അന്ന് കണ്ണൂരിനു വേണ്ടി ഞാനുമുണ്ടായിരുന്നു: കലോത്സവ ഓർമയിൽ സുബീഷ്
Mail This Article
23 വർഷങ്ങൾക്കു ശേഷമാണ് സ്കൂള്‍ കലോത്സവത്തിൽ കണ്ണൂർ കിരീടം നേടുന്നത്. 1997,1998 വർഷങ്ങളിൽ കപ്പ് നേടിയ ജില്ല 2000 ൽ പാലക്കാടുമായി ഒന്നാം സ്ഥാനം പങ്കിട്ടു. 1997-ൽ എറണാകുളത്ത് വച്ച് നടന്ന ആ കലോത്സവത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടൻ സുബീഷ് സുധി. അന്ന് കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സുബീഷും നാടകത്തില്‍ പങ്കെടുത്തിരുന്നു.
‘‘62-ാമത് സ്കൂൾ കലോത്സവം കൊല്ലത്ത് സമാപിച്ചിരിക്കുന്നു. 1997-ൽ എറണാകുളത്ത് വച്ച് നടന്ന കലോത്സവത്തിൽ കണ്ണൂർ ചാമ്പ്യന്മാരായിരുന്നു. അന്ന് ആ കൂട്ടത്തിൽ ഞാനുണ്ടായിരുന്നു. നാടകത്തിന്. കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് അന്ന് പങ്കെടുക്കാൻ സാധിച്ചിരുന്നു. രാമന്തളി സ്കൂളിന്റെ ‘അഭയം ഈ ആകാശം’ എന്നതായിരുന്നു നാടകം.
സുനിൽ കുന്നരുവിന്റെ (സുനിൽ മാഷ്) രചനയിൽ സുരേന്ദ്രൻമാഷ് സംവിധാനം ചെയ്ത ആ നാടകം കാണികൾക്കിടയിൽ ആവേശം നിറച്ച ഒരു നാടകമായിരുന്നു.
ആ വർഷം തന്നെയാണ് കണ്ണൂർ ചാമ്പ്യന്മാരാവുന്നതും. ചാമ്പ്യന്മാരുടെ ഫോട്ടോയിലൊക്കെ ഞാൻ നിന്നിരുന്നു. പക്ഷേ, ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയയുടെ സ്വാധീനം അന്നില്ലല്ലോ. (ഫോണും) അതുകൊണ്ട് ഫോട്ടോ സൂക്ഷിച്ച് വയ്ക്കാൻ കഴിഞ്ഞില്ല. ഫോട്ടോയെടുക്കാൻ നല്ല ക്യാമറ പോലുമില്ലാത്ത കാലം. പിന്നീട് ഒരു വർഷം കഴിഞ്ഞ് തിരുവനന്തപുരത്തായിരുന്നു കലോത്സവം.
ആ വർഷവും രാമന്തളി സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നു. ആ കലോത്സവത്തിനെടുത്ത ഫോട്ടോ സുനിൽ മാഷുടെ ശേഖരത്തിൽ നിന്ന് എനിക്ക് ലഭിച്ചു. കണ്ണൂർ ചാമ്പ്യന്മാരായപ്പോൾ ഓർമയിൽ വന്നത് പഴയ കലോത്സവക്കാലമാണ്. ചാമ്പ്യന്മാരായ കണ്ണൂർ ജില്ലാ ടീമിന് എല്ലാവിധ ആശംസകളും. ചാമ്പ്യൻപട്ടം ലഭിക്കാതെ പോയവർ വീണ്ടും പോരാടുക. പോരാടുന്നവരുടേതാണ് ലോകം.’’–സുബീഷ് സുധി പറയുന്നു.