ADVERTISEMENT

തലസ്ഥാനത്തു സർവകലാശാലാ ആസ്ഥാനത്തെ കുമാരനാശാൻ പ്രതിമയ്ക്കു സമീപം അന്ന് ആൾക്കൂട്ടംപോലെ സാഹിത്യ– സാംസ്കാരിക നായകർ തിങ്ങിനിന്നു. പ്രതിമയെ ചൂണ്ടി കവി പുതുശ്ശേരി രാമചന്ദ്രൻ പ്രസംഗിക്കുന്നു. ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന ആഹ്വാനം ഓർമിപ്പിക്കുന്നു. കവി ഒ.എൻ.വി.കുറുപ്പ് രക്തഹാരങ്ങളണിഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ വാഹനത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി നിൽക്കുന്നു.

സാംസ്കാരിക ഘോഷയാത്രകൾ പോലെയായിരുന്നു ഒഎൻവിയുടെ തിരഞ്ഞെടുപ്പു പര്യടനം. ശിഷ്യരും ആരാധകരും കവിതയും അകമ്പടി; വിജയാന്തരീക്ഷം. കോൺഗ്രസ് നേതാവ് കെ.കരുണാകരൻ അപ്പോൾ ഒരു കമന്റ് പറഞ്ഞു, മാധ്യമപ്രവർത്തകരോട്: ‘‘ഒഎൻവി മലയാളത്തിന്റെ പ്രിയ കവിയാണ്. അദ്ദേഹത്തെ നമുക്ക് ഇവിടെത്തന്നെ വേണം.’’

കരുണാകരന്റെ സ്വന്തം സ്ഥാനാർഥി എ.ചാൾസ് ഒഎൻവിയെ തോൽപിച്ചു. കരുണാകരൻ ‘ആശംസി’ച്ചതുപോലെ കവി എംപി ആകാതെ ഇവിടെത്തന്നെ നിന്നതിനാൽ, ഒരു എംപിയും തലസ്ഥാനത്തിനു നൽകാത്ത ഒരു സമ്മാനം പിന്നീട് ഒഎൻവി നൽകി: ജ്ഞാനപീഠം!

സാഹിത്യനായികയും പ്രശസ്ത ‘സ്വപ്നജീവി’യുമായ മാധവിക്കുട്ടിയും മത്സരിച്ചു, തലസ്ഥാന മണ്ഡലത്തിൽ ഒരിക്കൽ. വിജെടി ഹാളിൽ സുകുമാർ അഴീക്കോടായിരുന്നു പ്രചാരണം ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരത്തു മത്സരിക്കണമെന്നു കവി സുഗതകുമാരിയോട് എ.കെ.ആന്റണി അഭ്യർഥിച്ചപ്പോൾ അവർ പറഞ്ഞത്, ‘ഞാൻ പുറത്തുനിന്നു കോൺഗ്രസിനെ വിമർശിച്ചു കൊള്ളാം’ എന്നായിരുന്നു!

അക്കാലത്തെ തലസ്ഥാനത്തിന്റെ സാംസ്കാരിക യൗവനം ഇന്ന് ‘ടെക്കി’ യുവത്വത്തിനു വഴിമാറിക്കഴിഞ്ഞു. പുതിയ വിധിയെഴുത്തുകൾക്കു വഴിയൊരുക്കുന്നത് ഇവരുടെ സ്വപ്നങ്ങൾ കൂടിയായിരിക്കും. സർവ ജാതിമതസ്ഥരും തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടുള്ള മണ്ഡലമാണ് തിരുവനന്തപുരം. ‘വിശ്വപൗരത്വം’ മതമാക്കിയ വി.കെ.കൃഷ്ണമേനോൻ ഉൾപ്പെടെ. എന്നാൽ, കരുണാകരന്റെ രാഷ്ട്രീയ ലീലകളാണ് മിക്കപ്പോഴും വിജയങ്ങൾ കൊയ്തത്. അതിൽ വമ്പന്മാർ വീണു.

ഒഎൻവിക്കെതിരെ ജയിച്ച സിറ്റിങ് എംപി എ.ചാൾസ് അഞ്ചുകൊല്ലം മുൻപു രാഷ്ട്രീയമായി വെറും ‘എ’ ചാൾസ് മാത്രമായിരുന്നു. പിഎസ്‌സി ഉദ്യോഗസ്ഥനും പിന്നീടു മെംബറുമായ ചാൾസിനെ ഒരു സമുദായത്തിന്റെ പ്രതീകമായി കരുണാകരൻ രംഗത്തിറക്കുകയായിരുന്നു. ചാൾസ് അന്നു തോൽപിച്ചത്, ഇതേ ഉദ്ദേശ്യത്തോടെ പണ്ടു കരുണാകരൻതന്നെ കളത്തിലിറക്കി ജയന്റ് കില്ലറാക്കിയ നീലലോഹിതദാസൻ നാടാരെയും!

കമ്യൂണിസ്റ്റ് കുലപതി എം.എൻ.ഗോവിന്ദൻ നായർ, ആ തലപ്പൊക്കത്തോടെ തിരഞ്ഞെടുപ്പു കളത്തിലിറങ്ങിയപ്പോഴായിരുന്നു കരുണാകരന്റെ ആദ്യ അദ്ഭുതപ്രവൃത്തി. ഇരു കമ്യൂണിസ്റ്റ് പാർട്ടികളും എ.കെ.ആന്റണിയുടെ ‘എ’ ഗ്രൂപ്പും ഉൾപ്പെടെ എംഎന്നിന് ഒപ്പം. പുറത്ത് കരുണാകരന്റെ ‘ഐ’യും മുസ്‌ലിം ലീഗും ചില ചെറുകിട സംഘങ്ങളും മാത്രം. ‘ഐ’യുടെ കെപിസിസി ഓഫിസിൽ കൂടിയവരോട് കരുണാകരൻ പറഞ്ഞു: നീലനെ നിർത്താം.

നീലൻ കോൺഗ്രസ് വിട്ട് എച്ച്.എൻ.ബഹുഗുണ എന്ന ഉത്തരേന്ത്യൻ നേതാവിനു കീഴിൽ കൊച്ചുരാഷ്ട്രീയം നയിക്കുകയായിരുന്നു അപ്പോൾ. ‘ചെറുഗുണ’ എന്ന വിളിപ്പേരു മാത്രമായിരുന്നു മൂലധനം. നീലനൊപ്പം അന്നു കോവളത്തുനിന്നു വീശിയടിച്ച കാറ്റിന് ഒരു സമുദായശക്തിയുടെ വീറുണ്ടായിരുന്നു. പിൽക്കാലത്ത് മണ്ഡലത്തിന്റെ വിധികൾ നിർണയിക്കുന്ന ചക്രവാതച്ചുഴിയായി മാറിയ കാറ്റിൽ എം.എൻ.ഗോവിന്ദൻ നായർ വീണു.

പാറശാലയ്ക്കു പുറത്ത് അറിയപ്പെടാതിരുന്ന യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് വി.എസ്.ശിവകുമാറിനെ കരുണാകരൻ ഇറക്കിയപ്പോൾ വീശിയത് മറ്റൊരു സമുദായക്കാറ്റായിരുന്നു. അന്നു വീണത് സിപിഐ നേതാവ് കണിയാപുരം രാമചന്ദ്രനും ബിജെപിയുടെ ഒ.രാജഗോപാലും.

പിന്നീട് ഇതേ ശിവകുമാറിനെ തോൽപിക്കാൻ ഇപ്പോഴത്തെ ഇടതുസ്ഥാനാർഥി പന്ന്യൻ രവീന്ദ്രനു പിന്തുണയായത്, കരുണാകരന്റെ തന്നെ ഇടക്കാല പരീക്ഷണമായ ഡിഐസി പാർട്ടിയും!

നിർബന്ധിച്ചാലേ മത്സരിക്കൂ എന്ന നിർമിതബുദ്ധിക്കാരായിരുന്നു മണ്ഡലം കണ്ട കമ്യൂണിസ്റ്റ് വമ്പന്മാർ പലരും. കെ.വി.സുരേന്ദ്രനാഥ് എന്ന ആശാനും പി.കെ.വാസുദേവൻ നായരും ഒക്കെ. പിൻഗാമി പന്ന്യൻ രവീന്ദ്രനും ഈ ലൈനാണ്. മോഡൽ സ്കൂൾ ജംക്‌ഷനിലെ കുഴിക്കടയിലും അടിയോടി ഹാളിനു സമീപത്തെ തട്ടുകടയിലും ജനപ്രിയനായി കയറിയിറങ്ങുന്ന പന്ന്യൻ, തലസ്ഥാനത്തുനിന്നു പാർലമെന്റിലേക്കു പോയപ്പോൾ, കോട്ടിട്ട് മുടിനീട്ടിയ ആ എംപിയെ കണ്ട് ഹിന്ദി ഹൃദയഭൂമിക്കാർ പോലും ചുറ്റും കൂടിനിന്നു.

കുന്നുകുഴി ജംക്‌ഷനിലൂടെ പ്രചാരണവണ്ടിയിൽ സഞ്ചരിക്കുമ്പോഴായിരുന്നു ആദ്യത്തെ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിളി വരുന്നത്. ‘ജയിച്ചു വാ, താങ്കളെ ഇവിടെ ആവശ്യമുണ്ട്’ എന്ന് മൻമോഹൻ ആശംസിച്ചു. ജയിച്ച് വിദേശകാര്യ സഹമന്ത്രിയായി; ക്രിക്കറ്റ് വിവാദത്തിൽ തടഞ്ഞ് തിരിച്ചിറങ്ങേണ്ടി വന്നെങ്കിലും, തരൂരിന്റെ വരവ് തിരുവനന്തപുരം മണ്ഡലത്തിന്റെ ചരിത്രചിത്രം മാറ്റി. ആദ്യതവണ സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം തരൂരിനു ഡിസിസി ഓഫിസിൽ കയറാൻ അസംതൃപ്ത കോൺഗ്രസ് നേതാക്കളുടെ അനുയായികളെ വെട്ടിച്ചു കടക്കേണ്ടി വന്നു. എന്നാൽ, ക്രമേണ തലസ്ഥാനത്തെ കോൺഗ്രസും തരൂരിനു ‘വിശ്വപൗരത്വ’ പദവി അംഗീകരിച്ചു കൊടുത്തു!

മണ്ഡലം ഉറ്റുനോക്കിയ ചോദ്യത്തിന്റെ ഉത്തരം വന്നുകഴിഞ്ഞു: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ രഥം ആരു നയിക്കും എന്ന സസ്പെൻസ് അഴിയുന്നതോടെ, വോട്ടുവണ്ടിയുടെ റൂട്ട് എങ്ങോട്ടുതിരിയും എന്ന സസ്പെൻസ് ആരംഭിച്ചു കഴിഞ്ഞു.  തലസ്ഥാനത്തിന്റെ ആഴമുള്ള വോട്ട് മനസ്സുപോലെ, വിഴിഞ്ഞത്തിന്റെ കടലാഴവും തീരുമാനത്തെ ബാധിക്കും. ഇതുവരെ തീരത്ത് തിരകൾ എണ്ണിക്കൊണ്ടിരുന്ന പൗരൻ ഇനി കപ്പലുകൾ എണ്ണുന്ന കാലമാണ് വരുന്നത്. എന്നാൽ, രാജ്യത്തിന്റെ സ്വപ്നമായ തുറമുഖത്തിന്റെ പാർശ്വഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതു തിരുവനന്തപുരംകാരാണ്. തുറമുഖവഴികൾ വികസിക്കുന്നതോടെ അതു മണ്ഡലത്തെ മുഴുവൻ ബാധിക്കും. അറബിക്കടലോരത്തുനിന്നു വീശുന്ന ആ കാറ്റിന് വികസനമോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും സമുദായവീര്യത്തിന്റെയും ഊറ്റമുണ്ടാകുമെന്നുറപ്പ്.

English Summary:

Loksabha Election Constituency roundup - Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com