കാരക്കോണം: ഇ.ഡി. കുറ്റപത്രം സമർപ്പിച്ചു; സൗത്ത് കേരള മെഡിക്കൽ മിഷൻ ഒന്നാം പ്രതി
Mail This Article
കൊച്ചി∙ തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളജ് അധികാരികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുറ്റപത്രം സമർപ്പിച്ചു. മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്തു 28 വിദ്യാർഥികളുടെ മാതാപിതാക്കളിൽ നിന്നു 7.22 കോടിരൂപ കൈപ്പറ്റിയിട്ടും സീറ്റ് നൽകാതിരുന്നതാണു പരാതിക്കു വഴിയൊരുക്കിയ സംഭവം.
കാരക്കോണം മെഡിക്കൽ കോളജിന്റെ നടത്തിപ്പു ചുമതലയുള്ള സൗത്ത് കേരള മെഡിക്കൽ മിഷനാണു കേസിലെ ഒന്നാം പ്രതി. സിഎസ്ഐ സഭയുടെ മുൻ ബിഷപ് ധർമരാജ് റസാലം, മെഡിക്കൽ കോളജ് ഡയറക്ടർ ബെന്നറ്റ് ഏബ്രഹാം, സഭയുടെ മുൻ സെക്രട്ടറി ടി.ടി.പ്രവീൺ, മുൻ ഫിനാൻസ് കൺട്രോളർ പി.തങ്കരാജ്, ക്ലാർക്ക് പി.എൽ. ഷിജി എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്.
മാതാപിതാക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തതോടെ വാങ്ങിയ പണം തിരികെ നൽകി കേസ് ഒതുക്കാൻ ശ്രമിച്ചെങ്കിലും കബളിപ്പിക്കപ്പെട്ട മുഴുവൻ പേർക്കും പണം നൽകാൻ കഴിഞ്ഞില്ല. വാങ്ങിയ പണത്തിൽ നല്ലൊരു ഭാഗം സഭയുടെ മറ്റു പ്രസ്ഥാനങ്ങളുടെ നിർമാണ ജോലികൾക്കു വേണ്ടി നിക്ഷേപിച്ചിരുന്നു. 95 ലക്ഷം രൂപ ഇ.ഡി കണ്ടുകെട്ടി. ഇതു പണം നഷ്ടപ്പെട്ടവർക്കു തിരികെ നൽകും.
500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായുള്ള ആദ്യ ആരോപണം ഇ.ഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞില്ല. കള്ളപ്പണം വിദേശത്തേക്കു കടത്തിയെന്ന ആരോപണത്തിനും തെളിവില്ല. പണം നഷ്ടപ്പെട്ട 27 മാതാപിതാക്കളും മെഡിക്കൽ കോളജിലെ ചില ജീവനക്കാരുമാണു കേസിനെ നിർണായക സാക്ഷികൾ. രേഖകളും സാക്ഷിമൊഴികളും അടക്കം 1510 പേജുള്ള പ്രോസിക്യൂഷൻ കംപ്ലെയ്ന്റാണു (കുറ്റപത്രം) പിഎംഎൽഎ പ്രത്യേക കോടതി മുൻപാകെ പ്രോസിക്യൂഷൻ നടപടികൾക്കു വേണ്ടി അന്വേഷണ സംഘം സമർപ്പിച്ചത്.
നടപടി പരിശോധനയ്ക്കു ശേഷം
തിരുവനന്തപുരം ∙ ഇ.ഡി. കോടതിയിൽ സമർപ്പിച്ച രേഖ പരിശോധിച്ച ശേഷം കേസിലുൾപ്പെട്ടവർക്കെതിരെ തുടർനടപടി എടുക്കാനാണ് ദക്ഷിണ കേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. പ്രതികളായ മുൻ ബിഷപ് ധർമരാജ് റസാലവും മുൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടി.ടി.പ്രവീണും ഇപ്പോൾ പദവികൾ വഹിക്കുന്നില്ല.
കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെന്നറ്റ് ഏബ്രഹാം മാത്രമാണ് ഇപ്പോൾ സഭയ്ക്കു കീഴിൽ ഒൗദ്യോഗിക പദവി വഹിക്കുന്നത്. ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്ന കാര്യം ഇ.ഡി. സമർപ്പിച്ച രേഖകളുടെ വിശദാംശം ലഭിച്ച ശേഷമേ തീരുമാനിക്കൂ എന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.