ADVERTISEMENT

1. വരുമാനം മുൻകൂട്ടി ആസൂത്രണം ചെയ്യുക

വ്യവസായത്തില്‍ ഉൽപന്നവില നിശ്ചയിക്കുന്നത് നിർമാതാക്കളാണ്. എന്നാൽ കർഷകനിപ്പോഴും വിപണിയിലെ ഇടനിലക്കാർ നിശ്ചയിക്കുന്ന വിലയ്ക്കു കീഴടങ്ങേണ്ട സ്ഥിതിയുണ്ട്. പുതുതായി കൃഷിയിലിറങ്ങുന്നവർ കൃഷി ചെയ്യാനുദ്ദേശിക്കുന്ന ഉൽപന്നത്തിന്റെ മുൻകാല വിപണി മനസ്സിലാക്കേണ്ടതുണ്ട്. മുൻ വർഷങ്ങളിൽ ഓരോ സീസണിലും പ്രസ്തുത ഉൽപന്നത്തിന്റെ വിലയിലെ ഏറ്റക്കുറവ്, ശരാശരി വില എന്നിവ വിശകലനം ചെയ്യുക. ഏറ്റവും കുറഞ്ഞ വില ലഭിച്ചാൽപോലും നഷ്ടമില്ലാത്ത രീതിയിൽ ബജറ്റ് തയാറാക്കണം. കാർഷിക പ്രസിദ്ധീകരണങ്ങളുടെ തുടർവായന വിപണിപഠനത്തിന് ഏറെ പ്രയോജനം ചെയ്യും. ഓരോ വിളയും വിളവെടുപ്പിലേക്ക് ഏത്തുന്ന കാലം നിജപ്പെടുത്തി, ഓരോ മാസവും നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാവണം കൃഷിയും വിളവെടുപ്പും ആസൂത്രണം ചെയ്യേണ്ടത്. 

2. ഫാം പ്ലാനിങ്

മണ്ണിന്റെ തരം, വെയില്‍ ലഭ്യത, നനസൗകര്യം, സമീപ വിപണികൾ, തൊഴിലാളിലഭ്യത എന്നിവ കണക്കിലെടുത്ത് വിളയിനങ്ങൾ നിശ്ചയിക്കുക. കൃഷിക്കു മുൻപ് മണ്ണുപരിശോധന അനിവാര്യം. അതിന്റെ ഫലം  അനുസരിച്ചാവണം വളപ്രയോഗം. ജലലഭ്യത മുൻകൂർ ഉറപ്പാക്കണം. തുള്ളിനനപോലുള്ള സൂക്ഷ്മനന സൗകര്യങ്ങളൊരുക്കാന്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന(PMKSY) പോലെയുള്ള പദ്ധതികളുടെ സഹായം തേടാം.

3. കൂലിച്ചെലവ്

ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സംസ്ഥാനത്ത് കൂലിച്ചെലവ് കൂടും. മികച്ച കർഷകരുമായി ചർച്ച ചെയ്ത് കൂലിച്ചെലവ് എത്രവരെ ഉയരാം എന്ന് മനസ്സിലാക്കണം. അതനുസരിച്ച് കൃഷി ചെയ്യുന്ന ഇനത്തിന്റെ ലാഭനഷ്ട സാധ്യത  കണക്കു കൂട്ടണം. സ്വന്തം അധ്വാനം, കുടുംബാംഗങ്ങളുടെ അധ്വാനം എന്നിവ കൂടുന്നതിനനുസരിച്ച് ചെലവും നഷ്ടസാധ്യതയും കുറയും.

4. ധനസ്ഥാപനങ്ങളുമായുള്ള ബന്ധം

കൃഷിയിൽ മൂലധനലഭ്യത ഉറപ്പു വരുത്താന്‍ സഹകരണ–വാണിജ്യ ബാങ്കുകളുമായി നല്ല ബന്ധം സ്ഥാപിക്കുക. പ്രവർത്തന മൂലധനത്തിനായി കിസാൻ ക്രെഡിറ്റ് വായ്പയും ആസ്തികൾ ഒരുക്കാൻ ദീർഘകാല വായ്പകളും വിനിയോഗിക്കാം. മൂല്യവർധനസംരംഭങ്ങൾക്കായി അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) പോലുള്ള പദ്ധതികളുടെ സഹായം തേടാം

5. കൃഷിയന്ത്രങ്ങൾ

കേന്ദ്രസർക്കാർ പദ്ധതിയായ സ്മാം (Sub Mission on Agri Mechanisation) വഴി കാർഷികയന്ത്രങ്ങൾ സബ്സിഡി നിരക്കിൽ സ്വന്തമാക്കാം. ആവശ്യമെങ്കിൽ വാടകയ്ക്കെടുത്ത് ഉപയോഗിക്കാം. വിദഗ്ധ തൊഴിലാളികൾക്കായി കൃഷിഭവനുമായി ബന്ധപ്പെട്ട് അഗ്രോ സർവീസ് സെന്റർ, കാർഷിക കർമസേന, കൃഷിശ്രീ സെന്റർ എന്നിവയുടെ സഹായം തേടാം.

vegetables-2

6. വികസനപദ്ധതികൾ പ്രയോജനപ്പെടുത്തൽ

നമ്മൾ ചെയ്യാനുദ്ദേശിക്കുന്ന കൃഷിയിനത്തിന്  സബ്സിഡി ലഭ്യമായിരിക്കും.  മിക്ക കൃഷിയിനങ്ങൾക്കും കേന്ദ്ര–സംസ്ഥാന സർക്കാര്‍വകുപ്പുകൾ വഴി ആനുകൂല്യങ്ങളുണ്ട്. അവ പ്രയോജനപ്പെടുത്തണം.

7. വിള ഇൻഷുറൻസ്

നഷ്ടസാധ്യത ഒഴിവാക്കാനും തുടർക്കൃഷിക്ക് ഊർജം നൽകാനും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരുക.

8. ഗുണമേന്മയുള്ള നടീൽവസ്തുക്കൾ

ഏതു വിളയുടെയും ഗുണമേന്മയുള്ള നടീൽവസ്തുക്കൾ കൃഷിവിജയത്തിൽ നിർണായകം.  മികച്ച വിത്തുകളും തൈകളും എവിടെ ലഭിക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കുക

vegetables-11

9. സമൂഹമാധ്യമങ്ങൾ

കൃഷി മെച്ചപ്പെടുത്താനും, ഈ രംഗത്തെ വിദഗ്ധരുമായി നല്ല ബന്ധമുണ്ടാക്കാനും അറിവുകൾ പങ്കുവയ്ക്കാനും വിപണി കണ്ടെത്താനുമെല്ലാം സമൂഹമാധ്യമങ്ങൾ സഹായിക്കും. ലഭിക്കുന്ന അറിവുകളും ബന്ധങ്ങളും വിശ്വസനീയമാണോ എന്നു പരിശോധിക്കുകയും വേണം

10. വിപണനത്തിന് തനതുവഴികള്‍ 

പഴങ്ങളും പച്ചക്കറികളും  പുതുമ ചോരാതെ സമയബന്ധിതമായും ലാഭകരമായും വിറ്റഴുക്കാവുന്ന വിപണികളെക്കുറിച്ച് മുൻകൂർ അറിവു നേടുകയും അവരുമായി ബന്ധം സ്ഥാപിക്കുകയും വേണം. കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകൾ, വിഎഫ്പിസികെയുടെ സ്വാശ്രയ കാർഷിക വിപണികൾ, ഹോർടികോർപ്. റീടെയിൽ കടകൾ എന്നിവയെല്ലാം പ്രയോജനപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com