ADVERTISEMENT

ആറാമതായി പുതിയൊരു സമുദ്രം ഭൂമിയിൽ വരുമോ? ആഫ്രിക്കയിൽ ഇതിനു സാധ്യത കൽപിച്ചിരിക്കുകയാണ് ഗവേഷകർ. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഹോൺ ഓഫ് ആഫ്രിക്കയിൽ അഫാർ ത്രികോണമെന്ന ഒരു ഘടനയുണ്ട്. നൂബിയൻ, സൊമാലി, അറേബ്യൻ ഭൗമപ്ലേറ്റുകൾ ഒരുമിച്ചു ചേരുന്ന സ്ഥലമാണിത്. 2005 ൽ ഇത്യോപ്യൻ മരുഭൂമിയിൽ ഏകദേശം അൻപതിലധികം കിലോമീറ്റർ നീളമുള്ള ഒരു വിടവ് വന്നതോടെയാണ് ആഫ്രിക്കയിലെ ഭൗമാന്തര പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ചൂടുപിടിച്ചത്.

അടുത്ത 50 ലക്ഷം മുതൽ ഒരു കോടി വർഷം വരെയുള്ള കാലയളവിൽ ആഫ്രിക്ക രണ്ടായി പിളർന്നേക്കാമെന്നും ഇപ്പോഴത്തെ കിഴക്കൻ ആഫ്രിക്കൻ മേഖല പുതിയൊരു ഭൂഖണ്ഡമായി മാറാമെന്നും ഗവേഷകർ പറയുന്നു. ഇതൊടൊപ്പം പുതിയൊരു സമുദ്രതടം രൂപപ്പെട്ടേക്കാം. ലക്ഷക്കണക്കിനു വർഷങ്ങളെടുത്താകും ഇതു സംഭവിക്കുക.

oceans

പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ, ആർട്ടിക്, അന്റാർട്ടിക് എന്നിവയാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്ന 5 സമുദ്രങ്ങൾ. വിസ്തൃതി കൊണ്ടും കൂടുതൽ ജലം ഉൾക്കൊള്ളുന്ന കാര്യത്തിലും സമുദ്രങ്ങളിൽ ഒന്നാം സ്ഥാനം പസിഫിക്കിനാണ്. (സമുദ്രങ്ങളുടെ ആകെ വലുപ്പത്തിന്റെ  47%, ആകെ വെള്ളത്തിന്റെ  50% ).  1, 35, 663 കിലോമീറ്റർ തീരത്തോടും ചേർന്നുകിടക്കുന്നു. ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ മരിയാന ട്രെഞ്ച് പസിഫിക്ക് സമുദ്രത്തിലാണ്. മരിയാന ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ ചാലഞ്ചർ ഡീപ് എന്ന ഭാഗത്തിന്  ഏതാണ്ട് 11 കി.മീ. താഴ്ചയുണ്ട്.

രണ്ടാമത്തെ വലിയ സമുദ്രം അറ്റ്ലാന്റിക്കാണ്. ഇതിന്റെ പടിഞ്ഞാറുഭാഗത്ത് അമേരിക്കൻ വൻകരകളും കിഴക്ക് യൂറോപ്പ്, ആഫ്രിക്ക വൻകരകളുമാണ്. ശരാശരി ആഴം 3646 മീറ്റർ. ലോകത്തിലെ വൻനദികളിൽ മിക്കവയും വന്നു സംഗമിക്കുന്നത് അറ്റ്ലാന്റിക് സമുദ്രത്തിലാണ്. ഏറ്റവും തിരക്കേറിയ സമുദ്രപാത എന്ന പ്രത്യേകതയും ഈ സമുദ്രത്തിനുണ്ട്. അറ്റ്ലാന്റിക്കിലെ ഏറ്റവും ആഴമുള്ള ഭാഗമാണ് പിർട്ടോറിക്ക കിടങ്ങ് (9.20 കി. മീ). അടിത്തട്ടിൽ 64,360 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന പർവത ശൃംഖല അറ്റ്ലാന്റിക്കിന്റെ പ്രത്യേകതയാണ്. 

വലുപ്പം കൊണ്ടും കൂടുതൽ ജലം ഉൾക്കൊള്ളുന്ന കാര്യത്തിലും മൂന്നാം സ്ഥാനമാണ് ഇന്ത്യൻ മഹാസമുദ്രത്തിന്. ആഫ്രിക്ക, ഓസ്ട്രേലിയ വൻകരകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. ഇതിന്റെ  വടക്ക് ദക്ഷിണേഷ്യ, തെക്ക് അന്റാർട്ടിക്ക. ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗം ഓസ്ട്രേലിയയ്ക്കു സമീപമുള്ള ഡയമന്റീന (8 കി. മീ.) കിടങ്ങാണ്. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ചെങ്കടൽ, ജാവാക്കടൽ തുടങ്ങിയവയെല്ലാം ഇന്ത്യൻ മഹാ സമുദ്രത്തിന്റെ ഭാഗം തന്നെ. ഏതെങ്കിലും രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം. സമുദ്രത്തിന്റെ ശരാശരി ആഴം 3741 മീറ്റർ.

ആർട്ടിക് സമുദ്രം ഏറ്റവും വലുപ്പം കുറഞ്ഞ സമുദ്രമാണ്. ഭൂമിയുടെ ഉത്തരധ്രുവം ഈ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു. അന്റാർട്ടിക് സമുദ്രം ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്നു. അന്റാർട്ടിക്കയ്ക്കു ചുറ്റുമുള്ള ഈ സമുദ്രത്തിൽ തുറമുഖങ്ങളില്ല.

English Summary:

Rift in Reality: Could Africa Split in Two to Birth a New Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com