കാപ്പിക്കൊപ്പം കോഴിയും: കാപ്പിക്ക് മികച്ച വളം, കുടകിലെ കർഷകർക്ക് അധിക വരുമാനം

Mail This Article
കാപ്പിക്കുരുവിനു മികച്ച വില കിട്ടുന്നതിന്റെ സന്തോഷത്തിലാണു കർഷകർ. വർഷങ്ങൾ നീണ്ട വറുതിക്ക് ആശ്വാസം. എന്നാൽ, മികച്ച വില എത്ര നാള്‍ എന്ന ആശങ്കയുമുണ്ട്. രാജ്യാന്തരക്കരാറുകളും കാലാവസ്ഥാമാറ്റവുമെല്ലാം കാരണം ഒരു വിളയ്ക്കും വിലസ്ഥിരത ഇനി ഉറപ്പില്ലെന്നു കർഷകർതന്നെ പറയുന്നു. ഹൈറേഞ്ചില്‍ പലരും അധിക വരുമാനത്തിനായി കാപ്പിത്തോട്ടത്തിൽ നാടൻകോഴികളെ അഴിച്ചുവിട്ടു വളർത്തല്‍ തുടങ്ങിയത് ഈ സാഹചര്യത്തിലാണ്. കാപ്പിക്കൃഷിക്കു കേൾവികേട്ട കുടകിലെ മലയാളിക്കർഷകരിൽ പലരും ഈ കൂട്ട് വിജയകരമായി നടത്തുന്നു. കോഴിവളർത്തൽകൊണ്ട് കാപ്പിക്കു ഗുണങ്ങൾ പലതുണ്ട്. നാടൻ കോഴിമുട്ടയ്ക്ക് നാടൻ കോഴിയിറച്ചിക്കും വിപണിയിൽ നല്ല പ്രിയവുമുണ്ട്.

കുടകിൽ വിരാജ്പേട്ടയ്ക്കു സമീപം അമ്മത്തിയിൽ കാപ്പിക്കൃഷിയുള്ള, കണ്ണൂർ സ്വദേശികളായ ജയദീപ്–വിറ്റ്ന ദമ്പതിമാർ കാപ്പിക്കൊപ്പം കോഴിവളര്‍ത്തല്‍ തുടങ്ങിയത് ഈയിടെ. കംപ്യൂട്ടർ എൻജിനീയര്‍ ജയദീപും ആർക്കിടെക്ട് വിറ്റ്നയും മകളുമടങ്ങുന്ന കുടുബം ദീർഘകാലം ജീവിച്ചത് ബെംഗളൂരുവിലും വിദേശത്തുമാണ്. 6 വർഷം മുൻപു ജോലി വിട്ട് ജൈവകൃഷിയിലേക്കു തിരിഞ്ഞു. കാൽ നൂറ്റാണ്ടിലേറെ പ്രായമുള്ള കാപ്പിച്ചെടികളാണ് കുടകിലെ നല്ല പങ്ക് തോട്ടങ്ങളിലും. ശീലിച്ചുപോയ കാപ്പി വിട്ട് മറ്റൊരു വിളയിലേക്കു മാറാൻ മടിയാണ് കുടകിലെ കർഷകര്‍ക്കെന്നു ജയദീപ്. വില കുത്തനെ ഇടിഞ്ഞിട്ടും ആരും മാറിച്ചിന്തിച്ചില്ല. നിലവിൽ കാപ്പിക്കു വില ഉയർന്നെങ്കിലും കാപ്പി ഉൾപ്പെടെ മറ്റേതെങ്കിലും വിള കൂടി ചേര്‍ത്തുള്ള കൃഷി തന്നെയാണ് സുരക്ഷിതമെന്നു ജയദീപ്. ജൈവകൃഷി ചെയ്യുന്നവര്‍ക്കു കാപ്പി– നാടൻകോഴി മികച്ച കൂട്ടുകെട്ടാണെന്നും ജയദീപ്.

കാപ്പിക്കു വളം, കോഴിക്കു തീറ്റ
രണ്ടിടത്തു കാപ്പിയുണ്ടെങ്കിലും വീടിരിക്കുന്ന ഒന്നരയേക്കർ തോട്ടത്തിലാണ് നാടൻകോഴികളെ അഴിച്ചുവിട്ടു വളർത്തുന്നത്. തോട്ടത്തിനു ചുറ്റും ഗ്രീൻ നെറ്റ് മറയുള്ളതിനാൽ കോഴികൾ വളപ്പുവിട്ടു പോകില്ല. കാപ്പിക്കു ജൈവവളം സുലഭമെന്നതാണ് ഒന്നാമത്തെ നേട്ടം. കോഴിക്കാഷ്ഠം മികച്ച ജൈവവളമാണ്. കാപ്പിവിളവില്‍ ഇതു പ്രതിഫലിക്കുന്നുണ്ട്. കോഴിവളർത്തൽ തുടങ്ങിയതോടെ കാപ്പിക്കു കീടശല്യം ഗണ്യമായി കുറഞ്ഞതു മറ്റൊരു നേട്ടം. തോട്ടത്തിലൂടെ നിരന്തരം കൊത്തിപ്പെറുക്കി നടക്കുന്ന കോഴികൾ കാപ്പിയിലകൾ തിന്നുതീർക്കുന്ന വിട്ടിലുകൾ ഉൾപ്പെടെ ക്ഷുദ്രകീടങ്ങളെ മുഴുവൻ അകത്താക്കും.

വിളവെടുപ്പും കമ്പുകോതലുമാണ് കാപ്പിക്കു രണ്ടു പ്രധാന പണികൾ. ആണ്ടിൽ രണ്ടുവട്ടം കമ്പുകോതൽ. വെട്ടി നീക്കുന്ന സസ്യാവശിഷ്ടങ്ങൾ തോട്ടത്തിൽ ചെറിയ കുഴികളെടുത്തതിൽ അഴുകാനിടുകയാണ് ജയദീപിന്റെ രീതി. അതേ കുഴിയിൽ അടുക്കള അവശിഷ്ടങ്ങളും നിക്ഷേപിക്കും. ചിക്കിച്ചികഞ്ഞു നടക്കു ന്ന നാടൻ കോഴികൾക്ക് ഈ ജൈവലോകത്തുനിന്ന് ചെറു പ്രാണികളുൾപ്പെടെ ഒട്ടേറെ തീറ്റ ലഭിക്കുമെന്നു ജയദീപ്. തോട്ടത്തിലെ വലിയ മരങ്ങളിലാണ് കോഴികൾ ചേക്കേറുന്നത്. മുട്ടയിടാനുള്ള സൗകര്യം ഒരുക്കിക്കൊടുത്താലും അലഞ്ഞു നടക്കുന്ന കോഴികള്‍ അവിടെത്തന്നെ മുട്ടയിടണമെന്നില്ല എന്നതാണ് ഏക പോരായ്മ.


അമ്മത്തിയിൽ ജോണി, പ്രഹ്ലാദൻ തുടങ്ങിയവര്‍ക്കും കാപ്പി–കോഴി കൂട്ടുകെട്ട് നല്ല വരുമാനമേകുന്നു. അൻപതോളം കോഴികളാണു ജോണിക്ക്. പശു, പന്നിഫാമുള്ള ജോണിയും ഭാര്യയും നാടൻകോഴിയുടെ ഇറച്ചിയും മുട്ടയും വിറ്റ് ചെറുതല്ലാത്ത അനുബന്ധ വരുമാനം നേടുന്നുണ്ട്. പ്രഹ്ലാദൻ– ഷിനി ദമ്പതികള്‍ക്കുമുണ്ട് അൻപതിലേറെ നാടൻ കോഴികൾ. നാടൻകോഴിമുട്ടയ്ക്കും കോഴിയിറച്ചിക്കും കൂർഗിൽ നല്ല ഡിമാൻഡുണ്ടെന്ന് ഷിനി. രണ്ടരക്കിലോ വളർച്ചയെത്തിയ നാടൻ കോഴിപ്പൂവന് 1000 രൂപ വരെ ലഭിക്കും. നാടൻ കോഴിമുട്ടയ്ക്ക് 10 രൂപയും. അഴിച്ചുവിട്ടുള്ള വളർത്തലിനു വലിയ മെനക്കേടില്ലെന്ന് പ്രഹ്ലാദൻ. തോട്ടത്തിലെ തണലും തണുപ്പും തീറ്റയും മതി അവയ്ക്ക്. താമസം മരക്കൊമ്പിൽ. പലപ്പോഴും പ്രത്യേകം അടവയ്ക്കേണ്ടതുപോലുമില്ല. കുഞ്ഞുങ്ങളുമായി അമ്മക്കോഴി വരുമ്പോഴാവും അടയിരുന്ന കാര്യം തന്നെ അറിയുകയെന്നു ഷിനി.
ഫോൺ: 9482030205 (ജയദീപ്)