ADVERTISEMENT

സംവിധായകനായ പത്മരാജൻ തന്റെ സംഗീതജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചു വാചാലനായി ഗായകൻ ജി.വേണുഗോപാൽ. പത്മരാജന്റെ 33ാം ചരമവാർഷികത്തിലാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമക്കുറിപ്പ് ഗായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പത്മരാജൻ ചിത്രങ്ങളിൽ പാടാൻ അവസരം ലഭിച്ചത് തന്റെ കരിയറിലെ നിർണായക വഴിത്തിരിവായിരുന്നെന്ന് വേണുഗോപാൽ പറയുന്നു. 

കുറിപ്പിന്റെ പൂർണരൂപം:

പാടുന്ന വാക്കുകളാണ് പി.പത്മരാജന്റേത്. ദൃശ്യത്തിലേക്കും ശബ്ദത്തിലേക്കും തുറക്കുന്ന താക്കോല്‍വാക്കുകള്‍. സംഗീതമുള്ളൊരു ഭാഷ അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും തിരക്കഥകളിലും നിറയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്– ഉദകപ്പോളയിലെ ഈ വരികളില്‍ തുളുമ്പുംപോലെ.

ഉദകപ്പോള, തൂവാനത്തുമ്പികള്‍ എന്ന സിനിമയായപ്പോള്‍ അതിലെ ഗാനങ്ങളെപ്പറ്റി പലരും പറഞ്ഞു. പക്ഷേ അതിലേറെ മനോഹരമായിരുന്നു ആ സിനിമയ്ക്ക് ജോണ്‍സണ്‍ ചെയ്ത പശ്ചാത്തല സംഗീതം. കണ്ണടച്ചാല്‍ പോലും കഥാപാത്രങ്ങളെ തിരിച്ചറിയാവുന്ന വിധം സന്നിവേശിപ്പിച്ച ശബ്ദശകലങ്ങള്‍. ക്ലാരയ്ക്കും രാധയ്ക്കും മഴയ്ക്കും കാറ്റിനും വേറിട്ട സംഗീതം. ശബ്ദങ്ങളും സംഗീതവും ദൃശ്യങ്ങളുമായുള്ള ഈ സമ്മിശ്രണം പത്മരാജന്‍ ചിത്രങ്ങളില്‍ മിക്കപ്പോഴും പൂര്‍ണ്ണതയിലെത്തി.

venugopal1
ജി.വേണുഗോപാൽ Image Credit: Facebook

തിരക്കഥയില്‍ അസാധാരണബന്ധങ്ങളുടെ അർഥങ്ങള്‍ തേടുന്നതില്‍ പുലര്‍ത്തിയ അപൂര്‍വത പോലെ, അക്കാലത്തെ ഭാവുകത്വത്തിനുതകുന്ന ഒരു ചലച്ചിത്രഭാഷ നിര്‍മ്മിച്ചതിലെ മികവുപോലെ, പത്മരാജന്റെ ഈയൊരു കഴിവും ശ്രദ്ധേയം. തൂവാനത്തുമ്പികള്‍, നൊമ്പരത്തിപൂവ് തുടങ്ങി സിനിമാപേരുകളില്‍പോലും വാക്കുകളുടെ അതിശയ ചേരുവകള്‍ അദ്ദേഹം ഒരുക്കി.

പത്മരാജന്‍ സാറുമായി പാട്ടിലൂടെ ഇഴപാകിയ ബന്ധമായിരുന്നു എനിക്ക്. തിരുവനന്തപുരത്ത് ഭക്തിവിലാസത്തില്‍ ആകാശവാണി ആസ്ഥാനത്തുനിന്ന് തുടങ്ങുന്നു ആ ബന്ധം. വല്ല്യമ്മയുടെ കൈപിടിച്ച് മരപ്പടവുകള്‍ കയറുന്ന ഓര്‍മകള്‍. വഴുതക്കാട് ലക്കി സ്റ്റാര്‍ റേഡിയോ ക്ലബ്ബ് അംഗമായി ബാലലോകം പരിപാടിക്കായിരുന്നു ആ യാത്രകള്‍. അന്ന് ആകാശവാണിയിലെ രണ്ട് രാജകുമാരന്മാരാണ് എം.ജി.രാധാകൃഷ്ണനും പി.പത്മരാജനും. എം.ജി.രാധാകൃഷ്ണന്‍ സംഗീത വിഭാഗത്തില്‍. പത്മരാജന്‍ അനൗണ്‍സറും. ഇരുവരെയും മിക്കപ്പോഴും കണ്ടു. പുതിയ എല്‍പി റെക്കോഡുകള്‍ വരുമ്പോള്‍ കേള്‍ക്കാന്‍, പാട്ട് പഠിക്കാന്‍ ഒക്കെയായി പിന്നീടും പലപ്പോഴും ആകാശവാണിയില്‍ പോകുമായിരുന്നു. അപ്പോഴെല്ലാം കാണും. പിന്നീട് കലോത്സവങ്ങളില്‍ സമ്മാനം നേടുമ്പോഴും മറ്റും അദ്ദേഹം എന്നെ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റ ഭാര്യ രാധാലക്ഷ്മി ചേച്ചിയെ അമ്മ പഠിപ്പിച്ചിരുന്നു. ചിറ്റുര്‍ സംഗീത കോളജില്‍ അമ്മ സംഗീതാധ്യാപികയായിരിക്കെ ആദ്യബാച്ചില്‍ അവരുണ്ടായിരുന്നു. അങ്ങനെയും പരിചയം.

തൂവാനത്തുമ്പികളിലാണ് പത്മരാജന്‍ ചിത്രത്തില്‍ ഞാന്‍ ആദ്യമായി പാടുന്നത്. 1987ല്‍. തൊട്ടുമുമ്പ് നാല് സിനിമകളില്‍ പാടിയിരുന്നു. തൂവാനത്തുമ്പികളുടെ സംഗീതസംവിധായകനായി പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിനെയാണ് പത്മരാജന്‍ നിശ്ചയിച്ചത്. ഇരുവരും ആകാശവാണിയില്‍ സഹപ്രവര്‍ത്തകര്‍. അദ്ദേഹമാണ് പാട്ടുകാരനായി എന്നെ നിശ്ചയിച്ചത്. 1979 മുതലുള്ള ബന്ധമാണ് പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് എന്ന സംഗീതജ്ഞനുമായി എനിക്ക്. പിന്നീട് ഞങ്ങള്‍ ആകാശവാണിയില്‍ ഒന്നിച്ച് ജോലി ചെയ്തു. അതീവ സൗമ്യമായ പ്രകൃതം. ശിഷ്യരെയൊക്കെ സ്വന്തം കുടക്കീഴിലാക്കി വളര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി. രവിച്ചേട്ടന്റെ ആദ്യസിനിമ. നവാഗതനായൊരു സംഗീതസംവിധായകന്‍ സാധാരണഗതിയില്‍ ആസ്വാദകരുടെ ഹൃദയ സിംഹാസനങ്ങള്‍ കീഴടക്കിയ ഗായകരെ ആശ്രയിക്കും. പക്ഷേ രവിച്ചേട്ടന്‍ ഒരു ഗാനം പാടാന്‍ എന്നെ നിര്‍ദേശിച്ചു. ആലോചിച്ചാല്‍ ഇന്നും എനിക്കു തീരാത്ത വിസ്മയമാണ് ആ അവസരം.

രണ്ട് പാട്ടായിരുന്നു സിനിമയില്‍. ഒരെണ്ണം യേശുദാസ് പാടും. മറ്റൊന്ന് എനിക്കും എന്ന് നിശ്ചയിച്ചു. ഒഎന്‍വി സാറിന്റേതായിരുന്നു രചന. പക്ഷേ ആ പാട്ടുകള്‍ സിനിമയില്‍ വന്നില്ല. എങ്കിലും ഒഎന്‍വിയുടെ വരികള്‍ ഞാന്‍ പാടി കസെറ്റിലാക്കിയിരുന്നു. സിനിമയില്‍ പിന്നീട് ദാസേട്ടന്‍ പാടിയ 'മേഘം പൂത്തുതുടങ്ങി....'എന്ന പാട്ടിനായി ഒഎന്‍വി എഴുതിയ വരികളുടെ തുടക്കം ഇങ്ങനെയായിരുന്നു:

padmarajan1
പത്മരാജൻ

‘ഇനി നിന്‍ മനസിന്റെ കൂടുതുറന്നതില്‍

ഒരു മിന്നാമിന്നിയെ കൊണ്ടുവയ്ക്കാം’

സുന്ദരമായ വരികള്‍. പക്ഷേ ചിത്രത്തില്‍ ഉദ്ദേശിച്ച രംഗത്തിനു പറ്റുന്നതായില്ല. ഈണത്തിനനുസരിച്ച് പാട്ടെഴുതാനുള്ള തീരുമാനം സ്വീകാര്യമാകാതെ വന്നപ്പോള്‍ ഒഎന്‍വി പിന്‍വാങ്ങി. പിന്നീട് ശ്രീകുമാരന്‍ തമ്പി സര്‍ ഗാനരചനയുടെ ചുമതലയില്‍ വന്നു. പത്മരാജനുമായുള്ള അദ്ദേഹത്തിന്റെ ആദ്യകൂടിച്ചേരല്‍. ചെന്നൈ പാംഗ്രോവ് ഹോട്ടലിലാണു പാട്ടെഴുത്തും പഠിത്തവുമൊക്കെ. രാവിലെ വന്ന തമ്പി സര്‍ ഉച്ചയായിട്ടും പാട്ടെഴുതിത്തുടങ്ങുന്നില്ല. പത്മരാജനൊക്കെ തന്നെ വിളിക്കാന്‍ അല്‍പം വൈകിയെന്ന പരിഭവം അദ്ദേഹത്തിനുണ്ട്. "അടൂര്‍, കെ.ജി.ജോര്‍ജ്, പത്മരാജന്‍ തുടങ്ങിയ ബുദ്ധിജീവി സംവിധായകരൊന്നും എന്നെ ഇതുവരെ വിളിച്ചിട്ടില്ല. എനിക്ക് അതിന്റെയൊന്നും ആവശ്യവും ഉണ്ടായിട്ടില്ല'' എന്നൊക്കെ തമ്പിസര്‍ പറഞ്ഞു. അല്‍പം കഴിഞ്ഞ്  കയറിവന്ന പത്മരാജന്‍സര്‍ ഇത്രമാത്രം പറഞ്ഞു: 'വര്‍ക്ക് മോര്‍, ടോക് ലെസ് തമ്പി സര്‍ പിണങ്ങി ഇറങ്ങിപ്പോയി. പിന്നെ പത്മരാജന്‍ സര്‍ തന്നെ പോയി അനുനയിപ്പിച്ച് കൊണ്ടുവന്നു പാട്ടെഴുതിക്കുകയായിരുന്നു. അസൂയ തോന്നുംവിധം അനായാസമായി ഒഴുകിയ കവിതയായിരുന്നു പിന്നീട് പിറന്നത്.

രവിച്ചേട്ടന്‍ ഹാര്‍മോണിയത്തില്‍ ഇട്ടുതരുന്ന ട്യൂണിനനുസരിച്ച് ഞാന്‍ പാടും. പത്മരാജൻ സര്‍ തിരക്കഥാരചനയുടെ തിരക്കിലായതിനാല്‍ വീട്ടില്‍ അത് കസെറ്റിലാക്കി ഭാര്യ രാധാലക്ഷ്മിചേച്ചിയെ ഏല്‍പ്പിക്കും. ചേച്ചി അംഗീകരിക്കുന്ന ട്യൂണുകള്‍ പിന്നീട് പത്മരാജന്‍ സാറുമായി ചര്‍ച്ച ചെയ്ത് ഉറപ്പിക്കും. പാട്ടുമായി ഒരുമുറിയില്‍ ഞാനും രവിച്ചേട്ടനും ഓര്‍ക്കസ്ട്ര ചെയ്യുന്ന മോഹന്‍ സിതാരയും. അല്‍പ്പം അകലെ മാറി ഒരു കോട്ടേജില്‍ പത്മരാജനും ഗാന്ധിമതി ബാലനും. അങ്ങനെയാണ് താമസം. പതിമൂന്നു ദിവസം താമസിച്ചു. പാട്ട് തയ്യാറായി. പാട്ടുകള്‍ ശരിയായി കഴിഞ്ഞ് ആദ്യം ദാസേട്ടനെയാണ് കാണുന്നത്. അഭിരാമപുരത്തെ വീട്ടിലെത്തി 'മേഘം പൂത്തുതുടങ്ങി'യുടെ വരികള്‍ കൈമാറി. ‘ഒന്നാം രാഗം പാടി’ എന്ന എന്റെ പാട്ട് ഞാന്‍ സ്റ്റുഡിയോയിലെത്തി പാടി. ദാസേട്ടന്‍ വൈകിവന്ന് പാട്ട് പാടുമെന്നായിരുന്നു ധാരണ. 'മേഘം പൂത്തുതുടങ്ങി' എന്ന പാട്ടിന് ആദ്യം നല്‍കിയ ട്യൂണനുസരിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന ഹമ്മിങ് ഇരട്ടിയായിരുന്നു. ദാസേട്ടന്‍ വന്നു. ക്ഷീണിതനായിരുന്നു. അതുകൊണ്ട് ആദ്യം 'ആ കുട്ടി പാടട്ടെ ഞാന്‍ കേള്‍ക്കാം' എന്നായി അദ്ദേഹം. സ്റ്റുഡിയോയ്ക്ക് അകത്തുതന്നെ പാട്ടുകേള്‍ക്കാന്‍ ദാസേട്ടനും കസേര വലിച്ചിട്ടിരുന്നു. സങ്കോചത്തോടെ ഞാന്‍ പാടി. ഹമ്മിങ് തുടങ്ങി. പകുതി എത്തിയപ്പോള്‍ തന്നെ ദാസേട്ടന്‍ ഇടപെട്ടു. നിര്‍ത്താന്‍ പറഞ്ഞു. 'ആ ഹമ്മിങ് ഒറ്റ ശ്വാസത്തില്‍ പാടാവുന്നതല്ല. ആ കുട്ടി പ്രയാസപ്പെടുന്നത് കണ്ടില്ലേ. അത് പകുതിയാക്കാം'– ദാസേട്ടന്‍ നിര്‍ദേശിച്ചു. മോഹന്‍ സിതാര ആ ഹമ്മിങ്ങിന്റെ പകുതി വയലിനിലേക്കു പകര്‍ന്നുമാറ്റി പ്രശ്നം പരിഹരിച്ചു.

പിന്നീട് ദാസേട്ടന്‍ ആ പാട്ട് പാടി. ഞാന്‍ പാടിയതും ദാസേട്ടന്‍ ഇംപ്രൊവൈസേഷനോടെ പാടിയതും തമ്മിലുള്ള വ്യത്യാസം എനിക്ക് നേരില്‍ അനുഭവിക്കാനായി. മണ്ണാറത്തൊടി ജയകൃഷ്ണന്‍ എന്ന തികച്ചും ബഹിര്‍മുഖനായ ഒരു കഥാപാത്രത്തിന്റെ പ്രകടനത്തിനു ചേര്‍ന്ന ശബ്ദവിന്യാസം. sensuous മൂഡിനുചേര്‍ന്ന ആലാപനം. സിനിമയില്‍ ദാസേട്ടന്‍ പാടിയ ഗാനത്തോടൊപ്പം എന്റെ 'ഒന്നാം രാഗം പാടി' എന്ന പാട്ടും വന്‍ ജനശ്രദ്ധ നേടി. 'രാരി രാരിരം രാരോ'യ്ക്കു ശേഷം എന്റെ പാട്ടുജീവിതത്തിലെ രണ്ടാം ഹിറ്റായി അത്.

അടുത്ത സിനിമയ്ക്കും പത്മരാജന്‍ സാര്‍ എന്നെ വിളിച്ചു. ചിത്രം മൂന്നാംപക്കം. തെന്നിന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഇളയരാജയാണ് സംഗീതം. എനിക്ക് അത്യഹ്ലാദം. രാജസാറിനൊപ്പം ഒരു ഗാനം. തുടര്‍ന്ന് തമിഴില്‍ പാട്ടുകള്‍.... ഞാന്‍ സ്വപ്നങ്ങള്‍ നെയ്തു. പക്ഷേ റെക്കോഡിങ് തുടങ്ങിയതോടെ ഞാന്‍ തകര്‍ന്നു.

'ഉണരുമീ ഗാനം....' എന്ന പാട്ട് രണ്ടുതരത്തില്‍ പാടേണ്ടിയിരുന്നു. ഞാന്‍ പാടുന്നത് രാജസാറിന് ഇഷ്ടമാവുന്നില്ല. ഞാന്‍ പാടിയതിനൊക്കെയും അദ്ദേഹം 'തപ്പ്, തപ്പ്' എന്നു പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊക്കെ ഞാന്‍ 'ശരി, ശരി' എന്നു പറയുന്നുണ്ട്.. 'എനക്ക് തപ്പെന്നാല്‍ അവന്ക്ക് സരിയാ...? രാജസര്‍ വീണ്ടും ചൂടായി. 'പത്മരാജന്‍ ഇന്ത പയ്യനെ ഒഴയ്ക്കണം' (കഷ്ടപ്പെടുത്തണം) എന്നു പറഞ്ഞു രാജാസര്‍ ക്ഷോഭിച്ചു..

ilayaraja1
ഇളയരാജ

പത്മരാജന്‍സാറാണ് എന്നെ നിര്‍ദേശിച്ചത് എന്നതാണ് രാജസാറിന്റെ അലോഹ്യത്തിനു പ്രധാന കാരണമെന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. താന്‍ പാടിക്കുന്നയാള്‍ താന്‍ വഴിതന്നെ വരണം എന്നത് അദ്ദേഹത്തിന്റെ നിര്‍ബന്ധമാണ്. അത് ഒരു സംഗീതസംവിധായകന്റെ പരിപൂര്‍ണ അവകാശമാണെന്ന് രാജസര്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു. പത്മരാജനാണെങ്കില്‍, ഒരു തീരുമാനമെടുത്താല്‍ മാറില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. എന്തായാലും ഞാന്‍ തന്നെ പാട്ട് പാടുമെന്ന് രാജസാറിനു മനസ്സിലായി. ഈ സംഘര്‍ഷത്തില്‍ ഉലഞ്ഞത് ഞാനാണ്.

വിഷമത്തോടെ ഞാന്‍ പത്മരാജന്‍ സാറിനോട് സംസാരിക്കാന്‍ ചെന്നു. അദ്ദേഹം ഇളകാതെ നില്‍ക്കുകയാണ്. 'വേണൂ, നമ്മള്‍ ഒരു കാര്യംചെയ്യുമ്പോള്‍ നൂറു ശതമാനം ആത്മവിശ്വാസത്തോടെ ചെയ്യണം. ഞാന്‍ കാലത്ത് അഞ്ചിനെഴുന്നേറ്റു കഥയെഴുതാനിരിക്കുമ്പോള്‍ ലോകത്ത് ഒരാളും എന്നെപ്പോലെ കഥയെഴുതില്ല എന്ന വിശ്വാസമാണെനിക്ക്. നമ്മളെ ഭയപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്. നിനക്കറിയാവുന്ന ജോലി നീ ധൈര്യമായി ചെയ്യുക. അതിനിടയില്‍ പലരും പലതും പറയും അതൊന്നും ശ്രദ്ധിക്കേണ്ടതില്ല.' –  ആ വാക്കുകള്‍ പകര്‍ന്ന ശക്തി ഊര്‍ജമാക്കി ഞാന്‍ പാടി.

സംഘര്‍ഷങ്ങള്‍ ഏറെ അനുഭവിച്ചെങ്കിലും അതിനു ഫലം കിട്ടി. 'ഉണരുമീ ഗാനം....' എനിക്ക് ആദ്യ സംസ്ഥാന അവാര്‍ഡ് നേടിത്തന്നു.

(മാസങ്ങള്‍ക്കുശേഷം ജോണ്‍സന്റെ സംഗീതത്തില്‍ 'വര്‍ത്തമാനകാല'ത്തില്‍ പാടാനായി ചെന്നൈയിലെത്തിയപ്പോള്‍ യാദൃച്ഛികമായി സ്റ്റുഡിയോയില്‍ രാജസാറിനെ വീണ്ടും കണ്ടൂ. മടിച്ചുമടിച്ചാണ് അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. അദ്ദേഹത്തിന് എന്നെ ഓര്‍മപോലും വന്നില്ല. 'സാറിന്റെ കഴിഞ്ഞ പാട്ടിന് അവാര്‍ഡ് കിടച്ച പയ്യന്‍' എന്ന് ഒപ്പമുണ്ടായിരുന്ന വയലിനിസ്റ്റ് കുഞ്ഞുണ്ണിയേട്ടന്‍ പരിചയപ്പെടുത്തി. എന്നിട്ടും ഓര്‍മ വന്നില്ല. പക്ഷേ പത്മരാജന്റെ പേരുപറഞ്ഞപ്പോള്‍ ഓര്‍ത്തു. 'സിനിമാവില്‍ പാടാന്‍ ഇങ്കെ തമിഴ്നാട്ടില്‍ ഇരിക്കണം' എന്ന ഉപദേശം നല്‍കി അദ്ദേഹം എന്നെ മടക്കി. വീണ്ടും നിരാശ. പക്ഷേ എന്റെ ധാരണകള്‍ തെറ്റിച്ച് രാജസര്‍ എന്നെ പിന്നീട് പലപ്പോഴും പാടാന്‍ വിളിച്ചു.)

venugopal2
ജി.വേണുഗോപാൽ Image Credit: Facebook

പത്മരാജന്‍ സര്‍ പിന്നീടൊരിക്കല്‍ ഷൂട്ടിങ്ങിനായി തൃശുരിലെത്തിയപ്പോള്‍ എന്നെ വിളിച്ചു. തൃശൂര്‍ ആകാശവാണിയിലാണ് ഞാന്‍ അന്ന്. പത്മരാജന്‍ സര്‍ ആദ്യം ജോലി ചെയ്ത സ്ഥലം. പരിചയക്കാര്‍ ഏറെ. അവിടേക്കെത്തിയ അദ്ദേഹം ഏറെനേരം ചെലവിട്ടു.തോളില്‍ തട്ടി കുശലം പറഞ്ഞ് അദ്ദേഹം പോയി. പിന്നെയും പലപ്പോഴും കണ്ടു. ആകാശവാണിയില്‍ നിന്ന് അവധി കിട്ടാത്ത വിഷമത്തെപ്പറ്റി പറയുമ്പോള്‍ ഉപദേശിക്കും: 'ഞാന്‍ കളിച്ച കളിക്ക് നീ നില്‍ക്കേണ്ട' എന്ന്. ആകാശവാണിയിലെ ജോലി വിടാതെയായിരുന്നു വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെയും സര്‍ഗാത്മകപ്രവര്‍ത്തനം. ആ വഴിയുടെ സംഘര്‍ഷം ഓര്‍മിപ്പിക്കുകയായിരുന്നു എന്നെ.

കല്യാണം കഴിഞ്ഞ് ഞാനും രശ്മിയും ചെന്നൈയില്‍ ഒരു റെക്കോര്‍ഡിങ്ങിനു ചെന്ന സമയം. ആര്‍ക്കോട്ട് റോഡിലാണ് താമസം. ഹോട്ടല്‍ രഞ്ജിത്തില്‍ രാത്രി ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ അരണ്ട വെളിച്ചത്തില്‍നിന്ന് 'വേണൂ' എന്നൊരു വിളി. ആളെ തിരിച്ചറിയുന്നില്ല. അടുത്തുചെന്നു നോക്കിയപ്പോള്‍ പത്മരാജന്‍ സര്‍. ഭരതേട്ടനും സംവിധായകന്‍ ജോഷി മാത്യുവും ഒപ്പമുണ്ട്. ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയായിരുന്നു അത്. പത്തുദിവസം കഴിഞ്ഞപ്പോള്‍ അറിഞ്ഞത് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്തയാണ്. ആകാശവാണിയിലെ ടെലിപ്രിന്ററിലെ നീല അക്ഷരത്തില്‍ അടിച്ചുവന്ന ആ വാക്കുകള്‍ ഇന്നും കണ്ണില്‍ നടുക്കമായി നില്‍ക്കുന്നു. 

വയലാര്‍ രാമവര്‍മയുടെയും പി.പത്മരാജന്റെയും സര്‍ഗജീവിതത്തില്‍ ഏറെസമാനതകള്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. മുപ്പതു–മുപ്പത്തിമൂന്ന്‌വയസ്സിനുള്ളില്‍ ഇരുവരും അവരുടെ മികച്ച കൃതികള്‍ എഴുതിക്കഴിഞ്ഞു. സര്‍ഗ്ഗസംഗീതം എഴുതുമ്പോള്‍ വയലാറിന് പ്രായം മുപ്പത്തിമൂന്ന്. പത്മരാജന്‍ ആദ്യനോവലായ നക്ഷത്രങ്ങളേ കാവലിലൂടെ സാഹിത്യ അക്കാദമി അവാര്‍ഡ് നേടുമ്പോള്‍ പ്രായം ഇരുപത്തിയാറ്. മികച്ച കഥകളൊക്കെ അദ്ദേഹം 32 വയസ്സിനുള്ളില്‍ എഴുതിക്കഴിഞ്ഞു. പിന്നീട് ഇരുവരും സിനിമയില്‍ സജീവമായി. സാഹിത്യസംഭാവന കുറഞ്ഞു. നാല്‍പ്പത്തിയേഴാം വയസ്സില്‍ വയലാറും നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ പത്മരാജനും അന്തരിച്ചു. സിനിമയുടെ മധുരമുള്ള മുനയേറ്റുള്ള മുറിവിലാണോ അവര്‍ ഇരുവരും അമ്പത് വയസ് തികയുംമുമ്പ് വിടവാങ്ങിയതെന്ന് സംശയിച്ചുപോകുന്നു.

English Summary:

Singer G Venugopal opens up about Padmarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com