‘യുഎസിലെ കമ്പനിയുടമ നാരായണ മൂർത്തിയെ ജനൽ ഇല്ലാത്ത സ്റ്റോർമുറിയിൽ ബോക്സിൽ കിടത്തി ഉറക്കിയിട്ടുണ്ട്’
Mail This Article
ന്യൂഡൽഹി∙ ഇൻഫോസിസിന്റെ തുടക്കകാലത്ത് ഉപഭോക്താവായ ഒരു കമ്പനിയുടമ നാരായണ മൂർത്തിയെ സ്റ്റോർ മുറിയിലെ ബോക്സിൽ കിടത്തി ഉറക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. യുഎസിൽ ഒരു കമ്പനിയുടമയെ കാണാനായി പോയപ്പോഴാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. തന്റെ വീട്ടിൽ നാലു കിടപ്പുമുറികൾ ഉണ്ടായിരുന്നെങ്കിലും ജനലുകളില്ലാത്ത സ്റ്റോർ മുറിയിൽ ആണ് അയാൾ നാരായണ മൂർത്തിയെ കിടത്തിയതെന്നും ഇന്ത്യൻ – അമേരിക്കൻ എഴുത്തുകാരി ചിത്ര ബാനർജി ദിവാകരുണി എഴുതിയ പുസ്തകത്തിൽ പറയുന്നു.
സുധാമൂർത്തിയുടെയും നാരായണ മൂർത്തിയുടെയും ആദ്യ കാലഘട്ടത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ‘ആൻ അൺകോമൺ ലവ്: ദി ഏർലി ലൈഫ് ഓഫ് സുധ ആൻഡ് നാരായണ മൂർത്തി’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരിചയപ്പെടുന്നതു മുതൽ ഇൻഫോസിസിന്റെ ആദ്യ കാലഘട്ടം വരെ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡേറ്റ ബേസിക്സ് കോർപറേഷൻ ഉടമ ഡോൺ ലൈൽസ് ആണ് നാരായണ മൂർത്തിയോടു മോശമായി പെരുമാറിയ ആൾ. നൽകുന്ന സേവനത്തിനു പലപ്പോഴും പണം വൈകിപ്പിച്ചും ഇയാൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മൻഹാറ്റനിൽ ഇവരെ സന്ദർശിക്കാനായി നാരായണ മൂർത്തിയും സഹപ്രവർത്തകരും എത്തുമ്പോൾ അവരുടെ താമസത്തിനായി ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിനുള്ള അനുമതി പോലും നൽകാതെ ഇരുന്നിട്ടുണ്ട് ഡോൺ. കമ്പനി സ്ഥാപിച്ച് അധികം ആകാത്തതിനാൽ ഡോണിന്റെ സ്വഭാവം പലപ്പോഴും നാരായണ മൂർത്തിക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും ബോക്സിൽ കിടന്നുറങ്ങേണ്ടി വന്നത് ഞെട്ടിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു.
‘‘അതിഥികൾ ദൈവത്തെപ്പോലെയാണെന്നാണ് എന്റെ അമ്മ പറയാറുണ്ടായിരുന്നത്. നിങ്ങളുടെ അതിഥിയെ എങ്ങനെ സൽക്കരിക്കുന്നുവോ അതാണ് നിങ്ങള്‍ എന്തുതരത്തിലെ ആളാണ് വ്യക്തമാക്കുന്നത്. പിതാവ് മുൻകൂട്ടിയറിയിക്കാതെ ഒരാളെ വീട്ടിലേക്കു ക്ഷണിച്ചപ്പോൾ സ്വന്തം ഭക്ഷണം അദ്ദേഹത്തിനു നൽകിയാണ് അമ്മ സൽക്കരിച്ചത്. അത്താഴം കഴിക്കാതെ അമ്മയ്ക്ക് ഉറങ്ങേണ്ടിവന്നു. എന്നെ ജനലില്ലാത്ത സ്റ്റോർ മുറിയിൽ ബോക്സിൽ കിടത്തിയിട്ട് ഡോൺ ആഡംബര കട്ടിലിൽ സുഖമായി ഉറങ്ങുകയായിരുന്നു’’ – ഇതു സുധയോട് നാരായണ മൂർത്തി പറഞ്ഞപ്പോൾ അവർ രോഷം കൊണ്ടുവെന്നും പുസ്തകത്തിൽ പറയുന്നു.