അമ്മ മരിച്ചു, അച്ഛനെ കാണാനില്ല; തറവാട്ടിൽ ഒറ്റയ്ക്കായിപ്പോയ ചിരുതയ്ക്ക് എന്ത് സംഭവിച്ചു?
Mail This Article
അധ്യായം: പത്ത്
ചിരുതമാനസ കർത്താവ് ശ്രീകണ്ഠൻ ആളൊരു രസികൻ തന്നെ. ചിരുതയെയും ചെമ്പനെയും ഒരുമിപ്പിക്കാൻ എന്തെല്ലാം കഥകളും ഉപകഥകളുമാണ് എഴുതി കൂട്ടിയത്. തുരുത്തി കാടിന് തീ കൊളുത്തിയെന്നു പോകട്ടെ; ബോധരഹിതയായി വീണ ജാനുവമ്മ പിന്നെ ജീവിതത്തിലോട്ട് മടങ്ങി വന്നില്ല എന്നുവരെ എഴുതിക്കളഞ്ഞില്ലേ? അതോർത്തപ്പോൾ കാർത്തികയ്ക്ക് ഉള്ളിൽ ചിരി പൊട്ടി. അത്രയ്ക്കങ്ങ് വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ. വിശാലമായ ചേമം ചേരി പാടത്തിനരികിലൂടെയുള്ള നാട്ടുപാതയിലൂടെ കുതിരവണ്ടി കുലുങ്ങി കുലുങ്ങി പതുക്കെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഉച്ചകഴിഞ്ഞ് ചാഞ്ഞ സൂര്യരശ്മികൾ ഇടയ്ക്കിടെ തെങ്ങോലകൾക്കിടയിലൂടെ പതുങ്ങി വന്ന് വണ്ടിക്കകത്തു കയറി കാർത്തികയുടെ മൃദുവാർന്ന കൈകളെ ചൂട് പിടിപ്പിച്ചു.
അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ പൂക്കാട് കടന്നു കിട്ടിയതിന്റെ ആശ്വാസവും ആഹ്ലാദവും മൂത്തേടത്തിന്റെ മുഖത്തുണ്ടായിരുന്നു. ചാത്തുക്കുട്ടി കാടിനുള്ളിൽ എത്തിയതിന്റെ യാതൊരു ലക്ഷണങ്ങളും എവിടെയും കണ്ടില്ല. ചിലപ്പോൾ തെറ്റായ വിവരമായിരിക്കാം സുരക്ഷാഭടന്മാർക്ക് ലഭിച്ചത്. പൂക്കാട് കടന്നയുടനെ കുഞ്ഞിച്ചോയിയുടെ കോൽക്കാർ തിരികെ പോയിരുന്നു. എലത്തൂർ കളത്തിലെ അയിത്തജാതിക്കാർ എവിടെപ്പോയി? കാടിന്റെ മധ്യഭാഗം വരെ പിന്നിലായി അവരുണ്ടായിരുന്നു. പിന്നീടെപ്പോഴോ അവരുടെ കോലാഹലങ്ങൾ കേൾക്കാതെയായി. വഴി തെറ്റി പോയതായിരിക്കുമോ? എന്തായാലും അവർ പിന്നിലുണ്ടെന്നുള്ളത് ഒരാശ്വാസമായിരുന്നു. ഇനിയൊരു രണ്ടര നാഴികകൊണ്ട് പന്തലായനിയിലെത്തും.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരമാണ് പന്തലായനി. റോം, ചീന, ഈജിപ്ത്, അറേബ്യ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളില്‍നിന്നും ഒട്ടനവധി കപ്പലുകൾ ഓരോ ദിവസവും വന്നടുക്കുന്ന നഗരം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനനിബിഡമായ ഒരു നഗരം മാത്രമേ കോഴിക്കോട് രാജ്യത്തുള്ളു. അതാണ് പന്തലായനി. തുറമുഖത്തേക്ക് കടക്കാതെ അരയന്‍ കാവ് വഴി യാത്ര തുടരുന്നതാണ് നല്ലത്. കാവിനടുത്തുള്ള നാൽക്കവലയിൽ അൽപം വിശ്രമിച്ചിട്ട് യാത്ര തുടരാം. എങ്ങനെയായാലും സൂര്യാസ്തമയത്തിന് മുമ്പ് ചെമ്പനേഴിയിലെത്തും.
പയ്യോളിക്കവലയിൽ എത്തിയാൽ കൂട്ടിക്കൊണ്ടുപോകാൻ ആളെ അയക്കാമെന്ന് ചെമ്പനേഴി മനയിൽ നിന്ന് അറിയിച്ചിട്ടുണ്ട്. മൂത്തേടം തിരിഞ്ഞ് കുതിരവണ്ടിക്കകത്തേക്ക് നോക്കി. സുഭദ്ര തമ്പുരാട്ടി കിളിവാതിലിലൂടെ പുറംകാഴ്ചകൾ ആസ്വദിച്ചിരിക്കുകയാണ്. കാർത്തികയുടെ കടിയേറ്റ വലതുകാൽ പാദം മുതൽ മുട്ടുവരെ നീലനിറമായിരിക്കുന്നു. "പാവം കുട്ടി." സങ്കടത്തോടെ മൂത്തേടം അവളുടെ മുഖത്തേക്ക് നോക്കി. കണ്ണടച്ച് ദിവാസ്വപ്നത്തിലായിരുന്ന കാർത്തികയുടെ ചുണ്ടിൽ ഒരു പുഞ്ചിരി പതുക്കെ വിടർന്നു നിൽക്കുന്നുണ്ടായിരുന്നു. അമ്മ മരിച്ച് തറവാട്ടിൽ ഒറ്റയ്ക്കായിപ്പോയ ചിരുതയ്ക്ക് എന്ത് സംഭവിച്ചു? ചന്ദ്രവിമുഖി അന്വേഷിച്ച് കാടേറിപ്പോയ ചെക്കോട്ടി വൈദ്യർക്കും കോരനും കാട്ടുതീയിൽ അപായം പറ്റിയോ? അതോ അവർ തിരിച്ച് തറവാട്ടിലെത്തിയോ? കാർത്തികയുടെ മനസ്സ് വീണ്ടും "ചിരുതമാനസ"ത്തിൽ ഒഴുകി നടന്നു.
അമ്മ മരിച്ച് മൂന്നാം ദിനം മുതൽ എല്ലാ വൈകുന്നേരങ്ങളിലും ചിരുത തുരുത്തി പാടത്ത് പോയിരിക്കും. കാട്ടുതീയിൽ കരിഞ്ഞുണങ്ങി അസ്ഥിപഞ്ജരമായി മാറിയ തുരുത്തിക്കാടിനുള്ളിലേക്ക് പ്രതീക്ഷയോടെ നോക്കിയിരിക്കും. അസ്തമയ സൂര്യന്റെ ചുവന്ന രശ്മികൾ പാലോറ മലയെ ചെങ്കനലാക്കുമ്പോഴാണ് അവൾ തിരിച്ച് വീട്ടിലേക്ക് നടക്കുക. കാട്ടുതീയുടെ സൂചന കിട്ടിയ അച്ഛനും കോരനും രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ വഴി തെറ്റി സഞ്ചരിച്ച് കിഴക്കൻ മലനിരകളിലെ കൊടും കാടുകളിലെവിടെയോ എത്തിച്ചേർന്നിട്ടുണ്ടാകുമെന്നാണ് ചിരുതയുടെ ഉറച്ച വിശ്വാസം. മൂന്നോ നാലോ ദിവസത്തിനുള്ളിൽ അവർ തിരിച്ചു വരും.
"കാടിനുള്ളിൽ ഏട്യയെങ്കിലും രണ്ടാളെ കണ്ട്നോ?" കാട്ടുതീയിൽ പരിക്കേറ്റ മൃഗങ്ങളെ വേട്ടയാടി പിടിക്കാനും ചത്തുപോയ മൃഗങ്ങളുടെ എല്ലും കൊമ്പും ശേഖരിക്കാനും കാടേറി തിരിച്ചു വരുന്ന കിടാത്തന്മാരെ കാണുമ്പോൾ ചിരുത ജിജ്ഞാസയോടെ ചോദിക്കും. കിടാത്തന്മാർ നിഷേധാർഥത്തിൽ തലയാട്ടുമ്പോൾ ചിരുതയ്ക്ക് കരച്ചിൽ വരും. തുരുത്തി കാടിനുള്ളില്‍ പുതുനാമ്പുകൾ വളർന്നു പൊങ്ങി. എത്ര പെട്ടെന്നാണ് പച്ചില മേലാപ്പു തുന്നി തുരുത്തി കാട് പഴയതിലും സുന്ദരിയായത്!
ഒരു വൈകുന്നേരം തുരുത്തി പാടത്തെ പച്ച പുൽപാടത്ത് പാറിക്കളിക്കുന്ന കിളികളെയും അണ്ണാറക്കണ്ണന്മാരുടെ കുസൃതിയും നോക്കിയിരിക്കുകയായിരുന്നു ചിരുത. കുറച്ചു ദിവസത്തെ പരിചയം കൊണ്ടായിരിക്കാം കിളികൾക്കും അണ്ണാറക്കണ്ണന്മാർക്കും ചിരുതയെ പേടിയില്ലാത്തത്. അവളുടെ കൈയ്യെത്തുംദൂരത്ത് വരെ കൊത്തി പെറുക്കി കിളികൾവന്നു ചേരും. പതുക്കെ നടന്നും നിന്നും വാലിട്ടിളക്കിയും അവളുടെ നീട്ടിവെച്ച കാൽപാദത്തിനടുത്തു വരെ അണ്ണാറക്കണ്ണന്മാർ വരും. ചിലപ്പോൾ മൃദുവാർന്ന അവളുടെ കാൽവിരലുകളിൽ തൊട്ടുരുമ്മും. അവൾ കാലൊന്ന് ഇളക്കിയാൽ പേടിച്ചകന്ന് വാലിളക്കി ചിലച്ചുകൊണ്ടിരിക്കും.
കോലോത്തെ പാടത്തു നിന്നും വീശി വന്ന കുളിർന്ന കാറ്റിൽ മടിയിലേക്ക് വാരിയിട്ട മുട്ടോളമെത്തുന്ന മുടി പാറി പറന്നു. മുടി മുഴുവൻ വാരിചുറ്റി കഴുത്തിന് പിന്നിൽ വലിയൊരുണ്ട പോലെ കെട്ടിവെയ്ക്കുമ്പോഴാണ് "ചിരുതേ" എന്നൊരു വിളി കാറ്റിലലിഞ്ഞു വന്നത്. അവൾ ആകാംക്ഷയോടെ തിരിഞ്ഞു നോക്കി.
(തുടരും)