ADVERTISEMENT

അധ്യായം - ഇരുപത്

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. ഏതാണ്ട് മുക്കാൽ മണിക്കൂറിനുശേഷം മുറിയുടെ വാതിൽ തുറന്ന് മാർഗരറ്റ് പുറത്തിറങ്ങി. അവിടെ കീർത്തിയുടെ സഹപ്രവർത്തകർ അക്ഷമയോടെ നിലയുറപ്പിച്ചിരുന്നു. നിറമിഴികളോടെ അവളുടെ അമ്മയുമുണ്ടായിരുന്നു. അമ്മക്ക് മുന്നിൽ മാർഗരറ്റ് ഒരു നിമിഷം നിന്നു. വെറുതെ അവരെ നോക്കുക മാത്രം ചെയ്തു. പിന്നെ ഇടനാഴിക്കങ്ങേയറ്റത്തെ മരബെഞ്ചിൽ പോയിരുന്നു. അവർ വിയർപ്പിൽ മുങ്ങിയിരുന്നു. കിതപ്പടക്കാൻ അവർ നന്നേ പ്രയാസപ്പെട്ടു. പന്തികേട് തോന്നിയ നേഴ്‌സുമാരിലൊരാൾ മുറിയിലേക്ക് ചെന്നു. നിമിഷങ്ങൾക്കകം അവർ പരിഭ്രമത്തോടെ ഓടിവന്ന് ഡോക്ടറെ വിളിക്കാൻ ആവശ്യപ്പെട്ടു. കീർത്തിയുടെ സഹപ്രവർത്തകരിലൊരാൾ ഡോക്ടറുടെ ക്യാബിനിലേക്കോടി. ബാക്കിയുള്ളവർ എന്താണ് സംഭവിച്ചതെന്നറിയാൻ മുറിക്കുള്ളിലേക്ക് ഇരച്ചു കയറി. ആ ഇടനാഴിയേയും അവിടെ നടക്കുന്ന കോലാഹലങ്ങളെയും അവിടത്തെ അന്തരീക്ഷത്തെയുമൊക്കെ പിന്നിലാക്കി മാർഗരറ്റ് ഉറച്ച കാൽവെപ്പുകളോടെ പുറത്തേക്ക് നടന്നു. 

സകലരുടേയും ശ്രദ്ധ തെറ്റിയ നിമിഷം പോലീസ് ഡിപ്പാർട്മെന്റിനാകെ മാനക്കേടുണ്ടാക്കിക്കൊണ്ട് അവരാകുന്ന കൊലക്കേസ് പ്രതി അവിടെ നിന്നും കടന്നു കളഞ്ഞു. കെട്ടിടങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെ, ഗുജറാത്തികളുടെ തമ്പുകളുടെയും മാലിന്യക്കൂമ്പാരങ്ങളുടെയും മറപറ്റി, ആരുടേയും കണ്ണിൽപ്പെടാത്ത ഊടുവഴികളിലൂടെ, വിലങ്ങ് വെക്കപ്പെട്ട കൈകളുമായി ഓവർ ബ്രിഡ്ജിന് സമീപമുള്ള മെന്റൽ സാനിറ്റോറിയം ലക്ഷ്യമാക്കി നടന്നു. തനിക്ക് സമയം തീരെ കുറവാണെന്ന് അവർക്കറിയാമായിരുന്നു. 

മാർഗരറ്റ് തന്റെ മെലിഞ്ഞ കൈകളിലേക്ക് നോക്കി. തന്റെ കൈകളുടെ കരുത്തിൽ അവർക്ക് അഭിമാനവും അത്ഭുതവും തോന്നി. ആളും പാറാവുമില്ലാത്ത പിന്നാമ്പുറത്തൂടെ, കുറ്റിക്കാടുകളും മലിനജലമൊഴുകുന്ന തോടും പിന്നിട്ട് അരമതിൽ ചാടിക്കടന്ന് മാർഗരറ്റ് മെന്റൽ സാനിറ്റോറിയത്തിൽ പ്രവേശിച്ചു. വിറകുപുരയിൽ അവർ രാത്രിയാകാൻ കാത്തിരുന്നു. പുറത്ത് നിരത്തുകളായ നിരത്തുകളിലൂടെയെല്ലാം അവരെയും തിരഞ്ഞ് പോലീസ് വാഹനങ്ങൾ ചീറിപ്പാഞ്ഞു. 

ഈ സമയം മെഡിക്കൽ കോളജിലെ കീർത്തി സുധാകറിന്റെ മുറിയിലേക്ക് ഡോക്ടർ എത്തി അവളുടെ മരണം സ്ഥിരീകരിച്ച് മൃതദേഹം പോലീസ് നടപടികൾക്കായി വിട്ടുകൊടുത്തു.   

പാതിരാ കഴിഞ്ഞു. ലോകം ചലനമറ്റ് നിന്നു. നക്ഷത്രങ്ങളില്ലാത്ത കറുത്ത ആകാശത്തേക്ക് നോക്കി മാർഗരറ്റ് കുരിശു വരച്ചു. പിന്നെ ഇരുട്ടിന്റെ സാഗരം നീന്തിക്കടന്ന് പതിമൂന്നാം നമ്പർ സെല്ലിലേക്കെത്തി. സി.സി.ടി.വി ക്യാമറകൾ ഇല്ലാത്ത ഇടങ്ങൾ നോക്കിയാണ് അവർ അവിടേക്കെത്തിയത്. ആ സെല്ലിന്റെ പരിസരത്തേക്ക് മിഴി തുറന്നിരിക്കുന്ന ക്യാമറയുടെ ഡി.വി.ആർ സിസ്റ്റം ശബ്ദമുണ്ടാക്കാതെ അവർ കേട് വരുത്തി. മരണത്തിന്റെ മാലാഖയെപ്പോലെ അവർ അവിടെയെത്തിയത് സെല്ലിൽ കിടന്നുറങ്ങുന്ന മൈക്കിൾ എന്ന ചെറുപ്പക്കാരൻ അറിഞ്ഞില്ല. ആ സ്ഥാപനത്തിലെ രാത്രി കാവൽക്കാരോ അംഗരക്ഷകരോ അറിഞ്ഞില്ല. അവരുടെ മെലിഞ്ഞ കൈകൾ ജാലകത്തിന്റെ അഴികൾക്കുള്ളിലൂടെ മൈക്കിളിന്റെ കഴുത്തിലേക്ക് നീണ്ടു. കീർത്തി സുധാകറിന്റെ ഏറ്റു പറച്ചിലുകൾ അവരുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു: 

"ഒരൽപ്പം ഔട്ട് സ്പോക്കണായിരുന്നു സൂസൻ. ഒരുതരം ബോസി ക്യാരക്ടറായിരുന്നു അവളുടേത്. കാണാൻ തരക്കേടില്ലാത്തത് കൊണ്ട് സൗന്ദര്യമുള്ളതിന്റെ അഹങ്കാരമായിട്ടാണ് അതിനെ എല്ലാവരും കണ്ടത്. പരിചയപ്പെടൽ വേളയിലും തുടർന്നുമൊക്കെ എനിക്കും അങ്ങനെ തോന്നി. ഞങ്ങളുടെ രണ്ട് വർഷം ജൂനിയറായിരുന്നു സൂസൻ. റാഗ് ചെയ്തു, കമന്റടിച്ചു എന്നൊക്കെയുള്ള പരാതികൾ നിരന്തരം ആ കുട്ടി ഞങ്ങൾ സീനിയേഴ്സിനെതിരെ ഫയൽ ചെയ്ത് കൊണ്ടിരുന്നു. ഒരു കാമ്പസാകുമ്പോൾ റാഗിങ്ങും കമന്റടിയുമൊക്കെ സാധാരണമാണ്. അതിലൊന്നും ഒരു തകരാറുമില്ല. അതിരു വിടാതിരുന്നാൽ മതി. അതിനെയൊക്കെ പോസിറ്റിവായി കണ്ടാൽ പ്രയോജനങ്ങൾ ഒരുപാടുണ്ട് താനും. ഇതൊക്കെ ഞങ്ങൾ അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ ആ തലയിലേക്കൊന്നും കയറിയില്ല. അവൾ കൂടുതൽ അപകടകാരിയായി." 

"അവളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സസ്‌പെൻഷനും ഡിസ്മിസലുമൊക്കെ ചെയ്യപ്പെട്ടവർ നിരവധിയാണ്. അതിലൊരാളായിരുന്നു മൈക്കിൾ. മുഹാജിറിനേക്കാൾ എനിക്ക് അടുപ്പം അവനോടായിരുന്നു. ഡിസ്മിസ് ചെയ്യപ്പെട്ട് സ്വഭാവ സർട്ടിഫിക്കറ്റിൽ ചുവപ്പ് മഷി വീണ് പുറത്ത് പോകേണ്ടി വന്ന അന്ന് അവൻ എന്റെ ചെവിയിൽ മന്ത്രിച്ചത്‌ 'എന്നെങ്കിലുമൊരിക്കൽ ഞാൻ അവളോട് പകരം ചോദിക്കും' എന്നായിരുന്നു. അങ്ങനെയെങ്കിൽ അതിന് എല്ലാ പിന്തുണയും നൽകി കൂടെയുണ്ടാകുമെന്ന് ഞാനവന് ഉറപ്പ് നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും സൂസൻ ചെയ്ത ദ്രോഹങ്ങൾ ആരും മറന്നില്ല. എന്റെയും മൈക്കിളിന്റെയുമൊക്കെ മനസ്സിൽ അവളോടുള്ള പകയുടെയും വെറുപ്പിന്റെയും നെരിപ്പോടെരിഞ്ഞുകൊണ്ടിരുന്നു. ഒരവസരത്തിനായി ഞങ്ങൾ അക്ഷമയോടെ കാത്തിരുന്നു."

"അങ്ങനെയിരിക്കുമ്പോഴാണ് ഒരു വൈകുന്നേരം സൂസൻ എന്നെ സമീപിക്കുന്നതും മുഹാജിറിനോടുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്ന് പറയുന്നതും. അവനോട് നേരിട്ടതവതരിപ്പിക്കാൻ അവൾക്ക് ധൈര്യം പോരായിരുന്നു. അവന്റെ അടുത്ത കൂട്ടുകാരിയാണ് ഞാനെന്നതിനാലായിരുന്നു അത് പറയാൻ അവൾ എന്നെ തിരഞ്ഞെടുത്തത്. എന്റെ മനസ്സിലൊരു സ്പാർക്കുണ്ടായി. അതേ സ്പാർക്ക് മൈക്കിളിനുമുണ്ടായി. ഒട്ടും താമസിയാതെ ഞങ്ങൾ രണ്ടുപേരും ചേർന്ന് ഒരു തിരക്കഥ ഒരുക്കി. വഞ്ചനയുടെ തിരക്കഥ. പകപോക്കലിന്റെ ക്രൂരമായ തിരക്കഥ. തന്റെ ഭാവി തകർത്ത അവളെ വല്ലാതങ്ങ് തോൽപ്പിച്ച് കളയണമെന്ന വാശിയിലായിരുന്നു എന്റെ ചങ്ങാതി."

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

"മുഹാജിറിനോട് മനസ്സിൽ ക്ഷമ ചോദിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളുടെ ഗെയിം സെറ്റാക്കി. അവളുടെ ഇഷ്ടത്തെക്കുറിച്ച് ഞാൻ മുഹാജിറിനോട് പറഞ്ഞില്ല. എന്നാൽ അവൻ പ്രണയാഭ്യർത്ഥന സ്വീകരിച്ചു എന്ന് അവളെ പറഞ്ഞ് വിശ്വസിപ്പിച്ചു. മുഹാജിറിന്റേത് എന്ന് പറഞ്ഞ് മൈക്കിളിന്റെ അധികമാർക്കും അറിയാത്ത ഒരു പേഴ്സണൽ മൊബൈൽ നമ്പർ അവൾക്ക് നൽകി. മുഹാജിർ എന്ന വ്യാജേന മൈക്കിൾ അവളെ ഫോണിൽ വിളിക്കൽ പതിവാക്കി. അവൾക്ക് ഒരു സംശയവും തോന്നാത്ത തരത്തിൽ അതിസമർത്ഥമായി മുഹാജിറിന്റെ ശബ്ദം അനുകരിക്കാൻ മൈക്കിളിന് സാധിച്ചു. പ്രതികാരദാഹിയായ അവൻ നല്ലൊരു അഭിനയതാവാണ് എന്നതിൽ എനിക്കഭിമാനം തോന്നി. അവന്റെ ഹ്യൂമർ സെൻസും വാക്ചാതുരിയും അപാരമായിരുന്നു. അവന്റെ മധുരഭാഷണങ്ങളിൽ അവൾ സ്വയം മറക്കാൻ തുടങ്ങി. മുഹാജിർ വിദ്യാർത്ഥി നേതാവൊക്കെ ആയതിനാൽ ഒരു പ്രണയമുണ്ടെന്ന കാര്യം കാമ്പസിൽ പാട്ടായാൽ അത് പലകാര്യങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ കാമ്പസിൽ വെച്ച് കണ്ട ഭാവം പോലും നടിക്കരുതെന്നും എല്ലാം തൽക്കാലം ഫോണിലൂടെ മതിയെന്നും ആദ്യം തന്നെ അവൻ അവളെ പറഞ്ഞ് ധരിപ്പിച്ചിരുന്നു."

"വാട്സാപ്പിലെ ഡി.പിയെയും, വീഡിയോ കോളിനെയുമൊക്കെ അവൻ സമർത്ഥമായി അകറ്റി നിർത്തി. രാത്രി മുഹാജിർ എന്ന് കരുതി മൈക്കിളുമായി സല്ലപിക്കുന്ന സൂസൻ പകൽ കാമ്പസിൽ മുഹാജിറിനെ നിഗൂഢ സ്മേരത്തോടെ ഒളികണ്ണാൽ നോക്കി. ഒന്നുമറിയാതെ മുഹാജിർ തന്റെ മനോഹരമായ വിദ്യാർത്ഥി ജീവിതം കൊണ്ടാടിക്കൊണ്ടിരുന്നു. ഒടുവിൽ ആ ഘട്ടമെത്തി. അവൻ പറയുന്നതെന്തും അവൾ ചെയ്യുമെന്ന ഘട്ടം. ഏത് പ്രണയത്തിനുമുണ്ടാകുമല്ലോ അത്തരമൊരു ഘട്ടം. ഞങ്ങൾ കാത്തിരുന്നതും അത്തരമൊരു ഘട്ടത്തിന് വേണ്ടിയാണ്. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്ന് ഒരിക്കലെങ്കിലും ഒന്നിക്കണമെന്ന മോഹം അവൻ അവളെ അറിയിച്ചു. അത് തള്ളിക്കളയാൻ അവൾക്കാകുമായിരുന്നില്ല. അവളും അത്രമേൽ അതാഗ്രഹിച്ചിട്ടുണ്ടാകാം."

(തുടരും)

English Summary:

Charamakolangalude Vyakaranam E-novel Manorama Online - episode 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com