ADVERTISEMENT

ത്രിപുരയിൽ കോൺഗ്രസുമായി ധാരണയിലെത്തിയത് താഴെത്തട്ടിലുള്ള ജനങ്ങളുടെ സമ്മർദം മൂലമാണെന്നു ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ. ജനാധിപത്യവും നിയമവാഴ്ചയും പുനഃസ്ഥാപിക്കാനാണ് അഭിപ്രായവ്യത്യാസങ്ങൾ മറന്നു കോൺഗ്രസുമായി ധാരണയിലെത്തിയത്. പുതിയ തലമുറയ്ക്ക് അവസരം കൊടുക്കാനാണു മത്സരരംഗത്തു നിന്നും താൻ മാറിനിന്നതെന്നും ‘മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര പ്രതിപക്ഷ നേതാവുമായ മണിക് സർക്കാർ പറഞ്ഞു.

ബംഗാളിൽ കോൺഗ്രസുമായുണ്ടാക്കിയ തിരഞ്ഞെടുപ്പുധാരണ പരാജയമായിരുന്നു. ജനങ്ങൾ തള്ളിക്കളഞ്ഞു. ത്രിപുരയിൽ ഇത് എങ്ങനെ വിജയിക്കും?

നേതാക്കളുടെ തീരുമാനപ്രകാരമല്ല ഇത്തരമൊരു ധാരണയുണ്ടാക്കിയത്. താഴെത്തട്ടിൽ ജനങ്ങൾ ഞങ്ങളോടു ബിജെപി ഇതര കക്ഷികളുടെ ഐക്യമുണ്ടാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബിജെപിയുടെ 5 വർഷത്തെ ദുർഭരണത്തിന്റെ ഇരകളാണ് അവർ. അവർക്കു സമാധാനത്തോടെ ജീവിക്കണം.

Manik Sarkar
മണിക് സർക്കാർ

ഈ തിരഞ്ഞെടുപ്പിൽ ഇടതുസഖ്യം മുന്നോട്ടുവയ്ക്കുന്ന പ്രധാന വിഷയങ്ങൾ എന്താണ് ?

ഭരണഘടനയെ മാനിക്കുന്ന ഒരു ഭരണം ഇവിടെ വേണം. ജനാധിപത്യവും പൗരാവകാശവും നിയമവാഴ്ചയും പുനഃസ്ഥാപിക്കപ്പെടണം. സ്ത്രീസുരക്ഷയും മാധ്യമസ്വാതന്ത്ര്യവും വീണ്ടെടുക്കണം.

20 വർഷം മുഖ്യമന്ത്രിയായ താങ്കളെപ്പോലുള്ള ഒരു ജനപ്രിയനേതാവ് മത്സരരംഗത്തില്ലാത്തത് സിപിഎമ്മിനു ക്ഷീണം ചെയ്യില്ലേ?

ഇതിനെ പോസിറ്റീവായി കാണുകയാണു വേണ്ടത്. പുതിയ തലമുറയ്ക്ക് അവസരം നൽകണം. ഒരാൾ തന്നെ വീണ്ടും വീണ്ടും മത്സരിക്കേണ്ടതില്ല.

മത്സരിക്കേണ്ട എന്ന വ്യക്തിപരമായ തീരുമാനത്തെ തിരുത്താൻ പാർട്ടി ശ്രമിച്ചല്ലോ?

സംസ്ഥാനഘടകം അങ്ങനെ ആവശ്യം ഉന്നയിച്ചിരുന്നുവെന്നത് സത്യമാണ്. എന്റെ നിലപാട് ഞാനും വിശദീകരിച്ചു. ഇത് പാർട്ടി അംഗീകരിക്കുകയും ചെയ്തു.

വിശാല തിപ്ര ലാൻഡ് എന്ന തിപ്ര മോത്തയുടെ ആവശ്യത്തെ അംഗീകരിക്കുന്നുണ്ടോ?

അവരുടെ ആവശ്യം എന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർക്കു തന്നെ കഴിയുന്നില്ല. ട്രൈബൽ ഡിസ്ട്രിക് ഓട്ടോണമസ് കൗൺസിലിന് കൂടുതൽ സ്വയംഭരണം നൽകണമെന്ന അസന്ദിഗ്ധ നിലപാടാണ് സിപിഎമ്മിനുള്ളത്.

തിപ്ര മോത്തയുമായി നീക്കുപോക്കുണ്ടാകുമോ?

ഇതുവരെ അത്തരമൊരു തീരുമാനമില്ല. പക്ഷേ രാഷ്ട്രീയത്തിൽ സാധ്യമല്ലാത്തതായി ഒന്നുമില്ല.

തീവ്രവാദം തടയുന്നതിൽ രാജ്യത്തിനു തന്നെ മാതൃകയാണ് ത്രിപുര. രക്തച്ചൊരിച്ചിലില്ലാതെയാണു താങ്കൾ ഈ ലക്ഷ്യം നേടിയത്..

ത്രിപുരയിൽ തീവ്രവാദം അവസാനിപ്പിച്ച രീതിയെ പ്രധാനമന്ത്രി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. തീവ്രവാദത്തെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിടുന്നതിനൊപ്പം ആശയപരമായും ഞങ്ങൾ നേരിട്ടു. വിഘടനവാദികൾ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായി. കീഴടങ്ങിയവരെ പുനരധിവസിപ്പിച്ചു. ജീവിക്കാനായി പലർക്കും ഭൂമിയും റബർതൈയും നൽകി. തീവ്രവാദത്തിനെതിരായ വലിയൊരു ആയുധം കൂടിയായിരുന്നു റബർ കൃഷി. കേരളത്തിൽ നിന്നുള്ള റബർ ബോർഡ് ഉദ്യോഗസ്ഥരുടെ പങ്ക് ഇതിൽ വലുതാണ്.

ലളിത ജീവിതം നയിച്ച നേതാക്കളുടെ പാർട്ടിയിൽ ഇന്ന് ആഡംബരജീവിതം നയിക്കുന്നവർ വാർത്ത സൃഷ്ടിക്കുന്നു. കേരളത്തിൽ ഏറ്റവും ഒടുവിൽ റിസോർട്ട് വിവാദം കത്തുകയാണ്.

പ്രവർത്തനങ്ങൾക്കൊപ്പം തിരുത്തലുകളുമായിട്ടാണു പാർട്ടി എന്നും മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. അതു തുടരും.

English Summary: CPM Leader Manik Sarkar on CPM - Congress alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com