പതിനായിരത്തോളം കാബേജും കോളിഫ്ലവറും; ശീതകാല വിളകളിലേക്കു തിരിഞ്ഞ് നെല്ലിയാമ്പതി
Mail This Article
നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ മഴക്കാലം കഴിഞ്ഞതോടെ ശീതകാല പച്ചക്കറി കൃഷി തുടങ്ങി. ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച സാഹചര്യത്തിൽ തരിശായി കിടക്കുന്ന കൂടുതൽ പ്രദേശത്ത് കൃഷി വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, നൂല്‍ക്കോള്‍ തുടങ്ങി ഹൈറേഞ്ചിൽ ഉൽപാദിപ്പിക്കാനാകുന്ന പച്ചക്കറികളാണ് ഇത്തവണ കൃഷി ചെയ്യുന്നത്. ഫാമിന്റെ വടക്ക് ഭാഗത്തായി ചരിഞ്ഞുകിടക്കുന്ന 6 ഹെക്ടർ സ്ഥലത്തും മറ്റു പലഭാഗത്തുമായി 20 ഏക്കറോളം സ്ഥലത്താണു കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുള്ളത്. ജലസേചന സൗകര്യമൊരുക്കാൻ കഴിയുന്ന വിധത്തിൽ പ്ലാസ്റ്റിക് കൊണ്ടുള്ള ജലസംഭരണികളും ഒരുക്കിയിട്ടുണ്ട്. കേരളത്തിലെയും ഊട്ടി, കൂനൂര്‍ ഉള്‍പ്പെടെ ഹൈറേഞ്ച് പ്രദേശങ്ങളില്‍നിന്നെത്തിക്കുന്ന വിത്തുകളും തൈകളും ഫാമില്‍തന്നെ സജ്ജമാക്കിയ പോളിഹൗസുകളില്‍ പരിപാലിച്ചു വളര്‍ത്തിയശേഷം കൃഷിയിടങ്ങളില്‍ നടുകയാണു ചെയ്യുന്നത്.
കാബേജും ചൈനീസ് കാബേജും
ഫാമിലെ കൂടുതല്‍ പ്രദേശത്ത് കാബേജ് കൃഷിക്കുള്ള നിലമൊരുക്കുന്നുണ്ട്. എന്‍എസ്-43, എന്‍എസ്-160, എന്‍എസ്-183 ഇനത്തില്‍പെട്ട വിത്തുകളാണു വാങ്ങിയിട്ടുള്ളത്. ഹൈറേഞ്ചില്‍ ഏറ്റവും കൂടുതല്‍ വിളവ് പ്രതീക്ഷിക്കാവുന്ന വിറ്റമിന്‍ എ, ബി, സി അടങ്ങിയ കാബേജ് ദഹനശേഷി വര്‍ധിപ്പിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് ഉത്തമവുമാണ്. ഒരു സെന്റീമീറ്റര്‍ താഴ്ചയില്‍ 5 സെ.മീറ്റര്‍ അകലത്തിലായി നഴ്സറിയില്‍ വിത്ത് പാകും. നാലു മുതല്‍ ആറാഴ്ച കഴിയുമ്പോള്‍ തയാറാക്കിയ ഏരികളില്‍ നടും. അടിവളമായി കാലിവളവും നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയ വളങ്ങളുടെ മിശ്രിതവും ചേര്‍ത്തു രണ്ട് തവണ ചെയ്യും. ഇലപ്പുഴു, തണ്ടുതുരപ്പന്‍ തുടങ്ങിയ രോഗങ്ങളാണു കണ്ടുവരാറുള്ളത്. ഇതിനെ ചെറുക്കാന്‍ പരമാവധി വേപ്പെണ്ണ മിശ്രിതം ഉപയോഗിക്കും. ഇതുവഴി കീടബാധ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ മാലത്തിയോണ്‍ കീടനാശിനി പ്രയോഗിക്കും. ഒരു ഹെക്ടറില്‍ നിന്നും 20 ടണ്‍വരെയുള്ള വിളവാണു പ്രതീക്ഷിക്കുന്നത്. ഫാമില്‍ ആകെ 6300 കാബേജ് തൈകളും 4200 ചൈനീസ് കാബേജ് തൈകളും നടാനാണു നീക്കം.
ഫാമില്‍ വര്‍ഷങ്ങളായി കൃഷി ചെയ്തു വിജയംകൊയ്യുന്ന മറ്റൊരു പ്രധാന ഇനമാണു ബ്രോക്കോളി. പാശ്ചാത്യരാജ്യങ്ങളിലെ തീൻമേശയിൽ പ്രധാന സ്ഥാനം പിടിക്കാറുള്ള ബ്രോക്കോളിക്ക് പൊതുവിപണിയിൽ നല്ല ഡിമാന്‍ഡാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ അതിവേഗം അലിയിച്ചു കളയാൻ ബ്രോക്കൊളിക്ക് സാധിക്കുമെന്ന ശാസ്ത്രീയ കണ്ടെത്തൽ ഇതിനെ കൂടുതൽ ആകർഷണീയമാക്കി. ബ്രിട്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ചിലെ ഗവേഷകരാണ് ബ്രോക്കോളിയുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവു കണ്ടെത്തിയത്. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകമാണ് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായമാകുന്നത്. ഫാമില്‍ ഉല്‍പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികള്‍ ഫാമിലെ കൗണ്ടര്‍വഴി തന്നെ വില്‍ക്കുകയാണു ചെയ്യുന്നത്. ജൈവരീതിയിൽ മാത്രം പച്ചക്കറികൃഷി ചെയ്യുന്നുവെന്നതാണ് ഫാമിലെ പച്ചക്കറികളുടെ ഡിമാൻഡ് വർധിക്കാൻ കാരണം. ആകെ 8400 ബ്രോക്കോളി തൈകള്‍ കൃഷി ചെയ്യാനുള്ള ഒരുക്കമുണ്ട്.
ഉരുളക്കിഴങ്ങ് കൃഷി
ഹൈറേഞ്ച് മേഖലയ്ക്കു അനുയോജ്യമായ മറ്റു പച്ചക്കറികള്‍ കൃഷി ചെയ്തിട്ടുണ്ടെങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണു പോളിഹൗസില്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത്. ഊട്ടിയിലുള്ള ഒരു കര്‍ഷക സഹകരണസംഘം വഴിയാണു കുഫ്രി ഹിമാലിനി ഇനത്തില്‍പെട്ട കിഴങ്ങ് വിത്തുകള്‍ ഇവിടെ എത്തിച്ചത്. ഫാമിലെ 200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കുഴിയെടുത്തു കിഴങ്ങു കൃഷി ആരംഭിച്ചു. കൃഷി ചെയ്യുമ്പോള്‍ ഏതെല്ലാം തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നു തിരിച്ചറിയാനും പരിഹാരം കാണാനുമാണു ഇവ പോളിഹൗസില്‍ വളര്‍ത്തുന്നത്. വരുന്ന മാര്‍ച്ചോടെ വിളവെടുക്കാനാകുമെന്നാണു പ്രതീക്ഷ. വിജയകരമണെന്നു ബോധ്യമായാല്‍ പച്ചക്കറി വിപണി ലക്ഷ്യമാക്കി ഫാമിലെ കൂടുതല്‍ സ്ഥലങ്ങളിലേക്കു കൃഷി വ്യാപിപ്പിക്കുമെന്നു ഫാം മാനേജര്‍ വി. വരുണ്‍ പറഞ്ഞു. പുതിയതായി ചോളം, സ്ട്രോബെറി എന്നിവ കൂടി കൃഷി ചെയ്യാന്‍ പദ്ധതിയുണ്ട്. ഇവ കൂടാതെ എന്‍എസ് 555 ഇനത്തില്‍പെട്ട 10000 ക്വാളിഫ്ളവറും 8400 ബ്രോക്കോളി തൈകളുമാണു നടുന്നത്.
പൂക്കൃഷി
ഹോർട്ടിക്കൾച്ചർ പദ്ധതി വഴി ഫാമിൽ മാതൃകാ ഹൈടെക് നഴ്സറി സ്ഥാപിച്ചിട്ടുണ്ട്. പൂക്കൃഷിയായി പോളിഹൗസിൽ ഓർക്കിഡ് ഉള്‍പ്പെടെ ഊട്ടിയില്‍ നിന്നെത്തിച്ച വിവധ ഇനം പൂക്കളുടെ തൈകളും നഴ്സറിയില്‍ പരിപാലിച്ചു വരുന്നുണ്ട്. കഴിഞ്ഞ ദിവസം അലങ്കാര ചെടികളില്‍ ആകര്‍ഷണീയമായ സക്കലന്റ് ചെടികള്‍ പോളിഹൗസില്‍ എത്തിച്ചു. കൂടുതല്‍ ഉല്‍പാദിപ്പിച്ചു ആവശ്യക്കാര്‍ക്കു വില്‍ക്കാനാണു പദ്ധതി. പ്രത്യേക അനുമതി ലഭിച്ചു കൃഷി ചെയ്യാന്‍ തയാറായ ആപ്പിൾ, മുന്തിരി, മൊസംബി, അവക്കോഡോ, ഡ്രാഗൺ പഴം എന്നിവയുടെ കൃഷി ചെയ്യാൻ ഫാമിന്റ കൈകാട്ടി–പുലയമ്പാറ പാതയോരത്തെ സ്ഥലം കണ്ടെ്തതിയിരുന്നു. മൂന്നാർ കാന്തല്ലൂരിൽനിന്നും തൈകളെത്തിച്ചായിരിക്കും കൃഷി. കൃഷിക്കായി സ്ഥലമൊരുക്കലും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം നേടാൻ വൈദ്യുതി കമ്പിവേലിയും ഉൾപ്പെടെ 1.28 കോടി രൂപയാണ് ചെലവാണു പ്രതീക്ഷിക്കുന്നത്. 100ൽ താഴെ മാത്രം ജീവനക്കാരുണ്ടായിരുന്ന ഫാമിൽ ഇപ്പോൾ 174 പേരുണ്ട്. 88സ്ഥിരം തൊഴിലാളികളും 86 കാഷ്വൽ തൊഴിലാളികളും. വിപണിയിലെ ആവശ്യം മനസ്സിലാക്കി ലാഭം കിട്ടാൻ സാധ്യതയുള്ള കൃഷിയിലൂടെ വരുമാനം വർധിപ്പിച്ചു ഫാമിനെ നഷ്ടത്തില്‍ നിന്നും കരകയറ്റാനുള്ള പരിശ്രമമാണു നടക്കുന്നത്.
English summary: Government Orange and Vegetable Farm Nelliyampathy