ADVERTISEMENT

വീട്ടുമുറ്റത്ത് മുന്തിരിവള്ളികൾ നട്ടുവള‍ർത്താനും മുന്തിരിവള്ളികൾ നിറയെ പഴങ്ങൾ നിൽക്കുന്നതു കാണാനും ആഗ്രഹിക്കാത്ത മലയാളികൾ ഇല്ലെന്നുതന്നെ പറയാം. ഇത്തരം കാഴ്ചകൾ കാണാൻ തമിഴ്നാട്ടിലേക്ക് പോകേണ്ട അവസ്ഥയുമാണ്. എന്നാൽ, ആലുവ തായിക്കാട്ടുകര പീടിയക്കവളപ്പിൽ ആഷലിന്റെ വീട്ടിലെത്തിയാൽ ഒരു കിടിലൻ മുന്തിരിച്ചെടിയും ആരും ഇതുവരെ കാണാത്ത തരം മുന്തിരിക്കുലകളും കാണാം.

ആഷലിന്റെ വീട്ടുമുറ്റത്ത് നട്ടുവളർത്തിയിരിക്കുന്ന മുന്തിരിച്ചെടിക്ക് എന്താണിത്ര പ്രത്യേകത എന്നല്ലേ? ഒരു കുലതന്നെ നാലു കിലോയോളം തൂക്കം വരും. അതു മാത്രമല്ല, ഒരു കുലയിൽത്തന്നെ അഞ്ഞൂറിലധികം മുന്തിരിപ്പഴങ്ങളും. നമ്മുടെ നാട്ടിൽ കാണുന്ന മുന്തിരിച്ചെടിപോലെതന്നെയാണെങ്കിലും കക്ഷി വിദേശിയാണ്. പേര് കംബോഡിയൻ കാട്ടുമുന്തിരി (Cambodian Wild Grape). ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ആഷൽ വിദേശ പഴങ്ങളോടുള്ള താൽപര്യത്തിൽ വെളിയത്ത് ഗാർഡൻസ് എന്ന നഴ്സറിയിൽനിന്ന് 80 രൂപയ്ക്ക് വാങ്ങി നട്ട തൈയാണ് ഇപ്പോൾ നിറയെ മുന്തിരിക്കുലകളുമായി നിൽക്കുന്നത്.

കംബോഡയൻ മുന്തിരിക്കുലയ്ക്കു സമീപം ആഷൽ. (ചിത്രം-കർഷകശ്രീ)
കംബോഡയൻ മുന്തിരിക്കുലയ്ക്കു സമീപം ആഷൽ. (ചിത്രം-കർഷകശ്രീ)

കുഴിയെടുത്ത് ചുവന്ന മണ്ണും എല്ലുപൊടിയും ചാണകപ്പൊടിയും ജൈവവളവും ചേർത്ത് തൈ നട്ടു. ആറു മാസമായപ്പോൾ പൂവിട്ടതായി ആഷൽ പറഞ്ഞു. വള്ളികൾ നിറയെ കുലകളുണ്ടെങ്കിലും ആദ്യമുണ്ടായത് ഇപ്പോൾ പഴുത്തു. പല സമയങ്ങളിലായി പഴുക്കുന്നു എന്ന പ്രത്യേകതയുള്ളതിനാൽ കാണാൻതന്നെ പ്രത്യേക ചന്തമുണ്ട്. നന്നേ ചെറിയ പൂക്കുലയുണ്ടായി പൂവിരിഞ്ഞ് കായ്കൾ ഉണ്ടാകുന്നതനുസിച്ച കുല നീണ്ടുവളരുകയും പുതിയ പൂക്കളുണ്ടാവുകയും ചെയ്യുന്നു. കായ്കളുടെ എണ്ണം കൂടുതന്നതിനനുസരിച്ച് കുലയുടെ തണ്ടിന്റെ വലുപ്പവും കൂടുന്നു. വലിയ കുലകൾ ഉണ്ടാകുമെന്നതിനാൽ ഉറപ്പുള്ള പന്തലിൽ കയറ്റുന്നതാണ് അഭികാമ്യമെന്നും ആഷൽ. താൻ നട്ടപ്പോൾ പന്തലിന് ശ്രദ്ധ നൽകിയില്ല. അതുകൊണ്ടുതന്നെ കുലകൾ വളർന്നപ്പോഴേക്ക് പന്തൽ താഴേക്കു തൂങ്ങി. വിളവെടുപ്പ് പൂർത്തിയായാൽ പ്രൂണിങ് നടത്തി ഉറപ്പുള്ള പന്തൽ നിർമിക്കുമെന്നും ആഷൽ പറഞ്ഞു. 

cambodian-grapes-2

നീർവാർച്ചയുള്ള മണ്ണും നല്ല സൂര്യപ്രകാശവും ഈ ഇനത്തിന്റെ ശരിയായ വളർച്ചയ്ക്ക് ആവശ്യമാണ്. കേരത്തിലെ കാലാവസ്ഥയിൽ നന്നായി വളരുകയും ചെയ്യും. നന്നായി പഴുത്താൽ പുളി കുറവാണ്. അതുകൊണ്ടുതന്നെ ജൂസിനും ഉപയോഗിക്കാം. 

ഫോൺ: 9400500531

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com