ADVERTISEMENT

കടൽകാക്കകൾ അഥവാ സീഗൾ പക്ഷികളെക്കുറിച്ച് ലോകത്തെമ്പാടും അത്ര നല്ല അഭിപ്രായമൊന്നുമില്ല. ജനവാസമേഖലകളിലേക്ക് കടന്നുകയറുന്നതിനാലും ഭക്ഷണം മോഷ്ടിക്കുന്നതിൽ കുപ്രസിദ്ധി ഉള്ളതിനാലുമാണിത്. എന്നാൽ ഇവയെ അത്ര വലിയ വില്ലൻമാരായി കണക്കാക്കേണ്ടതില്ലെന്നും ജീവിക്കാനുള്ള തത്രപാടിൽ കാണിക്കുന്നതാണ് ഇതെന്നും ഗവേഷകർ പറയുന്നു. മനുഷ്യരുടെ പ്രവർത്തനത്താൽ തങ്ങളുടെ ആവാസ വ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളാണ് നഗരപ്രദേശങ്ങളിലേക്ക് കടന്നു കയറാനും മനുഷ്യരിൽ നിന്നു ഭക്ഷണം അപഹരിക്കാനും ഇവയെ നിർബന്ധിതരാക്കിയതെന്നു ഗവേഷകർ പറയുന്നു.

അതിജീവനത്തിന്റെ ഭാഗമായാണ് ഇവ ഭക്ഷണം അപഹരിക്കൽ, വേസ്റ്റ് ബിന്നുകളിൽ നിന്നു ഭക്ഷണമെടുക്കൽ തുടങ്ങിയ നടപടികളിലേക്കു തിരിയുന്നതെന്നും ഗവേഷകർ പറയുന്നു. ലോകത്തെ പ്രധാനപ്പെട്ട 6 സീഗൾ സ്പീഷീസുകളായ ബ്ലാക് ഹെഡഡ് ഗൾ, കോമൺ ഗൾ, മെഡിറ്ററേനിയൻ ഗൾ, ലെസർ ബ്ലാക് ബാക്ക്ഡ് ഗൾ, ഹെറിങ് ഗൾ, ഗ്രേറ്റ് ബ്ലാക് ബാക്ക്ഡ് ഗൾ എന്നിവ എണ്ണത്തിൽ കുറയുകയാണെന്നും മുന്നറിയിപ്പുണ്ട്.

കടൽകാക്കകൾ (Photo: X/@USFWSPacific)
കടൽകാക്കകൾ (Photo: X/@USFWSPacific)

വളരെ ബുദ്ധിയുള്ള പക്ഷികളാണ് സീഗളുകൾ. തങ്ങളുടെ കാലുകൾ കൊണ്ട് മഴപെയ്യുമ്പോഴുള്ള ശബ്ദം മണ്ണിലുണ്ടാക്കാൻ ഇവയ്ക്ക് കഴിവുണ്ട്. ഇതു കേട്ട് തെറ്റിദ്ധരിച്ച് മണ്ണിരകൾ ഉപരിതലത്തിലേക്കെത്തിയാൽ ഈ പക്ഷികളുടെ ഇരപിടിത്തം എളുപ്പമാകും. കട്ടിയേറിയ കക്കകളെ പാറയിലെറിഞ്ഞു പൊട്ടിച്ചശേഷം ഭക്ഷിക്കാനും ഇവയ്ക്ക് അറിയാം.

ഉപ്പുവെള്ളവും ശുദ്ധജലവും ഒരേപോലെ കുടിക്കാനുള്ള ശാരീരികമായ കഴിവുകളും ഇവയ്ക്ക് ലഭിച്ചിട്ടുണ്ട്. പഴയകാലത്ത് അമേരിക്കയിലെ യൂട്ടായിൽ താവളമുറപ്പിച്ച യൂറോപ്യൻമാർ കൃഷിയിടങ്ങളിൽ വിട്ടിലിന്റെ ശല്യം മൂലം വലഞ്ഞിരുന്നു. അക്കാലത്ത് സീഗളുകളെ ഇറക്കിയാണ് കർഷകർ വിള സംരക്ഷിച്ചത്. അതിന്റെ സ്മരണാർഥം യുട്ടാ സംസ്ഥാനത്തിന്റെ ദേശീയ പക്ഷികളായി സീഗളുകളെ കരുതിപ്പോരുന്നു. അന്റാർട്ടിക ഉൾപ്പെടെ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും സീഗൾ പക്ഷികൾ പല വകഭേദങ്ങളായി താവളമുറപ്പിച്ചിട്ടുണ്ട്.

അന്യഗ്രഹജീവികൾ ഭൂമിയിൽ നിയോഗിച്ച ചാരൻമാരാണ് കടൽക്കാക്കകൾ (സീഗൾ പക്ഷികൾ) എന്ന വിചിത്രമായ വാദവുമായി യുഎഫ്ഒ വിദഗ്ധനായ നിക് പോപ്പ് രംഗത്തു വന്നിരുന്നു. യുഎസിന്റെ പ്രതിരോധമന്ത്രാലയത്തിനു വേണ്ടി അജ്ഞാത പേടക ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന നിക് പോപ്, സർക്കാരിന്റെ ഉപദേഷ്ടാവുമായിരുന്നു. കടൽകാക്കകളെ വിശ്വസിക്കരുതെന്നാണ് നിക് ജനങ്ങൾക്ക് നൽകിയ ഉപദേശം.

കടൽകാക്കകൾ ആളുകളുടെ കൈയിൽ നിന്നു ഐസ്‌ക്രീമും ചിപ്‌സും മറ്റു ഭക്ഷണപദാർഥങ്ങളുമൊക്കെ തട്ടിപ്പറിക്കും. എന്നാൽ ഇതു മാത്രമല്ല ഇവയുടെ കൈയിലിരുപ്പ്. ഇവർ അന്യഗ്രഹജീവികൾക്കായി മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു നൽകുകയും ചെയ്യുന്നുണ്ട്- നിക് പറയുന്നു. അന്യഗ്രഹജീവികൾ ദൂരെ ഒരു മദർഷിപ് പേടകത്തിലിരുന്ന് ഈ പക്ഷികെ ള നിയന്ത്രിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

മനുഷ്യർക്ക് സംശയം തോന്നാതെ വിവരങ്ങൾ ശേഖരിക്കാനാകും മനുഷ്യരേക്കാൾ ബുദ്ധിയുള്ള അന്യഗ്രഹജീവികൾ ശ്രമിക്കുക. അതുകൊണ്ട് തന്നെ സീഗളുകളുടെ രൂപത്തിലോ ഈച്ചകളുടെ രൂപത്തിലോ ഒക്കെയാകും അവർ ചാരൻമാരെ മനുഷ്യസമൂഹത്തിലേക്ക് ഇറക്കുക. അതാകുമ്പോൾ ആളുകൾ സംശയിക്കുകയില്ലല്ലോ. ചിലപ്പോൾ നമ്മൾ ഈച്ചകളെ ഒക്കെ തല്ലിക്കൊല്ലാറുണ്ട്. എന്നാൽ അന്യഗ്രഹജീവികളുടെ ചാരൻമാരായ ഈച്ചകളെയൊക്കെയാണു തല്ലിക്കൊല്ലുന്നതെങ്കിൽ വലിയ പ്രശ്‌നമാകും നമ്മെ കാത്തിരിക്കുക- നിക് പോപ് താക്കീതു നൽകുന്നു.

ഏതായാലും നിക്കിന്റെ വാദം അസംബന്ധം എന്ന നിലയിൽ തള്ളിക്കളയുകയാണുണ്ടായത്.

English Summary:

Unfairly Vilified: The Surprising Truth Behind Seagulls' Survival Strategies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com