ADVERTISEMENT

ദുബായ് ∙ ഗൾഫിനെ മുക്കിയ അപ്രതീക്ഷിത പേമാരിയിൽ വിമാന സർവീസുകൾ താളം തെറ്റിയെങ്കിലും വോട്ട് ചെയ്യാൻ ചാർട്ടേഡ് വിമാനം വരെ പിടിച്ച് ഇക്കുറിയും പ്രവാസികളെത്തും.  ഗൾഫിൽനിന്നു കേരളത്തിലേക്കുള്ള വിമാനങ്ങളിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളിലേക്ക് നേരത്തേ തന്നെ ഒട്ടേറെ പ്രവാസി വോട്ടർമാർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 

രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾ ട്രാവൽ ഏജൻസികളുമായി സഹകരിച്ചു കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ഏർപ്പാടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. ശരാശരി 8500 രൂപയ്ക്കാണ് ടിക്കറ്റ് ലഭിച്ചത്. നിരക്കിളവ്, ഫ്ലൈറ്റ് ചാർട്ട് ചെയ്യൽ തുടങ്ങിയവയ്ക്ക് സംഘടനകളുടെ സഹായമുണ്ടെങ്കിലും ചെലവ് വഹിക്കേണ്ടത് പ്രവാസി വോട്ടർമാർ തന്നെ. ഇതിനിടെയാണ് വിമാന സർവീസുകളെ വരെ ബാധിച്ച് അപ്രതീക്ഷിതമായി മഴയും വെള്ളക്കെട്ടുമെത്തിയത്. 

പ്രവാസി വോട്ടർമാരുടെ വരവ് പ്രധാനമായും വടക്കൻ കേരളത്തിലേക്കാണ്. യുഎഇ, സൗദി എന്നിവിടങ്ങളിൽനിന്ന് 10,000 പേരെ വീതം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നു ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ഇ.പി.ഉബൈദുല്ല പറഞ്ഞു. ജിദ്ദയിൽനിന്ന് കെഎംസിസിയുടെ നേതൃത്വത്തിൽ 190 വോട്ടർമാർ ഏഴിനുതന്നെ നാട്ടിലെത്തി.

കോഴിക്കോട് ജില്ലയിൽ ആകെ 35,793 പ്രവാസി വോട്ടർമാരാണുള്ളത്. ഇതിൽ 14,827 പേർ വടകര മണ്ഡലത്തിലും 17,424 പേർ കോഴിക്കോട് മണ്ഡലത്തിലും 3542 പേർ വയനാട് മണ്ഡലത്തിലുമാണെന്നാണ് അനൗദ്യോഗിക കണക്ക്. പാലക്കാട് ലേ‍ാക്സഭാ മണ്ഡലത്തിലെ പട്ടാമ്പിയിൽ 10,000, മണ്ണാർക്കാട്ട് 8800 വീതം പ്രവാസി വോട്ടർമാരുണ്ട്. പതിനയ്യായിരത്തിനടുത്ത് പ്രവാസി വോട്ടർമാർ വയനാട് ജില്ലയിലുണ്ട്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ 7035 പ്രവാസി വോട്ടർമാരാണുള്ളത്. 

ദുബായിൽനിന്ന് ആദ്യ വോട്ടുവിമാനമെത്തി

കരിപ്പൂർ ∙ വോട്ട് ആവേശത്തിലേക്കു പ്രവാസികൾ പറന്നിറങ്ങുന്നതു തുടരുന്നു. കോഴിക്കോട് ജില്ലാ ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ 122 പേർ ഇന്നലെ എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തി. ദുബായിൽ മഴയെത്തുടർന്നു യാത്രയ്ക്കു തടസ്സം നേരിട്ടതിനാൽ റാസൽ ഖൈമയിൽനിന്നാണ് ഇവർ യാത്രതിരിച്ചത്. ഇൻകാസ് പ്രവർത്തകരും കൂട്ടത്തിലുണ്ട്. കൂടുതൽ പേരും വടകര മണ്ഡലത്തിലെ വോട്ടർമാരാണ്. ദുബായിൽനിന്നുള്ള ആദ്യത്തെ വോട്ടുവിമാനമാണ് എത്തിയതെന്നും തുടർദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നും ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി പറഞ്ഞു.  

English Summary:

Expatriates go to Kerala to vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com