ടാറ്റയിൽ സുരക്ഷ ഉറപ്പ്! ഹാരിയറിനും സഫാരിക്കും 5 സ്റ്റാർ
Mail This Article
അടുത്തിടെ വിപണിയിലെത്തിയ ടാറ്റ ഹാരിയറും സഫാരിയും ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടി. ടാറ്റ നെക്സോൺ, ആൾട്രോസ്, പഞ്ച് തുടങ്ങിയ ചെറിയ മോഡലുകൾ ഇതിനു മുൻപ് തന്നെ ജിഎൻസിഎപിയുടെ അഞ്ച് സ്റ്റാർ സുരക്ഷ നേടിയിരുന്നു. ടിയാഗോ, ടിഗോർ എന്നീ ചെറിയ വാഹനങ്ങൾക്ക് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ മുൻപ് ലഭിച്ചിരുന്നു.
സഫാരിയുടേയും ഹാരിയറിന്റെ മുൻമോഡലുകൾ ടാറ്റ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകൾക്ക് അയച്ചിരുന്നില്ല. ആറ് എയർബാഗുകളുള്ള പുതിയ മോഡലിലാണ് ക്രാഷ് െടസ്റ്റ് നടത്തിയത്. ഹാരിയറിന്റേയും സഫാരിയുടേയും അടിസ്ഥാന മോഡൽ മുതൽ ആറ് എയർബാഗുകൾ നൽകുന്നുണ്ട്. ഭാരത് എൻസിഎപി നിലവിൽ വരുന്നതിന് മുമ്പ് ടെസ്റ്റ് ചെയ്യുന്ന അവസാന വാഹനങ്ങളായിരിക്കും ഇതെന്നാണ് ഗ്ലോബൽ എൻസിഎപി പറയുന്നത്.
മുതിർന്നവരുടെ സുരക്ഷയിൽ 34 പോയിന്റിൽ 33.05 പോയിന്റും ഇരുവാഹനങ്ങളും നേടി. ക്രാഷ് ടെസ്റ്റിൽ 2 വാഹനങ്ങളും ഡ്രൈവറുടെയും യാത്രക്കാരുടെയും തലയ്ക്കും കഴുത്തിനും മികച്ച സംരക്ഷണമാണ് നൽകിയത്. ചെസ്റ്റിനും സംരക്ഷണം ഉറപ്പുവരുത്തുന്ന വാഹനം സൈഡ് ഇംപാക്ടിൽ കർട്ടൻ എയർബാഗുകളുടെ സുരക്ഷ കൃത്യമായി നിർവഹിച്ചിട്ടുണ്ട്. 15.49 ലക്ഷം രൂപ മുതലാണ് ഹാരിയർ വില ആരംഭിക്കുന്നത്. സഫാരിയുടെ പുതിയ വില 16.19 ലക്ഷം രൂപയാണ്.