ADVERTISEMENT

പുതുവർഷപുലരിയിൽ ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് തൊടുപുഴയിലെ കുട്ടിക്ഷീരകർഷകനായ മാത്യു ബെന്നിയുടെ ഫാമിൽ കപ്പത്തൊണ്ടിലെ സയനൈഡ് വിഷത്തിനെതിരെ അറിവും അനുഭവവും കരുത്താക്കി പൊരുതിയ ഇടുക്കിയിലെ വെറ്ററിനറി ഡോക്ടർമാരെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ആദരിച്ചു. 

മാത്യു ബെന്നിയുടെ 22 പശുക്കളിൽ ഒൻപത് എണ്ണത്തിന്റെ ജീവനാണ് ഡോക്ടർമാരുടെ തക്കസമയത്തുള്ള, കാര്യക്ഷമമായ ഇടപെടലിലൂടെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.

നല്ല തോതിൽ കട്ടുള്ള കപ്പത്തൊണ്ടിൽ നിന്നേൽക്കുന്ന അതിതീവ്ര സയനൈഡ് വിഷബാധയിൽ മറുമരുന്ന് പ്രയോഗിക്കാൻ സാവകാശം കിട്ടും മുൻപേ, മിനിട്ടുകൾക്കകം തന്നെ കന്നുകാലികളിൽ ശ്വാസനതടസ്സം മൂർച്ഛിച്ച് മരണം സംഭവിക്കും. സാഹചര്യം ഇതായിരിക്കേയാണ് സയനൈഡിനെ തോൽപ്പിച്ച്, കൂട്ടായ രക്ഷാപ്രവർത്തനത്തിലൂടെ ഒൻപത്  മിണ്ടാപ്രാണികളുടെ ജീവൻ നിലനിർത്താൻ വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തിനായത്. അപകട വാർത്ത അറിഞ്ഞയുടൻ മറുമരുന്നുമായി ഫാമിൽ പാഞ്ഞെത്തി ചികിത്സ തുടങ്ങാൻ വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തിനായതാണ് അപകടത്തിന്റെ ആഴം കുറച്ചത്. കൊടുംവിഷത്തിന്റെ ആഘാതത്തിൽ നിന്നും രക്ഷിക്കാൻ കഴിയാതെ പോയ 13 പശുക്കളുടെ പോസ്റ്റ്മോർട്ടം പരിശോധനയും പിറ്റേന്ന് രാവിലെ ഡോക്ടർമാരുടെ സംഘം പൂർത്തിയാക്കിയിരുന്നു.

ഫാമിലെ രക്ഷാപ്രവർത്തനത്തെ  മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഏകോപിപ്പിച്ച ഇടുക്കി ജില്ല മൃഗസംരക്ഷണ ഓഫീസർ ( ഇൻ ചാർജ്) ഡോ. ജി.സജികുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജെസ്സി സി. കാപ്പൻ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. സാനി തോമസ്, രക്ഷാദൗത്യസംഘാഗംങ്ങളായ വെറ്ററിനറി സർജന്മാരായ ഡോ. നിഷാന്ത് എം പ്രഭ,  ഡോ. കെ.പി. ഗദ്ദാഫി, ഡോ. ക്ലിന്റ് സണ്ണി, തൊഴുപുഴ ബ്ലോക്കിലെ എമർജൻസി വെറ്ററിനറി സർജൻ ഡോ. ടി.പി.ശരത്, ഇളംദേശം ബ്ലോക്കിലെ എമർജൻസി വെറ്ററിനറി സർജൻ ഡോ. ആനന്ദ് യു കൃഷ്ണ, ജില്ലാ മൃഗാശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോ. ജോർജിയൻ ജി. എടന എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ  നിയുക്ത സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. ജയരാജ്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് ഡോ. കെ. മുരളീധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

vets-2
മാത്യു ബെന്നിയോടും അമ്മയോടും ഐവിഎ കേരള പ്രതിനിധികൾ സംസാരിക്കുന്നു

കുട്ടിക്ഷീരകർഷകന് പിന്തുണയുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ

അരുമയായി വളർത്തിയ പൈക്കൾ ആകസ്മികമായി സംഭവിച്ച ദുരന്തത്തിൽ ഒറ്റയടിക്ക് നഷ്ടമായ കുട്ടി ക്ഷീരകർഷകൻ മാത്യു ബെന്നിക്ക് സഹായഹസ്തവുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ. അപകടത്തിൽ രക്ഷപ്പെട്ട പശുക്കൾക്കും മാത്യുവിന് ആശ്വാസമായി പലരും സമ്മാനിച്ച പശുകൾക്കും ആവശ്യമായ ധാതുലവണ മിശ്രതങ്ങളും കരൾ ഉത്തേജന മിശ്രിതങ്ങളും മറ്റ് സപ്ലിമെന്റുകളും അസോസിയേഷൻ പ്രതിനിധികൾ മാത്യുവിന്റെ വീട്ടിലെത്തി കൈമാറി. പിഴവുകൾ തിരുത്തി മികച്ച ഒരു ക്ഷീരസംരംഭമാക്കി മാത്യു ബെന്നിയുടെ ഫാമിനെ മാറ്റിയെടുക്കാൻ എല്ലാ സഹായവും അസോസിയേഷൻ വാഗ്ദാനം ചെയ്തു. 

ഒപ്പം ഭാവിയിൽ ഒരു വെറ്ററിനറി ഡോക്ടർ ആയിത്തീരാനുള്ള മാത്യു ബെന്നിയുടെ സ്വപ്നത്തിന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ അഭിനന്ദനങ്ങളും പിന്തുണയും അറിയിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com