ADVERTISEMENT

വിലകൂടിയ ഒട്ടേറെ പ്രകൃതിവസ്തുക്കൾ കാണപ്പെടുന്ന മേഖലയാണ് ഹിമാലയം. ഇവിടുന്നുള്ള ധാതുസമ്പന്നമായ കന്മദം ലോകപ്രശസ്തമാണ്. എന്നാൽ ഹിമാലയൻ മേഖലയിൽ നിന്നുള്ള അപൂർവവും വിലകൂടിയതുമായ മറ്റൊരു വസ്തുവാണ് യാർസഗുംബ. സ്വർണത്തേക്കാൾ വിലയുള്ളതെന്ന് പറയപ്പെടുന്ന ഈ ഫംഗസിന്റെ അമിതമായ ശേഖരിക്കൽ പുഴുക്കളെ  വംശനാശത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധർ പറയുന്നു. ലാസ്റ്റ് ഓഫ് അസ് എന്ന വിഡിയോ ഗെയിമിലൂടെ പാശ്ചാത്യ ലോകത്തും യാർസഗുംബ പ്രസിദ്ധമാണ്.

ചൈനീസ് വൈദ്യത്തിൽ ലൈംഗിക ഉത്തേജനമരുന്ന് ഉണ്ടാക്കാൻ രണ്ടായിരത്തിലധികം വർഷങ്ങളായി ഉപയോഗിക്കുന്ന വസ്തുവാണ് യാർസഗുംബ. ഹിമാലയൻ വയാഗ്രയെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. മണ്ണിൽ ജീവിക്കുന്ന പുഴുവിനെ ഒഫിയോ കോർഡിസെപ്സ് സൈനസിസ് എന്ന ഫംഗസ് ബാധിക്കുന്നതാണ് യാർസഗുംബയ്ക്ക് വഴി വയ്ക്കുന്നത്. താമസിയാതെ പുഴു ചാവും. ഇതിന്റെ തലയിൽ നിന്നൊരു തിരിപോലെ ഫംഗസ് ഉയർന്നുപൊങ്ങും. തറനിരപ്പിൽ നിന്ന് 2 മുതൽ 6 സെന്റിമീറ്റർ വരെ ഉയരത്തിൽ യർസഗുംബ ഉയർന്നു നിൽക്കും. ഇതു ശേഖരിക്കാനാണ് ആളുകൾ എത്തുന്നത്. തിബറ്റിൽ യാർസഗുംബ എന്നറിയപ്പെടുന്ന ഈ വസ്തുവിനെ നേപ്പാളിലും മറ്റും കീര ഝർ എന്നാണ് അറിയപ്പെടുന്നത്.

എല്ലാവർഷവും പ്രത്യേക സീസണിൽ ധാരാളം പേർ യർസഗുംബ തേടി മല കയറാറുണ്ട്. ഭൂട്ടാൻ, നേപ്പാൾ, തിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ മേഖലകളിലാണ് യാർസഗുംബ കാണപ്പെടുന്നത്. കോർഡിസെപിൻ എന്ന രാസവസ്തു ഇതിൽ അടങ്ങിയിരിക്കുന്നു. എന്നാൽ ഇവയിൽ ഇതിനൊപ്പം ആർസെനിക് പോലുള്ള ലോഹങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഇതിന്റെ കച്ചവടവും ഉപയോഗവും ചൈന 2016 മുതൽ നിയന്ത്രിച്ചുവരുന്നു.

1993ൽ ഒരു അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ വൻവിജയം നേടിയ ചൈനീസ് സംഘത്തിന്റെ മാനേജർ, തന്റെ ടീമംഗങ്ങൾക്ക് യാർസഗുംബ ചേർത്ത സൂപ്പ് നൽകാറുണ്ടെന്ന് വെളിപ്പെടുത്തിയാണ് ഈ വസ്തുവിന്റെ വില വൻതോതിൽ രാജ്യാന്തര വിപണിയിൽ കൂട്ടിയത്. നിലവിൽ കിലോയ്ക്ക് 20 ലക്ഷം വരെയൊക്കെ രാജ്യാന്തര വിപണിയിൽ യാർസഗുംബയ്ക്ക് വിലയുണ്ട്.

(Photo: X/@JessonaJourney)
(Photo: X/@JessonaJourney)

തിബറ്റിൽ വലിയ സാമ്പത്തിക സ്വാധീനമുള്ള കാര്യമാണ് യാർസഗുംബയുടെ കച്ചവടം. 2004ൽ ടിബറ്റിന്റെ ആഭ്യന്തര ജിഡിപിയുടെ 8.5 ശതമാനം ഇതിൽ നിന്നാണ് ലഭിച്ചത്. ഇതിന്റെ ശേഖരിക്കലുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങൾ കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചിട്ടുണ്ട്. 2009ൽ നേപ്പാളിൽ 7 കൃഷിക്കാർ ഇത്തരമൊരു സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു. സീസണിൽ നടക്കുന്ന വർധിത തോതിലുള്ള ശേഖരിക്കൽ, തിബറ്റ് പീഠഭൂമിയുടെ പരിസ്ഥിതി സന്തുലനത്തെയും ബാധിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.

English Summary:

From Ancient Aphrodisiac to Modern Craze: The Perilous Journey of Yarsagumba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com