ADVERTISEMENT

മഡഗാസ്കർ-ആഫ്രിക്കൻ വൻകരയുടെ കിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യം. ജൈവവൈവിധ്യങ്ങളുടെ വലിയ ശേഖരമുള്ളൊരു രാജ്യമാണിത്. മഡഗാസ്കറിലെ ജൈവവൈവിധ്യങ്ങളിൽ 80 ശതമാനവും ആ രാജ്യത്തു മാത്രം കാണുന്നവയാണ്. അതുകൊണ്ടുതന്നെ ശാസ്ത്രസമൂഹം ഈ രാജ്യത്തിനെ എട്ടാമത്തെ ഭൂഖണ്ഡം എന്നാണു വിശേഷിപ്പിക്കുന്നത്.

25 ദശലക്ഷം ജനസംഖ്യയുള്ള ഈ രാജ്യം ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ രൂക്ഷമായി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. 2021 ൽ മഡഗാസ്കർ നേരിട്ടത് ലോകം കണ്ട ഏറ്റവും വലിയ വരൾച്ചയായിരുന്നു. വരൾച്ചയെ തുടർന്ന് കടുത്ത കുടിവെള്ള ക്ഷാമവും പട്ടിണിയുമാണ് ഈ ദ്വീപ് രാജ്യത്തിനു നേരിടേണ്ടിവന്നത്. ദുരന്തങ്ങൾ ഏറ്റവും ബാധിച്ചത് മഡഗാസ്കറിന്റെ തെക്കുഭാഗത്ത് ജീവിക്കുന്ന ജനങ്ങളെയായിരുന്നു. 1980 കൾക്ക് ശേഷം ഉടലെടുത്ത കാലാവസ്ഥാ വ്യതിയാനം ക്രമേണ ആ രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയായിരുന്നു. വരൾച്ചയെങ്കിൽ കൊടുംവരൾച്ച, മഴയെങ്കിൽ കൊടുംമഴ. ഇതാണ് കാലാവസ്ഥാ വ്യതിയാനം മഡഗാസ്കറിന് നൽകിയ ദുരിതങ്ങൾ. 2022 ൽ രൂപംകൊണ്ട ഡയാൻ കൊടുങ്കാറ്റും ശക്തമായ മഴയും വെള്ളപ്പൊക്കവും മഡഗാസ്കറിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. 92000 ജനങ്ങളെ നേരിട്ട് ബാധിച്ച ഈ പ്രളയം 8000 ൽ അധികം വീടുകൾക്കു നാശം വരുത്തി. നിരവധി പേർ മരിച്ചു.

ചെളിവെള്ളം കുടിക്കുന്ന കുട്ടി. മഡഗാസ്കറിൽ നിന്നുള്ള കാഴ്ച (Photo: X/@mulindwa_guy), കിരിബാത്തിലെ ഒരു ദ്വീപ് (Photo: X/@ajplus)
ചെളിവെള്ളം കുടിക്കുന്ന കുട്ടി. മഡഗാസ്കറിൽ നിന്നുള്ള കാഴ്ച (Photo: X/@mulindwa_guy), കിരിബാത്തിലെ ഒരു ദ്വീപ് (Photo: X/@ajplus)

പ്രകൃതിരമണീയമായ മഡഗാസ്കർ ലോകത്തിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിലൊന്നാണ്. ലോകത്തിലെതന്നെ പ്രധാനപ്പെട്ട ജൈവ വൈവിധ്യ കലവറയായ മഡഗാസ്കറിലെ ജൈവസമ്പത്തും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. വരൾച്ചയും  കൊടുങ്കാറ്റും  പ്രളയവും തുടർക്കഥകളാകുന്ന മഡഗാസ്കറിൽ ജീവജാലങ്ങൾക്കിനി എത്ര കാലമാണ് നിലനിൽപ്പ്? ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഒരു രാജ്യത്തെ എങ്ങനെയാണ് നാമാവശേഷമാക്കുക എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മഡഗാസ്കർ.

ഒരു രാജ്യം മുഴുവൻ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അഭയാർഥികളാകുകയാണ്. പസഫിക് സമുദ്രത്തിലുള്ള കിരിബാത്തി (Republic of Kiribati) ആണ് ആ രാജ്യം. 33 ദ്വീപസമൂഹങ്ങളടങ്ങിയ ഈ രാജ്യത്തിന്റെ വിസ്തൃതി 811 ചതുരശ്ര കിലോമീറ്ററും ജനസംഖ്യ 124,700 ഉം ആണ്. കൃഷിയും മത്സ്യബന്ധനവുമാണ് ദ്വീപ്നിവാസികളുടെ പ്രധാന വരുമാനങ്ങൾ.  എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിരിബാത്തി ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും കടുത്ത പ്രത്യാഘാതങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കടൽ നിരപ്പുയരുന്നതുമൂലം ഈ രാജ്യത്തിലെ  രണ്ട് ദ്വീപുകൾ ഏതാനും വർഷം മുൻപ് കടലിൽ താഴ്ന്നു. ബാക്കി ദ്വീപുകളും 2050 ഓടെ കടലെടുക്കുമെന്ന് പഠനങ്ങൾ പറയുന്നു. പല ദ്വീപുകളുടെയും നല്ലൊരു പങ്ക് കടൽ എടുത്തു കൊണ്ടിരിക്കുകയുമാണ്. കടലിന്റെ കടന്നു കയറ്റം മൂലം ശുദ്ധജലക്ഷാമവും ഇവിടെ രൂക്ഷമാണ്. 2014-ൽ ഫിജിയിൽ 20 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം കിരിബാത്തി സർ‌ക്കാർ വാങ്ങിയിട്ടുണ്ട്. ദ്വീപുകൾ പൂർണ്ണമായും കടലെടുക്കുന്ന പക്ഷം ഫിജിയിലേക്ക് കുടിയേറുകയാണ് കാലാവസ്ഥാ അഭയാർഥികളായി മാറിയ കിരിബാത്തി  ജനതയുടെ ലക്ഷ്യം. പുതുതലമുറയിലെ കുട്ടികളെ പഠനത്തിനായി വികസിത രാജ്യങ്ങളിലേക്കും ഇവർ വിടുന്നുണ്ട്. ഈ കുട്ടികൾക്ക് ആ രാജ്യങ്ങളിൽ കുടിയേറുവാൻ കഴിയുമെന്നിവർ വിശ്വസിക്കുന്നു. നൂറ്റാണ്ടുകളായി ഒരു സംസ്കാരമായി ജീവിച്ച കിരിബാത്തി ജനസമൂഹം ആഗോളതാപനം കാരണം പല രാജ്യങ്ങളിലേക്ക് പിരിഞ്ഞുപോകേണ്ടി വരുന്ന ഗതികെട്ട അവസ്ഥയിലാണ്. 

climate-change
മഡഗാസ്കറിലെ കാഴ്ച

ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപിനെ പ്രതികൂലമായി ബാധിക്കുന്ന ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും മുഖ്യ കാരണക്കാർ മനുഷ്യനാണെന്ന് ഗവേഷകർ പറയുന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. ആഗോള താപനം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് വാലസ് സ്മിത്ത് ബ്രോക്കർ (Wallace Smith Broecker) എന്ന ശാസ്ത്രജ്ഞൻ ആണ്. ‘കാലാവസ്ഥ എന്ന വന്യമൃഗത്തെ മനുഷ്യൻ കമ്പുകൾ കൊണ്ട് കുത്തിക്കൊണ്ടിരിക്കുകയാണ്’ എന്ന വാലസിന്റെ പ്രസ്താവന ആഗോളതാപനത്തിൽ മനുഷ്യന്റെ പങ്കിനെപറ്റിയുള്ള വ്യക്തമായ സൂചനയായിരുന്നു. കാർബൺ ഡയോക്സൈഡ് വാതകത്തെ അന്തരീക്ഷത്തിലേക്ക് തള്ളിക്കൊണ്ട് മനുഷ്യൻ ആഗോളതാപനത്തിന്റെ മുഖ്യ കാരണക്കാരാകുകയാണെന്ന് അദ്ദേഹം തെളിവുകൾ സഹിതം സമർഥിച്ചതോടെയാണ് മനുഷ്യ സൃഷ്ടിയായ ആഗോളതാപനം ഭൂമിയുടെ സർവനാശത്തിന് കാരണമാകുമെന്ന് ലോകം തിരിച്ചറിഞ്ഞുതുടങ്ങിയത്.

ഹരിത വാതകങ്ങളുടെ അമിതമായ പുറന്തള്ളൽ മൂലം ഭൗമോപരിതലത്തിന്റെയും അന്തരീക്ഷത്തിലെയും താപനില വർധിക്കുന്ന പ്രതിഭാസമാണ് ആഗോളതാപനം. ഭൂമിയിലെയും അന്തരീക്ഷത്തിലെയും താപനില വർധിക്കുന്നതോടെ കാലാവസ്ഥയിൽ വ്യതിയാനം സംഭവിക്കുകയും ഭൂമിയിലെ ആവാസവ്യവസ്ഥ പൂർണമായും നശിക്കുകയും ചെയ്യുന്നു. കാർബൺ ഡയോക്സൈഡ് (CO2), മീഥേൻ (CH4), നൈട്രസ് ഓക്സൈഡ് (N2O), ഓസോൺ (O3) തുടങ്ങിയവയാണ് ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നത്. താപം ചേർന്ന പ്രകാശ രശ്മികളാണ് ബഹിരാകാശം കടന്ന് ഭൂമിയിലെത്തുന്നത്. ഈ പ്രകാശത്തിൽ വലിയൊരുപങ്കും മേഘപാളികളിൽ തട്ടിതിരികെ പോകും. അവശേഷിക്കുന്ന പ്രകാശ രശ്മികൾ ഭൂമിയിലെത്തുന്നതോടെ ജീവജാലങ്ങളും  സമുദ്രവും അവയെ ആഗിരണം ചെയ്യുന്നു. ഇത്തരത്തിൽ ആഗിരണം  ചെയ്യപ്പെടുന്ന പ്രകാശത്തിൽ നിന്നുമുള്ള ഊർജ്ജം ഭൂമിയിലെ താപനില വർധിക്കുവാൻ കാരണമാകുന്നു.  ഇങ്ങനെ ഉണ്ടാകുന്ന ഉയർന്ന താപനില കാരണം ഭൂമി ഇൻഫ്രാറെഡ് തരംഗങ്ങൾ വിസർജിക്കുകയും അവ ഭൂമിയിലേക്ക് പതിച്ച രശ്മികളെക്കാൾ കൂടുതൽ തരംഗദൈർഘ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. തിരിച്ച് ബഹിരാകാശത്തേക്ക് കുതിക്കുന്ന താപരശ്മികളെ, ഭൂമിയെ വലയം ചെയ്തിരിക്കുന്ന അന്തരീക്ഷത്തിലെ നീരാവിയും ഹരിതവാതകങ്ങളും ചേർന്ന് ആഗിരണം ചെയ്യുന്നു. ഈ ആഗിരണത്തിന്റെ ഫലമായി, ബഹിരാകാശത്തേക്ക് പോകേണ്ട താപത്തിന്റെ ഏറിയ പങ്കും ഭൂമിയുടെ തൊട്ടു മുകളിൽ തങ്ങിനിൽക്കുവാൻ ഇടയാകുകയും ചെയ്യുന്നു. ഈ പ്രക്രിയ പ്രകൃതിദത്തമായ കാരണങ്ങളാൽ സ്വാഭാവികമായി സംഭവിക്കുന്നതായിരുന്നു. ഇങ്ങനെ സ്വാഭാവികമായ പ്രവർത്തനങ്ങളിലൂടെയുണ്ടായ താപത്തിന്റെ സംതുലനാവസ്ഥയാണ് ഭൂമിയിൽ ജീവൻ ഉത്ഭവിച്ചതിന്റെയും ആവാസവ്യവസ്ഥ രൂപം കൊണ്ടതിന്റെയും കാരണം.

Read Also: വെള്ളം കിട്ടാതെ ബെംഗളൂരു: തടാകങ്ങളെ തിരിച്ചുകൊണ്ടുവരാൻ ഒരു യുവാവിന്റെ പോരാട്ടം

എന്നാൽ ഇന്നു കാണുന്ന അസ്വാഭാവികമായ ആഗോളതാപനത്തിന്റെ കാരണം പ്രകൃതിയിലെ സ്വാഭാവിക പ്രവർത്തനങ്ങൾ അല്ല. തന്റെ ഉപഭോഗ ആവശ്യങ്ങൾക്കായി മനുഷ്യൻ പ്രകൃതിയെ അനുവദനീയമായതിലും അധികം ചൂഷണം ചെയ്തു തുടങ്ങിയതാണ് ഇന്ന് നാം നേരിടുന്ന ആഗോളതാപനത്തിന്റെ പ്രധാന കാരണം. മനുഷ്യന്റെ ഇടപെടലുകൾക്ക് മുൻപുള്ള കാലങ്ങളിൽ ഹരിതവാതകങ്ങളുടെ സ്വാഭാവിക പ്രവർത്തനങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന താപക്രമീകരണം ഭൂമിയിലെ ജീവജാലങ്ങൾക്ക് സംരക്ഷണ കവചമൊരുക്കുകയായിരുന്നു ചെയ്തിരുന്നത്. താപനിലയിലുണ്ടാകുന്ന നേരിയ ഏറ്റക്കുറച്ചിലുകൾ പോലും തിരികെ സംതുലനാവസ്ഥയിലേക്ക് എത്തിക്കുവാൻ പ്രകൃതിക്ക് കഴിയുമായിരുന്നു. എന്നാൽ 1750-1850 കാലഘട്ടങ്ങളിൽ ഉടലെടുത്ത വ്യവസായ വിപ്ലവത്തെ തുടർന്നുണ്ടായ ഉല്പാദന മത്സരം പ്രകൃതിയെ പരിധിയിൽ കവിഞ്ഞ് ചൂഷണം ചെയ്യുന്നതിലേക്ക് മനുഷ്യനെ നയിച്ചു. പുതിയ ഉത്പന്നങ്ങൾ ഇക്കാലത്ത് ലാഭക്കൊതിയോടെ കമ്പോളത്തിൽ ഇരച്ചുകയറി. ലാഭക്കൊതിപൂണ്ട ഉല്പാദകവർഗ്ഗം പ്രകൃതിയെ ആവോളം ചൂഷണം ചെയ്തു. ലാഭക്കണക്കുകൾക്കു മുന്നിൽ പ്രകൃതിക്കും പരിസ്ഥിതിക്കും യാതൊരു സ്ഥാനവുമില്ലായിരുന്നു. തന്റെ പ്രവർത്തനങ്ങൾ ഭൂമിയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന അറിവും അന്ന് മനുഷ്യന് ഇല്ലാതെപോയി.

കിരിബാത്തിലെ ഒരു ദ്വീപ് (Photo: X/@dolcedior__)
കിരിബാത്തിലെ ഒരു ദ്വീപ് (Photo: X/@dolcedior__)

വ്യവസായ വിപ്ലവം നടക്കുന്ന 1750-1850 കാലഘട്ടങ്ങൾക്ക് മുൻപ് അന്തരീക്ഷത്തിലെ സ്വാഭാവിക കാർബൺ ഡയോക്സൈഡിന്റെ സാന്ദ്രത 280 ppm ( parts per million) ആയിരുന്നു. എന്നാൽ വ്യവസായ വിപ്ലവം ആരംഭിച്ച ശേഷമുള്ള കാലങ്ങളിൽ ഭൂമിയിലെ താപനത്തിൽ അസ്വാഭാവികമായ വർധനയുണ്ടായി. ഇതിനു കാരണം വ്യവസായശാലകൾ പുറത്ത് വിടുന്ന വാതകങ്ങളായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. 1950 കളിൽ കാർബൺ ഡയോക്സൈഡിന്റെ സാന്ദ്രത ക്രമാതീതമായി ഉയർന്നു കഴിഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടു. 315 ppm ആയിരുന്നു അന്തരീക്ഷത്തിലെ അന്നത്തെ കാർബൺ ഡയോക്സൈഡിന്റെ സാന്ദ്രത. 1990 കളോടെ വീണ്ടും വർധിച്ച് 360 ppm ആയി രേഖപ്പെടുത്തി. 2000-ൽ ഇത് 379 ppm ആയിരുന്നു. 2016 ആയതോടെ 403 ppm എന്ന തലത്തിലേക്കുയർന്നു. 2022-ലെ കാർബൺ ഡയോക്സൈഡിന്റെ സാന്ദ്രത 417.1 ppm ആയി വീണ്ടും ഉയർന്നു.

ഹരിതവാതകങ്ങളുടെ സാന്ദ്രത അമിതമായി വർധിച്ചാൽ ഭൂമിയിൽനിന്നും ബഹിരാകാശത്തേയ്ക്ക് വമിക്കുന്ന ഇൻഫ്രാറെഡ് തരംഗങ്ങൾ തടഞ്ഞു നിർത്തപ്പെടുകയും അതിന്റെ ഫലമായി ഭൂമിയിലെ താപനില വർധിക്കുകയും ചെയ്യും. വ്യവസായ വിപ്ലവത്തിന് ശേഷമുള്ള ഭൂമിയിലെ അമിതമായ താപവർധനവിന് കാരണം മനുഷ്യനിർമിതമായ കാർബൺ ഡയോക്സൈഡിന്റെ ബഹിർഗമനം വലിയതോതിൽ ഉണ്ടായതുകൊണ്ടാണ്. വ്യവസായ ശാലകളും മോട്ടർ വാഹനങ്ങളുമൊക്കെ ചേർന്ന് പുറംതള്ളിയ കാർബൺ ഡയോക്സൈഡ് പ്രകൃതിക്ക് താങ്ങാവുന്നതിലുമപ്പുറം ആയിരുന്നു. വ്യവസായ വിപ്ലവ കാലഘട്ടത്തിൽ ഭൂമിയിലെ താപ വർധനവിൽ കാർബൺ ഡയോക്സൈഡ് വഹിച്ച പങ്ക് ഏകദേശം 50 ശതമാനം ആണ്. ഒരു ടൺ കാർബൺ കത്തിക്കുമ്പോൾ 3.3 ടൺ കാർബൺ ഡയോക്സൈഡാണ് ഉൽപാദിപ്പിക്കപ്പെടുന്നത്.

കാർബൺ ഡയോക്സൈഡിനെക്കാൾ 200 മടങ്ങ് സാന്ദ്രത കൂടിയ ഹരിതവാതകമാണ് നൈട്രസ് ഓക്സൈഡ്. ആഗോളതാപനത്തിൽ ഈ വാതകം ആറു ശതമാനം പങ്കുവഹിക്കുന്നു. വനങ്ങൾ, പുൽമേടുകൾ തുടങ്ങിയവയാണ് നൈട്രസ് ഓക്സൈഡിന്റെ പ്രധാന സ്രോതസ്സുകൾ. എന്നാൽ മോട്ടർ വാഹനങ്ങളിൽനിന്നു പുറംതള്ളുന്ന പുക, നൈട്രജൻ വളങ്ങൾ തുടങ്ങിയവയിലും ഈ വാതകം അടങ്ങിയിട്ടുണ്ട്. ഇവയും ഈ വാതകത്തിന്റെ അമിത തോതിലുള്ള വർധനവിന് കാരണമാകുന്നു. വ്യവസായ വിപ്ലവത്തിന് മുൻപ് നൈട്രസ് ഓക്സൈഡിന്റെ സാന്ദ്രത 280 ppb (parts per billion) ആയിരുന്നു. എന്നാൽ 2022  ആയപ്പോൾ ഇത് 335.7 ppb ആയി മാറി.

മീഥേൻ എന്ന വാതകത്തിന്റെ അന്തരീക്ഷത്തിലെ സാന്ദ്രത കൂടുന്നതും ആഗോളതാപനത്തിന്റെ വർധനവിന് കാരണമാകുന്നു. കൃഷിയിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന നൈട്രജൻ വളങ്ങൾ, ഗ്യാസ്, എണ്ണ ഉൽ‌പാദനശാലകൾ, കൽക്കരി ഖനികൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും പുറംതള്ളുന്ന മീഥേന്റെ അമിത സാന്ദ്രത ആഗോളതാപനത്തിന്റെ തോത് വർധിക്കുവാൻ കാരണമാകുന്നു. പ്രകൃതി അതിന്റെ സ്വാഭാവിക സംയമന അവസ്ഥയിൽ വെള്ളത്തിനടിയിലാകുന്ന മരങ്ങളിൽ നിന്നും മൃഗങ്ങളുടെ വിസർജ്യങ്ങളിൽ നിന്നുമൊക്കെ മീഥേൻ ഉൽപാദിപ്പിക്കുന്നുവെങ്കിൽ മനുഷ്യൻ ഉപഭോഗാസക്തിക്കുവേണ്ടി പുറംതള്ളുന്ന അധിക അളവിലുള്ള മീഥേനാണ് ആഗോളതാപനത്തെ വർധിപ്പിക്കുന്നത്. 2022-ൽ മീഥേന്റെ സാന്ദ്രത 1911.9 ppb ആയിരുന്നു. അന്തരീക്ഷത്തിലെ താപത്തെ തടഞ്ഞു നിർത്തുന്നതിൽ കാർബൺ ഡയോക്സൈഡിനെക്കാൾ 20 മടങ്ങ് മുന്നിലാണ് മീഥേൻ വാതകം.

ഓസോൺ വാതകപാളിയുടെ ശോഷണമാണ് ആഗോളതാപന വർധനവിന്റെ മറ്റൊരു കാരണം. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഒരു ഓസോൺ തന്മാത്ര രൂപം കൊള്ളുന്നത്. ഭൂമിയുടെ 2050 കിലോമീറ്റർ മുകളിലാണ് ഓസോൺ പാളി ഭൂമിയുടെ കവചമായി നിലകൊള്ളുന്നത്. സൂര്യനിൽ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന അൾട്രാവയലറ്റ് രശ്മികളെ ഭൂമിയിലേക്ക് കടത്തിവിടാതിരിക്കുന്നത് ഓസോൺ പാളിയാണ്. ഏകദേശം 93-99 ശതമാനം അൾട്രാവയലറ്റ് രശ്മികളേയും ഓസോൺ പാളി ആഗിരണം ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ ഭൂമിയിലെ ജീവജാലങ്ങളുടെ സംരക്ഷണവും ഓസോൺ പാളി നിർവ്വഹിക്കുന്നു. ഭൂമിയെ സംരക്ഷിക്കുന്ന കുടയുടെ ധർമമാണ് ഓസോൺപാളി നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്.

നൈട്രസ് ഓക്സൈഡ്, ക്ലോറോഫ്ലൂറോ കാർബൺ (CFC) തുടങ്ങിയ വാതകങ്ങളുടെ അന്തരീക്ഷത്തിലെ പ്രവർത്തനങ്ങളാണ് ഓസോൺ ശോഷണത്തിന്റെ മുഖ്യ കാരണങ്ങൾ. ക്ലോറോഫ്ലൂറോ വിഭാഗത്തിൽപ്പെട്ട വാതകങ്ങൾ അന്തരീക്ഷത്തിലെ ഓസോൺ മേഖലയിൽ പ്രവേശിച്ച് സൂര്യപ്രകാശവുമായി ചേർന്ന് വിഘടിച്ച് ക്ലോറിൻ വാതകത്തെ പുറംതള്ളുന്നു. ഇങ്ങനെ പുറംതള്ളപ്പെടുന്ന ക്ലോറിൻ വാതകം ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു. ഭൂമിക്ക് ഏറെ ഹാനികരമായ ഓസോൺ ശോഷണം ലോകം മനസ്സിലാക്കുന്നത് അന്റാർട്ടിക്കയ്ക്ക് മുകളിൽ ഓസോൺ പാളിയിൽ വിള്ളൽ വീണു എന്ന് തിരിച്ചറിഞ്ഞതോടുകൂടിയാണ്. തുടർന്ന് മനുഷ്യ നിർമിതമായ ക്ലോറോഫ്ലൂറോ വാതകങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ഹൈഡ്രോഫ്ലൂറോ കാർബൺ (HFC) വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ തുടങ്ങുകയും ചെയ്തു. എന്നാൽ ഇവയും ആഗോളതാപന വർധനവിന് കാരണമാകുന്നതായി ഒരു വിഭാഗം ശാസ്ത്രജ്ഞർ വാദിക്കുന്നുണ്ട്.

ഓസോൺ പാളിക്കു വന്നുകൊണ്ടിരിക്കുന്ന ശോഷണത്തെ പ്രതിരോധിക്കുവാനായി 1987 സെപ്റ്റംബർ 16-ന് കാനഡയിലെ മോൺട്രിയലിൽ (Montreal) ലോകരാജ്യങ്ങൾ ഒത്തുചേർന്ന് ODS (ozone depleting substances) ന്റെ ഉത്പാദനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മാർഗ്ഗരേഖയിൽ ഒപ്പുവച്ചു. ഓസോണിന്റെ ശോഷണത്തിന് വഴിയൊരുക്കുന്ന പദാർഥങ്ങളെ ഓസോൺ ഡിപ്ളിറ്റിങ് സബ്സ്റ്റൻസസ് എന്നാണ് ശാസ്ത്രലോകം വിവക്ഷിക്കുന്നത്. ഈ മാർഗരേഖ മോൺട്രിയൽ പ്രോട്ടോകോൾ (Montreal Protocol) എന്നറിയപ്പെടുന്നു. ഈ സമ്മേളനത്തെ തുടർന്ന് ഓസോൺ പാളിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1994 മുതൽ ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും  സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിച്ചു തുടങ്ങി. 2016-ൽ ഓസോണിന്റെ സംരക്ഷണാർത്ഥം മറ്റൊരു സമ്മേളനം റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിൽ (Kigali) നടക്കുകയുണ്ടായി. അമേരിക്ക, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുൾപ്പെടെ 150-ലേറെ രാജ്യങ്ങൾ ഈ ഉച്ചകോടിയിൽ പങ്കെടുത്തു. ക്ലോറോഫ്ലൂറോ വാതകങ്ങൾക്ക് പകരമായി ഉല്പാദിപ്പിക്കപ്പെട്ട ഹൈഡ്രോഫ്ലൂറോ വാതകങ്ങളും ഓസോൺ പാളിയുടെ വിള്ളലിന് കാരണമാകുന്നു എന്ന കണ്ടെത്തലാണ് വിപുലമായ ഈ സമ്മേളനത്തിന് മുഖ്യകാരണമായത്. ഹൈഡ്രോഫ്ലൂറോ കാർബണുകളുടെ ഉപയോഗവും ഘട്ടം ഘട്ടമായി കുറയ്ക്കുവാൻ ഈ സമ്മേളനത്തിൽ ധാരണയായി.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും രൂക്ഷത കുറയ്ക്കുവാനായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ അംഗരാജ്യങ്ങൾ ജപ്പാനിലെ ക്യോട്ടോയിൽ (Kyoto) 1997 ഡിസംബർ 11-ന് ഒത്തുചേർന്ന്  ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. ഇത് ക്യോട്ടോ പ്രോട്ടോകോൾ (Kyoto Protocol) എന്ന് അറിയപ്പെടുന്നു. 192 രാജ്യങ്ങളാണ് ഈ ഉടമ്പടിയിൽ ഒപ്പുവച്ചത്. മനുഷ്യനിർമിതമായ ഹരിതവാതകങ്ങളുടെ തോത് കുറയ്ക്കുക എന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. അമേരിക്ക, കാനഡ തുടങ്ങിയ ചില വികസിത രാജ്യങ്ങൾക്ക് ഈ കരാറിനോട് എതിർപ്പുണ്ടായിരുന്നു. 2011-ൽ കാനഡ കരാറിൽനിന്നു പിൻവാങ്ങുകയും ചെയ്തു. 2012 വരെയായിരുന്നു ക്യോട്ടോ ഉടമ്പടിയുടെ കാലാവധി. ഈ ഉടമ്പടി ഒരു പരാജയമായാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്.

2015 ഡിസംബർ 12-ന് ഫ്രാൻസിലെ പാരിസിനു സമീപം ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ നടന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിനായി  മറ്റൊരു ഉടമ്പടി ചർച്ച ചെയ്തു. പാരിസ് ഉടമ്പടി (Paris Agreement) എന്നറിയപ്പെടുന്ന ഈ ഉടമ്പടി 2016 നവംബർ 4-ന് പ്രാബല്യത്തിൽ വന്നു. 193 രാജ്യങ്ങൾ ഈ കരാറിന്റെ ഭാഗമായി. 1995 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ കാലാവസ്ഥ ഉച്ചകോടി നടത്തിവരാറുണ്ട്. കോപ്പ് 28 എന്നറിയപ്പെട്ട 2023-ലെ ഉച്ചകോടി നടന്നത് നവംബർ 30 മുതൽ ഡിസംബർ 13 വരെ ദുബായിൽ ആയിരുന്നു. 198 രാജ്യങ്ങൾ പങ്കെടുത്ത ഈ സമ്മേളനത്തിൽ 2050 ഓടെ കാർബൺ ബഹിർഗമനം പൂർണ്ണമായും അവസാനിപ്പിക്കുവാനുള്ള തീരുമാനം കൈക്കൊണ്ടു. ഫോസിൽ ഇന്ധനങ്ങളുടെ ഉല്പാദനവും ഉപഭോഗവും പരമാവധി കുറയ്ക്കുവാനും ഈ സമ്മേളനത്തിൽ തീരുമാനമായി.

1992 മുതൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ കാലാവസ്ഥാ സമ്മേളനങ്ങൾ നടന്നുവരുന്നു. സമ്മേളനങ്ങളും ഉടമ്പടികളും പ്രഹസനങ്ങൾ മാത്രമാകുന്നു എന്ന ആരോപണം ഇടയ്ക്കൊക്കെ ഉയർന്നുവരാറുണ്ട്. ഉടമ്പടികളിലെ വ്യവസ്ഥകൾ രാജ്യങ്ങൾ എത്രമാത്രം പാലിക്കുന്നു എന്ന ചോദ്യത്തിനും പലപ്പോഴും ഉത്തരം ലഭിക്കാറില്ല. അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികൾ കാലാവസ്ഥാ  വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കുവാൻ കാണിക്കുന്ന വൈമുഖ്യം പലപ്പോഴും കരാറുകൾ ദുർബലമാകാൻ കാരണമാകുന്നു എന്നതും  ഇവിടെ പ്രസക്തമാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഒരു കെട്ടുകഥയല്ല, കൺമുന്നിൽ നടന്നുകൊണ്ടിരിക്കുന്ന നഗ്നസത്യമാണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടും നാം ഉച്ചകോടി പ്രഹസനങ്ങളിൽ ഉറങ്ങുകയാണോ? ഊർജ്ജിതമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അടുത്ത നൂറ്റാണ്ട് മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ ശവപ്പറമ്പായി മറുവാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com