ADVERTISEMENT

അച്ഛമ്മയുടെ ദയാവായ്പ്, വല്യമ്മയുടെ സമചിത്തത, അമ്മമ്മയുടെ അകമഴിഞ്ഞ ഹൃദയാലുത, അടുക്കള ഭരിച്ച വല്യമ്മയുടെ മടുപ്പില്ലാത്ത പാചകവിദ്യ, സൽക്കാരപ്രിയം; കിട്ടുംതോറും കൊടുക്കുകയും കൊടുക്കുംതോറും കിട്ടുകയും ചെയ്യുന്ന ഭാഗ്യം മനുഷ്യ മനസ്സിനുണ്ട്. ഇതൊരു ബാലപാഠമാണ്. ജനിച്ചുവളർന്ന തറവാടിനെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും ഓർമിക്കുമ്പോൾ തെളിയുന്ന ഈ പാഠത്തിലാണ് പി.വത്സലയുടെ കിളിക്കാലം എന്ന ആത്മകഥയുടെ ആദ്യഭാഗം അവസാനിക്കുന്നത്. അജ്ഞാത ഉറവകളിൽ നിന്ന് ഊറിവരുന്ന ജലം എന്നും നിറഞ്ഞുനിന്ന മുറ്റത്തെ വറ്റാത്ത കിണറ്റിൽ നിന്ന് കോരിയെടുത്ത കൈക്കുടന്ന മാത്രമാണ് കിളിക്കാലം. ബാല്യകാലത്തിന്റെ ഒരേട് മാത്രം. തറവാടിന്റെ ഭാഗിക ദൃശ്യവും. ഓർമയിൽ തെളിഞ്ഞ ഏറ്റവും പ്രിയപ്പെട്ടവരിൽ ചിലരുടെ ചിത്രങ്ങളും അകന്നുമറഞ്ഞ ഗ്രാമഭംഗിയും.  ഓർമയുടെ അടരുകളിൽ നിന്നുള്ള എണ്ണമറ്റ കഥകൾ  ബാക്കി നിർത്തി വത്സല മടങ്ങുന്നു; പറയാനുള്ള കഥകൾ പറയാതെ, ഓർമകൾക്ക് വിരാമമിട്ട്. 

കൗമാരം, യൗവ്വനം. എഴുത്തുകാരിയുടെ ജനനം. തിരുനെല്ലിയിൽ നിന്നു തുടങ്ങി അമേരിക്കയോളം എത്തിയ എഴുത്തിന്റെ വളർച്ചയും പുരോഗതിയും. കൂമൻകൊല്ലിയുടെ രഹസ്യങ്ങൾ. വിപ്ലവത്തിന്റെ ആഗ്നേയം. അടിയോരുടെ പെരുമന്റെ കനലടങ്ങാത്ത ഇഛാശക്തി. വയനാടൻ കാടിന്റെ വീറും വീര്യവും... എഴുതപ്പെടാത്ത എത്രയെത്ര അധ്യായങ്ങൾ. അത് ഇനി ഒരിക്കലും തുറക്കാനാവാത്ത പുസ്തകമാവുന്നു. പി.വത്സല എന്ന എഴുത്തുകാരിയുടെ മികച്ച പുസ്തകങ്ങളിൽ ഒന്ന് ഇനി എഴുതപ്പെടില്ല. വിയോഗം ബാക്കിവയ്ക്കുന്ന അറിവിന്റെ ഭാരമാണത്. നഷ്ടം മലയാളികൾക്കാണ്. ഭാഷയ്ക്കും സാഹിത്യത്തിനും ചരിത്രത്തിനും. 

മലമുടിയിലൂടെ മാലൂർകുന്നിന്റെ മുകളിലേക്കു നീളുന്ന നട്ടെല്ല് പോലുള്ള റോഡിലൂടെയുള്ള പ്രഭാത നടത്തത്തിലാണ് കിളിക്കാലം തുടങ്ങുന്നത്; അവസാനിക്കുന്നതും. കേരളത്തിന് എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഗ്രാമീണ വിശുദ്ധിയുടെ സങ്കീർത്തനം കൂടിയാണ് ഈ ആത്മകഥയിലെ ഓരോ വാക്കും വരിയും. ഇന്നത്തെ ഒറ്റപ്പെട്ട മനുഷ്യരെപ്പോലെയല്ലാതെ ഒരൊറ്റ കിളികുലത്തിലെ അംഗങ്ങളായി ഒട്ടേറെപ്പേർ ഒരുമിച്ചു ജീവിച്ച ഗ്രാമസംസ്കൃതിയുടെ നഷ്ടഭംഗികൾ. 

വായിച്ച ആദ്യ പുസ്തകത്തെക്കുറിച്ച് വത്സലയ്ക്ക് വ്യക്തമായ ഓർമയുണ്ട്. കുടുംബമായിരുന്നു അത്. സംഭവബഹുലമെന്നു പറഞ്ഞുകൂടാ. എന്നാൽ വിശാലം. പ്രകാശം നിറഞ്ഞത്. ദാരിദ്ര്യം കുറഞ്ഞത്. വിശപ്പറിയാത്തത്. ഭാഗ്യം നിറഞ്ഞത്. സ്നേഹസമൃദ്ധം. ഒരിക്കലും ഒരു കലഹം പോലും ഉണ്ടായിട്ടില്ലാത്ത നാടും വീടും. നൻമ നിറഞ്ഞ അന്തരീക്ഷം. 

കുട്ടിക്കാലത്തെക്കുറിച്ച് വത്സല വരയ്ക്കുന്ന ഓരോ ചിത്രത്തിലും പ്രകൃതിയുടെ അകൃത്രിമ ഭംഗിയുണ്ട്. മനുഷ്യർ മാത്രമായല്ലാതെ മറ്റെല്ലാ ജീവജാലങ്ങളും ഉൾപ്പെട്ട ഭൂമിയുടെ അവകാശികൾ എല്ലാം ചേർന്ന കൂട്ടുകുടുംബ ചിത്രം. 

മുറ്റത്തു വരുന്ന കാക്കകൾ. തുറന്നിട്ട കിളിക്കൂട്ടിൽ നിർബാധം കയറിവന്ന് വിശ്രമിക്കുകയും പുറത്തേക്കു പറക്കുകയും ചെയ്യുന്ന തത്ത. പ്രഭാതങ്ങളിൽ കിഴക്കേ ഉമ്മറക്കോലായയിൽ ചുമർചേർന്ന് പ്രാതൽ കാത്തിരുന്ന 

പൂച്ചകൾ. ഇവരല്ലേ കുട്ടികൾ. ആദ്യം അവർക്കു കൊടുക്കട്ടെ എന്നു പറയുന്ന വല്യച്ഛൻ. 

സമാധാനം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറുന്ന നടപ്പുദീനം എന്ന കോളറ. അച്ഛമ്മയ്ക്കാണു രോഗം. എന്നാൽ രണ്ടു ദിവസത്തെ വിശ്രമത്തിനും നാട്ടുവൈദ്യത്തിനും ശേഷം മൂന്നാം ദിവസം രാവിലെ നോക്കുമ്പോൾ പതിവുപോലെ സൂര്യാരാധന ചെയ്യുന്ന അച്ഛമ്മ. തേച്ചുമിനുക്കിയ തണ്ണീർക്കിണ്ടിയിൽ തുളസിക്കതിർ തുടിക്കുന്നു. ഉദയസൂര്യന്റെ നേർക്ക് ജലം സമർപ്പിക്കുന്നു. എണീറ്റ് മുറിക്കകത്തേക്കു പോകുന്നു. നെരിപ്പോട് മുറ്റമതിലിന്നടുത്ത് കമഴ്ന്നുകിടക്കുന്നു. വ്യസനം അദ്ഭുതക്കാഴ്ചയ്ക്കു വഴിമാറുന്നു. 

രണ്ടാം ലോക യുദ്ധത്തിന്റെ വാർത്തകൾ എത്തുന്നു. അതോ ദാരിദ്ര്യമാണോ ആദ്യം എത്തിയത്. വറുതിയുടെ നാളുകൾ തുടങ്ങുകയായി. 

കഥ പുരോഗമിക്കുമ്പോൾ വത്സല എന്ന പെൺകുട്ടി പശ്ചാത്തലത്തിൽ പോലുമില്ല. മീനക്കാറ്റും കുരുവൻ പ്ലാവിന്റെ ചക്കയും ചെട്ട്യാരുതൊടിയും തള്ളപ്പയ്യുമെല്ലാം മറക്കാനാവാത്ത കഥാപാത്രങ്ങളാകുന്നു. അവർ നിറഞ്ഞാടുന്ന അരങ്ങിന്റെ ഏതോ ഒരു കോണിൽ സാക്ഷി മാത്രമായി എഴുത്തുകാരിയും. 

കെ.ആർ.ഗൗരിയമ്മ ആത്മകഥ എഴുതിയപ്പോൾ, കഥയിൽ നിറഞ്ഞത് ഗൗരിയമ്മയേക്കാൾ കേരളത്തിന്റെ രാഷ്ട്രീയചരിത്രമായിരുന്നു. വത്സലയുടെ ആത്മകഥയിൽ നിറഞ്ഞുനിൽക്കുന്നതും ഞാൻ എന്ന ഭാവമല്ല. നമ്മൾ എന്ന കൂട്ടായ്മയാണ്. നാടിന്റെ നാഡിമിടിപ്പുകളാണ്. സംസ്കൃതിയുടെ വറ്റാതൊഴുകുന്ന ചോരച്ചാലുകളാണ്. ഒരുപക്ഷേ, സ്ത്രീ എഴുത്തുകാർക്ക് മാത്രമായിരിക്കും ഈ നിസ്വാർഥത സാധ്യമാവുന്നത്. മറ്റുള്ളവർക്കായ് സ്വയം കത്തിയെരിയുന്ന ത്യാഗസമ്പന്നത. ചന്ദനം പോലെ, അകിൽ പോലെ അരഞ്ഞും പുകഞ്ഞും സുഖഗന്ധമാകുന്ന സുകൃതജൻമങ്ങൾ. 

പാരിജാത വൃക്ഷങ്ങൾ കൈകോർത്തുപിടിച്ച് നിരന്നുനിന്ന മുറ്റത്തിന്റെ താഴേക്കുള്ള കൽപടവുകൾ ഇപ്പോഴും അവിടെയുണ്ടോ. ചിന്തിക്കാൻ ഭയക്കുന്നു. കിണറ്റിൽ വാത്സല്യം തുളുമ്പുന്ന ശീതജലം ഇന്നും നിറഞ്ഞു നികന്നു നിൽക്കുന്നു. വറ്റാറില്ല. നാടു മുഴുവനും ചുട്ടുവെന്തു കേഴുമ്പോൾ ആ കിണർ ആരേക്കാത്തു കിടക്കുന്നു. ചുറ്റുപാടും വീടുകെട്ടി താമസിക്കുന്നവർ പൈപ്പ് ജലം തളർന്നുവീണാൽ ഈ കിണറിനെ ഇന്നും ആശ്രയിക്കുന്നു. ഇതിനാണു ഞാൻ മുജ്ജൻമസുകൃതമെന്നു പറയുക. പുഴ... ഞങ്ങളുടെ സ്വന്തം പുഴ... 

ആത്മകഥയുടെ ബാക്കിയില്ലെങ്കിലും കൃതികൾ തീർന്നിട്ടില്ല. കഥകൾ അവസാനിച്ചിട്ടില്ല. പി.വത്സല എന്ന എഴുത്തുകാരി അവശേഷിപ്പിച്ച മണ്ണിന്റെ മണവും ഹൃദയവുമുള്ള കഥകൾ ബാക്കിയാണ്. ആ കഥകളുടെ കണ്ണാടിയിൽ എഴുതപ്പെടാത്ത കിളികുലത്തിന്റെ ബാക്കി അധ്യായങ്ങൾ വായിക്കാം. എഴുത്തുകാരി പറയാതെ പറഞ്ഞ കഥകൾ. വരികൾക്കിടയിൽ അവശേഷിപ്പിച്ച മൗനങ്ങൾ. ധ്വനികൾ. പ്രതിധ്വനികൾ. കാറ്റ് വീശുന്നു. 

വൃഛികക്കാറ്റ്. കാറ്റിന്റെ കുളിരലകളിൽ കഥകളിൽ ജീവിതം ഉരുക്കിയൊഴിച്ച കാലത്തിന്റെ കുളിർമ. നിഴലും നിലാവും. അക്ഷരങ്ങളിൽ പി.വത്സല വിതച്ച വിപ്ലവത്തിന്റെ ഇടിമുഴക്കത്തിന് കാതോർക്കാം. വൈകിയാലും വരാതിരിക്കുമോ വസന്തം...

English Summary:

P. Vatsala's Kilikalam: An Autobiographical Journey Celebrating Kerala's Rural Purity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com