കലോത്സവം കഴിഞ്ഞ് ട്രെയിനിൽ മടങ്ങവേ അപകടം; എ ഗ്രേഡ് കിട്ടിയ ‘മണവാളന്റെ’ കാൽവിരൽ നഷ്ടമായി
Mail This Article
കൊച്ചി / കൊല്ലം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ ടീം എ ഗ്രേഡ് നേടിയ സന്തോഷത്തിലാണ് സംഘത്തിലെ ‘മണവാള’നായ മുഹമ്മദ് ഫൈസൽ ട്രെയിൻ കയറിയത്. എന്നാൽ ജനറൽ കംപാർട്മെന്റിലെ നിന്നുതിരിയാനിടമില്ലാത്ത തിരക്കിൽ പതിയിരുന്ന അപകടം കവർന്നെടുത്തത് അവന്റെ ഇടതുകാലിന്റെ പെരുവിരലാണ്.
ശനിയാഴ്ച രാത്രി വൈകി അവസാനിച്ച മത്സരത്തിനു ശേഷം ചെന്നൈ–ഗുരുവായൂർ എക്സ്പ്രസിലാണ് ഫൈസലും കൂട്ടുകാരും നാട്ടിലേക്കു മടങ്ങിയത്. ഇന്നലെ പുലർച്ചെ 1.30നു ട്രെയിൻ കൊല്ലം മൺറോതുരുത്തിൽ എത്തിയപ്പോഴായിരുന്നു അപകടം. സീറ്റ് കിട്ടാത്തതിനാൽ ഫൈസലും കൂട്ടുകാരും വാതിലിനടുത്തായിരുന്നു. കാൽ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയതാകാമെന്ന് അധ്യാപകൻ വി.പി.അബൂബക്കർ പറഞ്ഞു.
കായംകുളം ജനറൽ ആശുപത്രിയിലെ പ്രഥമചികിത്സയ്ക്കുശേഷം ഫൈസലിനെ ആലുവ രാജഗിരി ആശുപത്രിയിലും തുടർന്നു കൊച്ചി സ്പെഷലിസ്റ്റ്സ് ആശുപത്രിയിലുമെത്തിച്ചു. ഇടതുകാലിലെ ചതഞ്ഞരഞ്ഞ പെരുവിരൽ ശസ്ത്രക്രിയയിൽ മുറിച്ചുമാറ്റി. വലതുകാലിന്റെ 3 ചെറുവിരലുകൾക്കും പരുക്കുണ്ട്. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ഫൈസൽ. ചെമ്പറക്കി തങ്ങളത്ത് ടി.എസ്.അബ്ദുൽ ജമാലിന്റെയും സീനയുടെയും മകനാണ്.