‘കഥാപ്രസംഗ വേദിയിൽ ടീസർ റിലീസ്’; അച്ഛൻ എഴുതുന്ന തിരക്കഥ കഥാപ്രസംഗമായി അവതരിപ്പിച്ച് മകൾ
Mail This Article
കൊല്ലം ∙ ഏപ്രിലിൽ പുറത്തിറങ്ങുന്ന പിതാവിന്റെ സിനിമയുടെ തിരക്കഥ കഥാപ്രസംഗ വേദിയിൽ ‘റിലീസ്’ ചെയ്ത് മകൾ. സംവിധായകൻ ഉണ്ണിക്കൃഷ്ണൻ ആവള യുടെ പുതിയ ചിത്രത്തിന്റെ തിരക്കഥയാണ് മകൾ, മലപ്പുറം എംഎസ്പി എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിനി കെ.എസ്.അന്ന വൈദേഹി അവതരിപ്പിച്ചത്.
സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഉണ്ണിക്കൃഷ്ണൻ തന്നെയാണ് കഥാപ്രസംഗ രൂപം നൽകിയത്. സിനിമയ്ക്ക് പേര് ഇട്ടിട്ടില്ല. ദുബായിൽ പേര് പ്രഖ്യാപിക്കാനിരിക്കെയാണ് ‘ഒടുവിലത്തെ താൾ’ എന്ന പേരിൽ മകൾ കഥ പറഞ്ഞത്. സിനിമ ഇറങ്ങുന്നതിനു മുൻപു തിരക്കഥ കഥാപ്രസംഗം ആയത് ചരിത്രവുമായി. പ്രസംഗമത്സരങ്ങളിൽ നിന്നാണ് അന്ന വൈദേഗി കഥാപ്രസംഗത്തിലേക്ക് ചുവട് മാറ്റിയത്. ഈ വർഷമാണ് കഥാപ്രസംഗ മത്സരത്തിൽ ആദ്യമായി പങ്കെടുത്തത്. അപ്പീലിലൂടെയാണ് എത്തിയത്. എ ഗ്രേഡ് നേടി മടങ്ങി.
13 രാജ്യാന്തര ചലച്ചിത്ര മേളകളിൽ പങ്കെടുത്ത ‘ഉടലാഴം’ എന്ന സിനിമയുടെ സംവിധായകൻ ആണ് ഉണ്ണിക്കൃഷ്ണൻ. സംവിധായകൻ കമലിന്റെ ആത്മകഥയായ ‘ആത്മാവിൻ പുസ്തകത്താളിൽ’ എന്ന കൃതിയുടെ രചയിതാവാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട ‘ലാസ്റ്റ് പേജ്’ എന്ന ഡോക്യുമെന്ററിയിലൂടെ ഉണ്ണിക്കൃഷ്ണൻ രംഗത്ത് എത്തുന്നത്. രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് അച്ഛനും മകളും.