ADVERTISEMENT

അധ്യായം: പതിമൂന്ന്  

ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. അന്നോളം അപരിചിതമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എവിടേക്കാണെന്നറിയില്ല. ആരൊക്കെയാണ് ഒപ്പമുള്ളതെന്നറിയില്ല. എന്താണ് അവരുടെ ഉദ്ദേശ്യമെന്നും അറിയില്ല. ആ യാത്രയെത്തുടർന്ന് എന്തൊക്കെയാണ് ഉണ്ടാവുക എന്നതിനെക്കുറിച്ച് ഒരു ഊഹവുമില്ല. എന്തൊരവസ്ഥയാണ്.!

ഡ്രൈവറെ കൂടാതെ ഇന്നോവയിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. അവർ അവൾക്ക് ഇരുവശത്തുമായാണ് ഇരുന്നത്. ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. എല്ലാവരുടെയും മുഖത്ത് ഗൗരവഭാവം നിറഞ്ഞു നിന്നു. ഒരു മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ വണ്ടി ദേശീയ പാതയിൽ നിന്നും ഒരു ചെറിയ നാട്ടുവഴിയിലേക്ക് തിരിഞ്ഞു. ഒരു കൊച്ചു ഗ്രാമത്തിലൂടെയായി പിന്നെ യാത്ര.  

ഏറെ വൈകാതെ വിശാലമായ ഒരു തെങ്ങിൻ തോപ്പിന് മുന്നിൽ വണ്ടി നിന്നു. തെങ്ങിൻ തോപ്പിനോട് ചേർന്ന് മുറ്റത്ത് വെള്ളമണൽ വിരിച്ച ഒരു പഴയ തറവാട് വീട്. സമീപത്തൊന്നും വേറെ വീടുകളിൽ കണ്ടില്ല. 

"സ്ഥലമെത്തി. ഇറങ്ങ്..." അവളുടെ വലത് വശത്തിരുന്നയാൾ തന്റെ പരുക്കൻ ശബ്ദത്തിൽ പറഞ്ഞു. സംഭ്രമത്തോടെ അവൾ വണ്ടിയിൽ നിന്നിറങ്ങി. കിലോമീറ്ററുകൾക്കിപ്പുറം, ഇവിടെ ഈ കൊച്ചു ഗ്രാമത്തിൽ ആരാണ് തന്നെയും കാത്തിരിക്കുന്നത്? എന്തൊക്കെയാണ് തനിക്കിവിടെ അഭിമുഖീകരിക്കേണ്ടി വരിക? സൂസൻ...! അവളുമായി ഇതിനെന്താണ് ബന്ധം?

അടുത്ത നിമിഷം ആ വീടിനകത്തു നിന്നും ഇറങ്ങി വന്ന ആളെക്കണ്ട് അവൾ നടുങ്ങി. ദേവാനന്ദ് ഐ.എ.എസ് ആയിരുന്നു അത്...! 

നിലവിൽ റവന്യൂ കമ്മീഷണറാണ് അയാളെന്ന് അവൾക്കറിയാമായിരുന്നു. ബ്യുറോക്രസിയുടെ ഉയരങ്ങളിൽ വിരാജിക്കുന്ന ഒരാൾ. ഭരണചക്രം തിരിക്കുന്നവരിലെ പ്രധാനി. 

"സർ... സാറെന്താണ് ഇവിടെ?" അവൾ അമ്പരപ്പോടെ ചോദിച്ചു. നീണ്ട ഒരു ചിരിയായിരുന്നു അതിനുള്ള മറുപടി. കഴിഞ്ഞ രാത്രി ഫോണിലൂടെ കേട്ട അതേ ചിരി...!

"സാറാണോ ഇന്നലെ എന്നെ വിളിച്ചത്...?" പതറിയ സ്വരത്തിൽ അവൾ ചോദിച്ചു.

"അതേ... ഞാൻ തന്നെ." ക്രൂരമായ ഒരു മന്ദഹാസത്തോടെ അയാൾ പറഞ്ഞു. അവൾ പകപ്പോടെ അയാളെ നോക്കി.

"റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ ക്ലിപ്പുകൾ നീ ഫോർവേഡ് ചെയ്തിട്ടുണ്ടാകും. അല്ലേ? ഫോറൻസിക് പരിശോധന നടത്തി ആ ശബ്ദം ആരുടെതെന്ന് തിരിച്ചറിയാനായിരിക്കും ഡിപ്പാർട്മെന്റിന്റെ ശ്രമം. പക്ഷേ ആ ശ്രമം വിജയിക്കില്ല. പരിശോധനക്കാവശ്യമായ ഗുണനിലവാരം ഇല്ലാത്ത വിധത്തിലാണ് എന്റെ ശബ്ദം റെക്കോർഡ് ആയിട്ടുണ്ടാവുക.” അയാൾ പിന്നെയും പൊട്ടിച്ചിരിച്ചു. ആ ചിരിക്ക് മുന്നിൽ കീർത്തി നിന്ന് വിയർത്തു. താൻ തളർന്ന് വീണേക്കുമോ എന്നവൾ ഭയന്നു.

"കയറി വരൂ... ഇരിക്കൂ." അയാൾ ഉമ്മറത്തെ കസേരയിലേക്ക് കൈകാണിച്ചു കൊണ്ട് പറഞ്ഞു. മനസ്സില്ലാമനസ്സോടെ അവൾ പടികൾ കയറി ഉമ്മറത്തെത്തി. അവിടെക്കിടന്ന ചൂരൽ കസേരകളിൽ ഒന്നിലിരുന്നു. നൂറ് നൂറ് ചോദ്യങ്ങൾ അവളുടെ മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു. ദേവാനന്ദ് കീർത്തിയെ കൂട്ടിക്കൊണ്ട് വന്നവരോട് പതിഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ പറഞ്ഞു. അവർ ഉടൻ തന്നെ മടങ്ങിപ്പോവുകയും ചെയ്തു. ദേവാനന്ദ് വന്ന് കീർത്തിക്കഭിമുഖമായി കസേരയിട്ടിരുന്നു.

അയാൾ പറഞ്ഞു: "ഇതെന്റെ തറവാടാണ്. ഞാൻ ജനിച്ചു വളർന്ന വീട്."

"എന്നെയെന്തിനാണ് ഇവിടെ കൊണ്ട് വന്നിരിക്കുന്നത് സർ? നമ്മൾ തമ്മിൽ ഒരു ഇടപാടുമില്ല. ഞാൻ സാറിന് ഒരു ഉപദ്രവവും ചെയ്തിട്ടുമില്ല." അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

അയാൾ ഒരു സിഗരറ്റിനു തീ കൊളുത്തി. അയാൾ പറഞ്ഞു: "കീർത്തീ... സൂസൻ എന്ന പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ നീയും മൈക്കിളുമാണെന്ന യാഥാർഥ്യം നിങ്ങൾ രണ്ടുപേർക്കുമല്ലാതെ മറ്റൊരാൾക്ക് കൂടി അറിയാമായിരുന്നു. അന്നത്തെ കോളജ് ഹോസ്റ്റൽ സെക്യൂരിറ്റി സോമശേഖരന്. ശരിയല്ലേ?"


മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

കീർത്തി ഞെട്ടി...! അവളുടെ മുഖം ചുവന്നു. അവളാകെ ഭയന്ന് വിറക്കാൻ തുടങ്ങി. ആ കണ്ണുകളിലെ ഭയം ക്രൂരമായ ആനന്ദത്തോടെ ദേവാനന്ദ് നോക്കിക്കണ്ടു.

അയാൾ തുടർന്നു: "അറിഞ്ഞ കാര്യങ്ങൾ ഒരു കാലത്തും ആരോടും പറയരുതെന്ന് നീ പലവട്ടം ആ മനുഷ്യനോട് കരഞ്ഞു പറഞ്ഞു. നിന്റെയും മൈക്കിളിന്റെയും ഭാവി ഓർത്ത് എല്ലാം രഹസ്യമാക്കി വെക്കുമെന്ന് അദ്ദേഹം നിനക്ക് വാക്ക് തന്നു. ഇനിയെങ്കിലും ആരെയും ദ്രോഹിക്കാതെ ജീവിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. എന്നാൽ നിനക്ക് ആ മനുഷ്യനെ ഒരുതരത്തിലും വിശ്വസിക്കാനായില്ല. അദ്ദേഹമത് ആരോടെങ്കിലും പറഞ്ഞാലോ എന്നോർത്ത് നിനക്ക് ഉറക്കം നഷ്ടപ്പെട്ടു. അങ്ങനെ അയാളെ കൊല്ലാൻ നീ ശങ്കർ എന്ന് പേരുള്ള ഒരു കൊടുംകുറ്റവാളിയെ ഏർപ്പാടാക്കി. മഴയുള്ള ഒരു രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സോമശേഖരനെ, ശങ്കർ മദ്യം നൽകി മയക്കി ഹൈറേഞ്ചിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് ശങ്കർ അദ്ദേഹത്തെ അതിക്രൂരമായി വെട്ടി, ചുരത്തിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സോമശേഖരൻ ഇല്ലാതായി എന്ന ആശ്വാസത്തിൽ നീ നിന്റെ ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങി. മൈക്കിൾ മാനസികരോഗിയായി മാറുക കൂടി ചെയ്തതോടെ സൂസന്റെ ആത്മഹത്യക്ക് പിന്നിലെ യാഥാർഥ്യങ്ങൾ ഈ ഭൂലോകത്തു നിന്നും ഇല്ലാതായെന്നും, അത് നിന്നോടൊപ്പം മണ്ണടിയുമെന്നും നീ കണക്ക് കൂട്ടി. ശരിയല്ലേ..?"

അവൾ ഒന്നും പറഞ്ഞില്ല. അയാളെ ദയനീയമായി നോക്കുക മാത്രം ചെയ്തു.

"ഞാനിതൊക്കെ എങ്ങനെ അറിഞ്ഞു എന്നാണോ ചിന്തിക്കുന്നത്, നീ കൊല്ലാൻ ഏൽപ്പിച്ച സോമശേഖരന്റെ മകനാണ് ഞാൻ." 

അയാളിത് പറഞ്ഞപ്പോൾ മിഴിഞ്ഞ കണ്ണുകളോടെ അവൾ അയാളെ നോക്കി.

"സോറി സർ. അന്ന് ആ പ്രായത്തിന്റെ ഒരു എടുത്ത് ചാട്ടത്തിൽ അങ്ങനെയൊക്കെ പറ്റിപ്പോയി. ഒരു വകതിരിവുമില്ലായിരുന്നു. പിന്നീട് അതെല്ലാമോർത്ത് ഞാനൊരുപാട് ഖേദിച്ചിട്ടുണ്ട്." അവൾ ദുർബലമായ ശബ്ദത്തിൽ അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

"ശരിയാണ് കീർത്തീ. ആ പ്രായം അതായിരുന്നു. എനിക്ക് മനസ്സിലാകും. പക്ഷേ നീ ശങ്കർ എന്ന ക്രൂരമൃഗത്തെ വഴിതിരിച്ചു വിട്ടത് എന്റെ അച്ഛന്റെ നേർക്കാണ്. അത് ഞാനെങ്ങനെ സഹിക്കും? അതെനിക്ക് എങ്ങനെ വിട്ട് കളയാൻ പറ്റും?"

അയാളത് പറഞ്ഞപ്പോൾ തന്റെ ജീവിതം അവിടെ അവസാനിക്കുകയാണെന്ന് അവൾക്ക് തോന്നി. അയാളുടെ പ്രതികാരത്തിന്റെ അഗ്നിയിൽ താൻ ദഹിച്ചില്ലാതെയാകും! എല്ലാ അർത്ഥത്തിലും ശക്തനാണയാൾ. തനിക്ക് ഒന്ന് പ്രതിരോധിക്കാൻ പോലുമാകില്ല.

"എന്നെ കൊന്ന് കളഞ്ഞേക്കൂ സർ. ഒരായുസ്സിന്റെ സുഖദുഃഖങ്ങൾ ഇതിനകം അനുഭവിച്ചു കഴിഞ്ഞവളാണ്  ഞാൻ. അതുകൊണ്ട് ഞാൻ മരണത്തെ ഭയക്കുന്നില്ല." അവൾ വിതുമ്പലോടെ പറഞ്ഞു. ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് അയാൾ എഴുന്നേറ്റ് അവൾക്കടുത്തേക്ക് ചെന്നു.

"കീർത്തി കരയുകയാണോ... ഏറ്റവും കരുത്തയായ പോലീസ് ഉദ്യോഗസ്ഥ. അനേകം പോലീസ് മെഡലുകൾ കരസ്ഥമാക്കിയ അയൺ ലേഡി. ജന്മനസ്സുകളിലെ സൂപ്പർ ഹീറോയിൻ. ഇതാ ഇവിടെ ഇരുന്ന് കരയുന്നു. ഞാനിതൊന്നുമല്ല പ്രതീക്ഷിച്ചത് കേട്ടോ.." ഇതും പറഞ്ഞ് അയാൾ അവളുടെ മുഖം പിടിച്ചുയർത്തി. പിന്നെ അവളുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:

"ആ പാവം പെൺകുട്ടിയെ ചതിച്ചു കൊന്ന നീ, ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകിട്ടും അച്ഛനെ കൊല്ലാൻ ആളെ അയച്ച നീ... ആ നിനക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും ചെറിയ ശിക്ഷയാണ് മരണം. ഇത് പറഞ്ഞത് അച്ഛനാണ്. നിന്നെ കൊല്ലേണ്ടെന്നാണ് അച്ഛൻ പറയുന്നത്. സകല ദുരിതത്തോടെയും ജീവിക്കാൻ വിടാൻ. അച്ഛൻ പറയുന്നത് ഞാൻ കേൾക്കും. അനുസരണയുള്ള മകനാണ് ഞാൻ."

"അച്ഛൻ...?" അവൾ ഒരു ഞെട്ടലോടെ അയാളെ നോക്കി.

"യെസ് കീർത്തീ... ഹി ഈസ് സ്റ്റിൽ അലൈവ്...! ഫ്ലാഷ് ബാക്കുകൾ അദ്ദേഹത്തിൽ നിന്ന് തന്നെയാണ് ഞാൻ അറിഞ്ഞത്." അയാൾ അവളുടെ മുഖത്തേക്ക് പുകയൂതി വിട്ടു.

അയാൾ പറഞ്ഞത് കേട്ട് തലക്കൊരു അടിയേറ്റത് പോലെ ഇരുന്ന് പോയി അവൾ. ആ വാക്കുകൾ അത്ര പ്രഹരശേഷിയുള്ളതായിരുന്നു. അവളെ സംബന്ധിച്ചത് വളരെ അപകടകരമായ അറിവായിരുന്നു...!

(തുടരും)

English Summary:

The reality of Susan's suicide coming to light

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com