ADVERTISEMENT

ഒരേ സമയത്തേക്ക് ഒരേ പോലെയുള്ള വ്യായാമം ചെയ്താലും അതില്‍ നിന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന ഗുണഫലത്തില്‍ വ്യത്യാസമുണ്ടെന്ന് പഠനം. പുരുഷന്മാര്‍ അഞ്ച് മണിക്കൂര്‍ ശാരീരിക വ്യായാമം ചെയ്ത് ലഭിക്കുന്ന ഹൃദയാരോഗ്യ ഗുണങ്ങള്‍ സ്വന്തമാക്കാന്‍ സ്ത്രീകള്‍ വെറും രണ്ടര മണിക്കൂര്‍ നേരത്തേക്ക് വ്യായാമം ചെയ്താല്‍ മതിയെന്ന് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

സ്ഥിരം വ്യായാമം ചെയ്യുന്ന സ്ത്രീകളുടെ അകാല മരണസാധ്യത 24 ശതമാനം കുറയുമ്പോള്‍ പുരുഷന്മാരില്‍ ഇത് 15 ശതമാനം മാത്രമാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. 1997 മുതല്‍ 2019 വരെയുള്ള കാലയളവിലെ 4,12,413 പേരുടെ ആരോഗ്യ വിവരങ്ങള്‍ പഠനത്തിനായി ഉപയോഗിച്ചു. ഇവരില്‍ 39,935 പേര്‍ പഠനകാലയളവില്‍ മരണപ്പെട്ടു. ഇതില്‍ 11,670 ഹൃദ്രോഗമരണങ്ങളായിരുന്നു.

Photo Credit: Roman Samborskyi/ Shutterstock.com
Photo Credit: Roman Samborskyi/ Shutterstock.com

നിത്യവും എയറോബിക് വ്യായാമത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ഹൃദ്രോഗപ്രശ്‌നങ്ങള്‍ മൂലം മരിക്കാനുള്ള സാധ്യത 36 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഇതേ സമയം പുരുഷന്മാരില്‍ ഇത് 14 ശതമാനം മാത്രമായിരുന്നു. സ്‌ട്രെങ്ത് പരിശീലനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഗുണഫലങ്ങള്‍ പുരുഷന്മാര്‍ക്ക് ലഭിക്കണമെങ്കില്‍ പേശി ബലപ്പെടുത്താനുള്ള സെഷനുകള്‍ ആഴ്ചയില്‍ മൂന്നെണ്ണമെങ്കിലും ചെയ്യേണ്ടതാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. അതേ സമയം ആഴ്ചയില്‍ ഒരു സെഷനിലൂടെ തന്നെ ഇതേ ഗുണങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

പേശികള്‍ ബലപ്പെടുത്താനുള്ള നിത്യവുമുള്ള വ്യായാമം പുരുഷന്മാരുടെ ഹൃദ്രോഗസാധ്യത 11 ശതമാനം കുറച്ചപ്പോള്‍ സ്ത്രീകളുടെ കാര്യത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായി. അമേരിക്കക്കാര്‍ക്ക് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസസ് നല്‍കുന്ന ശുപാര്‍ശ അനുസരിച്ച് മുതിര്‍ന്ന ഒരു വ്യക്തി ആഴ്ചയില്‍ 150 മുതല്‍ 300 മിനിട്ട് വരെ മിതമായ തോതിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടണം. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത തോതിലുള്ള വ്യായാമമോ സമയമോ ഇതില്‍ ശുപാര്‍ശ ചെയ്യുന്നില്ല.

fitness-gym-workout-skynesher-Shutterstock

പുരുഷന്മാര്‍ക്ക് ശരാശരി വലിയ ഹൃദയങ്ങളും വീതി കൂടിയ ശ്വാസനാളികളും കൂടിയ ലങ് ഡിഫ്യൂഷന്‍ കപ്പാസിറ്റിയും വലിയ പേശീ ഫൈബറുകളും സ്ത്രീകളെ അപേക്ഷിച്ചുണ്ട്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തിന്റെ ഇത്തരം വ്യത്യാസങ്ങളാണ് വ്യായാമത്തിന്റെ ഗുണഫലത്തിലെ ഈ വൈജാത്യങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.

കണങ്കാലിന്റെ ആരോഗ്യത്തിന് ഈ യോഗാസനം ചെയ്തു നോക്കൂ: വിഡിയോ

English Summary:

Women Gain Heart Health Benefits from Exercise More Efficiently Than Men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com