കലോത്സവ വേദികളിൽ നിന്ന് ‘വെള്ളിവെളിച്ചത്തിലേക്ക്’; നന്ദിയോടെ ഓർത്ത് പ്രതിഭകൾ
Mail This Article
∙നിറഞ്ഞ നന്ദിയുണ്ട് ഈ വേദികളോട്. നൃത്തം തുടങ്ങുന്നതിനുമുൻപ് തൊട്ടുമുന്നിൽ കാണുന്ന ചുവന്ന കർട്ടന്റെ ഞൊറികൾ ഇന്നും ഓർമയിലുണ്ട്. വെളുത്ത കാർഡിൽ ചുവന്ന അക്ഷരത്തിൽ എഴുതി ഉടുപ്പിൽ പിൻചെയ്തുവച്ച ചെസ്റ്റ് നമ്പർ. എന്നെ ഞാനാക്കി മാറ്റിയത് സംസ്ഥാന സ്കൂൾകലോത്സവമാണ്.
കലോത്സവവേദികൾ വിട്ടെങ്കിലും അഭിനയകലയിൽ മുന്നോട്ടുപോവാൻ മനസ്സിന് ഉറപ്പു നൽകിയത് ആ പഴയമത്സരവേദികളാണ്. പലർക്കും കലയുമായി മുന്നോട്ടുപോവാൻ കഴിയാറില്ല. ചിലർ കലയിൽ തുടരാൻ ശ്രമിച്ചാലും എങ്ങുമെത്താറില്ല. ഒരു യഥാർഥ കലാകാരന് ഭാഗ്യവും ഈശ്വരാനുഗ്രഹവും ഒരുമിച്ചു ലഭിക്കുമ്പോഴാണ് ജീവിതത്തിൽ എന്നും കലയിലൂടെ മുന്നേറാൻ കഴിയുക. അതിൽ ഇന്ന് ഞാൻ അഭിമാനിക്കുന്നുമുണ്ട്.’’-മഞ്ജു വാരിയർ (നടി, മുൻ സംസ്ഥാന കലാതിലകം)
ഓരോ വർഷവും കലോത്സവത്തിനായി കാത്തിരിക്കാറുണ്ട്
ഓരോ വർഷവും സംസ്ഥാന കലോത്സവം എവിടെവെച്ചാണ് നടക്കുകയെന്നറിയാൻ കാത്തിരിക്കാറുണ്ട്. കലോത്സവം തുടങ്ങിയെന്ന വാർത്ത കേട്ടാൽ പിന്നെ എല്ലാ ദിവസവും സ്കോർ നോക്കിക്കൊണ്ടിരിക്കും. എന്റെ ജില്ലയാണോ മുന്നിലെന്ന ആശങ്ക. അവസാനം സ്വർണക്കപ്പ് ഉയർത്തുന്നത് എന്റെ ജില്ലയാണെന്നറിയുമ്പോൾ ആശ്വാസമാണ്. തൊടുപുഴയിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് ലളിതഗാനത്തിൽ ഞാൻ ആദ്യമായി പങ്കെടുത്ത് ഒന്നാംസ്ഥാനം നേടിയത്. അന്നും എന്റെ ജില്ലയ്ക്കായിരുന്നു സ്വർണക്കപ്പ്.
സംഗീതത്തിൽ എന്റെ കരിയർ രൂപപ്പെടുത്തിയെടുക്കാൻ പിന്തുണ നൽകിയത് സ്കൂൾ കലോത്സവമാണ്. കലോത്സവങ്ങളിൽ മത്സരിച്ച് ഒന്നാംസ്ഥാനം കിട്ടുകയെന്നത് ഏറെ ആവേശമായിരുന്നു. ഇന്ന് ഒന്നാംസ്ഥാനത്തിനുപകരം ഗ്രേഡായി മാറിയെങ്കിലും ആവേശം കുറയുന്നില്ല. പ്രഫഷനൽ കോഴ്സ് പൂർത്തിയാക്കിയ സമയത്ത് സംഗീതത്തിൽ തുടരണോ അതോ പഠിച്ചവിഷയത്തിൽ ജോലി ചെയ്യണോ എന്നത് വലിയൊരു ചോദ്യമായിരുന്നു. സംഗീതത്തിൽ തുടരാമെന്നു തീരുമാനിച്ചത് ഏറെ ധീരമായ തീരുമാനമാണെന്ന് കരുതുന്നു. കാരണം സംഗീതം ഉപജീവനമായെടുക്കുന്ന പലർക്കും വിജയിക്കാൻ കഴിയാറില്ല. ഇതിനെന്നെ സഹായിച്ചത് കലോത്സവമാണ്.’’–മൃദുല വാരിയർ (ഗായിക, ഈ വർഷത്ത സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ്)
കലോത്സവ വേദികൾ കരിയറിലേക്കുള്ള വഴിയൊരുക്കി
∙കലോത്സവ വേദികൾ തന്നെയാണ് കരിയറിലേക്കുള്ള വഴിയൊരുക്കിയത്. ചെറുപ്പത്തിൽ നൃത്തവും സംഗീതവും ഒരുമിച്ച് പഠിക്കുകയും പരിശീലിക്കുകയും ചെയ്തത് കലോത്സവങ്ങൾക്കു കൂടി വേണ്ടിയാണ്. സഭാകമ്പം മാറ്റിയതും ആ വേദികൾ തന്നെ. മലയാളം പദ്യംചൊല്ലലിന് 3 തവണയും ഭരതനാട്യത്തിന് 2 തവണയും സംസ്ഥാനത്ത് ഒന്നാമതായി. ലളിതഗാനത്തിൽ പെൺകുട്ടികളിൽ എനിക്കും ആൺകുട്ടികളിൽ നജീം അർഷാദിനും ഒന്നാം സമ്മാനം കിട്ടിയത് ഒരേ വർഷമാണ്.
ചാനൽഷോകളിൽ ഒരുമിച്ചുണ്ടാകുമ്പോൾ ഇപ്പോഴും ഞങ്ങൾ അതേക്കുറിച്ചു പറയാറുണ്ട്. കുച്ചിപ്പുഡി, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ഇംഗ്ലീഷ് പദ്യംചൊല്ലൽ എന്നിവയിലൊക്കെ മതസരിക്കുകയും സമ്മാനം കിട്ടുകയും ചെയ്തിട്ടുണ്ട്. പഠനകാലം വിട്ടപ്പോൾ നൃത്തവേദികൾ കുറയുകയും സംഗീത വേദികൾ കൂടുതലായി കിട്ടുകയും ചെയ്തതോടെയാണ് പാട്ട് തന്നെ കരിയറായത്. സ്ഥിരമായി സംസ്ഥാന കലോത്സവത്തിന് എത്താറുണ്ടെങ്കിലും ഇത്തവണ ബെംഗളുരുവിലായതിനാൽ കൊല്ലത്ത് പോകാനായില്ലെന്ന സങ്കടവുമുണ്ട്. ’’-സിതാര കൃഷ്ണകുമാർ (ഗായിക)
കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ഉത്സവം
കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ഉത്സവമാണ് കലോത്സവം. കലോത്സവ വേദികളിൽ ഒരു പ്രത്യേക സ്പിരിറ്റുണ്ട്. ആർക്ക് ഫസ്റ്റ്, ആർക്ക് സെക്കൻഡ് എന്നതല്ല അവിടെ വിഷയം. അതിനപ്പുറം കാലമെത്ര കഴിഞ്ഞാലും പൊലിയാത്ത സൗഹൃദങ്ങളുടെ ഊട്ടിയുറപ്പിക്കൽ നടക്കുന്ന വേദികൾ കൂടിയാണവ.
1985 ൽ എറണാകുളത്തു നടന്ന കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ എനിക്ക് സെക്കൻഡ് ആയിരുന്നു. അത് എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത കലോത്സവമാണ്. അന്നവിടെ ഫസ്റ്റ് കിട്ടിയത് എം.കെ ശങ്കരൻ നമ്പൂതിരിക്കും കൊല്ലം സ്വദേശി ലാലു സുകുമാരനും. എനിക്കും ഡോ. ശ്രീവത്സൻ ജെ. മേനോനും സെക്കൻഡ്.
അന്നൊക്കെ കലോത്സവത്തിൽ മത്സരങ്ങൾ ക്ലസ്റ്റർ ആയിട്ടായിരുന്നു. എ ക്ലസ്റ്ററിൽ തന്നെ 30 പേരെങ്കിലും മത്സരിക്കാൻ കാണും. രാവിലെ തുടങ്ങിക്കഴിഞ്ഞാൽ ചിലപ്പോൾ രാത്രിയൊക്കെയാകും തീരാൻ. പലപ്പോഴും സമ്മാനം കിട്ടുന്ന പ്രതീക്ഷ തന്നെയില്ല. പിന്നെ ടീച്ചേഴ്സൊക്കെ പറയുമ്പോഴാണ് സമ്മാനം കിട്ടിയെന്ന് അറിയുന്നത്. അന്നത്തെ ആ ഞങ്ങൾ നാലു പേർ ഇന്നും വലിയ സൗഹൃദം കാത്തു സൂക്ഷിക്കുന്നതാണ് കലോത്സവത്തിന്റെ സൗന്ദര്യം.
ശങ്കരനും ശ്രീവത്സനും എനിക്കു വേണ്ടി എന്റെ സംഗീത സംവിധാനത്തിൽ സിനിമയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്. ലാലുവിന്റെ സംഗീതത്തിൽ ഞാൻ പാടിയിട്ടുണ്ട്. എല്ലാ രീതിയിലും ഞങ്ങൾ ഒന്നിച്ചുണ്ട്. ഞങ്ങൾ നാലു പേരും ‘ഫ്രണ്ട്സ് കൺസേർട്’ എന്ന പേരിൽ ഒരുമിച്ച് കച്ചേരി അവതരിപ്പിച്ചു– തിരുവനന്തപുരത്തും ബഹ്റൈനിലും. ബസുകളിലൊക്കെ ദൂരേക്കു യാത്ര ചെയ്തു, സ്കൂളിലെ ബഞ്ചുകളിൽ കിടന്നുറങ്ങി കൂട്ടായ്മയുടെ പ്രതീകങ്ങളായി മാറുന്ന അക്കാലത്തെ സ്പിരിറ്റ് ഇന്നും അതേപടിയുണ്ട്. അതാണ് വലിയ സന്തോഷം. എന്താണ് കൂട്ടായ്മ എന്നു കലോത്സവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.–എം.ജയചന്ദ്രൻ