ADVERTISEMENT

കേരളം പിറന്നശേഷമുള്ള ഏറ്റവും കഠിനവും ഭീഷണവുമായ പ്രതിസന്ധി നേരിടുകയാണു നമ്മുടെ മലയോരമേഖല. വന്യമൃഗക്കലി ഉറഞ്ഞാടുമ്പോൾ, ഒരേദിവസം രണ്ടുപേരുടെ ദാരുണമരണം കേൾക്കേണ്ടിവരുമ്പോൾ ഈ മേഖലകളെയാകെ ഭയം പെ‍ാതിയുന്നു. ഒരേ സ്വരത്തിൽ അവർ ചോദിക്കുന്നത് ഇതാണ്: കാടിറങ്ങുന്ന ഏതെങ്കിലും മ‍ൃഗത്തിന്റെ തുമ്പിക്കയ്യിലോ കെ‍ാമ്പറ്റത്തോ കെ‍ാലപ്പല്ലുകളിലോ തേറ്റയിലോ നിസ്സഹായതയോടെ ഒടുങ്ങാനാണോ ഞങ്ങളുടെ വിധി ?

നിസ്സഹായരും നിരാലംബരുമായ ജനത വനംവകുപ്പിന്റെ നിരുത്തരവാദിത്തത്തെ തെരുവിൽ ചോദ്യം ചെയ്യുമ്പോൾ പെ‍ാലീസിന്റെ കയ്യൂക്കുകെ‍ാണ്ട് ആ പ്രതിഷേധസ്വരങ്ങളെ നിശ്ശബ്ദമാക്കാൻ എന്തെ‍ാരു ഉഷാറാണ് നമ്മുടെ സർക്കാരിന് ? മൃതദേഹത്തോടു പെ‍ാലീസ് കാണിച്ച അനാദരംവരെ നാം കണ്ടുകഴിഞ്ഞു. ഒരു ജനാധിപത്യ സർക്കാരിൽനിന്നുണ്ടാവേണ്ടതാണോ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ഈ അമിതാവേശം ? സർക്കാർഅനാസ്ഥ മൃഗക്കലിയെക്കാൾ ഭീകരമെന്നുവരെ ആരോപിക്കപ്പെടുന്നുണ്ട്.

വന്യമൃഗഭീഷണിയോടെ‍ാപ്പം സർക്കാർസംവിധാനങ്ങളുടെ നിരുത്തരവാദിത്തംകൂടിയാകുമ്പോൾ ജനങ്ങൾക്കു നോക്കിനിൽക്കാനാവില്ല. ജീവഭീതിയോളം വലുതെന്ത് ? സഹനത്തിന്റെ നെല്ലിപ്പലകയും കടന്നിരിക്കുകയാണു മലയോരജനത. വെളിച്ചംമങ്ങിക്കഴിഞ്ഞാൽ ഒഴിയുന്ന തെരുവുകൾ, ആളും ആരവവും നഷ്ടപ്പെട്ട വാണിജ്യസ്ഥാപനങ്ങൾ, ആളെ‍ാഴിഞ്ഞ ഹോട്ടലുകളും റിസോർട്ടുകളും...

‘ഞങ്ങൾക്ക് ഉൾവിറയലില്ലാതെ വീടിനു പുറത്തിറങ്ങി നടക്കാനാകണം, സമാധാനത്തോടെ ഉറങ്ങാനാകണം, കുട്ടികൾക്കു പേടിയില്ലാതെ സ്കൂളിൽ പോകാനാകണം...’ – ആദ്യം വയനാട്ടിൽനിന്ന് ഉയർന്നുകേട്ട ഈ വിങ്ങലുകൾ ഇപ്പോഴിതാ അടിമാലിയിൽനിന്നും മൂന്നാറിൽനിന്നും പെരിങ്ങൽക്കുത്തിൽനിന്നും കക്കയത്തുനിന്നുമെ‍ാക്കെ കേൾക്കുന്നു. മലയോരഗ്രാമങ്ങൾമാത്രം അനുഭവിച്ചുപോന്ന ഭീതി സമീപ പട്ടണങ്ങളും പങ്കിട്ടുതുടങ്ങിയിരിക്കുന്നു.

ആശങ്കയും അനിശ്ചിതത്വവും മാത്രം നിറഞ്ഞ ഈ ജീവിതങ്ങൾ അധികൃതരുടെ മനസ്സിൽ ഇതുവരെ ഇടംപിടിക്കാതെ പോയത് എന്തുകൊണ്ടാണ് ? ഓരോ ദുരന്തത്തിനും ശേഷമുള്ള താൽക്കാലിക തീരുമാനങ്ങൾക്കപ്പുറത്ത്, ഇനിയും മനുഷ്യജീവൻവച്ചു പന്താടാതെ, ഈ പ്രശ്നത്തിന് അടിയന്തരമായി ശാശ്വതപരിഹാരം കണ്ടെത്തുകയാണു വേണ്ടതെന്ന് അറിയാത്തവരാണോ വനംവകുപ്പിന്റെ നേതൃത്വത്തിലുള്ളത് ? 

വനമേഖലയിലെ മനുഷ്യരെ വന്യജീവികൾക്കു വിട്ടുകൊടുക്കുകയാണു സർക്കാരെന്ന ആരോപണം ഗൗരവമുള്ളതാണ്. നടപ്പാക്കിയ പദ്ധതികളെ‍ാക്കെ തുടക്കത്തിലേ പാളിപ്പോയിരിക്കുന്നു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിഹാരം കാണാമെന്ന് ഉറപ്പുനൽകി മടങ്ങുന്നതാണു പതിവെന്നും പിന്നീട് തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. മനുഷ്യജീവനും വിലയുണ്ടെന്ന് ഓർമിപ്പിക്കുന്ന മലയോര ജനത, ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നുതന്നെ നിയന്ത്രിക്കണമെന്നു പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ പറഞ്ഞതു ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

മനുഷ്യ – വന്യജീവിസംഘർഷം  ദുരന്തമായി സംസ്ഥാനം ഇന്നലെ പ്രഖ്യാപിച്ചിരിക്കുകയാണ്. വന്യജീവിഭീഷണിയുടെ പശ്ചാത്തലത്തിൽ, പല തലങ്ങളിലുള്ള നടപടികളിലേക്കു നീങ്ങുകയുമാണ് സർക്കാർ. മലയോരവാസികൾക്കു വന്യമൃഗങ്ങളിൽനിന്നു രക്ഷയേകാനും അവരുടെ ഭീതിയകറ്റാനുമാകണം എല്ലാ നടപടികളുടെയും അടിസ്ഥാനലക്ഷ്യം. അതുകെ‍ാണ്ടുതന്നെ, തദ്ദേശ സ്ഥാപനങ്ങൾമുതൽ സെക്രട്ടേറിയറ്റ് വരെ നീളുന്ന ബഹുതലദൗത്യം അടിയന്തരസ്വഭാവത്തോടെ, ഇടർച്ചയില്ലാതെ മുന്നോട്ടുനീങ്ങേണ്ടതുണ്ട്. അവധിദിവസങ്ങളിൽ നിർജീവമാകുന്ന പതിവു സർക്കാർവിലാസം സമിതികളാവരുത് ഈ ദൗത്യത്തിൽ. കെ‍ാലക്കലിയുമായി പാഞ്ഞെത്തുന്ന വന്യമൃഗങ്ങൾക്ക് അവധിയില്ലെന്ന് ഓർമിക്കുകയും വേണം. 

വന്യമൃഗങ്ങൾ നാട്ടിലെത്തി മനുഷ്യജീവനെടുക്കുമ്പോഴും ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോഴും അധികൃതർ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി മുന്നിൽവച്ചുവേണം ഇനിയുള്ള നടപടികളുടെ മുന്നേറ്റം. ഉത്തരവാദിത്തബോധവും മലയോരവാസികളോടുള്ള ആത്മാർഥതയും സഹജീവിസ്നേഹവുമാകട്ടെ സർക്കാർദൗത്യത്തിന്റെ മുഖമുദ്ര. കെ‍ാല്ലപ്പെട്ടുകഴിഞ്ഞുള്ള നഷ്ടപരിഹാരത്തെക്കാളും വിലയുണ്ട് സർ, കെ‍ാല്ലപ്പെടാതിരിക്കാനുള്ള രക്ഷാനടപടികൾക്ക്.

English Summary:

Editorial about wild animals attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com