‘കരുതൽ തടങ്കൽ കിരാത നടപടി’: തെലങ്കാന ഹൈക്കോടതി വിധി റദ്ദാക്കി
Mail This Article
ന്യൂഡൽഹി ∙ കരുതൽ തടങ്കൽ കിരാത നടപടിയാണെന്നും വളരെ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാവൂ എന്നും സുപ്രീം കോടതി നിർദേശിച്ചു. കർത്തവ്യ നിർവഹണത്തിൽ പൊലീസിന്റെ വീഴ്ച മറയ്ക്കാനോ അധികാര ദുർവിനിയോഗത്തിനോ ഇതുപയോഗിക്കുന്നത് മുളയിലേ നുള്ളേണ്ടതുണ്ടെന്നും തെലങ്കാനയിലെ ഒരു തടവുകാരന്റെ അപ്പീലിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കൊള്ള നടത്താൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടിൽ കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തതിനെതിരെ നൽകിയ പരാതി തെലങ്കാന ഹൈക്കോടതി തള്ളിയതിലുള്ള അപ്പീലാണ് പരിഗണിച്ചത്. ഒരാളുടെ പേരിൽ കേസെടുത്തുവെന്നത് കരുതൽ തടങ്കലിനെ ന്യായീകരിക്കില്ലെന്നും പ്രത്യേക സമിതിയുടെ വിശദമായ റിപ്പോർട്ടനുസരിച്ചു മാത്രമേ ആരെയെങ്കിലും കരുതൽ തടങ്കലിലടയ്ക്കാവൂ എന്നും തെലങ്കാന ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി വ്യക്തമാക്കി.