ADVERTISEMENT

പുലരിയുണരും മുന്‍പേ മീര ശുചീന്ദ്രത്തെത്തിയിരുന്നു. ഹോട്ടല്‍മുറിയില്‍ ചെന്നുകയറുമ്പേള്‍ കഠിനമായ തലവേദനയനുഭവപ്പെട്ടെങ്കിലും കാര്യമാക്കാതെ കുളികഴിഞ്ഞ് അവള്‍ ക്ഷേത്രവീഥിയിലേക്കിറങ്ങി. ഇരുവശവും കല്ലുകളില്‍ മനോഹരകാവ്യം കൊത്തിവച്ചിരിക്കുന്ന നടപ്പാതയില്‍ക്കൂടി നടക്കുമ്പോഴും ദേവപ്രതിഷ്ഠകള്‍ക്കുമുന്‍പില്‍ കൈകൂപ്പി നില്‍ക്കുമ്പോഴും അവളുടെ ആത്മാവ് പിടച്ചു. തട്ടുമ്പോഴൊക്കെ സപ്തസ്വരങ്ങള്‍ മുഴക്കുന്ന കല്‍ത്തൂണുകളുള്ള തളത്തിലിരിക്കുമ്പോള്‍ ചിതറിത്തെറിച്ച രക്തത്തുള്ളികളുടെ ഗന്ധം അവളെ അസ്വസ്ഥയാക്കിയിരുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ മുക്തിതേടിയെത്തുന്ന മനുഷ്യരുടെ തിരക്ക് അധികമായപ്പോള്‍ മീര നടപ്പാതയിലെ ഒഴിഞ്ഞ കോണിലേക്ക് പലായനം ചെയ്തു. ലളിതാസഹസ്രനാമമുരുവിട്ട് കല്‍ത്തൂണില്‍ ചാരിയിരിക്കുമ്പോള്‍ അവള്‍ക്ക് സൂര്യഗായത്രിയെ ഓര്‍മ്മവന്നു. നാല് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതേയിടത്തില്‍വച്ച് തകര്‍ന്നുവീണ കുടുംബത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ക്ഷണിക്കാത്ത അതിഥിയെപ്പോലെ മിഴിനീര്‍ വന്നെത്തിനോക്കി.

'അദ്ദേഹം ' അറിയപ്പെടുന്നൊരു രാഷ്ട്രീയ നേതാവ്. വ്യക്തമായ നിലപാടുകളും ഉറച്ച രാഷ്ട്രീയവിശ്വാസങ്ങളും ഉള്ളതുകൊണ്ടുതന്നെ എണ്ണമറ്റ ശത്രുക്കളെ സമ്പാദിച്ച മനുഷ്യന്‍. പതിനാല് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ കലഹിച്ചതും സ്നേഹിച്ചതും പതിനാല് ജന്മത്തിലെ ഓര്‍മ്മകള്‍പോലെ മീരയുടെ ഉള്ളിലുറഞ്ഞ് കിടക്കുന്നുണ്ട്. മറ്റൊരാള്‍ക്ക് നല്‍കിയതുകൊണ്ടുമാത്രം നഷ്ടമായിപ്പോയ പ്രണയത്തിന്‍റെ ചവര്‍ക്കുന്ന രുചിയുമായി അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് ഇഷ്ടമില്ലാതെ കയറിച്ചെന്ന ഇരുപത്തിരണ്ടുകാരിയോട് അദ്ദേഹം ചിലപ്പോഴൊക്കെ അച്ഛനെപ്പോലെ കര്‍ക്കശക്കാരനായും അമ്മയെപ്പോലെ വാത്സല്യത്തോടും കാമുകനെപ്പോലെ പ്രേമത്തോടും പെരുമാറി. തെറ്റുകള്‍ക്കുനേരേ ശാസനസ്വരമുയര്‍ത്തുമ്പോള്‍ ഉറങ്ങാതെ തേങ്ങിയ രാത്രികളില്‍ തൊട്ടടുത്തിരുന്ന് നെല്ലും പതിരും വേര്‍തിരിച്ച് ഇനി ആവര്‍ത്തിക്കാതെയിരുന്നാല്‍ മതിയെന്ന് ആശ്വസിപ്പിച്ചു. 

രാഷ്ട്രീയക്കുപ്പായമൂരിവച്ച് രക്ഷപ്പെടണമെന്ന് ആവര്‍ത്തിച്ച് ഉച്ചരിച്ചുകൊണ്ട് ഊണ്‍തളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും ഒടുവില്‍ അത് ചെയ്യാതിരിക്കാനുള്ള കാരണം കണ്ടെത്തുകയും ചെയ്തു. മഴയിലും വെയിലിലും പ്രസ്ഥാനത്തിനുവേണ്ടി സന്ധിയില്ലാതെ സമരം ചെയ്തു. മകളുടെ മുന്‍പില്‍ മാത്രം പല്ലും നഖവും കൊഴിഞ്ഞ സിംഹത്തെപ്പോലെ അനുസരണക്കുട്ടിയായി. കാലം മരണത്തിന്‍റെ കണക്കുകള്‍ കൂട്ടിയെഴുതിയ ചതുരംഗപലകയിലേക്ക് മത്സരത്തിനിറങ്ങിയ രണ്ടുമനുഷ്യര്‍ തോറ്റുപോകുകയും മറ്റൊരാള്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുകയും ചെയ്ത ആ ദിവസം ഓര്‍മ്മകളുടെ കയര്‍ക്കുരുക്കില്‍ തൂങ്ങിക്കിടന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി. അപ്രതീക്ഷിതമായ രാഷ്ട്രീയ അപടകടങ്ങളെക്കുറിച്ച് തീര്‍ത്തും ബോധവാനായിരുന്ന ഒരു മനുഷ്യന്‍ അംഗരക്ഷകരെപ്പോലും ഒഴിവാക്കി തങ്ങളോടൊപ്പം സ്ഥാണുമലയപ്പെരുമാളുടെ സന്നിധിയിലേക്ക് വന്നതെന്തിനായിരുന്നെന്നൊരു ചിന്ത മീരയുടെ ഹൃദയത്തില്‍ മൂര്‍ച്ചയോടെ പതിച്ചു.

കല്ലുകളിലെ കരവിരുത് കണ്ട് കൗതുകം തുളുമ്പി അച്ഛന്‍റെ കഥകളുടെ അക്ഷയഖനിയില്‍ മതിമറന്ന് ക്ഷേത്രപാതയില്‍ സൂര്യഗായത്രി ഒഴുകിനടന്നു. കല്‍ത്തൂണിന്‍റെ മറവിലിരുന്ന് ശുദ്ധസംഗീതത്തിന്‍റെ ഇഴയടുപ്പത്തില്‍ ആരോ ലളിതാസഹസ്രമനാമം ചൊല്ലുന്നത് കേട്ട് മീര അൽപനേരം അവിടെ നിന്നു. ആടയാഭരണങ്ങള്‍കൊണ്ട് തെലുങ്കുദേശക്കാരിയെന്ന് തോന്നിക്കുന്ന സ്ത്രീയുടെ സ്വരശുദ്ധിയില്‍ അങ്ങനെ അലിഞ്ഞുനില്‍ക്കുമ്പോഴാണ് കാതടപ്പിക്കുന്ന ഒച്ചയും അമ്മേയെന്നുള്ള നിലവിളിയും കേട്ടത്. പരിഭ്രാന്തരായ ആളുകള്‍ നാനാവഴിക്ക് ചിതറിയോടുന്നതിനിടയില്‍ മകളെ ചേര്‍ത്തുപിടിച്ച് മീരയ്ക്കുനേരേ കൈനീട്ടിക്കൊണ്ട് അദ്ദേഹം മരണത്തിലേക്ക് നിലതെറ്റിവീണു. 

സംഭവിച്ചതെന്തെന്നറിയാതെ മീര അൽപനേരം സ്തബ്ധയായി നിന്നു. പക്ഷേ മകളുടെ നിലവിളി കാതിലേക്ക് വിലാപഗീതംപോലെ തല്ലിയലച്ചപ്പോള്‍ അമിതമായ ഭാരമനുഭവപ്പെട്ട കാലുകള്‍ വലിച്ചുവച്ച് മീര അവള്‍ക്കടുത്തേക്ക് നടന്നു, അല്ല ഓടി. യുഗങ്ങളോളം നടന്നിട്ടും തീരാത്ത ദൂരം. ചുടുചോരയുടെ ഗന്ധത്തിലേക്ക്, പശിമയിലേക്ക് തളര്‍ന്നിരുന്ന് മകളെ വാരി നെഞ്ചോടുചേര്‍ക്കുമ്പോള്‍ അവള്‍ കഠിനമായ പനിയിലെന്നപോലെ മൂളുകയും ഞരങ്ങുകയും ചെയ്തു. രക്തത്തുളകള്‍ വീണ അദ്ദേഹത്തിന്‍റെ ശരീരം. കഴുത്തുമുതല്‍ താഴേയ്ക്ക് ദയയില്ലാതെ രൂപപ്പെട്ട രക്തക്കുഴികള്‍. ബോധത്തിന്‍റെ നൂല്‍പ്പാലംപൊട്ടി അബോധത്തിന്‍റെ വഴുക്കലുകളുള്ള പാറയിലേക്ക് വീണ് നൂറായിരം കഷണങ്ങളായി ചിന്നിച്ചിതറിയതുപോലെയൊരനുഭവമായിരുന്നു പിന്നീടുണ്ടായത്. ആരൊക്കെയോ ഒച്ചയുണ്ടാക്കുന്നു. ഓടിവരുന്നു, പിന്നെയും പിന്നെയും എന്തൊക്കെയോ സംഭവിക്കുന്നു.

ആഴമളക്കാന്‍ കഴിയാത്തൊരു കുഴിയിലേക്ക് വീണുപോകുന്നതുപോലെ തോന്നിയതിന്‍റെ അങ്കലാപ്പിലാണ് മീര നിലവിളിച്ചതും കണ്ണുതുറന്നതും അപ്പോള്‍ ശുചീന്ദ്രം ക്ഷേത്രവും അവിടെ തളംകെട്ടിയ രക്തവും കണ്‍മുന്‍പില്‍ വീണ്ടും ഭീകരരൂപം പൂണ്ടു. ഊരും പേരും ഭാഷയും മറന്നുപോയവളോട് പൊലീസും ഡോക്ടറുമൊക്കെ വിവരങ്ങളന്വേഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ ആ കൂട്ടത്തിലുമുണ്ടായിരുന്നതിനാലാകും അനുതാപവും സഹതാപവും കൊണ്ട് അവര്‍ മീരയെ പൊതിഞ്ഞത്. അദ്ദേഹം ഭാഗ്യവാനായിരുന്നു. ബുള്ളറ്റുകള്‍ അധികം വേദനിപ്പിക്കാതെ അദ്ദേഹത്തെ മരണത്തിലേക്ക് തൂക്കിയെടുത്ത് പറന്നു. പക്ഷേ മകള്‍.. പതിനൊന്നുദിവസം ആയിരം ഗരുഡന്‍കൊളുത്തുകള്‍ മാംസത്തില്‍ തുളച്ചുകയറുന്നതിന്‍റെ വേദനയനുഭവിച്ച് തകര്‍ന്ന വാരിയെല്ലുകളും തുളവീണ വലതുകരവുമായി ജീവിതവും മരണവും ദയകാണിക്കാതെ പീഡിപ്പിച്ച ഒരു പാവം കുഞ്ഞ്. 

ഗര്‍ഭകാലംമുതല്‍ ഉടല്‍സ്പര്‍ശവും ഉയിര്‍താളവുമായവള്‍. കൊഞ്ചിക്കുഴഞ്ഞും വാശികാണിച്ചും ജീവിതത്തിന്‍റെ പടവുകള്‍ പിടിച്ചുകയറ്റിയവള്‍. പെണ്ണത്തത്തിന്‍റെ ചുവപ്പില്‍ ഭയന്നുവിറച്ച് പനിപിടിച്ച് അമ്മയുടെ മാറിടത്തിന്‍റെ ഭൂമിത്തണുപ്പന്വേഷിച്ചവള്‍. നേരത്തിന്‍റെ ചില്ലകളില്‍ പാട്ടിന്‍റെ കൂടൊരുക്കി അമ്മത്തൂവലിന്‍റെ മിനുപ്പ് പകര്‍ന്നെടുത്തവള്‍. ഹൃദയമിടിപ്പിന്‍റെ താളമളന്ന് അമ്മയ്ക്ക് സങ്കടമോ സന്തോഷമോ എന്ന് കൃത്യമായി പറഞ്ഞവള്‍. ജീവനുവേണ്ടി പോരാടിക്കൊണ്ട് കണ്‍മുന്നില്‍ കിടന്നു പിടയ്ക്കുന്നത് കണ്ടുകൊണ്ടുനില്‍ക്കേണ്ടിവന്ന ഹതഭാഗ്യനേരങ്ങള്‍. അദ്ദേഹത്തിനെപ്പോലെ പ്രായത്തില്‍കവിഞ്ഞ പക്വതയായിരുന്നു മകള്‍ക്കും. തകര്‍ന്നുപോയ വാരിയെല്ലുകളും ഉടഞ്ഞുചിതറിയ മാംസവുമായി വേദനമുറ്റുന്ന കണ്ണുകള്‍ വലിച്ചുതുറന്ന് അവസാനമായൊരു നോട്ടം മീരയ്ക്ക് നല്‍കി അവള്‍ പോയപ്പോള്‍ സത്യത്തില്‍ ആശ്വാസം തോന്നി. തിരിവറ്റി, സന്തോഷവും കെട്ട് വേദനിച്ച് വേദനിച്ച് നൂലുപോലായിപ്പോയ കുഞ്ഞും അവളുടെ അച്ഛനും മണ്‍കുടങ്ങളില്‍ ചാമ്പലായി മാറിയതിനുശേഷമുള്ള നാളുകള്‍.

ഒറ്റപ്പെടലിന്‍റെ ഭീകരത, ബന്ധമറ്റുപോയ വാക്കും പ്രവൃത്തിയും, താളംതെറ്റിയ ദിനചര്യകള്‍, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകള്‍. ആളുകളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ഒച്ചകള്‍ക്കൊക്കെ ഭയപ്പെട്ട് ഡിപ്രഷന്‍റെ പരകോടിയിലേക്കെത്തിയ നിമിഷങ്ങള്‍. പ്രാര്‍ഥനകളില്ലാതെ, പ്രതീക്ഷകളില്ലാതെ, മരണത്തിന്‍റെ വക്കോളമെത്തിയ, ഉറക്കം നശിച്ച രാത്രികള്‍. ആകെയുള്ള ഒരു മകള്‍ ഭ്രാന്തിയായി മാറിക്കൊണ്ടിരിക്കുന്നതിന്‍റെ മനോവേദനയില്‍ ഉരുകിയുരുകി മരിച്ച അമ്മ. മരണങ്ങളുടെ ഘോഷയാത്രയില്‍ അമ്പേ തളര്‍ന്നുനിന്നപ്പോള്‍ ആശ്വാസംപോലെ ലഭിച്ച ഡോ. വൃന്ദയുടെ കൗണ്‍സിലിംഗുകള്‍, മരുന്ന്, തിരികെയെത്തിയ ഉറക്കം, പ്രാര്‍ഥനകള്‍. 

കരുത്തിനുവേണ്ടി അഭയംപ്രാപിച്ച ലളിതാദേവിയുടെ കരുണ. മീരയില്‍ വേദനമുറ്റുമ്പോളൊക്കെ അവള്‍ തളകിലുക്കിക്കൊണ്ട് പൂജാമുറിയില്‍നിന്നിറങ്ങിവന്ന് ഉടലിലേക്ക് അമ്മയെപ്പോലെ മീരയെ ചേര്‍ത്തണച്ചു. ആ തിരുവയറില്‍ മുഖമമര്‍ത്തി തേങ്ങി തേങ്ങി ആശ്വാസം തേടുമ്പോള്‍ നെറ്റിയില്‍ മുകര്‍ന്നു. സൂര്യചന്ദ്രന്മാരൊത്തുവാഴുന്ന നാസാഭരണം കാട്ടി കൊതിപ്പിച്ചു. യാത്രകളില്‍ കൂടെവന്നു. സ്കൂള്‍ വിട്ടുവന്നാലുടന്‍ വിശേഷങ്ങള്‍ തിരക്കുന്ന അമ്മയെപ്പോലെ അവള്‍ ദിനവും മീരയെ കാത്തിരുന്നു. കുഞ്ഞുകുഞ്ഞുകാര്യങ്ങള്‍പോലും മൂളിക്കേട്ട്, ഒന്നും മിണ്ടാതെ ചിലനേരത്ത് അപ്രത്യക്ഷയായി. തിരിച്ചുവരുമ്പോള്‍ പരിഭവിച്ചിരുന്ന മീരയെ പുഞ്ചിരിയുടെ തേന്‍കുഴമ്പിലേക്ക് തള്ളിയിട്ട് മയക്കി, നിന്നെ വിട്ട് ഞാനെവിടെയും പോകില്ല കുട്ടീ.. എന്ന് തലയില്‍ തഴുകി ആശ്വസിപ്പിച്ചു. സന്ധ്യകളില്‍ മീരയോടൊത്തിരുന്ന് മഴയാസ്വദിച്ചു. താലപ്രമാണത്തിന്‍റെ അളവുകള്‍ കൃത്യമായി പറഞ്ഞുകൊടുത്ത് ജീവിതത്തെ പുതുക്കി വരച്ചു. ഉണര്‍ന്നിട്ടും കിടക്കവിട്ടെഴുന്നേല്‍ക്കാതെ മടിച്ചുകിടക്കുമ്പോള്‍ കാറ്റുപോലെ വന്ന് കവിളില്‍ ഉമ്മവച്ചു. ചുവടുകള്‍ ഇടറാതെ നടന്നുതുടങ്ങിയപ്പോള്‍ പൂജാമുറിയിലേക്ക് തിരികെ പ്രവേശിച്ചു. ഇടയ്ക്കെപ്പോഴെങ്കിലും ചിന്തകള്‍ വഴിവിട്ട് സഞ്ചരിച്ചാല്‍ "കുഞ്ഞേ" എന്ന് ശാസനാസ്വരത്തില്‍ നീട്ടിവിളിച്ചു.

മരണത്തിന്‍റെ കോണിപ്പടിയില്‍നിന്നും നിലനില്‍പ്പിന്‍റെ കൈവരികളിലേക്ക് പച്ചനൂലുപോലെ ജീവിതം പടര്‍ന്നുകയറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു ദിവസം മീരയെ അന്വേഷിച്ച് പോസ്റ്റുമാനെത്തിയത്. കവറിലെ കൈപ്പട കണ്ടപ്പോള്‍ അയ്യപ്പന്‍റെ കവിതകളുടെ താളം അലയടിക്കുന്ന കാലത്തിന്‍റെ തീരത്ത് നില്‍ക്കുന്ന ഹരിയെ ഓര്‍മ്മവന്നു. കെമിസ്ട്രിയുടെയും ഫിസിക്സിന്‍റെയും നോട്ടുബുക്കുകളില്‍ ഒളിച്ചുകടത്തിയ പ്രണയക്കുറിപ്പുകളിലെ അതേ കൈപ്പട. അക്ഷരങ്ങളുടെ വളവുകള്‍, ഒടിവ് ഒക്കെയും അതേപോലെതന്നെ. "പെണ്ണെ നിനക്ക് ഏഴിലംപാലപ്പൂവിന്‍റെ ഗന്ധമാണെന്ന്" പറഞ്ഞുകൊണ്ട് ഹരി തൊട്ടടുത്ത് നില്‍ക്കുന്നതുപോലെ മീരയുടെ കണ്ണുകള്‍ കുളിര്‍ന്നു. അനുനിമിഷം മോഹഭംഗത്തിന്‍റെ ബഹിര്‍ഗമനംപോലെ നിറഞ്ഞുവന്ന കണ്ണ് സാരിത്തലപ്പുകൊണ്ട് ഒപ്പി ഓഫീസിനകത്തേക്ക് കയറുമ്പോള്‍ ചവറ്റുകുട്ട വലിയ വായതുറന്നിരിക്കുന്നത് കണ്ടു. വിശപ്പൊടുങ്ങാത്ത അതിന്‍റെ വായിലേക്ക് കവറുപേക്ഷിച്ചാലോ എന്ന് ചിന്തിച്ചു. പക്ഷേ തലച്ചോറിലെ കോശങ്ങള്‍ സമ്മതം നല്‍കിയില്ല. കൈയ്യും കാലും വിറച്ചിട്ട് മീരയ്ക്ക് നടക്കാന്‍പോലും കഴിയില്ലെന്ന് തോന്നി. മേശപ്പുറത്തിരുന്ന ഫയലുകള്‍ നോക്കാനുള്ള പരിശ്രമത്തിനിടയില്‍ പലതവണ കണ്ണുനീരുരുണ്ടുവീണു. ഫയലിലെ അക്ഷരങ്ങള്‍ ചെറുതായി, ചിലതൊക്കെ പറന്നുപോയി. തീര്‍പ്പുകള്‍ എഴുതിയുണ്ടാക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്ഷരം തെറ്റി, ആശയം തെറ്റി, നീണ്ട കമ്പിയില്‍ തൂങ്ങിയാടുന്ന ഫാനിനുകീഴിലിരുന്നിട്ടും വിയര്‍ത്തൊഴുകി. മുന്നോട്ട് നടക്കാന്‍ മടിക്കുന്ന സമയത്തെ മനസില്‍ ശപിച്ചു. 

"ചേച്ചിക്ക് വയ്യെങ്കില്‍ നാളെ ചെയ്താല്‍ മതി"യെന്ന് തൊട്ടടുത്തിരിക്കുന്ന സിസിലി കരുണ ചൊരിഞ്ഞപ്പോള്‍ യാതൊരു സങ്കോചവുമില്ലാതെ അതേറ്റുവാങ്ങി. മേശമേല്‍ തലചായ്ച്ചിരുന്ന് മനസിനോട് ശാന്തമാകാന്‍ കേണപേക്ഷിച്ചു. അഞ്ചുമണിക്ക് സിസിലി വിളിച്ചുണര്‍ത്തുമ്പോഴാണ് ദീര്‍ഘനേരമായി ഉറങ്ങുകയായിരുന്നുവെന്ന് മനസിലായത്. തിരക്കിനിടയില്‍ കാറോടിക്കുമ്പോള്‍ ഹരിയെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. കുറ്റം ചെയ്തത് പിടിക്കപ്പെട്ട കുട്ടിയുടെ മനസുമായി ഏറെനേരം മുറിയിലൊളിച്ചിരുന്നു. കവറിനുള്ളില്‍ എന്താണെന്നറിയാനുള്ള ആകാംക്ഷ അടക്കാനാവാതെ വന്നപ്പോഴാണ് അത് തുറന്നത്. കൈത്തലത്തില്‍ മുഖം താങ്ങിയിരിക്കുന്ന അയ്യപ്പന്‍റെ മുഖച്ചിത്രമുള്ള പുസ്തകം. ഹരിയുടെ പ്രിയപ്പെട്ട കവി. പ്രണയവും വിശപ്പും ലഹരിയും കൂടിച്ചേര്‍ന്നവന്‍റെ വരികള്‍ എത്രതവണയാണ് ഹരിക്കൊപ്പം ഉച്ചത്തില്‍ ചൊല്ലിയിട്ടുള്ളത്. നാട്ടിലെ വായനശാലകളിലെ പ്രധാന പ്രാസംഗികന്‍ കോളജിലെ താരമായത് ചുരുങ്ങിയ കാലംകൊണ്ടാണ്. തിളയ്ക്കുന്ന വാക്കുകളും ചിന്തയുമുള്ള കനല്‍ക്കട്ടപോലൊരാള്‍. എപ്പോഴാണ്, എങ്ങനെയാണ് പ്രണയത്തിന്‍റെ കിനാവുകളിലേക്ക് അയാളോടൊപ്പം വഴുതിവീണതെന്ന് എത്ര ആലോചിച്ചിട്ടും മീരയ്ക്ക് പിടികിട്ടിയില്ല.

ആശയങ്ങളിലും വായനയിലും ശൈലിയിലും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളുണ്ടായിരുന്ന രണ്ടുപേര്‍ പ്രണയത്തിന്‍റെ അരുവിയില്‍ ഒന്നിച്ചൊഴുകിയാലുണ്ടാകുന്ന പ്രശ്നങ്ങളുണ്ടായിരുന്നിട്ടും ഏറ്റവും ഹൃദ്യമായി പ്രേമിച്ചവര്‍. ഭക്ഷണപ്പൊതിയുടെ ഒരു പങ്ക് കരുതലോടും സ്നേഹത്തോടും അവള്‍ ഹരിക്കുവേണ്ടി നല്‍കുമ്പോള്‍ അയാള്‍ വായനയുടെയും കവിതയുടെയും ഒരു പങ്ക് അവള്‍ക്കും നല്‍കി. മദ്യത്തിന്‍റെ ദുര്‍ഗന്ധത്തില്‍ ചുവടുറയ്ക്കാതെ അയ്യപ്പന്‍റെ കവിതകള്‍ക്കുവേണ്ടി കേണുകൊണ്ട് മീരയെ ശല്യപ്പെടുത്തിയ ഹരി, ചെമ്പന്‍ നിറമുള്ള കണ്ണുകളുടെ കാന്തികവലയംകൊണ്ട് മീരയെ തന്നിലേക്ക് കോര്‍ത്തിട്ട ഹരി, ഒരിക്കല്‍, ഒരിക്കല്‍ മാത്രം ലൈബ്രറിയിലേക്കുള്ള ആളൊഴിഞ്ഞ ഇടനാഴിയില്‍വെച്ച് അവളെ ചുംബിച്ച ഹരി, തോരാതെ പെയ്യുന്ന അനുരാഗത്തിന്‍റെ തുള്ളികള്‍കൊണ്ട് അവളില്‍ നിത്യവസന്തമായ ഹരി, ജന്മ ജന്മാന്തരങ്ങളിലും യുഗയുഗാന്തരങ്ങളിലും അവളുടേത് മാത്രമായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ഹരി, കാത്തിരിക്കാമെന്ന് കണ്ണുനീരുകൊണ്ട് ഉറപ്പുനല്‍കിയവളെ നോക്കി ദു:ഖത്തോടെ ക്ലാസ്മുറിയുടെ ഭിത്തിയില്‍ ചാരി നിന്ന ഹരി. ഓര്‍മ്മയില്‍ നിന്നും മായാത്ത എത്രയെത്ര ചിത്രങ്ങള്‍. അച്ഛനെന്തിനായിരുന്നു പെട്ടെന്നൊരു ദിവസം അദ്ദേഹവുമായുള്ള വിവാഹക്കാര്യം വീട്ടില്‍ പറഞ്ഞതെന്നുളള ചോദ്യം മീരയുടെ കരളിലൊരു പിടപ്പായി പടര്‍ന്നു. അവളോട് സമ്മതംപോലും ചോദിക്കാതെ എല്ലാം അച്ഛന്‍റെ ഇഷ്ടത്തിന് നടത്തി. വിവാഹത്തിനുശേഷം മീര ഒരിക്കലും ഹരിയെ കണ്ടിട്ടില്ല, എങ്കിലും എപ്പോഴൊക്കെയോ ഓര്‍ത്തിട്ടുണ്ട്. 

ഇരുള്‍ പരന്നുതുടങ്ങിയ ഒരു സന്ധ്യയില്‍ മീരയും ഹരിയും കുന്നിന്‍മുകളിലുള്ള ഒരു വീട്ടിലേക്ക് നടക്കുകയായിരുന്നു. ചുറ്റും മിന്നാമിന്നികള്‍ പറന്നുനടന്നു. ചീവീടുകള്‍ ഒച്ചയുണ്ടാക്കി. ഷീറ്റും ഓലയും മേഞ്ഞ, വൃത്തിയില്ലാത്ത, പഴകിദ്രവിച്ച വീടിന്‍റെ മണ്ണിളകിത്തുടങ്ങിയ വരാന്തയിലേക്ക് കാലുകുത്തുംമുന്‍പ് തെറിയുടെ വികൃതരൂപങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് എല്ലുപോലൊരു മനുഷ്യന്‍ പാഞ്ഞുവന്നു. കാലില്‍ ചിലമ്പ്, ഇടുപ്പില്‍ അരമണി, വലതുകയ്യില്‍ പള്ളിവാള്‍, നെറ്റിനിറയെ കുങ്കുമം. അല്ല കാലില്‍ ചങ്ങല, മുഷിഞ്ഞവസ്ത്രം, വലതുകയ്യില്‍ കൊടുവാള്‍, ഇടതുകയ്യില്‍ ഒരു സ്ത്രീയുടെ ശിരസ്, പിന്നില്‍ ഭയപ്പെട്ട് നിലവിളിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍, അതിലൊരാള്‍ക്ക് മാറിടങ്ങളുണ്ടായിരുന്നില്ല. സ്വന്തം ശിരസിനുവേണ്ടി കൈനീട്ടി യാചിക്കുന്ന ഒരു സ്ത്രീയുടല്‍. മീരയ്ക്ക് തലചുറ്റി, നാവുവരണ്ടു, ശരീരം കുഴഞ്ഞ് താഴേയ്ക്കു വീണു. ആ വീഴ്ച്ചയില്‍ ഹരി തീപ്പന്തങ്ങള്‍ വിഴുങ്ങുന്നത് അവള്‍ അവ്യക്തമായി കണ്ടു. നിദ്രയുടെ പൊത്തില്‍നിന്ന് നിലവിളിച്ചുകൊണ്ട് ചാടിയെഴുന്നേല്‍ക്കുമ്പോള്‍ മുറിയിലെ കസേരയില്‍ കാലിനുമീതേ കാല്‍ കയറ്റിവച്ച് മാറില്‍ കൈകള്‍ പിണച്ചുവച്ച് ലളിതാദേവി അവളെത്തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ലളിതാദേവിയുടെ നാസാഭരണം അതുല്യമായ ശോഭയോടെ തിളങ്ങി. വാത്സല്യവും കരുണയും ഇരുകണ്ണുകളിലും അലയടിച്ചു. "ഉറങ്ങിക്കോ ഞാനിവിടെയുണ്ട്.. പേടിക്കണ്ട" എന്ന് മീരയോട് ശാന്തിയോടെ ഉരുവിട്ടു.

കാറ്റിനെപ്പോലെ ഉറവിടമറിയാതെ പിന്നെയും പിന്നെയും പുസ്തകങ്ങള്‍, സ്നേഹത്തിന്‍റെ കവിതയൊഴുക്കുകള്‍, ഓര്‍മ്മയുടെ ശവക്കല്ലറകള്‍ തുറന്ന് പനിനീര്‍പുഷ്പങ്ങള്‍ക്ക് ഉയിരുപകരുന്ന വാക്കുകള്‍, ഉടമസ്ഥനെക്കുറിച്ച് സൂചനകളേതുമില്ലാതെ വരുന്ന കവറുകളോട് ചിലപ്പോഴൊക്കെ വെറുപ്പുതോന്നി. മറ്റുചിലപ്പോഴൊക്കെ അതിയായ ഇഷ്ടവും. സമരമരച്ചുവട്ടിലെ കാത്തിരിപ്പുകളെക്കുറിച്ചോര്‍ത്തപ്പോള്‍ ഹരിയെ വീണ്ടും കാണണമെന്ന് തോന്നി. പതിനെട്ടുവര്‍ഷങ്ങള്‍ക്കുശേഷം ഹരിയെ കണ്ടുമുട്ടുന്നതിനെക്കുറിച്ചോര്‍ത്തപ്പോള്‍ മീരയുടെ ഉള്ളുലഞ്ഞു. അങ്ങനെയൊരു കണ്ടുമുട്ടലിനെക്കുറിച്ച് മീര ഒരിക്കലും ചിന്തിച്ചിരുന്നില്ല. ദിക്കറിയാക്കൊമ്പുകളില്‍ കൂടുകൂട്ടിയ പക്ഷികള്‍ ഒന്ന് മറ്റൊന്നിനെ കണ്ടുമുട്ടുമ്പോള്‍ ചിറകുകളില്‍ തലപൂഴ്ത്തിയിരുന്ന് പരിഭവിച്ചേക്കാം. വാലുകുലുക്കി ശിരസ് കുടഞ്ഞ് അരികിലിരുന്ന് ഉപചാരവാക്കോതിയേക്കാം. അതുമല്ലെങ്കില്‍ തമ്മില്‍തമ്മില്‍ തൊട്ടിരുന്ന് പ്രണയപരാഗമുള്ള ചുംബനങ്ങള്‍ കൈമാറിയേക്കാം. അനന്തമായ വഴികളില്‍ ചോദ്യത്തിന്‍റെയും ഉത്തരത്തിന്‍റെയും കല്ലുകളില്‍ ഒരുമിച്ച് ചവിട്ടുമ്പോള്‍ മീര പതിവിലുമധികം അസ്വസ്ഥയായി. കാത്തിരിക്കാമെന്ന് പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിയാതെപോയതിന്‍റെ കുറ്റബോധവും വേദനയും കനല്‍ക്കട്ടയായി ഹൃദയത്തിലെരിഞ്ഞു. അങ്ങനെയൊരു ചോദ്യമുണ്ടായാല്‍ എന്തു മറുപടി പറയുമെന്ന ചിന്ത അഗ്നിപര്‍വ്വതം പോലെ പുകഞ്ഞു. 

മൗനത്തിന്‍റെ ശിലയിലലിഞ്ഞുപോയ ലളിതാദേവിയെ നോക്കി 'അമ്മേ എനിക്കൊരു വഴിയെന്ന് മീരയുടെ മനസ് കേണപേക്ഷിച്ചു. അന്വേഷണങ്ങള്‍ക്കും ആശങ്കകള്‍ക്കും പൂര്‍ണ്ണവിരാമം തേടിയുള്ള യാത്ര ശുചീന്ദ്രത്താണ് അവസാനിച്ചത്. അപരിചിതരായ ആളുകള്‍ക്കിടയിലിരുന്ന് ജീവിതത്തെക്കുറിച്ചൊരു ചര്‍വ്വിതചര്‍വ്വണം നടത്തുമ്പോള്‍ വന്യമായ സ്നേഹത്തോടെ തന്നെ കാത്തിരിക്കുന്ന കലാലയത്തിന്‍റെ മടിത്തട്ടിലേക്ക് മീരയുടെ ഹൃദയം പാളിവീണു. ശുചീന്ദ്രത്തുനിന്ന് വീടെത്തുമ്പോഴും രണ്ടുദിവസം തനിച്ചിരുന്ന് ആലോചിച്ചപ്പോഴും ആ കലാലയമുറ്റം ഒരിക്കല്‍ക്കൂടി കാണണമെന്നും ആ കാറ്റിനും വെളിച്ചത്തിനുമൊക്കെ പഴയ പ്രസരിപ്പുണ്ടോയെന്ന് അന്വേഷിക്കണമെന്നും മീരയുടെ മനസ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. കാത്തിരിക്കുവാനും യാത്രയാക്കുവാനും ആരുമില്ലാത്ത ജീവിതത്തില്‍നിന്നും അൽപം ആശ്വാസം കണ്ടെത്തുക എന്നൊരു ലക്ഷ്യം മാത്രമായിരുന്നു മീരയ്ക്കപ്പോഴുണ്ടായിരുന്നത്. ജീവിതത്തിലെ അനിവാര്യമായൊരു യാത്രയ്ക്ക് തയാറെടുത്ത് വീടുപൂട്ടി ഇറങ്ങുന്നതിനുമുന്‍പ് മീര ഒരിക്കല്‍ക്കൂടി പൂജാമുറിയിലേക്ക് നോക്കി ലളിതാദേവിയോട് അനുവാദം ചോദിച്ചു. അപ്പോഴും മൗനം തന്നെ മറുപടി. 

പ്രിയപ്പെട്ട ഒരാളുടെ മൗനത്താല്‍ ഭ്രാന്തിന്‍റെ വക്കോളമെത്തിയ മനസുപോലെ മീരയുടെ കൈകളും വിറച്ചു, ചുവടിടറി, കണ്ണുനിറഞ്ഞു. വലിയ ശബ്ദത്തോടെ വാതില്‍ വലിച്ചടയ്ക്കുമ്പോള്‍ പരിഭവംപുരണ്ട വാക്കുകള്‍കൊണ്ട് അവള്‍ ലളിതാദേവിയെ ശകാരിച്ചു. ഇലച്ചാര്‍ത്തിന്‍റെ നിഴലുകള്‍ വീണുകിടക്കുന്ന വഴിയില്‍ക്കൂടി സാവധാനം കാറോടിക്കുമ്പോള്‍ മീരയുടെ മനസ് നിറയെ കോളജിലെ സമരമരച്ചുവടായിരുന്നു. പെട്ടെന്നാണ് മീരയുടെ ഫോണ്‍ ബെല്ലടിച്ചത്. ഹോള്‍ഡറിലിരുന്ന ഫോണിലെ ട്രൂകോളറില്‍ ഹരിയുടെ പേര് തെളിഞ്ഞതുകണ്ട് ഒരു നിമിഷം മീരയുടെ ഉള്ള് തിളച്ചുപൊന്തി. വൃക്കയുടെ പുറത്തിരുന്ന് അധിവൃക്കാഗ്രന്ഥി ഹോര്‍മോണുകളുത്പാദിപ്പിച്ചു. അഡ്രിനാലിനും നോര്‍അഡ്രിനാലിനും കോര്‍ട്ടിസോളും ചേര്‍ന്ന് മീരയുടെ ശരീരം മുഴുവന്‍ സംഭ്രമത്തിന്‍റെ, ആശങ്കയുടെ പ്രതികൂലസാഹചര്യത്തിന്‍റെ സംവേദനങ്ങളയച്ചു. മീരയുടെ നെഞ്ചിടിപ്പ് കണക്കിലധികമായി. നാവ് വരണ്ടു, കാഴ്ച മങ്ങി, ശ്രദ്ധ പതറി, ബ്രേക്കിനുപകരം ആക്സിലറേറ്ററില്‍ ആഞ്ഞുചവിട്ടി. ഭീഷ്മശരത്തേക്കാള്‍ വേഗത്തില്‍ പാഞ്ഞുപോയ കാര്‍ പരസ്യങ്ങള്‍ നിറഞ്ഞ മതിലില്‍ ഇടിച്ചുനിന്നു. ഒച്ചയും കാഴ്ചയും അവസാനിക്കുമ്പോള്‍, ഓര്‍മ്മയും ആഗ്രഹവും മരവിക്കുമ്പോള്‍ മീര അവസാനമായി ലളിതാദേവിയെ കണ്ടു. അപ്പോള്‍ ദേവിക്ക് സൂര്യഗായത്രിയുടെ ഛായയുണ്ടായിരുന്നു.

English Summary:

Malayalam Short Story ' Baloonukalude Swakaryam ' Written by Rajani Athmaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com