ADVERTISEMENT

അനവസരത്തിൽ ആർത്തലച്ചു വന്ന മഴമേഘങ്ങൾ കാപ്പിക്കർഷകരുടെ ഉറക്കം നഷ്‌ടപ്പെടുത്തി. കേരളത്തിലും കർണാടകത്തിലും തമിഴ്‌നാടിന്റെ അതിർത്തി ജില്ലകളിലും ഏതാനും ദിവസങ്ങളായി തുടരുന്ന മഴ കാപ്പി വിളവെടുപ്പ്‌ മാത്രമല്ല, സംസ്‌കരണവും തടസപ്പെടുത്തി. യൂറോപ്യൻ കാലാവസ്ഥ വിഭാഗത്തിന്റെ വിലയിരുത്തൽ പ്രകാരം മാസമധ്യത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയുടെ സാന്നിധ്യം തുടരുമെന്നത്‌ കാപ്പിക്കർഷകർക്ക്‌ കനത്ത പ്രഹരമാകാം. 

ജനുവരിയിലെ ഈ മഴ പതിവുള്ളതല്ല. അസമയത്തുള്ള മഴമേഘങ്ങളുടെ കടന്നുവരവ്‌ അടുത്ത സീസണിലെ കാപ്പി ഉൽപാദനത്തെ പോലും ആശങ്കയിലാക്കുന്നതായി ഉൽപാദന മേഖല. കാലം തെറ്റിയുള്ള മഴയിൽ കാപ്പിച്ചെടികൾ പുഷ്‌പിക്കും. പല സ്ഥലങ്ങളിലും ചെടികൾ പൂവിട്ടുതുടങ്ങിയിട്ടുണ്ട്. അതേസമയം തോട്ടങ്ങളിൽ വിളവെടുപ്പ്‌ പുരോഗമിക്കുന്ന ഈ അവസരത്തിൽ ചെടികൾ പുഷ്‌പിക്കുന്നത്‌ അടുത്ത വിളവിനെ ബാധിക്കും. വയനാട്ടിലും ചിക്കമംഗലൂർ, ഹസ്സൻ, കൂർഗ്ഗ്‌  മേഖലയിലും മഴ തുടരുന്നത്‌ വിളവെടുപ്പ്‌ മന്ദഗതിയിലാക്കി. കേരളത്തിൽ മുഖ്യമായും റോബസ്‌റ്റ കാപ്പിയാണ്‌ വിളയുന്നത്‌. വയനാട്‌ മേഖലയിൽ ഏതാണ്ട്‌ 25 ശതമാനം വിളവെടുപ്പ്‌ മാത്രം പൂർത്തിയായിട്ടുള്ളു. ഇതിനിടയിൽ മഴയുടെ വരവിൽ മൂപ്പെത്തിയ കാപ്പിക്കുരു അടർന്നു വീഴുന്നത്‌ മൊത്തം ഉൽപാദനത്തിൽ കുറവ്‌ സൃഷ്‌ടിക്കും.  

ഒട്ടുമിക്ക തോട്ടങ്ങളിലും മഴയിൽ കാപ്പിക്കുരു അടർന്നു വീഴുന്നതും കാർഷിക മേഖലയ്‌ക്ക്‌ സാമ്പത്തിക നഷ്‌ടം വരുത്തിവയ്ക്കും. അന്താരാഷ്‌ട്ര മാർക്കറ്റിൽ കാപ്പി ഉയർന്നതലത്തിൽ നീങ്ങുന്നതിന്റെ ചുവടുപിടിച്ച്‌ ഇന്ത്യൻ മാർക്കറ്റും റെക്കോർഡുകൾ അടിക്കടി പുതുക്കുന്ന അവസരത്തിൽ പ്രതികൂല കാലാവസ്ഥ ഉൽപാദകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കാം. രാജ്യാന്തര വിപണിയിൽ ഡിസംബർ അവസാനം ടണ്ണിന്‌ 3200 ഡോളർ വരെ ഉയർന്ന്‌ കരുത്തുകാണിച്ച റോബസ്‌റ്റ ബുള്ളിഷ്‌ മൂഡിൽ സഞ്ചരിക്കുകയാണ്‌. കാപ്പി പരിപ്പ്‌ വില 25,000 രൂപയാണ്‌. 

കാർഷിക മേഖലയ്‌ക്ക്‌ അനുകൂലമായ വാർത്തകൾ വിവിധ ഉൽപാദകരാജ്യങ്ങളിൽനിന്നും പുറത്തുവരുന്നുണ്ട്‌. പിന്നിട്ട ഒരു വർഷക്കാലയളവിൽ വിയറ്റ്‌നാമിന്റെ കാപ്പി കയറ്റുമതിയിൽ ഏതാണ്ട്‌ പത്തു ശതമാനതോളം കുറവ്‌ സംഭവിച്ചതായി വിയറ്റ്‌നാം കസ്‌റ്റംസ്‌ വിഭാഗം വ്യക്തമാക്കി. അതിലുപരി വരൾച്ച മൂലം ഉൽപാദനം ഈ വർഷം പത്തു ശതമാനം കുറയുമെന്ന അവസ്ഥ വിലക്കയറ്റ സാധ്യതകൾക്ക്‌ ശക്തിപകരും. 

സമീപ മാസങ്ങളിലെ വരണ്ട കാലാവസ്ഥ ബ്രസീലിൽ കാപ്പി വിളകളെ ബാധിക്കുമെന്ന സൂചനകൾ അന്താരാഷ്‌ട്ര വിപണിയിൽ അറബിക്ക കാപ്പിക്ക്‌ ശക്തമായ പിൻതുണ പകരാം.  അമേരിക്കൻ കാലാവസ്ഥാ പ്രവചന കേന്ദ്രം ജൂണിൽ വീണ്ടും എൽ- നിനോ പ്രതിഭാസം പ്രവചിക്കുന്നു, ഇത് ആഗോള കാപ്പി വിപണി ചൂട്‌ നിലനിർത്താൻ അവസരം ഒരുക്കാം. എൽ- നിനോ ബ്രസീലിൽ കനത്ത മഴയ്‌ക്ക്‌ ഇടയാക്കാം. അവിടെ പ്രതികൂല കാലാവസ്ഥ ഉൽപാദനം ചുരുങ്ങാൻ ഇടയാക്കുമെന്ന വിലയിരുത്തലുകൾ ദക്ഷിണേന്ത്യൻ കാപ്പി കർഷകർക്ക്‌ നവോന്മേഷം പകരാം. 

ആഗോള തലത്തിൽ കാപ്പി കയറ്റുമതിയിൽ എട്ടാം സ്ഥാനത്ത്‌ ഇടം പിടിച്ച ഇന്ത്യയുടെ ഈ വർഷത്തെ കയറ്റുമതി 10 മുതൽ 12 ശതമാനം വരെ വർധിക്കുമെന്നാണ്‌ ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കാപ്പിക്കുള്ള ഡിമാൻഡ് കയറ്റുമതി തോത്‌ ഉയർത്തുമെന്ന പ്രതീക്ഷകൾക്ക്‌ കടുപ്പം പകരുന്നു. ഇന്ത്യൻ പ്രീമിയം അറബിക്ക കാപ്പിയും ഇൻസ്റ്റന്റ് കാപ്പിയും യൂറോപ്യൻ ഉപഭോക്താക്കളെ ഇതിനകം തന്നെ സ്വാധീനിച്ചു കഴിഞ്ഞു.

Photo: Manorama
Photo: Manorama

ചുക്ക്‌

ഉത്തരേന്ത്യ അതിശൈത്യത്തിന്റെ പിടിയിൽ അകപ്പെട്ടതിനിടയിൽ രക്ഷകനായി എത്തിയ ചുക്ക്‌ ചൂടുപിടിച്ചു. ചുക്ക്‌ ഉൽപാദകരെ അമ്പരപ്പിച്ച്‌ ഉത്തരേന്ത്യൻ ഡിമാൻഡിൽ ഉൽപ്പന്നം ഉയർന്ന നിരക്കായ കിലോ 417 രൂപയിൽ പാലക്കാട്‌ വിപണനം നടന്നു. 50 കിലോ തൂക്കം വരുന്ന 45 ചാക്ക്‌ ചുക്കാണ്‌ ഈ വിലയ്‌ക്ക്‌ കൈമാറ്റം നടന്നത്‌. 

കർണാടകത്തിൽ നിന്നും എത്തിച്ച പച്ച ഇഞ്ചിയുടെ സംസ്‌കരണം പാലക്കാടാണ്‌ നടന്നത്‌. നവംബറിൽ അവിടെ ഇഞ്ചി വിളവെടുപ്പ്‌ തുടങ്ങിയെങ്കിലും ഡിസംബറിലും ജനുവരി തുടക്കത്തിലും വിളവെടുപ്പ്‌ മന്ദഗതിയിലാണ്‌. കിലോ 75-80 രൂപയിലാണ്‌ കർണാടകത്തിലെ പല ഭാഗങ്ങളിലും പച്ച ഇഞ്ചിയുടെ വിപണനം പുരോഗമിക്കുന്നത്‌. കഴിഞ്ഞ വർഷം നിരക്ക്‌ 220-250 വരെ ഉയർന്നതിനാൽ ഇക്കുറിയും മെച്ചപ്പെട്ട വിലയ്‌ക്ക്‌ അവസരം ഒരുക്കുമെന്ന പ്രതീക്ഷ കാർഷിക മേഖല കൈവിട്ടില്ല. ഹസ്സനിലും ചിക്കമംഗലൂരിലെയും പല കൃഷിയിടങ്ങളിലും പച്ച ഇഞ്ചി മൂത്ത്‌ വിളഞ്ഞു. 

ഒറീസയിൽ ഇഞ്ചിക്കൃഷി വ്യാപകമായതോടെ അവർ കർണാടകത്തിലെ അതേ വിലയ്‌ക്ക്‌ ചരക്ക്‌ വിറ്റുമാറാനുള്ള നീക്കത്തിലാണ്‌. ഇതിനിടയിൽ മഴ മൂലം മഹാരാഷ്‌ട്രയിൽ ഇഞ്ചിക്കൃഷിക്ക്‌ നേരിട്ട തിരിച്ചടി വിലക്കയറ്റത്തിന്‌ അവസരം ഒരുക്കി. കിലോ 85-90 രൂപയിലാണ്‌ മഹാരാഷ്‌ട്രയിൽ വിപണനം നടക്കുന്നത്‌. ഗുജറാത്തിലെ കർഷകരും ഇഞ്ചിയിൽ ഭാഗ്യപരീക്ഷണങ്ങൾക്ക്‌ നടത്തുന്ന നീക്കം റെക്കോർഡ്‌ ഉൽപാദനത്തിനുള്ള സാധ്യതകൾക്ക്‌ ശക്തിപകരുന്നു. 

രാജ്യത്തെ ഇഞ്ചിക്കർഷകർ നിറഞ്ഞ പ്രതീക്ഷയോടെയാണ്‌ വിപണിയെ വീക്ഷിക്കുന്നതെങ്കിലും കാറ്റ്‌ മാറി വീശാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. ജനുവരി അവസാനതോടെ രാജ്യം രൂക്ഷമായ ശൈത്യത്തിന്റെ പിടിയിൽ നിന്നും മോചനം നേടുന്നതോടെ ചുക്കിനുള്ള ആവശ്യക്കാരുടെ എണ്ണത്തിലും കുറവു കണ്ടു തുടങ്ങും.  

വ്യവസായികൾ പ്രത്യേകിച്ച്‌ പൗഡർ യൂണിറ്റുകൾ നാടൻ ചുക്ക്‌ കാര്യമായി ശേഖരിക്കുന്നില്ലെന്നാണ്‌ പ്രമുഖ വിപണികളിൽ നിന്നും ലഭ്യമാകുന്ന വിവരം. ഏറ്റവും ഉയർന്ന ലാഭം കൈപ്പിടിയിൽ ഒതുക്കാൻ ഇറക്കുമതി ചുക്കിലാണ്‌ പലരുടെയും കണ്ണ്. നൈജീരിയൻ ചുക്ക്‌ ഉത്തരേന്ത്യയിൽ ലഭ്യമാണ്‌, കിലോ 165 രൂപയിൽ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ച ഇറക്കുമതി ചരക്കിന്‌ അനുഭവപ്പെട്ട ഡിമാൻഡ് വിപണിയെ ഉയർന്ന തലങ്ങളിലേക്കു നീക്കി. കിലോ 225 രൂപയ്‌ക്കു പോലും ചൂടപ്പം കണക്കെ ഇതിന്റെ വിൽപ്പന നടക്കുന്നുണ്ട്‌. 

നൈജീയൻ ചുക്കിനും വെള്ള നിറമായതിനാൽ നാടൻ ചരക്കുമായി കലർത്തി വിൽപ്പനയ്‌ക്ക്‌ ഇറക്കി ലാഭം കൊയ്യാൻ ആളുണ്ട്‌. ഇതിനിടയിൽ ബർമ്മയിൽ നിന്നും ചുക്ക്‌ വൻതോതിൽ വിൽപ്പനയ്‌ക്ക്‌ എത്തി. കാഴ്‌ച്ചയിൽ മികച്ച ചുക്കാണ്‌ ബർമ്മ രംഗത്ത്‌ ഇറക്കിയിട്ടുള്ളത്‌, അതിലുപരി വാങ്ങലുകാരെ ആകർഷിക്കാൻ പറ്റുന്ന വിലയാണ്‌ അവർ രേഖപ്പടുത്തുന്നത്‌. കിലോ 175-180 രൂപയ്‌ക്ക്‌ ബർമ്മ ചുക്കിന്റെ വിൽപ്പന പുരോഗമിക്കുന്നു, എന്നാൽ ഇതിൻറ ന്യൂനത ബൗൺ നിറമെന്നതാണ്‌. 

വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ചുക്കിന്‌ ഓർഡറുണ്ടെങ്കിലും അടവുകൾ പതിനെട്ടും പയറ്റി നിൽക്കുന്ന കയറ്റുമതി മേഖല ഏറ്റവും താഴ്‌ന്ന വിലയ്‌ക്ക്‌ ചരക്ക്‌ സംഭരണം നടത്തി ഷിപ്പ്‌മെന്റുകൾ യഥാസമയം പൂർത്തിയാക്കാനുള്ള തന്ത്രം മെനയുകയാണ്‌. കൊച്ചിയിൽ ഇടത്തരം ചുക്ക്‌ വില ക്വിന്റലിന്‌ 1500 രൂപ ഉയർന്ന്‌ 34,000 ലേക്ക്‌ കയറിയപ്പോൾ മികച്ചയിനങ്ങളുടെ വില 36,000 രൂപയായി വർധിച്ചു.      

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com