ADVERTISEMENT

കൊല്ലം ∙ അഞ്ചുനാൾ കേരളക്കരയെ വിസ്മയിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങും. മത്സരം അവസാനലാപ്പിലേക്ക് കടക്കുമ്പോൾ ആരായിരിക്കും സ്വർണക്കപ്പ് ഏന്തുകയെന്ന ആകാംക്ഷയിലാണു മലയാളികൾ. 887 പോയിന്റുമായി കണ്ണൂരും 886 പോയിന്റുമായി കോഴിക്കോടും 880 പോയിന്റുമായി പാലക്കാടുമാണു മുന്നിലുള്ളത്.

കലോത്സവ വേദിയിലെ ചൂടും തണുപ്പും..:1: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് ഭരതനാട്യത്തിൽ പങ്കെടുത്തശേഷം ഉച്ചയ്ക്കു രണ്ടരയ്ക്ക് ഒന്നാം വേദിയിലെ മീഡിയ റൂമിലെത്തിയ തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിലെ എ.എസ്.മാളവിക നിലത്തെ കടുത്ത ചൂടു കാരണം അമ്മയുടെ കാലിൽ കയറി നിൽക്കുന്നു. ചിത്രം 2: മലപ്പുറം പാലേമാട് എസ്‌വിഎച്ച്എസ്എസിലെ പ്രവിഷ്ണ കെ.പ്രദീപ് വൈകിട്ട് നാലരയ്ക്ക് അപ്രതീക്ഷിതമായി പെയ്ത മഴയിൽ മീഡിയ റൂമിലേക്കു ഓടി വരുന്നു. ചിത്രം: ഹരിലാൽ∙മനോരമ
കലോത്സവ വേദിയിലെ ചൂടും തണുപ്പും..:1: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് ഭരതനാട്യത്തിൽ പങ്കെടുത്തശേഷം ഉച്ചയ്ക്കു രണ്ടരയ്ക്ക് ഒന്നാം വേദിയിലെ മീഡിയ റൂമിലെത്തിയ തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിലെ എ.എസ്.മാളവിക നിലത്തെ കടുത്ത ചൂടു കാരണം അമ്മയുടെ കാലിൽ കയറി നിൽക്കുന്നു. ചിത്രം 2: മലപ്പുറം പാലേമാട് എസ്‌വിഎച്ച്എസ്എസിലെ പ്രവിഷ്ണ കെ.പ്രദീപ് വൈകിട്ട് നാലരയ്ക്ക് അപ്രതീക്ഷിതമായി പെയ്ത മഴയിൽ മീഡിയ റൂമിലേക്കു ഓടി വരുന്നു. ചിത്രം: ഹരിലാൽ∙മനോരമ

239 മത്സരങ്ങളിലായി 12,107 കുട്ടികളാണ് ഇത്തവണ പങ്കെടുത്തത്. കോഴിക്കോട് ജില്ലയിൽനിന്നാണ് കൂടുതൽ മത്സരാർഥികൾ. 1001 കുട്ടികൾ കോഴിക്കോടിനെ പ്രതിനിധീകരിച്ചു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള ബഹുമതി പാലക്കാട് ആലത്തൂർ ബിഎസ്എസ്  ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിനാണ്.  സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാനവേദിയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനായിരിക്കും. മമ്മൂട്ടി മുഖ്യാതിഥിയായെത്തും. മലയാള ഭാഷയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ മികവു പുലർത്തിയ വിദ്യാർഥികൾക്കുള്ള മലയാള മനോരമ ‘എന്റെ മലയാളം’ സ്വർണപ്പതക്കം ചടങ്ങിൽ സമ്മാനിക്കും.
മുന്നിൽ കണ്ണൂർ
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് ആർക്കെന്ന് സമാപനദിവസമായ ഇന്നറിയാം. നിലവിൽ കണ്ണൂർ ജില്ലയ്ക്ക് 887 പോയിന്റ്; കോഴിക്കോട് 886, പാലക്കാട് 880. കൊല്ലം 845 പോയിന്റുമായി ആറാം സ്ഥാനത്താണ്. 
കലോത്സവ സംഘാടനം:മന്ത്രിയുടെ എ ഗ്രേഡ്, കൊല്ലത്തിന് ‘അഭിമാനം’
∙ സംസ്ഥാന കലോത്സവവുമായി ബന്ധപ്പെട്ടു പരാതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു മന്ത്രി വി.ശിവൻകുട്ടി. കൊല്ലം ജില്ലക്കാർക്കു അഭിമാനിക്കാവുന്ന തരത്തിലാണു കലോത്സവം ഇന്ന് അവസാനിക്കുന്നത്. ഗതാഗതം, താമസം, ഭക്ഷണം, സംഘാടനം തുടങ്ങി എല്ലാ സബ് കമ്മിറ്റികളും ഒന്നിനൊന്നു മെച്ചമായി പ്രവർത്തിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 205 പേരാണു വിധിനിർണയം നടത്തിയത്. വിധികർത്താക്കളെ സംബന്ധിച്ചും പരാതികളൊന്നും ലഭിച്ചിട്ടില്ല. കാണികളുടെ പങ്കാളിത്തം കൊണ്ടും കലോത്സവം ശ്രദ്ധേയമായെന്നും മന്ത്രി പറഞ്ഞു. 
∙അടുത്ത കലോത്സവം: ഇപ്പോൾ പറയില്ല
അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി പറഞ്ഞു. ഒന്നിലധികം ജില്ലകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ചില എംഎൽഎമാരും ഇതേ ആവശ്യം പറഞ്ഞിട്ടുണ്ട്. എല്ലാം പരിഗണിച്ച ശേഷമേ അടുത്ത വേദി എവിടെയെന്നു നിശ്ചയിക്കൂവെന്നും മന്ത്രി പറഞ്ഞു.
∙പുതിയ ചട്ടം വരും
വർഷങ്ങൾ പഴക്കമുള്ള കലോത്സവ ചട്ടം (മാനുവൽ) ഈ വർഷം തീർച്ചയായും പരിഷ്കരിക്കുമെന്നു മന്ത്രി ശിവൻകുട്ടി. അതിന് ഏകദേശം 7 മാസമെടുക്കും. മുന്നോടിയായി കരട് ചട്ടം തയാറാക്കും. കലോത്സവവുമായി ബന്ധപ്പെട്ടവർക്കും മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്കും കരടു സംബന്ധിച്ച് അഭിപ്രായങ്ങൾ അറിയിക്കാം.   2024–25 വർഷത്തെ കലോത്സവങ്ങൾ പുതിയ ചട്ടം അനുസരിച്ചായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 
∙570  അപ്പീൽ
ജില്ലാതല മത്സരങ്ങളിൽ നിന്ന് 570 അപ്പീലുകളാണ് അനുവദിച്ചത്. ഇതിൽ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർമാർ മുഖേന എത്തിയത് 359 എണ്ണം. കോടതി മുഖേന എത്തിയത് 211. മുൻ വർഷം ആകെ ലഭിച്ചത് 362 അപ്പീലുകളായിരുന്നു. സംസ്ഥാന കലോത്സവത്തിൽ പൂർത്തിയാക്കിയ മത്സരങ്ങൾ സംബന്ധിച്ചു ലഭിച്ച 160 അപ്പീലുകളിൽ 138 എണ്ണം തീർപ്പാക്കി. 
∙12,107 കുട്ടികൾ
കൊല്ലം കലോത്സവത്തിൽ വിവിധ വേദികളിൽ എത്തിയത് 12,107 പേർ. ഏറ്റവും കൂടുതൽ കുട്ടികളെ മത്സരത്തിനെത്തിച്ചത് കോഴിക്കോട് ജില്ല – 1001 പേർ. കുറവ് ഇടുക്കി – 715 പേർ. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂൾ – ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലകളുടെ പോയിന്റ് നില (ഇന്നലെ രാത്രി 12.30 മണി വരെയുള്ളത്).
ജില്ല             പോയിന്റ് 
∙ കണ്ണൂർ 887
∙ കോഴിക്കോട് 886
∙ പാലക്കാട് 880
∙ തൃശൂർ‌ 865
∙ മലപ്പുറം 852
∙ കൊല്ലം 845
∙ എറണാകുളം 836
∙ തിരുവനന്തപുരം 811
∙ ആലപ്പുഴ 794
∙ കാസർകോട് 791
∙ കോട്ടയം 781
∙ വയനാട് 763
∙ പത്തനംതിട്ട 722
 ഇടുക്കി 678
ചവിട്ടുനാടകം ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ!
∙  ചുവടുകൾ ചവിട്ടിയാടുന്ന രാജവേഷധാരികളും പടയാളികളും... അവരുടെ തിളങ്ങുന്ന കുപ്പായങ്ങളും ഉടവാളുകളും.. ഇതെല്ലാം കൗതുകത്തോടെ കണ്ടു സദസ്സിൽ ഓസ്ട്രേലിയൻ സ്വദേശികളായ 2 സഹോദരൻമാരുമുണ്ടായിരുന്നു.  ഐസക് ഗോൾഡിൻസ്, ലൂയിസ് ഗോൾഡിൻസ് എന്നീ ബിരുദവിദ്യാർഥികളാണ് എച്ച്എസ്എസ് വിഭാഗം ചവിട്ടുനാടകം വേദിയിലെത്തിയത്.

ഐസക് ഗോൾഡിൻസും ലൂയിസ് ഗോൾഡിൻസും ചവിട്ടുനാടക മത്സരാർഥികൾക്കൊപ്പം.
ഐസക് ഗോൾഡിൻസും ലൂയിസ് ഗോൾഡിൻസും ചവിട്ടുനാടക മത്സരാർഥികൾക്കൊപ്പം.

ഓസ്ട്രേലിയയിൽ സഹപാഠികളായ മറ്റു മലയാളി വിദ്യാർഥികൾക്കൊപ്പമാണ്  ഇവർ എത്തിയത്. എല്ലാവർക്കും ഒരേ അഭിപ്രായം:  ഇറ്റ്സ് സോ എലഗന്റ്, സോ ബ്യൂട്ടിഫുൾ, ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ!രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യം;കൂടിയാട്ടത്തിൽ വിജയകിരീടം
കൂടിയാട്ടത്തിൽ രണ്ടു പതിറ്റാണ്ടിന്റെ വിജയ പാരമ്പര്യം നിലനിർത്തി പാരിപ്പള്ളി എഎസ്എച്ച്എസ്എസ്. സംസ്ഥാന കലോത്സവത്തിൽ 20 വർഷത്തോളമായി കൂടിയാട്ടത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നതു പാരിപ്പള്ളി എഎസ്എച്ച്എസ് സ്കൂളാണ്. പൈങ്കുളം നാരായണൻ ചാക്യാരാണ് ഇരുടീമുകളുടെയും ഗുരു. ഗൗരീനന്ദ, മോഹിത, ശ്രീനന്ദ, സന നജീബ്, അഭിരാമി, പ്രാർഥന, ശ്രീലക്ഷ്മി എന്നിവരാണ് എച്ച്എസ്എസ് വിഭാഗം കൂടിയാട്ടത്തിൽ എ ഗ്രേഡ് നേടിയത്. അനശ്വര, നിള ജഗദീഷ്, ആദിത്യ, മീര, ആകാംക്ഷ, ശ്രിത, ശ്വേത എന്നിവർ എച്ച്എസ് വിഭാഗത്തിലും എ ഗ്രേഡ് സ്വന്തമാക്കി.
ഈ വിജയത്തിന് എന്തൊരീണം!
 ∙ ഓടക്കുഴലിന്റെ ഈണം അലയടിക്കുന്നുണ്ട് ഈ വിജയത്തിൽ. ഓടക്കുഴൽ വാദകനായ ജോസി ആലപ്പുഴയുടെ സഹോദര പുത്രൻ അധീപ് പീറ്റർ ഡെൻസിലിനാണ് എ ഗ്രേഡ് ലഭിച്ചത്. ജോസി  തന്നെയാണു ഗുരുവും. അധീപ് നയിച്ച വൃന്ദവാദ്യത്തിനും എ ഗ്രേഡ് ഉണ്ട്.  ആലപ്പുഴ പൊള്ളേപ്പറമ്പിൽ ഡെൻസിൽ ജോസിന്റെയും പ്രിയയുടെയും മകനായ അധീപ് 

ഒന്നാം ക്ലാസ് മുതൽ ഓടക്കുഴൽ പഠിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിലും എ ഗ്രേഡ് നേടിയിരുന്നു. ആലപ്പുഴ ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ജോസിയുടെ ‘ജോസ് ആൻഡ് ദ് ബാൻഡി’ന്റെ ഭാഗമായി ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

English Summary:

Kerala School Kalolsavam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com