൊണ്ട് പാരിസ്ഥിതിക ആവാസ സാഹചര്യങ്ങളുമായി ആഴത്തിൽ ഇഴുകിചേർന്നതോടെ എലിയുടെ വലുപ്പത്തിലുള്ള സസ്തനികളും ഭൂമിയെ അടക്കിവാഴുവാൻ കെൽപ്പുള്ള ദിനോസറുകളും ജന്മമെടുത്തു.

ട്രിയാസിക്-ജുറാസിക് കാലഘട്ടത്തിന്റെ അവസാനങ്ങളിൽ ഇന്ന് കാണുന്ന ഭൂഖണ്ഡങ്ങൾ എല്ലാം ഒത്തു ചേർന്ന് കിടന്നിരുന്ന അന്നത്തെ വിശാലമായ പാൻജിയ (Pangaea) ഭൂഖണ്ഡത്തിൽ വലിയ വിള്ളലുകൾ രൂപംകൊള്ളുകയും ചെറിയ ഭൂഭാഗങ്ങൾ  രൂപംകൊള്ളുകയും ചെയ്തു. ഈ പ്രതിഭാസം നടന്നതോടെ വലിയ തോതിലുള്ള ലാവാപ്രവാഹങ്ങളും ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന വലിയ അഗ്നിപർവ്വത സ്ഫോടനങ്ങളും ഉണ്ടായി. ലാവാപ്രവാഹങ്ങളും അഗ്നിപർവ്വതസ്ഫോടനങ്ങളും കടലിലും കരയിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അഗ്നിപർവ്വത സ്ഫോടനങ്ങൾ ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും വഴിയൊരുക്കിയതോടെ കരയിലും കടലിലും കൂട്ടവംശനാശത്തിന് കളമൊരുങ്ങി. കൂട്ടവംശനാശം പൂർണ്ണമായപ്പോൾ കരയിലെയും കടലിലെയും പകുതിയോളം ജീവജാലങ്ങൾ അപ്രത്യക്ഷമായി. 

ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും 75 ശതമാനവും നശിക്കപ്പെട്ട കൂട്ട വംശനാശമായിരുന്നു ക്രിറ്റേഷ്യസ്-പാലിയോജിൻ കാലഘട്ടത്തിൽ നടന്നത്. അതിന്റെ കാരണമായി ശാസ്ത്ര പഠനങ്ങൾ വിശദമാക്കുന്നത് ചിക്സ്യുലബ് (Chicxulub) എന്ന ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചതുമായി ബന്ധപ്പെടുത്തിയാണ്. ആറു മൈൽ വ്യാസമുള്ള ഈ ഛിന്നഗ്രഹം മണിക്കൂറിൽ 50000 മൈൽ വേഗത്തിൽ ഭൂമിയിൽ പതിച്ചതോടെ 100 ദശലക്ഷം മെഗാ ടൺ  ടിഎൻടി ശക്തിയുള്ള സ്ഫോടനമുണ്ടായി. ഇതുവരെ മനുഷ്യൻ നിർമ്മിച്ചിട്ടുള്ള ബോംബുകളുടെ ശക്തിയേക്കാൾ ഒരു ദശലക്ഷം ശക്തിയുള്ള ബോംബുകൾ വർഷിച്ചാലുള്ളത്ര ആഘാതമാണ് ഈ ഛിന്നഗ്രഹം പതിച്ചപ്പോൾ ഭൂമിക്ക് താങ്ങേണ്ടിവന്നത്. ഇത് ഭൂമിക്ക് താങ്ങാവുന്നതിലും ഏറെ വലുതായിരുന്നു. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ അന്തരീക്ഷത്തിൽ വ്യാപകമായത്തോടെ ഭൂമിയിലേക്കുള്ള സൂര്യപ്രകാശം തടസ്സപ്പെട്ടു. അതോടെ സസ്യങ്ങളുടെ ഫോട്ടോസിന്തസിസ് (Photosynthesis) നിലയ്ക്കുകയും ഭൂമിയിലെ ഭക്ഷ്യ ശൃംഖല തകരുകയും ചെയ്തു. ഇത് ദിനോസറുകളും സസ്തനികളും ഉൾപ്പെടെ ഭൂമിയിലെ 75 ശതമാനം ജീവജാലങ്ങളുടെയും കൂട്ടവംശനാശത്തിന് കാരണമാകുകയായിരുന്നു.

രണ്ട് രീതിയിലാണ് ഭൂമിയിൽ വംശനാശം സംഭവിക്കുക. ഒന്നാമത്തേത് പശ്ചാത്തല വംശനാശമാണ് (Background Extinction). ഇത് സ്വാഭാവികമായും സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. പരിസ്ഥിതി, കാലാവസ്ഥ, നിലനിൽപ്പിനുവേണ്ടിയുള്ള മറ്റ് സാഹചര്യങ്ങളിലുണ്ടാകുന്ന പ്രതികൂലമാറ്റങ്ങൾ,  മറ്റ് സ്പീഷിസുകളുമായി മത്സരിച്ച് നിലനിൽക്കുവാൻ കഴിയാതെ പിൻവാങ്ങുന്ന അവസ്ഥ തുടങ്ങിയവയാണ് പശ്ചാത്തല വംശനാശത്തിന്റെ കാരണങ്ങൾ. ഇത് ഭൂമിയിലെ ജൈവവ്യവസ്ഥയുടെ ഭാഗമായി സംഭവിക്കുന്ന സ്വാഭാവികപ്രക്രിയയാണ്. അതുകൊണ്ട് തന്നെ വ്യാപകമായ വംശനാശത്തിന് കാരണമാകുന്നില്ല. 

എന്നാൽ ജിയോളജിക്കൽ  ടൈം സ്കെയിലിനുള്ളിലെ ഒരു കുറഞ്ഞ കാലഘട്ടത്തിൽ ജീവിവർഗ്ഗങ്ങളുടെ വംശനാശത്തോത് പശ്ചാത്തല വംശനാശതോതിനെക്കാൾ വളരെയധികം ഉയരുകയും പുതുതായുണ്ടാകുന്ന ജീവിവർഗ്ഗങ്ങളേക്കാൾ അപ്രത്യക്ഷമാകുന്ന ജീവിവർഗ്ഗങ്ങളുടെ എണ്ണം വളരെ കൂടുകയും ചെയ്യുകയാണെങ്കിൽ അതിനെ കൂട്ടവംശനാശമായി കണക്കാക്കുന്നു. ഈ വിലയിരുത്തലിനായി ഗവേഷകർ പഠനവിധേയമാക്കുന്നത് പ്രധാനമായും ഫോസിലുകളെയും അവസാദശിലകളെയുമാണ്. കൂട്ടവംശനാശം ഒരു ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ സംഭവിക്കുന്ന കാര്യമല്ല. 454 കോടി വർഷം പഴക്കമുള്ള ഭൂമിയുടെ ചെറിയൊരു കാലമെന്ന് പറയുന്നത് തന്നെ ജിയോളജിക്കൽ ടൈം സ്കെയിൽ പ്രകാരം ദശലക്ഷക്കണക്കിന് വർഷങ്ങളായിരിക്കും. 

ഭൂമി ഇന്ന് ആറാം കൂട്ടവംശനാശത്തിന്റെ അരികിലെത്തിനിൽക്കുന്നതായി ഒരു വിഭാഗം ശാസ്ത്രജ്ഞർ വാദിക്കുന്നുണ്ട്. ഭൂമിയിൽ ആറാം കൂട്ടവംശനാശം തുടങ്ങിക്കഴിഞ്ഞുവെന്നും മുൻപു നടന്ന അഞ്ച് കൂട്ടവംശനാശങ്ങൾക്കും പ്രകൃതിയിൽ രൂപംകൊണ്ട സംഭവവികാസങ്ങളായിരുന്നു കരണമായതെങ്കിൽ ഇപ്പോൾ ആരംഭിച്ച കൂട്ടവംശനാശത്തിന് മനുഷ്യൻ ആണ് കാരണമെന്നും ബയോളജിക്കൽ റിവ്യൂസ് (Biological Reviews) 2022-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. AD 1500 മുതൽ ഇതുവരെ 7.3 മുതൽ 13 ശതമാനം വരെ ജീവജാലങ്ങളിൽ കുറവുവന്നിട്ടുണ്ടെന്നും പതിനാറാം നൂറ്റാണ്ടുമുതൽ തന്നെ കൂട്ടവംശനാശം ആരംഭിച്ചതായും ഈ റിപ്പോർട്ടിൽ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഹവായ് സർവകലാശാലയിലെ പ്രഫ. റോബർട്ട് കോവി (Robert Cowie) യുടെ നേതൃത്വത്തിൽ നടന്ന പഠനറിപ്പോർട്ടാണ് ജേണൽ പ്രസിദ്ധീകരിച്ചത്. 27500 ജീവിവർഗ്ഗങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ആണ് ഗവേഷക സംഘം പഠനവിധേയമാക്കിയത്. മനുഷ്യ സൃഷ്ടിയായ ഈ കൂട്ടവംശനാശം മുൻപുള്ള വംശനാശങ്ങളെക്കാൾ വേഗത്തിലാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും ഗവേഷകർ പ്രഫ. കോവിയുടെ നേതൃത്വത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിലുള്ള വംശനാശപ്പട്ടികയിലില്ലാത്ത ആയിരം ജീവജാലങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ അതിൽ മൂന്നിലൊന്നു വിഭാഗത്തിന്റെയും എണ്ണം ദ്രുതഗതിയിൽ കുറഞ്ഞു വരുന്നതായും ഗവേഷകരുടെ ശ്രദ്ധയിൽപെട്ടു. ഇങ്ങനെ തുടർന്നാൽ വംശനാശ പട്ടികയിലല്ലാത്ത വലിയൊരു വിഭാഗം ജീവജാലങ്ങളും ഭാവിയിൽ എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാം എന്ന വിലയിരുത്തലുകൾ ഉത്കണ്ഠയോടെയാണ് കാണുന്നത്.

മനുഷ്യന്റെ അനിയന്ത്രിതമായ ചൂഷണങ്ങളും മനുഷ്യസൃഷ്ടിയായ ആഗോളതാപനവും തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനവുമാണ് ആറാം കൂട്ടവംശനാശത്തിന്റെ കാരണമെന്ന് ശാസ്ത്ര സംഘങ്ങൾ ഒരേ സ്വരത്തിൽ പറയുമ്പോൾ മനുഷ്യൻ അതിവേഗം ഒരു പുനർചിന്തനത്തിന് തയാറാകേണ്ടതുണ്ട് എന്ന ഉറപ്പിച്ച് പറയാം. മനുഷ്യോൽപത്തിമുതൽ വന്യമൃഗങ്ങൾക്ക് അനായാസം കീഴടക്കുവാൻ കഴിയുന്ന ഇരുകാലി ജീവിയായിരുന്നു മനുഷ്യൻ. എന്നാൽ മനുഷ്യന് ബുദ്ധിവളർച്ചയുണ്ടായതോടെ വന്യമൃഗങ്ങളെ മനുഷ്യൻ തന്റെ ആവശ്യങ്ങൾക്കായി കീഴ്പ്പെടുത്തുകയും കൊല്ലുകയും ചെയ്തുതുടങ്ങി. പ്രകൃതിയെ എങ്ങനെ ചൂഷണം ചെയ്യണം എന്ന് മനസ്സിലാക്കിയതോടെ സ്വന്തം ആവശ്യങ്ങൾക്കായി ഒരു പരിധിയുമില്ലാതെ പരിസ്ഥിതിയെ വേണ്ടുവോളം ഉപയോഗപ്പെടുത്തി. ആധുനിക മനുഷ്യൻ പതിനെട്ടാം നൂറ്റാണ്ടിൽ വ്യവസായ വിപ്ലവം നടത്തിയതോടുകൂടി പ്രകൃതിയുടെ നിലനിൽപ്പിന് അവൻ ഒരു വലിയ ഭീഷണിയായി. ഉപഭോഗ സംസ്കാരത്തിന്റെ വളർച്ചയ്ക്കായി നടത്തിയ കണ്ടുപിടുത്തങ്ങളിൽ പലതും പ്രകൃതിയുടെ താളം തെറ്റിക്കുന്നവയായിരുന്നു. പല ജീവജാലങ്ങളും മനുഷ്യന്റെ മേൽക്കോയ്മയ്ക്കു മുന്നിൽ വംശനാശത്തിനിരയായി. ആഗോളതാപനവും തുടർന്നുണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണക്കാരും മനുഷ്യർ മാത്രമെന്നണ് ശാസ്ത്ര ഗവേഷകർ ഒരേ സ്വരത്തിൽ പറയുന്നു. 

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയിൽ രൂക്ഷമായത്  വ്യാവസായിക വിപ്ലവത്തെ തുടർന്നായിരുന്നു. മനുഷ്യൻ കാരണം അന്തരീക്ഷത്തിലേക്ക് ദിനംപ്രതി പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡ് ആഗോളതാപനത്തെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് ലോക കാലാവസ്ഥ തകിടം മറിയുവാൻ കാരണമാകുന്നു. അന്റാർട്ടിക്കയിൽ മഞ്ഞുരുകുമ്പോൾ മറ്റൊരു ഭൂഖണ്ഡത്തിൽ കടൽജലം ഉയരുന്നു. മഴയില്ലാത്ത നാടുകളിൽ മഴ പെയ്യുമ്പോൾ മുൻപ് മികച്ച മഴ പെയ്ത ഇടങ്ങളിൽ വരൾച്ച വ്യാപകമാകുന്നു. കാലാവസ്ഥയിൽ വന്നുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങൾ കാരണം പലജീവിവർഗ്ഗങ്ങളും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ആഗോളതാപനത്തെ തുടർന്ന് സമുദ്രങ്ങൾ ചൂടുപിടിക്കുന്നതോടെ കൂടുതൽ നീരാവിയുണ്ടാകുന്നു. ഇത് പല മേഖലകളിലും കടുത്ത മഴയ്ക്കും മിന്നൽ പ്രളയങ്ങൾക്കും കാരണമാകുന്നു, വനനശീകരണവും കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യപങ്ക് വഹിക്കുന്നു. 

കാർബൺ ഡയോക്സൈഡിന്റെ അമിതമായ ബഹിർഗമനം സമുദ്രജലത്തിലേക്ക് കൂടുതൽ ആഗിരണം ചെയ്യുവാൻ കാരണമാകുകയും കടൽ ജലത്തിന്റെ അമ്ലത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പവിഴപ്പുറ്റുകളുടെ നാശത്തിന് ഇത് കാരണമാകുന്നു. വംശനാശ കാലങ്ങളിൽ മാത്രം സംഭവിക്കുന്നതാണിത്. കടലിലെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ഈ അവസ്ഥ ബാധിക്കുകയും ചെയ്യുന്നു. ഇപ്പോൾ മനുഷ്യ നിർമ്മിത കൂട്ട വംശനാശകാലത്തും പവിഴപ്പുറ്റുകൾ ഭീഷണി നേരിടുന്നു. പവിഴവിള്ളലുകൾ എന്നറിയപ്പെടുന്ന ഈ അവസ്ഥ മൽസ്യസമ്പത്തിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കും. ആറാം കൂട്ട വംശനാശകാലത്ത് മനുഷ്യൻ വേട്ടക്കാരൻ മാത്രമായിരിക്കില്ല, ഇരയും ആയിരിക്കും. മനുഷ്യന് ചുറ്റിലുമുള്ള ആവാസവ്യവസ്ഥയുടെ മുക്കാൽ ഭാഗവും  ആറാം കൂട്ട വംശനാശത്തിൽ നശിക്കുമ്പോൾ നിലനിൽപ്പിനും അതിജീവനത്തിനു കഴിയാതെ മനുഷ്യവംശത്തിന്റെയും നല്ലൊരു പങ്കും മണ്ണടിയാനാണ് സാധ്യത.

ഭൂമിയുടെ പ്രായത്തിന്റെ കാലഗണനപ്രകാരം 11650 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഹോളോസീൻ (Holocene) കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ആധുനിക മനുഷ്യന്റെ വളർച്ച തുടങ്ങുന്നത് ഈ കാലഘട്ടവുമായി ബന്ധപ്പെട്ടാണ്. നാഗരികതകൾ ഉയർന്നുവന്നതും പ്രകൃതിയെ മനുഷ്യൻ അസാധാരണമാം വിധം ഉപയോഗിച്ച് തുടങ്ങിയതും ഈ കാലഘട്ടത്തിൽ ആയിരുന്നു. പ്രകൃതിയിലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളും ചൂഷണങ്ങളും കാരണം കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ ആന്ത്രോപോസീൻ (Anthropocene) കാലമെന്നാണ് വിശേഷിപ്പിക്കുന്നത്. ഓസോൺ പാളികളിലുണ്ടാകുന്ന വിള്ളലുകളെ കുറിച്ച് നടത്തിയ പഠനത്തിന് നോബൽ സമ്മാനം നേടിയ പോൾ ക്രട്സെൻ (Paul Crutzen) ആണ് ആന്ത്രോപോസീൻ എന്ന നാമം ഈ കാലത്തിന് നൽകിയത്. 

ആന്ത്രോപോസീൻ കാലത്തെപ്പറ്റി ശാസ്ത്രജ്ഞർക്കിടയിൽ രണ്ടഭിപ്രായമാണ്. ഒരു വിഭാഗം 1800-കളിൽ ആരംഭിച്ച് വളർന്നു പന്തലിച്ച വ്യവസായ വിപ്ലവം തൊട്ടാണ് ഈ കാലഘട്ടമെന്ന് വാദിക്കുന്നു. വ്യവസായ വിപ്ലവകാലം മുതൽ ആണ് അന്തരീക്ഷമലിനീകരണ തോത് ഭീതിജനകമാം വിധം വർദ്ധിച്ചതെന്നാണ് അവർ ഉയർത്തുന്ന വാദം. മറ്റൊരു വിഭാഗം പറയുന്നത് ആണവയുഗം ആരംഭിച്ചതുമുതലാണ് ഈ കാലം ആരംഭിക്കുന്നതെന്നാണ്. ഹിരോഷിമ ആണവ ദുരന്തവും  ഭൂമിയെ ആയിരക്കണക്ക് പ്രാവശ്യം നശിപ്പിക്കുവാൻകെൽപ്പുള്ള അണുവായുധ സംഭരണവുമാണ്  അവർ ഉദാഹരിക്കുന്നത്.. വാദങ്ങൾ എന്തുതന്നെയായാലും നാം ജീവിക്കുന്ന ഈ കാലം കൂട്ടവംശനാശത്തിന്റെ കൂടിക്കാലമാണ്. ഏറ്റവും മാരകമായ കൂട്ടവംശനാശം മനുഷ്യൻ കാരണമുണ്ടാകുന്ന ആറാം കൂട്ടവംശനാശമായിരിക്കുമെന്നാണ് ബഹുഭൂരിപക്ഷം പഠനങ്ങളും പറയുന്നത്. കണ്ടെത്തികഴിഞ്ഞതും ഒളിഞ്ഞിരിക്കുന്നതുമായ ലക്ഷക്കണക്കിന് ജന്തു സസ്യ ജീവജാലങ്ങളാണ് ആറാം കൂട്ടവംശനാശകാലത്ത് ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com