ADVERTISEMENT

ഇടുക്കി തൊടുപുഴയ്ക്കു സമീപം വെള്ളിയാമറ്റത്തെ കുട്ടിക്കർഷകന്റെ ഡെയറി ഫാമിലുണ്ടായ ദുരന്തത്തെക്കുറിച്ച് രക്ഷാദൗത്യസംഘാംഗവും ഇടുക്കി ജില്ലാ മൃഗസംരക്ഷണവകുപ്പ് പിആർഒയുമായ ഡോ. നിശാന്ത് എം. പ്രഭ എഴുതുന്നു. 

കപ്പത്തൊലി കഴിച്ച പശുക്കൾ വെപ്രാളം കാണിക്കുന്നുവെന്ന് പറഞ്ഞ് നൈറ്റ് വെറ്റ് ആയ ഡോ. ആനന്ദിനാണ് അദ്യം ഫോൺകാൾ എത്തിയത്. ഒരു പശുവിന്റെ വിഷമപ്രസവം കൈകാര്യം ചെയ്തുകൊണ്ട് മുണ്ടൻമുടി എന്ന മലയോര ഗ്രാമത്തിലായിരുന്നതിനാലും സംഗതി അതീവ ഗൗരവമേറിയതിനാലും ഡോ. ആനന്ദ് ഇക്കാര്യം ഇടുക്കി ജില്ലാ എപിഡെമിയോളജിസ്റ്റ് ആയ ഡോ. സാനി തോമസിനെ വിരമറിയിച്ചു. ഡോ. സാനി തോമസിന്റെ നേതൃത്വത്തിൽ സയനൈഡിന്റെ ആന്റി ഡോ‍ട്ട് ആയ സോഡിയം തയോ സൾഫേറ്റ് അഥവാ ഹൈപ്പോയും ഫ്ലൂയിഡ് തെറാപ്പിക്ക് ആവശ്യമായ ഫ്ലൂയിഡും സംഘടിപ്പിച്ച് ഡോ. ഗദ്ദാഫി, ഡോ. ക്ലിന്റ്, ഡോ. ജോർജൻ എന്നിവർ 9.30 ആയപ്പോഴേക്ക് സംഭവസ്ഥലത്തെത്തി. 

സോഡിയം തയോസൾഫേറ്റ് അഥവാ ഹൈപ്പോ ഇത്രയും അളവിൽ ആരും സൂക്ഷിക്കാറില്ല. പല മെഡിക്കൽ സ്റ്റോറുകളിൽ നിന്നും പല ഡോക്ടർമാരുടെ കയ്യിൽ നിന്നും സംഘടിപ്പിച്ചാണ് സംഘം എത്തിയത്. സ്ഥലത്തെത്തിയപ്പോളാണ് സംഭവത്തിന്റെ യഥാർഥ ഭീകരത മനസിലായത്. വലിയ പശുക്കളിൽ ഏതാനും ചിലതിന് അപ്പോഴേക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. പ്രദേശവാസികളും സ്ഥലത്തുണ്ടായിരുന്നു. അവരുടെ സഹായത്തോടെയായിരുന്നു ചികിത്സ ആംരംഭിച്ചത്. ചികിത്സയുടെ ആദ്യ ഘട്ടം ഹൈപ്പോ വായിലൂടെ നൽകുക എന്നതായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അത് ചെയ്തെങ്കിലും കൂടുതൽ അളവിൽ കപ്പത്തൊലി കഴിച്ചവയെ രക്ഷപ്പെടുത്താനായില്ല.

cow-death-2
ജീവൻ നഷ്ടപ്പെട്ട ഉരുക്കൾ

ഡിസംബർ 31ന് കുടുംബാംഗങ്ങൾ ബന്ധുവീട്ടിൽ പോയിരുന്നു. രാത്രി മടങ്ങിയെത്തിയപ്പോൾ 8.30നോടുകൂടി പശുക്കൾക്ക് കപ്പത്തൊണ്ട് നൽകുകയായിരുന്നു. വിശന്നു നിന്നവർ കൂടുതൽ തിന്നു. അതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നു മനസിലായി. കിടാക്കൾക്ക് വളരെ കുറച്ച് മാത്രം നൽകിയിരുന്നുള്ളൂ. അതുകൊണ്ടു മാത്രം അവ രക്ഷപ്പെട്ടു.  8.30ന് കപ്പത്തൊണ്ട് തിന്ന പശുക്കൾ 9 മണിയോടെ വീണ് ചാവാൻ തുടങ്ങി. അപ്പോഴാണ് രാത്രികാല എമർജൻസിയിലുള്ള ഡോ. ആനന്ദിനെ വിളിച്ചത്. 

കൃഷി ചെയ്യുന്ന കപ്പയിൽ ഇനം അനുസരിച്ച് കട്ട് അഥവാ ഹൈഡ്രോസയാനിക് ആസിഡിന്റെ അളവ് വ്യത്യാസമായിരിക്കും. ഈ ഹൈഡ്രോസയാനിക് ആസിഡ് ആണ് സയനൈഡ് ആയി മാറുന്നത്. പുലർച്ചെ രണ്ടരയോടെയാണ് ഈ രക്ഷാദൗത്യം അവസാനിച്ചത്. 22 ഉരുക്കളിൽ 9 എണ്ണത്തിനെ രക്ഷിക്കാൻ കഴിഞ്ഞു. ബാക്കി 13 ഉരുക്കൾക്ക് ചികിത്സയ്ക്കിടയിലും മുൻപുമായി പിടഞ്ഞു വീണ് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഏഴു പശുക്കളും 4 മൂരികളും 2 കിടാരികളും ചത്തവയിൽ ഉൾപ്പെടും. 

cow-death-1

പിറ്റേന്നു രാവിലെ പത്തോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. മറവ് ചെയ്യാനുള്ള സൗകര്യം ചെയ്തതിനൊപ്പമായിരുന്നു പോസ്റ്റ് മോർട്ടം നടത്തിയത്. ആമാശയത്തിന്റെ ആദ്യ അറയായ റൂമനിൽ തന്നെയാണ് കപ്പത്തൊണ്ടും തൊലിയും കണ്ടത്. സയനൈഡ് പോയിസണിങ്ങിന്റെ ടിപ്പിക്കൽ സ്മെൽ, ചേഞ്ചസ് (പോസ്റ്റ്മോർട്ടം ലീഷൻസ്) എല്ലാ ആന്തരികാവയവങ്ങളിലും കണ്ടെത്തി. ഹൃദയത്തിലും ധമനികളിലുമുള്ള രക്തത്തിന് ശ്വേതരക്താണുക്കളുടെ കുറവുള്ളതുകൊണ്ട് കറുപ്പു നിറം കണ്ടിരുന്നു. ഇവയെല്ലാംകൊണ്ട് സയനൈഡ് പോയിസണിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞു. കൂടാതെ ആന്തരാവയവങ്ങളുടെ സാംപിളും റൂമൻ കണ്ടെന്റും തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്.

ദൗത്യസംഘത്തിലുണ്ടായിരുന്നവർ

  • ഇടുക്കി ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ജെസ്സി സി കാപ്പൻ.
  • അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ ഡോ. അസീസ്. 
  • ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. സാനി തോമസ്.
  • വെറ്ററിനറി സർജന്മാരായ ഡോ. കെ.പി.ഗദ്ദാഫി, ഡോ. ഡാലി സി. ഡേവിസ്.
  • ജൂനിയർ റസിഡന്റ് വെറ്റ് ഡോ. ജോർജിൻ.
  • എമർജൻസി വെറ്ററിനറി  സർജന്മാരായ ഡോ. ടി.പി.ശരത്ത്, ഡോ. ആനന്ദ് യു. കൃഷ്ണ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com