ADVERTISEMENT

പുതുവത്സരദിനത്തിൽ വളരെയേറെ വേദനയുളവാക്കുന്ന വാർത്തയാണ് കേരളത്തിലെ ക്ഷീരകർഷകരെ കാത്തിരുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം വെള്ളിയാമറ്റത്തെ കുട്ടിക്കർഷകന്റെ തൊഴുത്തിലെ 13 പശുക്കൾക്ക് ജീവൻ നഷ്ടപ്പെട്ട വാർത്തയായിരുന്നു ഇന്ന് രാവിലെ പുറത്തുവന്നത്. മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ 15 വയസുകാരൻ മാത്യുവിന്റെയും സഹോദരൻ ജോർജിന്റെയും പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതാണ് മരണകാരമെന്നാണ് അനൗദ്യോഗിക വിശദീകരണം. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ദേഹസ്വാസ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പിച്ചവയ്ക്കുന്ന പ്രായത്തിൽ തുടങ്ങിയതാണ് മാത്യുവിന് ഇവയോടുള്ള ചങ്ങാത്തം. ക്ഷീരകർഷകനായ അച്ഛൻ ബെന്നിയുടെ വിരലിൽ തൂങ്ങി തൊഴുത്തിലെത്തിയ കൊച്ചു മാത്യുവിന് എല്ലാമെല്ലാമായിരുന്നു പശുക്കൾ. അകാലത്തിൽ ബെന്നി വിടവാങ്ങിയതോടെ പശുപരിപാലനം കുടുബത്തിന് ബുദ്ധിമുട്ടായി. പുല്ലുവെട്ടാനും മറ്റും പ്രയാസമായതോടെ പശുക്കളെ വിൽക്കാൻ തീരുമാനിച്ചു. എന്നാൽ ഇവരെ പിരിയുന്നത് ചിന്തിക്കാനാകാത്ത മാത്യു പിതാവിന്റെ ജോലി ഏറ്റെടുക്കുകയായിരുന്നു.

ആകെ ഇരുപതോളം ഉരുക്കളുള്ളതിൽ 13 എണ്ണമാണ് നഷ്ടപ്പെട്ടതെന്ന് മൃഗസംരക്ഷണ വകുപ്പ് ഇടുക്കി പിആർഒ ഡോ. നിഷാന്ത് കർഷകശ്രീയോടു പറഞ്ഞു. ഇതിൽ ചെനയുള്ള മൂന്നെണ്ണമുൾപ്പെടെ 7 പശുക്കളും നാലു മൂരികളും 2 കിടാരികളും ഉൾപ്പെടും. ഗുരുതരാവസ്ഥയിലായിരുന്ന 5 എണ്ണം അപകടനില തരണം ചെയ്തതായും ഡോക്ടർ പറഞ്ഞു. പാലുൽപാദനമുള്ള ഏതാനും പശുക്കളെ മാത്രം ഫാമിൽ നിലനിർത്തുന്നതാണ് സുഗമമായ പ്രവർത്തനത്തിന് നല്ലതെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

cow-death-tdpa-2

സയനൈഡ് വിഷബാധയെന്ന വില്ലൻ

നമ്മുടെ നാട്ടില്‍ കന്നുകാലികളെ ബാധിക്കുന്ന സസ്യജന്യവിഷബാധയില്‍ മുഖ്യമാണ് സയനൈഡ് വിഷബാധ. വിഷസാന്നിധ്യമുള്ള  ചെടികള്‍ ആകസ്മികമായി ആഹാരമാക്കുന്നത് വഴിയാണ് പശു, ആട്, എരുമ, പന്നി തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് സയനൈഡ് വിഷമേല്‍ക്കുന്നത്. ഇലകളിലും തണ്ടുകളിലും സയനൈഡ് വിഷം സംഭരിച്ചുവയ്ക്കുന്ന സസ്യങ്ങളില്‍ പ്രധാനിയാണ് മരച്ചീനി. മരീച്ചീനിയുടെ ഇലയിലും തണ്ടിലും കായിലും കിഴങ്ങിലുമെല്ലാം സയനൈഡിന്റെ സാന്നിധ്യമുണ്ട്. സമാനമായി  ഇലകളിലും തണ്ടുകളിലും കായ്ക്കളിലും സയനൈഡ് വിഷം ചെറിയ അളവില്‍ സൂക്ഷിച്ചുവയ്ക്കുന്ന സസ്യങ്ങള്‍ വേറെയുണ്ട്. മുളയുടെയും റബറിന്റെയും തളിരിലകളും തണ്ടും, മണിച്ചോളം/ജോവർ, തിനപ്പുല്ലുകള്‍, ജോണ്‍സണ്‍, സുഡാന്‍ തുടങ്ങിയ ഇനം പുല്ലിനങ്ങള്‍ തുടങ്ങിയവയെല്ലാം സയനൈഡ് സാന്നിധ്യമുള്ള സസ്യങ്ങളാണ്. ഈ പുല്ലുകളും റബറും മുളയുമെല്ലാം വളര്‍ന്ന് വലുതാകുന്നതോടെ  തളിര്‍ചെടികളെ അപേക്ഷിച്ച് വിഷാംശത്തിന്റെ തോത് കുറയും. വേനലിലും മഴക്കാലത്തിന്റെ തുടക്കത്തിലും തഴച്ചു വളരുന്ന ചെടികളില്‍ സയനൈഡ് സാന്നിധ്യം ഉയര്‍ന്നതായിരിക്കും. അതുപോലെതന്നെ വിളവെടുപ്പിനു ശേഷവും നൈട്രേറ്റ് വളപ്രയോഗത്തിന് ശേഷവും വളര്‍ന്നു വരുന്ന ഇളം പുല്‍നാമ്പുകളിലും മരച്ചീനി പോലുള്ള ചെടികളിലും, വളര്‍ച്ച മുരടിച്ച ചെടികളിലും സയനൈഡ് സാന്നിധ്യം കൂടുതലായിരിക്കും. 

സസ്യങ്ങളുടെ സ്വഭാവമനുസരിച്ചും സസ്യഭാഗങ്ങള്‍ക്കനുസരിച്ചും സയനൈഡ് വിഷത്തിന്റെ തോതില്‍ വ്യത്യാസമുണ്ടാവും. ഉദാഹരണമായി ചുവന്ന തണ്ടുള്ള മരച്ചീനിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സയനൈഡ് വിഷം പച്ചത്തണ്ടുള്ള മരച്ചീനിയില്‍ ഉണ്ടായിരിക്കും. താഴ്തണ്ടുകളിലെ ഇലകളേക്കാള്‍ സയനൈഡ് വിഷം കൂമ്പുകളിലെ ഇലകളിലുണ്ടാവും. റബറിന്റെയും, മരച്ചീനിയുടെയും ഇലകള്‍ കഴിച്ചുള്ള സയനൈഡ് വിഷബാധ നമ്മുടെ നാട്ടില്‍ ആടുകളിലും, പശുക്കളിലും വളരെ സാധാരണയാണ്. മരച്ചീനിയുടെ 100 ഗ്രാം പച്ചയിലയിൽ തന്നെ 180 മില്ലിഗ്രാമോളം ഹൈഡ്രോ സയനിക് ആസിഡ് രൂപത്തിൽ സയനൈഡ് അടങ്ങിയിട്ടുണ്ട്. ഇലയിൽ ഉള്ളതിലധികം സയനൈഡ് സാന്നിധ്യം കപ്പയുടെ തൊലിയിലുണ്ട്. കപ്പ വാട്ടുമ്പോൾ ബാക്കിയാകുന്ന തൊലിയും മറ്റവശിഷ്ടങ്ങളും വെള്ളവുമെല്ലാം ഒരേ പോലെ അപകടകരമെന്ന് ചുരുക്കം. മാത്രമല്ല, 500-600 കിലോഗ്രാം ഭാരമുള്ള ഒരു കറവപ്പശുവിന്റെ ജീവനെടുക്കാന്‍ വെറും 300-400 മില്ലി ഗ്രാം മാത്രം സയനൈഡ് വിഷം മതിയെന്നോര്‍ക്കണം.

സയനൈഡ് വിഷം ബാധിക്കുന്നതെങ്ങനെ?

കാര്‍ബണ്‍ തന്മാത്രകളുമായി ചേര്‍ത്ത് ഗ്ലൈക്കോസിഡിക് സംയുക്തങ്ങളുടെ രൂപത്തില്‍ വളരെ കരുതലോട് കൂടിയാണ് സസ്യങ്ങള്‍ സയനൈഡ് വിഷം അവയുടെ ഇലകളിലും തണ്ടുകളിലും സംഭരിക്കുക. ലിനമാരിന്‍, ലോട്ടോ സ്ട്രാലിന്‍, ഡുരിന്‍, ഫാസിയോലുനാറ്റിന്‍ എന്നൊക്കെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഗ്ലൈക്കോസൈഡ് സംയുക്തങ്ങള്‍ വിഘടിപ്പിച്ച് സയനൈഡിനെ പുറന്തള്ളാന്‍ സഹായിക്കുന്ന  രാസാഗ്നികളും (എന്‍സൈം) സസ്യങ്ങളില്‍ തന്നെയുണ്ട്. കന്നുകാലികള്‍ സസ്യഭാഗങ്ങള്‍ ചവച്ചരയ്ക്കുന്നതോടെ പൊട്ടി പുറത്തുവരുന്ന ഈ രാസാഗ്നികള്‍ ഗ്ലൈക്കോസിഡിക് സംയുക്തങ്ങളില്‍ നിന്ന് സയനൈഡിനെ സ്വതന്ത്രമാക്കും. മാത്രമല്ല, കന്നുകാലികളുടെ ആമാശയത്തിലെ ഒന്നാം അറയായ റൂമനില്‍ സൂക്ഷ്മജീവികളുടെ സഹായത്തോടെ നടക്കുന്ന ദഹനപ്രക്രിയയും, ഇലകളിലും തണ്ടുകളിലും ശ്രദ്ധാപൂര്‍വം സസ്യങ്ങള്‍ സംഭരിച്ച സയനൈഡ് വിഷം പുറത്തുവരുന്നതിനിടയാക്കും. 

ഇങ്ങനെ പുറത്തു വരുന്ന ഹൈഡ്രജന്‍ സയനൈഡ് വിഷം വളരെ വേഗത്തില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും രക്തം വഴി ശരീരകോശങ്ങളിലാകെ വ്യാപിക്കുകയും ചെയ്യും. ഓക്സിജന്‍ ഉപയോഗപ്പെടുത്തി കോശങ്ങള്‍ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജമുണ്ടാക്കുന്ന പ്രക്രിയയെയാണ് സയനൈഡ് വിഷം തടസ്സപ്പെടുത്തുക. ഊര്‍ജ ലഭ്യത കുറയുന്നതോടെ അവയവങ്ങളുടെ  പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവും. ഹൃദയത്തിന്റെയും, തലച്ചോറിന്റെയും  പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ മന്ദീഭവിക്കും.

സയനൈഡ് വിഷബാധ - ലക്ഷണങ്ങള്‍

ചെറിയ അളവില്‍ മാത്രമാണ് സയനൈഡ് വിഷം അകത്തെത്തിയതെങ്കില്‍ അത് കരളില്‍വച്ച് നിര്‍വീര്യമാക്കപ്പെടും. എന്നാല്‍ വിഷത്തിന്റെ തോത് ഉയര്‍ന്നതാണെങ്കില്‍ 5-15 മിനിറ്റിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. വായില്‍ നിന്ന് ഉമിനീര്‍ ധാരാളമായി ഒലിക്കല്‍, ശ്വസനതടസ്സം, ആടിയുള്ള നടത്തം, വായിലെയും കണ്ണിലെയും ഭഗഭാഗത്തെയും ശ്ലേഷ്മസ്തരങ്ങള്‍ രക്തവര്‍ണ്ണമാവല്‍, പേശീ വിറയല്‍, കൃഷ്ണമണികള്‍ വികസിക്കല്‍ തുടങ്ങിയവയാണ് പശുക്കളിലും, ആടുകളിലും സയനൈഡ് വിഷബാധയുടെ മുഖ്യലക്ഷണങ്ങള്‍. തുടര്‍ന്ന് മൃഗങ്ങള്‍ തറയിലേക്ക് മറിഞ്ഞ് വീഴുകയും ശ്വസനതടസ്സം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയും ചെയ്യും. 

സയനൈഡിനെ തടയാന്‍

വളര്‍ത്തുമൃഗങ്ങള്‍ വിഷസസ്യങ്ങള്‍ ധാരാളമായി കഴിക്കുകയോ, വിഷബാധയേറ്റതായി സംശയം തോന്നുകയോ ചെയ്താല്‍ അടിയന്തിര വെറ്ററിനറി സേവനം തേടണം. സയനൈഡ് വിഷത്തെ നിര്‍വീര്യമാക്കാന്‍  ശേഷിയുള്ള സോഡിയം തയോസള്‍ഫേറ്റ് ആരംഭഘട്ടത്തില്‍ തന്നെ രോഗബാധയേറ്റ മൃഗങ്ങളില്‍ കുത്തിവയ്ക്കുന്നത് ഏറെ ഫലപ്രദമാണ്. നാലു ലീറ്റര്‍ വിനാഗിരി  12 മുതല്‍ 20 വരെ ലീറ്റര്‍ തണുത്ത വെള്ളത്തില്‍ ചേര്‍ത്ത്  വിഷബാധയേറ്റതായി സംശയിക്കുന്ന പശുക്കളെ കുടിപ്പിക്കുന്നത് സയനൈഡ് വിഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഉത്തമമാണ്.

കെട്ടിമേയുമ്പോഴും പറമ്പില്‍ മേയാന്‍ വിടുമ്പോഴും സയനൈഡ് പോലുള്ള വിഷപദാർ‌ഥങ്ങള്‍ അടങ്ങിയ സസ്യങ്ങള്‍ പശുക്കള്‍ കഴിക്കുന്നത് തടയാന്‍ കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണം. തിനപ്പുല്ലുകള്‍, മണിച്ചോളം തുടങ്ങിയ പുല്ലുവിളകള്‍ മൂപ്പെത്തുന്നതിന് മുമ്പും, വളപ്രയോഗം നടത്തിയതിന് ഉടനെയും പശുക്കള്‍ക്ക് വെട്ടി നല്‍കുന്നത് ഒഴിവാക്കണം. മരച്ചീനിയിലയും തണ്ടും തീറ്റയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ചുരുങ്ങിയത്  നാല് മണിക്കൂറെങ്കിലും നല്ല വെയിലില്‍ ഉണക്കിയോ വാട്ടിയോ നല്‍കുന്നത് സയനൈഡ് വിഷാംശം കുറയ്ക്കാന്‍ സഹായിക്കും. ഇത്തരം സസ്യങ്ങള്‍ ഉപയോഗിച്ച് സൈലേജ് നിര്‍മിക്കുന്നത് വഴിയും സയനൈഡ് വിഷം കുറയ്ക്കാന്‍ സഹായിക്കും. മരച്ചീനി വാട്ടി ബാക്കി വരുന്ന തൊലി, മറ്റവശിഷ്ടങ്ങൾ, വെള്ളം തുടങ്ങിയവ പശുക്കൾക്ക് തീറ്റയാക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com