ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കി, രക്തം കട്ട പിടിക്കാതിരിക്കാൻ മരുന്ന്; നവീന്റെ നീക്കങ്ങൾ ആസൂത്രിതം
Mail This Article
തിരുവനന്തപുരം∙ അരുണാചൽ പ്രദേശിൽ മരിച്ച നവീനും ദേവിയും സുഹൃത്ത് ആര്യയും വിശ്വസിച്ച രീതിയിൽ മരണാനന്തര ജീവിതത്തിൽ ആകൃഷ്ടരായവരുണ്ടോ എന്ന് പൊലീസ് അന്വേഷണം. ഇവർ മൂന്നുപേരുടെയും പ്രേരണയിൽ മറ്റാരെങ്കിലും ഇത്തരം ചിന്തയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് നിർദേശം. നവീനും ദേവിയും ആര്യയും തങ്ങൾ പിന്തുടർന്ന രീതികൾ അടുപ്പമുള്ള ആരോടും പങ്കുവച്ചിട്ടില്ല. സ്കൂളിലെ ചില സഹപ്രവർത്തകർ ഇപ്പോൾ പൊലീസിനെ സംശയങ്ങൾ അറിയിക്കുന്നുണ്ട്. നവീനിന്റെ നീക്കങ്ങൾ ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.
നേരത്തേ ഗുവാഹത്തിയിലും ഇറ്റാനഗറിലുമെത്തിയെങ്കിലും അവിടെ ഇറങ്ങിയയുടനെ മൊബൈൽ ഫോൺ ഓഫ് ചെയ്തുവെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്. അവിടെ നിന്ന് എങ്ങോട്ട് യാത്ര ചെയ്തുവെന്നോ ആരെ കണ്ടുവെന്നോ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് പൊലീസിനു കണ്ടെത്താനായില്ല. 28ന് ഗുവാഹത്തിയിൽ ചെന്നപ്പോഴും മൂന്നുപേരും മൊബൈലുകൾ ഓഫ് ചെയ്തു. ഒരിടത്തുപോലും ഗൂഗിൾപേ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പണം കൈമാറിയില്ല. താമസിച്ച ഹോട്ടലിലും പണമാണു നൽകിയത്.
ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കി പണം നേരിട്ടു നൽകിയാണ് കഴക്കൂട്ടത്തുള്ള ട്രാവൽ ഏജൻസിയിൽ നിന്നു മൂന്ന് പേർക്ക് ഗുവാഹത്തിക്കുള്ള വിമാനടിക്കറ്റും എടുത്തത്. ഹോട്ടൽ മുറിയെടുത്തപ്പോഴും നവീൻ മറ്റുള്ളവരുടെ രേഖകൾ നൽകിയില്ല. ഇതിനിടെ ആയുധവും രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുമെല്ലാം വാങ്ങിയിരുന്നു.
മൂവരും തമ്മിലുള്ള ആശയവിനിമയത്തിന് ചില വ്യാജ ഇമെയിൽ അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നു. ഇവരുടെ ഗ്രൂപ്പിൽ ആരെങ്കിലും ചേർന്നിട്ടുണ്ടോ, മൂന്നു പേരും ഇത്തരം മെസേജുകൾ വേറെ ആർക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നൊക്കെ മൊബൈൽ ഫോണുകൾ പരിശോധിച്ചാലേ അറിയാനാകൂ. മരിച്ചുകിടന്ന മുറിയിലുണ്ടായിരുന്ന 2 മൊബൈലുകളും ലാപ്ടോപ്പും അരുണാചൽ പ്രദേശ് പൊലീസ് ഫൊറൻസിക് പരിശോധനയ്ക്കു നൽകി. അവിടെയെത്തിയ ശേഷം ആ നാട്ടിൽ ആരെയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് അരുണാചൽ പൊലീസ്.
നവീന്റെ സംസ്കാരം നടത്തി
കോട്ടയം ∙ അരുണാചലിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മീനടം സ്വദേശി നെടുംപൊയ്കയിൽ നവീൻ തോമസിന്റെ (39) സംസ്കാരം നടത്തി. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.30നു വീട്ടിലെത്തിച്ചു. മീനടം സെന്റ് തോമസ് വലിയ പള്ളിയിലെ സെമിത്തേരിയിൽ സംസ്കരിച്ചു. നീണ്ട പ്രാർഥനച്ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം. നവീന്റെ ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും സംസ്കാരം വ്യാഴാഴ്ച തിരുവനന്തപുരത്തു നടത്തിയിരുന്നു.