ADVERTISEMENT

ദുർബലമായ കാലവർഷം കർഷകരെ വട്ടം കറക്കിയെങ്കിലും തുലാവർഷത്തിന്റെ ആദ്യ പകുതിയിലെ തിളക്കമാർന്ന പ്രകടനം കാർഷിക മേഖലയ്‌ക്ക്‌ ആശ്വാസം പകരുകയാണ്‌. അതേസമയം മഴ കാപ്പിക്കർഷകരുടെ ഉറക്കം അൽപ്പം നഷ്‌ടപ്പെടുത്തി. അധികമഴ കാപ്പി വിളവെടുപ്പിനെയും സംസ്‌കരണത്തെയും ബാധിക്കുമെന്ന്‌ മാത്രമല്ല, ഉൽപ്പന്നത്തിന്റെ ഗുണമേന്മയ്ക്കും ഭീഷണിയാണ്‌. പ്രതികൂല കാലാവസ്ഥയിൽ കാപ്പിക്കുരുക്കൾ പിളർന്ന്‌ പോകുന്നതിനാൽ അവ ചെറിയാക്കി മാറ്റേണ്ടി വരുന്നത്‌ സാമ്പത്തിക നഷ്‌ടത്തിന്‌ ഇടയാക്കും. 

കൂർഗ്ഗ്‌, ചിക്കമംഗലൂർ, ഹസ്സൻ മേഖലകളിലെ കാപ്പിക്കർഷകർക്കൊപ്പം വയനാടൻ കർഷകരും ഒരു പരിധിവരെ പ്രതികൂല കാലാവസ്ഥയിൽ അസ്വസ്ഥരാണ്‌. അറബിക്ക കാപ്പിയിൽ നിന്നും ചെറിയിലേക്ക്‌ തിരിയേണ്ട വരുമ്പോൾ ഉൽപാദകർക്ക്‌ ഏതാണ്ട്‌ 40 മുതൽ 50 ശതമാനം വരെ വരുമാന നഷ്‌ടം സംഭവിക്കുന്നു. 

നിലവിലെ സ്ഥിതിഗതികൾ അറബിക്ക കാപ്പിക്കർഷകരെ ദോഷകരമായി ബാധിക്കുമ്പോൾ, മഴ ഒരുവശത്ത്‌  ശൈത്യകാലത്തെ ജലസേചനമെന്ന നിലയ്‌ക്ക്‌ റോബസ്‌റ്റ ഇനങ്ങൾക്ക്‌ അനുകൂലവുമാണ്‌. മികച്ച വിളവിന്‌ ഇത്‌ അവസരവും ഒരുക്കും. അറബിക്കയ്ക്ക്‌ ഉൽപാദനത്തിൽ പത്തു ശതമാനം കുറവ്‌ പ്രതികൂല കാലാവസ്ഥയിൽ സംഭവിക്കുമെന്നാണ്‌ ഏകദേശ വിലയിരുത്തൽ. എന്നാൽ കോഫി ബോർഡിന്റെ ആദ്യ വിലയിരുത്തലിൽ ഉൽപാദനത്തിൽ നേരിയ വർധന കണക്ക്‌ കൂട്ടുന്നു. 2023-24 വർഷത്തിൽ 3.74 ലക്ഷം ടൺ കാപ്പിയുടെ ഉൽപാദനമാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ സീസണിൽ ഉൽപാദനം 3.52 ലക്ഷം ടണ്ണായിരുന്നു.   

രാജ്യത്തെ കാപ്പി ഉൽപാദനത്തിൽ 70 ശതമാനവും കർണാടകത്തിന്റെ സംഭാവനയാണങ്കിൽ ശേഷിക്കുന്ന 30 ശതമാനത്തിൽ 21 ശതമാനവും കേരളമാണ്‌ ഉൽപാദിപ്പിക്കുന്നത്‌. വയനാട്‌ ജില്ലയിലും പാലക്കാട്‌ നെല്ലിയാംപതി മേഖലയിലുമാണ്‌ കാപ്പിക്കൃഷി വ്യാപകമായുള്ളത്‌. ഒട്ടുമിക്ക തോട്ടങ്ങളിലും അറബിക്ക കാപ്പി വിളവെടുപ്പിന്‌ സജ്ജമായി. ഏകദേശം 35 മുതൽ 40 ശതമാനം കാപ്പിക്കുരുക്കളും മൂത്തുവിളഞ്ഞ അവസ്ഥയിലാണ്‌. നേരത്തെ കാപ്പി ഉൽപാദന മേഖലകളിൽ 40 ശതമാനതോളം മഴക്കുറവ്‌ സംഭവിച്ചങ്കിലും പിന്നീട്‌ കാലാവസ്ഥയിലുണ്ടായ മാറ്റവും മഴയുടെ വരവും കർഷകർക്ക്‌ ആശ്വാസം പകർന്നു. 

എൽ‐ലിനോ പ്രതിഭാസം ഇല്ലായിരുന്നങ്കിൽ പതിവ്‌ കാലവർഷം വിളവെടുപ്പിന്‌ കാലതാമസം സൃഷ്‌ടിക്കുമായിരുന്നതായി കർഷകർ. മാസാവസാനതോടെ റോബസ്റ്റ കാപ്പിയുടെ വിളവെടുപ്പിന്‌ തുടക്കം കുറിക്കാനാവുമെന്ന നിഗമനത്തിലാണ്‌ ഉൽപാദകമേഖല. കർണാടകത്തിൽ അറബിക്ക 6400 രൂപയിലും റോബസ്റ്റ 5400 രൂപയിലുമാണ്‌. 

ബ്രസീൽ, കൊളംബിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ ഉൽപാദനത്തിലുണ്ടായ വർധന ആഗോള കാപ്പിവിലയെ സ്വാധീനിക്കുമെന്ന നിലപാടിലാണ്‌ ലോക ബാങ്കിന്റെ കമോഡിറ്റി മാർക്കറ്റ്‌ വിഭാഗത്തിന്റെ വിലയിരുത്തൽ. 

വെളിച്ചെണ്ണ

നാളികേര മേഖല പുതിയ രക്ഷകനായി കാതോർക്കുന്നു. നവരാത്രി വേളയിൽ ഉടലെടുത്ത വീര്യവുമായി ദീപാവലി വരെ മുന്നേറിയ വെളിച്ചെണ്ണയ്‌ക്ക്‌ ഇനി കൂടുതൽ ഉയരങ്ങൾ താണ്ടണമെങ്കിൽ അനുകൂല സാഹചര്യം അനിവാര്യം. നവരാത്രി ഉത്സവ ഡിമാൻഡിൽ ക്വിന്റലിന്‌ 700 രൂപയുടെ കുതിച്ചുചാട്ടം വെളിച്ചെണ്ണ കാഴ്‌ചവച്ചെങ്കിൽ രാജ്യത്ത്‌ എറ്റവും കൂടുതൽ ഭക്ഷ്യയെണ്ണ വിൽപ്പന നടക്കുന്ന ദീപാവലി വേളയിൽ ശ്രദ്ധേയമായ മികവ്‌ പ്രദർശിപ്പിക്കാനാനായില്ല. 

നിലവിൽ 13,425 രൂപയിലാണ്‌ കൊച്ചി എണ്ണ മാർക്കറ്റ്‌ നീങ്ങുന്നത്‌. ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ 25 രൂപയുടെ വർധനയ്‌ക്ക്‌ മാത്രം അവസരം ലഭ്യമായുള്ളൂ. മുഹൂർത്ത കച്ചവടത്തിൽ 80 ടൺ എണ്ണയുടെ വ്യാപാരം നടന്നു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഉത്സവ സീസൺ കഴിഞ്ഞതിനാൽ നാളികേരോൽപ്പന്നങ്ങൾക്ക്‌ ഇനി കരുത്ത്‌ നിലനിർത്താൻ ഏറെ ക്ലേശിക്കേണ്ടിവരും. 

ക്രിസ്‌മസിന്‌ മുന്നോടിയായി ഇടപാടുകളിൽ നേരിയ പുരോഗതി പ്രതീക്ഷിക്കാമെങ്കിലും അത്‌ പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വിലക്കയറ്റത്തിന്‌ വഴിതെളിക്കില്ലെന്ന സൂചനയാണ്‌ തമിഴ്‌നാട്‌ ലോബിയിൽ നിന്നും ലഭ്യമാകുന്ന വിവരം. ഇതിനിടെ സംഭരിച്ച കൊപ്രയും ഉണ്ട കൊപ്രയും കേന്ദ്ര എജൻസി വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നതും തിരിച്ചടിയാവും. 

തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും സംഭരണ ഏജൻസി ഉണ്ടകൊപ്ര നേരത്തെ ശേഖരിച്ചിരുന്നു. ഇതിനിടെ തിരഞ്ഞടുപ്പ്‌ മുൻനിർത്തി വിലക്കയറ്റത്തിന്‌ തടയിടാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളും ഭക്ഷ്യയെണ്ണകളെ മൊത്തതിൽ ബാധിക്കും. ജനുവരിയിൽ പുതിയ നാളികേര സീസണിന്‌ തുടക്കം കുറിക്കും. അതായത്‌ വിളവെടുപ്പ്‌ ഊർജിതമാക്കുന്നതോടെ വ്യവസായികൾ രംഗത്ത്‌ നിന്നും ചുവട്‌ മാറ്റിച്ചവിട്ടാനുള്ള സാധ്യതകളും കർഷക താൽപര്യങ്ങളെ ബാധിക്കും. 

കേരഫെഡ്‌ 9600 രൂപയാണ്‌ കൊപ്രയ്‌ക്ക്‌ വാഗ്‌ദാനം ചെയുന്നത്‌. വിപണിവിലയെക്കാൾ ഇത്രമാത്രം ഉയർത്തി സർക്കാർ ഏജൻസി ചരക്ക്‌ വാങ്ങുമ്പോൾ എന്തുകൊണ്ട്‌ കേരളത്തിലെ കർഷകരിൽ നിന്നും ഉൽപ്പന്നം ശേഖരിക്കുന്നില്ല. തമിഴ്‌നാട്‌ കൊപ്രയെ അപേക്ഷിച്ച്‌ ഏറ്റവും മികച്ചയിനം ചരക്ക്‌ കേരളത്തിൽ ലഭ്യമാണ്‌. എണ്ണയുടെ അംശം ഉയർന്ന്‌ നിൽക്കുന്ന തേങ്ങയുടെ ഉൽപാദനവും ഇവിടെ തന്നെ. അയൽ സംസ്ഥാനത്തെ ഇടപാടുകാർ മുഖാന്തരം എത്തിക്കുന്ന കൊപ്രയാണ്‌ നിലവിൽ സർക്കാർ ഏജൻസി ശേഖരിക്കുന്നത്‌.

തമിഴ്‌നാട്‌ കൊപ്ര വിവിധ ജില്ലകളിൽ എത്തിച്ച ശേഷം കെഎൽ റജിസ്ട്രേഷനിലുള്ള വാഹനങ്ങളിൽ ഗോഡൗണുകളിൽ എത്തിക്കുകയാണ്‌. കൊച്ചിയിൽ കൊപ്ര 9100 രൂപയിൽ ഇടപാടുകൾ നടക്കുമ്പോൾ അതിലും 500 രൂപ ഉയർത്താൻ തയാറായ കേരഫെഡിന് എന്തുകൊണ്ട്‌ സംസ്ഥാനത്തെ ആയിരക്കണക്കിന്‌ സഹകരണ സംഘങ്ങളിൽ നിന്നും കൊപ്ര സംഭരിച്ചു കൂടാ?  വിപണിവിലയിലും ഇത്ര ആകർഷകമായ വില ഉറപ്പ്‌ വരുത്താനായാൽ നമ്മുടെ ഉൽപാദകരും മികച്ച കൊപ്ര വിൽപ്പനയ്‌ക്ക്‌ സജ്ജമാക്കും.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com