ADVERTISEMENT

കൊല്ലം ∙ ഒഥല്ലോയുടെ ഡെസ്ഡമോണയും മുച്ചീട്ടുകളിക്കാരന്റെ മകൾ സൈനബയും ‘സാഹിതി’യുടെ പൂമുഖത്തുവന്നു കുശലം പറഞ്ഞപ്പോൾ ഷേക്സ്പിയറും വൈക്കം മുഹമ്മദ് ബഷീറും വി.സാംബശിവനും നറുപുഞ്ചിരിയോടെ കേട്ടിരുന്നിട്ടുണ്ടാവണം. ‘നർമദയുടെ വിലാപം’ കൂടി ചേർന്നപ്പോൾ, കഥാപ്രസംഗത്തിന്റെ നൂറാം വാർഷികത്തിനതു പുതുകാഥികരുടെ കഥാർപ്പണമായി.

സ്കൂൾ കലോത്സവത്തിൽ ‘വി.സാംബശിവൻ സ്മൃതി’ എന്ന വേദിയിൽ കഥ പറഞ്ഞിറങ്ങിയ തൃശൂർ കാർമൽ എച്ച്എസ്എസിലെയും ഷൊർണൂർ വാണിയംകുളം ടിആർകെ എച്ച്എസ്എസിലെയും ടീമുകളാണു കഥാപ്രസംഗ കുലപതി വി.സാംബശിവന്റെ വീടായ ‘സാഹിതി നിവാസി’ൽ മലയാള മനോരമയ്ക്കായി ഒത്തുകൂടിയത്. ഇരുടീമുകളും ചേർന്ന് അവിടെ കഥാപ്രസംഗവും അവതരിപ്പിച്ചു– കാർമൽ സ്കൂളിലെ സ്നേഹ മനീഷ് മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന കഥ പറഞ്ഞപ്പോൾ, ടിആർകെ സ്കൂളിലെ കെ.സി.പവിത്ര അവതരിപ്പിച്ചതു നർമദയുടെ വിലാപം. 

പിന്നണിയിൽ ഇരുടീമിന്റെയും പക്കമേളക്കാർ ഒന്നിച്ചു. സാംബശിവന്റെ മക്കളായ പ്രഫ. വസന്തകുമാർ സാംബശിവനും ഡോ.ജിനുരാജ് കുമാറും ജിനുരാജിന്റെ ഭാര്യ ഡോ. രേണുകയും കേൾവിക്കാരായി.

സാംബശിവനിലൂടെ മലയാളത്തിനു പരിചിതമായ ഒഥല്ലോ പറഞ്ഞും പുതിയ തലമുറയുടെ കഥയ്ക്കു കയ്യടിച്ചുമാണു കാഥികൻ കൂടിയായ മകൻ പ്രഫ.വസന്തകുമാർ സാംബശിവൻ കുട്ടികൾക്കു മധുരം പകർന്നത്. ‘വി.സാംബശിവൻ സ്കൂൾ ഓഫ് കഥാപ്രസംഗത്തിന്റെ’ വഴികളും ശൈലിയും പുത്തൻ കാഥികർക്കു പറഞ്ഞു കൊടുക്കുകയും ചെയ്തു. നിറമനസ്സുമായി അവർ തിരിച്ചിറങ്ങുമ്പോൾ മത്സരവേദിയിൽ നിന്നെത്തിയ മറ്റൊരു സംഘം അവിടെ കഥ പറയാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. 
കഥാപ്രസംഗം: വാർഷികം ആഘോഷിച്ച്  പെൺപട
കൊല്ലം∙  കഥാപ്രസംഗത്തിന്റെ നൂറാം വാർഷികത്തിൽ കഥാപ്രസംഗ വേദിയിൽ പെൺകരുത്തിന്റെ ശബ്ദം. ഹൈസ്കൂൾ, ഹയർ സെക്കൻ‍ഡറി വിഭാഗങ്ങളിൽ മത്സരിച്ച 33 പേരിൽ ആൺകുട്ടി ഒന്നു മാത്രം. 33 പേർക്കും എ ഗ്രേഡ് ലഭിച്ചു.

ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരിച്ച 17 പേരും പെൺകുട്ടികളാണ്. ഹൈസ്കൂൾ  വിഭാഗത്തിൽ 16 പേർ മത്സരിച്ചു. ഒരു ആൺകുട്ടിയും 15 പെൺകുട്ടികളും. ചില കുട്ടികൾ കഴിഞ്ഞ വർഷം അവതരിപ്പിച്ച് കഥ ഇക്കുറിയും അവതരിപ്പിച്ച എ ഗ്രേഡ് നേടി.

English Summary:

Kerala School Kalolsavam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com