പാനൂർ ബോംബ് കേസ്: അറസ്റ്റിലായവരെല്ലാം സിപിഎം പ്രവർത്തകർ; രേഖപ്പെടുത്താനുള്ളത് 2 പേരുടെ അറസ്റ്റ്
Mail This Article
പാനൂർ (കണ്ണൂർ) ∙ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം അവസാനഘട്ടത്തിൽ. പ്രതികളെല്ലാം പിടിയിലായതോടെ അന്വേഷണം വേഗത്തിലാക്കുകയാണ് പൊലീസ്. 9 പ്രതികൾ ഇതിനകം റിമാൻഡിലായി. സ്ഫോടനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുളിയാത്തോട് വലിയപറമ്പത്ത് വിനീഷ്, സെൻട്രൽ കുന്നോത്തുപറമ്പ് കല്ലായീന്റവിട വിനോദ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.
മരിച്ച ഷെറിൻ ഉൾപ്പെടെ 12 പേരാണു പ്രതിപ്പട്ടികയിലുള്ളത്. സാരമായി പരുക്കേറ്റ വിനീഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. സ്ഫോടനം നടന്ന വീട്ടിൽ 6 മുതൽ ഏർപ്പെടുത്തിയ പൊലീസ് കാവൽ ഇന്നലെ അവസാനിപ്പിച്ചു. എന്നാൽ, വീട്ടിലേക്കു പ്രവേശിക്കരുതെന്നു നോട്ടിസ് പതിച്ചിട്ടുണ്ട്.
കേസിൽ അറസ്റ്റിലായവരെല്ലാം സിപിഎം പ്രവർത്തകരാണ്. 2 പേർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിമാരും ഒരാൾ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ്. തിരഞ്ഞെടുപ്പു കണക്കിലെടുത്ത് പാനൂർ മേഖലയിൽ വരുംദിവസങ്ങളിൽ തിരച്ചിൽ വ്യാപകമാക്കും. ജില്ലാ അതിർത്തിയിൽ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തും. ലോക്കൽ പൊലീസിനു പുറമേ, സിആർപിഎഫ് സംഘവും പാനൂരിലുണ്ട്.